ഒരു മെഡൽ പോലും നേടാനാകാതെ നാണക്കേടിലേക്ക് തലകുനിക്കുമോ? റിയോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് ശേഷിക്കുന്നത് 15 മത്സരങ്ങള്‍ മാത്രം

ഇന്ത്യക്ക് റിയോയിൽ ഇനി അവശേഷിക്കുന്നത് കൃത്യം 15 മത്സരങ്ങള്‍ മാത്രം. ഇതില്‍ പ്രതീക്ഷ പുലര്‍ത്താവുന്നത് ഒരു വിരലില്‍ എണ്ണാവുന്നതിലും താഴെ. അവിടെയും മെഡല്‍ നേടാന്‍ അത്ഭുതം അരങ്ങേറണം.

ഒരു മെഡൽ പോലും നേടാനാകാതെ നാണക്കേടിലേക്ക് തലകുനിക്കുമോ? റിയോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് ശേഷിക്കുന്നത് 15 മത്സരങ്ങള്‍ മാത്രം

നിരഞ്ജന്‍

ആധുനിക ഒളിമ്പിക്സ് ചരിത്രത്തില്‍ ഇക്കുറി എക്കാലത്തെയും വലിയ നാണക്കേടിലേക്ക് രാജ്യം തലകുനിക്കുമോ..? ചോദ്യങ്ങള്‍ അവശേഷിക്കുമ്പോള്‍ ഇന്ത്യക്ക് ഇനി ശേഷിക്കുന്നത് കൃത്യം 15 മത്സരങ്ങള്‍ മാത്രം. ഇതില്‍ പ്രതീക്ഷ പുലര്‍ത്താവുന്നത് ഒരു വിരലില്‍ എണ്ണാവുന്നതിലും താഴെ. അവിടെയും മെഡല്‍ നേടാന്‍ അത്ഭുതം അരങ്ങേറണം. റിയോയിലെ ഒളിമ്പിക് അവാര്‍ഡ് പോഡിയത്തില്‍ മെഡല്‍ ഉയര്‍ത്തിപ്പിടിച്ച് പുഞ്ചിരിക്കുന്ന ഒരിന്ത്യക്കാരന്‍ ഇക്കുറിയാര്? 120 കോടിയിലേറെ വരുന്ന ജനത തേടുന്ന അഭിമാന നിമിഷത്തിന് ഇനിയും നാലു വര്‍ഷം കാത്തിരിക്കേണ്ടി വരുമോ? ലാറ്റിനമേരിക്കയെയും പ്രത്യേകിച്ച് ബ്രസീലിനെയും സ്നേഹിക്കുന്നവരാണ് ഇന്ത്യക്കാര്‍ (വിശേഷിച്ച് മലയാളികള്‍). അവിടെ നടക്കുന്ന ഒളിമ്പിക്സ്, ഓര്‍മ്മിക്കാന്‍ ഒന്നുമില്ലാതെ നമുക്ക് കയ്പ്പുനീര്‍ മാത്രം സമ്മാനിക്കുന്നു.

