ഇത്തയുടെ ഇക്ക സംഭവത്തിലെ വില്ലനാര്? തൊമ്മൻകുത്തിൽ നിന്ന് സ്വന്തം ലേഖകന് ഇത്രയും കൂടി പറയാനുണ്ട്...

തൊമ്മൻകുത്ത് പുഴയിലെ തുരുത്തിൽ നിന്ന് ആ വാക്കിനെ ആരാണ് പത്രമോഫീസിലെത്തിച്ചത്? അങ്ങനെ എത്തിച്ചതിന്റെ ലക്ഷ്യമെന്തായിരുന്നു?

ഇത്തയുടെ ഇക്ക സംഭവത്തിലെ വില്ലനാര്? തൊമ്മൻകുത്തിൽ നിന്ന് സ്വന്തം ലേഖകന് ഇത്രയും കൂടി പറയാനുണ്ട്...

സോഷ്യൽ മീഡിയയിൽ കത്തിപ്പടർന്ന തൊമ്മൻകുത്ത് വിവാദം ഒരു വില്ലനെ തിരയുന്നുണ്ട്. കേസ് ക്ലോസു ചെയ്യണമെങ്കിൽ അയാളെ പിടി കിട്ടണം.

പോൾ മാത്യു എന്ന അധ്യാപകന്റെ വിവരണം ഏറെക്കുറെ എല്ലാപേരും അംഗീകരിച്ചു കഴിഞ്ഞു. സാരമില്ല, "ഇക്ക വന്നു പിടിച്ചോളും" എന്നൊരു പരാമർശം പുഴയിൽ വീണ സ്ത്രീ പറഞ്ഞുവെന്ന് അതിലുണ്ട്. അതായത് രക്ഷിക്കാൻ ചെന്ന രാഹുലിനോട് "ഇക്ക" എന്ന വാക്ക് ഉൾപ്പെടുന്ന ഒരു വാചകം ആ ഉമ്മ പറഞ്ഞിട്ടുണ്ട്. മുളനാഴിയിൽ നന്മ മാത്രം അളക്കുന്ന ഏതു കേരളീയ ഗ്രാമത്തിലെയും ഏതു മതത്തിലും ഏതു ജാതിയിലും പെട്ട ഏതു പ്രായത്തിലുളള സ്ത്രീയും സാമാന്യമായി പ്രകടിപ്പിക്കുന്ന സങ്കോചം. അത്രേയുളളൂ.


പക്ഷേ, "ഇക്കയല്ലാതെ മറ്റാരും എന്നെ തൊട്ടു പോകരുത്...! കുത്തൊഴുക്കുള്ള പുഴയിൽ വീണ് പുല്ലിൽ പിടിച്ചുകിടന്ന് മരണത്തെ മുഖാമുഖം കണ്ട യുവതിയുടെ അലർച്ച രക്ഷാപ്രവർത്തകരെ കുഴക്കി; നീന്തലറിയാത്ത ഭർത്താവ് നിസംഗനായി കരയിലും; ഒടുവിൽ പട്ടാളക്കാരൻ ബലപ്രയോഗത്തിലൂടെ യുവതിയെ രക്ഷിച്ചു" എന്നൊക്കെ വ്യാഖ്യാനിക്കാനുള്ള വകയൊന്നും ആ സംഭവത്തിലില്ല. യുവതിയല്ല കഥാനായിക. അതൊരു ഉമ്മയാണ്. ഉമ്മയുടെ ഇക്കയ്ക്കും പ്രായമായി. നാടറിയുന്ന ഒരുസ്താദ്.

"ആ ഉമ്മയും ഞാനും തമ്മിൽ നടന്ന സംഭാഷണം ഞാനും ഉമ്മയും അല്ലാതെ മൂന്നാമതൊരാൾ കേട്ടിട്ടില്ല" എന്ന് രാഹുൽ പറഞ്ഞതായും പോൾ മാത്യുവിന്റെ വിശദമായ കുറിപ്പിലുണ്ട്. അതും നമുക്കു വിശ്വസിക്കാം.അതു ശരിയായാലും തെറ്റായാലും പ്രശ്നം പക്ഷേ, അവിടെയാണ്. മൂന്നാമതൊരാൾ കേട്ടിട്ടില്ല എന്ന് രാഹുലിന് ഉറപ്പുളള "ഇക്ക" എന്ന പരാമർശം എങ്ങനെ പുറംലോകത്തെത്തി? ഈ വിവാദത്തിലെ ഏറ്റവും മൂല്യമേറിയ ചോദ്യം അതാണ്. ആ ഒറ്റവാക്കിലാണല്ലോ പിന്നീടെല്ലാവരും മനസറിഞ്ഞു മസാല ചേർത്തത്.

