മാതൃത്വം മനസ്സിലാക്കേണ്ടുന്ന ഭാഷ..

ഒരു പ്രായം കഴിയുന്നത്‌ വരെയും നിയന്ത്രണത്തിലുള്ള കരച്ചില്‍ അമ്മയ്ക്ക് പ്രശ്നമുണ്ടാകാറില്ല. കാരണം, അത് കുഞ്ഞ് തന്‍റെ അസ്വസ്ഥതകള്‍ വെളിപ്പെടുത്തുന്ന മാര്‍ഗ്ഗമാണ് എന്ന് അമ്മയ്ക്കറിയാം

മാതൃത്വം മനസ്സിലാക്കേണ്ടുന്ന ഭാഷ..

ഒരു കുഞ്ഞ് ജനിച്ചു വീഴുമ്പോള്‍ തന്നെ അവന്‍/ അവള്‍ കരഞ്ഞില്ലെങ്കില്‍ മാതാപിതാക്കന്മാര്‍ക്ക് ആകുലതയാണ്. കുഞ്ഞിന്‍റെ ശരീരം ആദ്യമായി അന്തരീക്ഷത്തില്‍ നിന്നും ശ്വാസം എടുക്കുന്നതിനെയാണ് ഈ മധുര കരച്ചിലായി നമ്മള്‍ വിവക്ഷിക്കുന്നതും.

കുഞ്ഞ് ഒച്ചയെടുത്തു കരഞ്ഞതിന് ശേഷം മാത്രമേ ഡോക്ടര്‍ അവനെ അമ്മയ്ക്ക് പോലും കാണിച്ചു കൊടുക്കുകയുള്ളൂ. ഒരു കരച്ചില്‍ അളവറ്റ സന്തോഷം കൊണ്ട് വരുന്ന അപൂര്‍വ്വ മുഹൂര്‍ത്തം ആയിരിക്കും അത്.


നാളുകള്‍ പിന്നെയും, മനുഷ്യന്‍റെ ഭാഷ കുഞ്ഞിന്‍റെ നാവിന് വഴങ്ങുന്നത് വരെയും അവന്‍ സംസാരിക്കുന്നത് കരച്ചിലൂടെയാണ്. തല കുലുക്കുകയോ, കാലുകള്‍ ഇട്ടടിക്കുകയോ, ചിരിക്കുകയോ പോലെയുള്ള ബാഹ്യമായ മറ്റു പല സൂചനകള്‍ നല്‍കുന്നുണ്ടെങ്കിലും പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റാന്‍ കരച്ചിലിനോളം നല്ല ഉപാധിയില്ല.

ഒരു പ്രായം കഴിയുന്നത്‌ വരെയും നിയന്ത്രണത്തിലുള്ള കരച്ചില്‍ അമ്മയ്ക്ക് പ്രശ്നമുണ്ടാകാറില്ല. കാരണം, അത് കുഞ്ഞ് തന്‍റെ അസ്വസ്ഥതകള്‍ വെളിപ്പെടുത്തുന്ന മാര്‍ഗ്ഗമാണ് എന്ന് അമ്മയ്ക്കറിയാം.

ഏതെങ്കിലും ഒരു പ്രത്യേക കാരണത്തിനല്ല കുഞ്ഞുങ്ങള്‍ കരയുന്നത്. അവരുടെ കരച്ചിലിന് പിന്നില്‍ ഇങ്ങനെയുള്ള ചില കാര്യങ്ങള്‍ ഉണ്ട്:

1) വിശപ്പ്‌: കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്നല്ലേ..

2) മൂത്രമൊഴിച്ചതിന് ശേഷമുള്ള നനവിന്റെ അസ്വസ്ഥതകള്‍

3) മറ്റുള്ളവരുടെ ശ്രദ്ധ ആകര്ഷിക്കുവാനുള്ള കുഞ്ഞുതന്ത്രം.

4) കുഞ്ഞിനു ക്ഷീണം ആകാം, ഉറക്കാനുള്ള സൂചനയാകാം.

5) ചൂടെടുക്കുകയോ തണുപ്പ് അനുഭവപ്പെടുകയോ ചെയ്‌താല്‍

6) ഇറുകിയ വസ്ത്രങ്ങള്‍, ഡയപ്പര്‍ മൂലമുള്ള അസ്വസ്ഥതകള്‍

7) കുഞ്ഞു മനസ്സിനും പേടിയുണ്ട്... സാരമില്ല, അമ്മ കൂടെയിരുന്നാല്‍ മതി.

8) ശാരീരികമായ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുക ( തുമ്മല്‍, ചുമ, വയറുവേദന പോലെയുള്ളവ )

9) മലം മുറുകുന്നത് മൂലമുള്ള അസ്വസ്ഥതകള്‍

10) ഭക്ഷണം ഇഷ്ടപ്പെടാതെ വരുമ്പോള്‍

ഇവയൊക്കെയും പൊതുവായി പറയാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ആണെങ്കിലും കുഞ്ഞു കരച്ചിലിന് പിന്നില്‍ ഇനിയും പല അര്‍ത്ഥങ്ങളും ഉണ്ട്...ഒരു പക്ഷെ, അമ്മയ്ക്ക് പെട്ടെന്ന് മനസിലാകുന്നവ!

Story by