അവശേഷിക്കുന്ന മത്സരങ്ങള്‍

രാജ്യത്തെ പ്രതിനിധീകരിക്കുന്ന താരങ്ങള്‍ ഇനിയിറങ്ങുന്ന മത്സരവിവരം ഇങ്ങനെ. പുരുഷ, വനിതാ റിലേ ടീമുകള്‍, പുരുഷ മാരത്തണില്‍ ഗോപിയും ഖേത റാമും, 800 മീറ്ററില്‍ ടിന്റു ലൂക്ക, വനിതകളുടെ 20 കി.മി നടത്തത്തില്‍ ഖുഷ്ബിര്‍ കൗറും സപ്ന പൂനിയയും, ബാഡ്മിന്റണ്‍ ക്വാര്‍ട്ടറില്‍ ശ്രീകാന്തും സിന്ധുവും പിന്നെ ഗുസ്തിയില്‍ സന്ദിപ് തൊമാറും യോഗേശ്വര്‍ ദത്തും നര്‍സിംഗ് യാദവും ഹര്‍ദീപ് സിംഗും വനിതാ വിഭാഗം ഗുസ്തിയില്‍ വിനേഷ് ഫോഗതും ബബിത കുമാരിയും സാക്ഷി മാലിക്കും. ഇതില്‍ മെഡല്‍ പ്രതീക്ഷ ഉണര്‍ത്തുന്നവര്‍ വളരെ ചുരുക്കം.
2012 ലണ്ടന്‍ ഒളിമ്പിക്സിലെ വെങ്കലമെഡല്‍ ജേതാവ് കൂടിയായ ഗുസ്തി താരം യോഗേശ്വര്‍ ദത്തിലും നര്‍സിംഗ് യാദവിലും ഒരു മെഡല്‍ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നുണ്ട്. എന്നാല്‍ അത് യാഥാര്‍ത്ഥ്യമാകാന്‍ കടമ്പകള്‍ ഏറെയാണ്. ശ്രീകാന്തും സിന്ധുവും ക്വാര്‍ട്ടറില്‍ എത്തിയിട്ടുണ്ടെങ്കിലും അമിതപ്രതീക്ഷ പുലര്‍ത്താന്‍ തുനിയുന്നില്ല. മറ്റിനങ്ങളില്‍ പ്രകടനം മെച്ചപ്പെടുത്തുക എന്നതോ പങ്കെടുക്കുകയോ മാത്രമാകും ലക്ഷ്യം. മുന്നോട്ടു നോക്കുമ്പോള്‍ മെഡലെന്നത് സ്വപ്നം മാത്രമായി ഒതുങ്ങിയാലും അത്ഭുതപ്പെടാനില്ല. കൂടാതെ, മരുന്നടി വിവാദത്തില്‍ ഉള്‍പ്പെട്ട നര്‍സിംഗ് യാദവിനെതിരെ ഇനിയെന്തെങ്കിലും ആരോപണം ഉയരുമോ എന്ന കാര്യത്തിലും വ്യക്തതയില്ലാതെ നില്‍ക്കുകയാണ് ഒളിമ്പിക് അസോസിയേഷന്‍.

ഒരാള്‍ മാത്രം മത്സരിച്ച് രണ്ടു മെഡല്‍ നേടിയ രാജ്യത്തില്‍ നിന്ന്
സ്വാതന്ത്ര്യം നേടുന്നതിനും മുന്‍പ് ചരിത്രത്തിലെ രണ്ടാം ഒളിമ്പിക്സിലാണ് രാജ്യം ആദ്യമായി മത്സരിച്ചത്. 1900ല്‍ ഏതന്‍സില്‍ നടന്ന ഒളിമ്പിക്സില്‍ ബ്രിട്ടീഷ് കോളനിയായിരുന്ന രാജ്യത്തെ പ്രതിനിധീകരിച്ചത് നോര്‍മല്‍ പ്രിച്ചാര്‍ഡ് എന്ന ഒരു അത്ലറ്റ് മാത്രം. കൊല്‍ക്കത്തയില്‍ ജനിച്ച ബ്രിട്ടിഷ് വംശജനായ നോര്‍മല്‍ പ്രിച്ചാര്‍ഡ് അഞ്ചിനങ്ങളില്‍ മത്സരിച്ച് രണ്ടിനങ്ങളില്‍ വെള്ളി അണിയുകയും ചെയ്തു. 200 മീറ്ററിലും 200 മീറ്റര്‍ ഹര്‍ഡില്‍സിലുമായിരുന്നു വെള്ളി നേട്ടം. ഒരാള്‍ പങ്കെടുത്ത് രണ്ട് മെഡല്‍ നേടിയ ഒരു രാജ്യം പിന്നീട് 120 അംഗ സംഘത്തെ വിപുലമായ സൗകര്യങ്ങളോടെ അയച്ചിട്ടും മെഡല്‍ വരള്‍ച്ച നേരിടുന്നുവെന്നത് ലജ്ജാകരം തന്നെ.
സ്വാതന്ത്ര്യത്തിന് ശേഷവും ഇത്രയേറെ മുന്നൊരുക്കവും പണമൊഴുക്കിയതുമായ ഒളിമ്പിക്സ് മുന്‍പുണ്ടായിട്ടില്ല. 1996ല്‍ അറ്റ്ലാന്റയില്‍ ലിയാൻഡര്‍ പേസിലൂടെ വെങ്കലം നേടിയ ഇന്ത്യ പിന്നീടൊരിക്കലും പിറകോട്ട് പോയിട്ടില്ല. 2000ല്‍ നടന്ന ഒളിമ്പിക്സിലും ഒരു വെങ്കലം മാത്രമായിരുന്നു കൈമുതല്‍. കര്‍ണ്ണം മല്ലേശ്വരിയായിരുന്നു ആ വെങ്കലത്തിന് ഉടമ. എന്നാല്‍ 2004ല്‍ വെങ്കലം വെള്ളിയായി പുതുക്കിയെടുത്തു. ഷൂട്ടിംഗില്‍ രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിലൂടെയായിരുന്നു ആ നേട്ടം. ഇന്ത്യന്‍ ഷൂട്ടിംഗിന്റെ കൂടി ഉയിര്‍ത്തെഴുന്നേല്‍പ്പ് ആയിരുന്നു അത്.
2004ലെ ഒരു വെള്ളിയെന്ന നേട്ടം 2008 ബീജിംഗ് ഒളിമ്പിക്സില്‍ ഒരു സ്വര്‍ണ്ണവും രണ്ട് വെങ്കലവും എന്നായി ഉയര്‍ന്നു. ഷൂട്ടിംഗില്‍ അഭിനവ് ബിന്ദ്രയുടെ വകയായിരുന്നു സ്വര്‍ണ്ണം. ബോക്സിംഗില്‍ വിജേന്ദര്‍ സിംഗും റസ്ലിംഗില്‍ സുശീല്‍ കുമാറും വെങ്കലം നേടിയപ്പോള്‍ മൂന്നു മെഡലുകളായി രാജ്യം നേട്ടം വര്‍ദ്ധിപ്പിച്ചു. അടുത്ത ലണ്ടന്‍ ഒളിമ്പിക്സില്‍ മൂന്ന് മെഡല്‍ നേട്ടം എന്നത് ആറ് മെഡലാക്കി മാറ്റി. രണ്ട് വെള്ളിയും നാല് വെങ്കലവും ആയിരുന്നു ലണ്ടനില്‍ ഇന്ത്യയുടെ സമ്പാദ്യം. വിജയ് കുമാറും സുശീല്‍ കുമാറും വെള്ളി അണിഞ്ഞപ്പോള്‍ ഗഗന്‍ നരംഗും നൈന നേവാളും മേരി കോമും യോഗേശ്വര്‍ ദത്തും വെങ്കലം നേടി. ആറുമെഡലില്‍ നിന്ന് രണ്ടക്കം തികയ്ക്കുക എന്ന സ്വപ്നവുമായി റിയോയിലേക്ക് തിരിച്ച ഇന്ത്യന്‍ സംഘത്തിന് കാലിടറുകയാണ്. ഒന്നും നേടാനാകാതെ മടങ്ങേണ്ടി വരുമോ എന്ന ദുസ്വപ്നമാണ് ഇപ്പോള്‍ രാജ്യം നേരിടുന്നത്.