തൊമ്മൻകുത്ത് പുഴയിലെ തുരുത്തിൽ നിന്ന് ആ വാക്കിനെ ആരാണ് പത്രമോഫീസിലെത്തിച്ചത്? അങ്ങനെ എത്തിച്ചതിന്റെ ലക്ഷ്യമെന്തായിരുന്നു? ആവും വിധം വ്യാഖ്യാനിച്ച് വാർത്ത പ്രസിദ്ധീകരിച്ച ഒരു മാധ്യമത്തിന്റെയും പ്രതിനിധികൾ സംഭവസ്ഥലത്തുണ്ടായിരുന്നില്ല. പക്ഷേ, അവർക്കു വിവരം കിട്ടി. കിട്ടിയത് അർദ്ധസത്യമാണെന്ന് പോൾ മാത്യു പറയുന്നത്. നേർ പകുതിയും കടുത്ത നിറം ചാലിച്ച നുണകളാണെന്നും അദ്ദേഹം പറയുന്നു. എന്നുവെച്ചാൽ മറുപാതി സത്യമാണ്. രക്ഷിക്കാൻ ചെന്ന രാഹുലിനോട് ഇക്കയെന്ന പദമുളള ഒരു വാചകം ആ ഉമ്മ പറഞ്ഞു. അതു സത്യമാണ്. ആ വാക്കെങ്ങനെ അവർക്കിടയിൽ നിന്ന് പുറംലോകത്തെത്തി?

ഈ സംശയങ്ങളുടെ ഉത്തരത്തിലാണ് വിവാദത്തിന്റെ പൊരുളുള്ളത്. കേട്ടപാതി കേൾക്കാത്ത പാതി വാർത്ത പ്രസിദ്ധീകരിക്കുന്നവരാണ് മാധ്യമങ്ങൾ. നമ്മുടെ നാട്ടിലെന്നല്ല ലോകത്തെല്ലായിടത്തും അതാണ് മാധ്യമസ്വാതന്ത്ര്യം. എന്തും എങ്ങനെയും വളച്ചൊടിക്കാനും വ്യാഖ്യാനിച്ചുപൊലിപ്പിക്കാനുമുളള സ്വാതന്ത്ര്യമാണ്, അഭിപ്രായസ്വാതന്ത്ര്യമെന്ന് സിദ്ധാന്തം രചിക്കപ്പെട്ടാലും അമ്പരന്നുപോകരുത്. അതാണു കാലം.

എത്ര വിമർശിച്ചാലും ഭർത്സിച്ചാലും ഈ പാതയിൽ നിന്ന് മാധ്യമങ്ങളെ വഴിമാറ്റുക പ്രയാസം. അതുകൊണ്ട് വരുന്ന വാർത്തകളുടെ വെളിവും പൊരുളും വേറെ തിരയുകയേ മാർഗമുള്ളൂ. അതൊരു വശത്ത് നടക്കട്ടെ. ഇക്കയ്ക്കു പകരം ചേട്ടനെന്നോ, അച്ചായനെന്നോ മച്ചാനെന്നോ പിള്ളേരുടച്ഛനെന്നോ ആര്യപുത്രനെന്നോ ആയാലുണ്ടാകുന്ന കൗതുകത്തിനപ്പുറത്തുളള ദോഷവിചാരവുമായി ഈ വാർത്തയെ സമീപിച്ചത് ആരൊക്കെ എന്ന ആലോചനയും വേറൊരു വഴിക്ക് നടക്കട്ടെ.

പക്ഷേ ഇക്കഥയിലെ വില്ലൻ അവരല്ല എന്ന് തീർത്തു പറയാം. ആ ഉമ്മ പറഞ്ഞ് രാഹുൽ കേട്ട ഒരു ചെറിയ സംഭാഷണശകലത്തിലെ രണ്ടക്ഷരമുളള ആ വാക്ക് പത്രത്തിലേയ്ക്ക് ചോർത്തിക്കൊടുത്ത ആളാണ് യഥാർത്ഥ വില്ലൻ.

ആരാണയാൾ...? ഉത്തരം പറയേണ്ടത് ഇക്കഥ ആദ്യം വിളമ്പിയ മാധ്യമങ്ങളാണ്. അതിനവർ തയ്യാറാകുമോ?

Read More >>