മലയാളികളുടെ ജാഡ

ഒരു പ്രത്യേക ഘട്ടത്തിലെ പെരുമാറ്റമല്ല എക്കാലത്തേക്കും ഒരു വ്യക്തിയെ നിർണ്ണയിക്കുന്നത് എന്ന ബോധം ഉണ്ടാവേണ്ടതുണ്ട്. കാലം അതിൽ നിന്നൊക്കെ മുന്നോട്ടു പോകാൻ നമ്മളെ പരിശീലിപ്പിച്ചിട്ടുണ്ട്. തെറ്റുകൾ തിരിച്ചറിഞ്ഞാൽ ആവർത്തിക്കാതിരിക്കാം. മറ്റുള്ളവരുടെ തെറ്റിനെ പർവ്വതീകരിക്കാതിരിക്കാം.

മലയാളികളുടെ ജാഡ

കുറേ വർഷങ്ങൾക്കു മുമ്പാണ്. ഈയുള്ളവൻ നാട്ടിൽ ഒരു അവധിക്കാലം അടിച്ചുപൊളിക്കാനായി തറ്റുടുത്തുനിൽക്കുന്നു. സഹജസ്വഭാവം 24 കാരറ്റ് ആയതിനാൽ നാട്ടുകാർക്കും വീട്ടുകാർക്കും സീൻ കലിപ്പാണ്. നമുക്കിതൊക്കെ സാധാസീതാ…

'മുതിർന്ന' തലസ്ഥാന പരുന്തായ എന്നേക്കാൾ പത്തുവയസോളം കൂടുതലുണ്ട്, പ്രേമചന്ദ്രൻ സാറിന്. ആൾ പൂർവ്വാശ്രമത്തിൽ പത്രപ്രവർത്തകനായിരുന്നു. പിന്നെ അതുപേക്ഷിച്ചു ദുബൈയിൽ ശരണം. അവിടുന്ന് നേരെ നോർവേയിൽ സ്ഥിരതാമസം. സാമ്പത്തികസ്ഥിതി വളരെ മെച്ചം. പണ്ടു ഞങ്ങൾ വളരെ അടുത്ത് ഇടപഴുകി നടന്നിരുന്നവരാണ്. അദ്ദേഹം കുടുംബമായി നാട്ടിലുണ്ട് എന്നറിഞ്ഞ് അദ്ദേഹത്തെ മുഖംകാണിക്കാൻ കൊട്ടാരസദൃശമായ വീടിന്റെ കോളിങ് ബെല്ലിൽ വിരലമർത്തി.


പ്രേമേട്ടനും അദ്ദേഹത്തിന്റെ സഹധർമ്മിണിയും പുറത്തുവന്നു. പ്രേമേട്ടൻ കൈലിയിലല്ല. ബെർമുഡയാണ് ഇട്ടിരിക്കുന്നത്, കൂടെ പളാപളാ മിന്നുന്ന ഒരു ടീ ഷർട്ട്. സഹധർമ്മിണി ഇന്ദുച്ചേച്ചി ഹാഫ് ഷോർട്ടും ഒരു സ്ലീവെലെസ്സ് ടീ ഷർട്ടും.

വളരെവർഷങ്ങൾക്കു ശേഷമുള്ള കൂടിക്കാഴ്ചയാണ്. കണ്ടപാടെ, ആ പഴയ ആവേശത്തിൽ ഞാൻ വിളിച്ചു: "പ്രേമേട്ടാ…"

അദ്ദേഹം അറിയാത്ത ഭാവത്തിൽ മുഖത്തേക്കു സൂക്ഷിച്ചു നോക്കി.
"തന്നെ എനിക്കു മനസിലായില്ല... താൻ ആരാ? എവിടുന്നാ...?”

പ്രേമേട്ടൻ ചുമ്മാ വേലയിറക്കിയതാവും. ഞാൻ സ്നേഹമൊട്ടും കുറയ്ക്കാതെ ആ വിളി ആവർത്തിച്ചു. ആൾക്കു മനസ്സിലാവുന്നില്ല. എന്റെ തലയിൽ നിന്ന് ഒരു കിളിപോയി. അദ്ദേഹം ധർമ്മധാരത്തോടു ചോദിച്ചു, "ഇയാളെ അറിയുമോ?”

അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് എന്നെ ഓർമ്മയുണ്ടാവാൻ വഴിയില്ല. അവരുടെ ധാരണ, വിദേശത്തുള്ള കാശുകാര് എത്തിയെന്നറിഞ്ഞ് പുറത്തുനിന്നാരോ 'നാട്ടുകാർ' എന്ന ലേബലിൽ വല്ല സഹായത്തിനും വന്നതായിരിക്കും എന്നാണ്.

ഈയുള്ളവൻ വീണ്ടും ചോദിച്ചു: "സാറിന്" എന്നെ ഒട്ടും പിടികിട്ടുന്നില്ലേ?

ഓർമ്മകളുണർത്താനായി ഞാൻ എന്റെ അപ്പന്റെയും അപ്പന്റപ്പന്റെയും അമ്മൂമ്മയുടെയും ഒക്കെ പേരും വീട്ടുപേരും പറഞ്ഞു. സാറിന് ഓർമ്മിക്കാനേ കഴിയുന്നില്ല.

എങ്കിലൊന്നു റൂട്ടുമാറ്റി പിടിച്ചുകളയാം…
"ഞാനിവിടെ മാങ്ങാ പറിക്കാനും തേങ്ങാ ഇടാനുമൊക്കെ വന്നിട്ടൊണ്ട്...”