വേണം ഒരു പൊളിച്ചെഴുത്തും ആത്മപരിശോധനയും

43 കാരനായ ലിയാണ്ടര്‍ പേസ്, 33 കാരനായ യോഗേശ്വര്‍ ദത്ത്, 33കാരനായ ഗഗന്‍ നരംഗ്, 33 വയസുകാരന്‍ തന്നെയായ അഭിനവ് ബിന്ദ്ര... രാജ്യത്തിന് പ്രതീക്ഷ പകരുന്ന താരങ്ങളെ നോക്കൂ. എല്ലാവരും വെറ്ററന്‍സ്. ഒരു മെഡല്‍ നേടിയാല്‍ പിന്നെ എല്ലാകാലവും അവരില്‍ പ്രതീക്ഷയര്‍പ്പിക്കുന്നതാണ് പ്രശ്നം. പുതു താരങ്ങളെ വളര്‍ത്തുന്നതില്‍ നമ്മള്‍ പരാജയപ്പെടുന്നുവോ? ആ പരാജയം തന്നെയാണ് റിയോയിലും നമുക്ക് തിരിച്ചടിയാകുന്നത്. വരുംദിവസങ്ങളില്‍ ഇന്ത്യന്‍ കായിക ലോകം വിശദമായ ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും വിധേയമാകേണ്ടിവരും. റിയോയിലേക്ക് തിരിക്കും മുന്‍പ് ഗുസ്തി ടീമിലും ടെന്നീസ് ടീമിലും അരങ്ങേറിയ കലാപക്കൊടിയും മരുന്നടി വിവാദവും എല്ലാം രാജ്യത്തിന്റെ ആത്മവിശ്വാസം തളര്‍ത്തിയോ... വിശകലനത്തിനും ആത്മപരിശോധനയ്ക്കും അപ്പുറം ഒരു പൊളിച്ചെഴുത്തിനും കായിക ലോകം തയ്യാറാകണം. കാത്തിരിക്കാം.....