പിടികിട്ടുന്നില്ല!
"സാറിനു രാജൻ കൊച്ചേട്ടന്റെ മോള് സിന്ധു ചേച്ചിയയെ അറിയുമോ?” എന്റെ ചോദ്യം.

സാർ ഒന്നു ഞെട്ടി. ചോദ്യം ഏറ്റെന്നു മനസ്സിലായതോടെ ഈയുള്ളവൻ ഉഷാറായി. അല്ലെങ്കിലും കുളംകലക്കി മീൻപിടിക്കൽ ഞങ്ങൾ മദ്ധ്യതിരുവിതാംകൂറുകാരുടെ ഒരു സ്പെഷ്യാലിറ്റിയാണ്. അന്നൊക്കെ അത്രത്തോളം കുളങ്ങളും ഞങ്ങളുടെ ചുറ്റവട്ടത്തുണ്ടേയ്...
"സാറു ട്യൂട്ടോറിയൽ കോളേജിൽ പഠിപ്പിക്കുമ്പോൾ സിന്ധു ചേച്ചിക്ക് കൊടുക്കാൻ എന്റെ കയ്യിൽ പ്രേമലേഖനം തന്നുവിട്ടില്ലായിരുന്നോ? ഇതറിഞ്ഞ രാജൻ കൊച്ചേട്ടൻ എന്നെ തെങ്ങിൽ കെട്ടിയിട്ടത് സാറിന് ഓർമ്മയുണ്ടോ? അന്നു രാജൻകൊച്ചേട്ടൻ തെറീംവിളിച്ചോണ്ട് സാറിനെ അടിക്കാൻ വന്നതും 'പ്രേമൻസാറ്' മറന്നുപോയോ?”

ഇതു കേട്ട് നെടുനിമിഷം സ്തംഭിച്ചിരുന്ന ഇന്ദുച്ചേച്ചി അടുത്ത സെക്കൻഡിൽ ഭാവം മാറി. പങ്കാളി തന്നോടു പങ്കുവയ്ക്കാത്ത രഹസ്യം മൂന്നാമതൊരാളിൽ നിന്നു കേൾക്കാൻ ഇടവന്നതു മൂലമാണോ അതോ തന്റെ മുന്നിൽ വച്ചു ഭർത്താവ് അപമാനിതനാവുന്നതു കണ്ടിട്ടാണോ എന്തോ, ആ മുഖത്തു രക്തം ഇരച്ചുകയറി. കോപതാപങ്ങൾ ഉഗ്രമായി. സീൻ കോൺട്രായായി. അതേ ഭാവത്തോടെ അവർ വീടിനുള്ളിലേക്കു സ്കൂട്ടായി. ആ വേഷവും ആ ഭാവവും തമ്മിലെ പൊരുത്തക്കേട് അന്തരീക്ഷത്തിൽ മുഴച്ചുനിന്നു. പ്രേമൻചേട്ടന്റെ ഇന്നത്തെ കണി പൊൻകണി എന്നു ഞാൻ മനസ്സിൽ കരുതി.
"എടാ പൊന്നുമോനെ, നിന്നെ ഓർമ്മയുണ്ട്, നല്ല പോലെ ഓർമ്മയുണ്ട്... ഇതു പറയാനാണോ നീ ഇപ്പോൾ ഇവിടു വന്നത്? നിനക്കു സന്തോഷമായല്ലോ... നിന്റെ ഓർമ്മപ്പെടുത്തൽ!”

നെറുകന്തലയ്ക്കു തന്നെ അടികിട്ടിയതോടെ പ്രേമേട്ടൻ ഫ്ളാറ്റ്.

പിന്നെ ഞങ്ങൾ സുഹൃത്തുക്കൾ പഴയ കഥകൾ പറഞ്ഞു. ഓർക്കാത്തതു മനഃപൂർവ്വമല്ല എന്ന ജാഡ നമ്പർ ഇട്ടതിനു ശേഷം ഒരു ക്ഷമാപണം നടത്തി…

"കമ്പിളിപ്പുതപ്പ് കമ്പിളിപ്പുതപ്പ്… കേൾക്കുന്നില്ലാ കേൾക്കുന്നില്ലാ...”

നാട്ടിലെ വീടിനു റോഡുമായി ചേർന്നു കിടക്കുന്ന ഭാഗത്തോടുചേർന്ന് ഒരു ചെറിയ മതിൽ കെട്ടണം. പഞ്ചായത്തു സെക്രട്ടറി അനുവാദം തരുവാൻ സ്ഥലം സന്ദർശിച്ചു. ഏതോ സുഹൃത്തു പറഞ്ഞു, നമ്മുടെ സരസൻ സാർ ആണ് ഇപ്പോഴത്തെ വില്ലേജ് അധികാരി. ഈയുള്ളവൻ അദ്ദേഹത്തെ കാണാൻ സർക്കാരാപ്പീസിൽ എത്തി. പഴയ അയൽവാസി. ദിവസവും അന്യോന്യം കണ്ടിരുന്നവർ. അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ മൊഴിഞ്ഞു:
"സാറിന് എന്നെ മനസിലായോ?

പ്രേമചന്ദ്രൻ സാറിന്റെ വല്യപ്പനായിട്ടാണു സരസൻ സാറിന്റെ അഭിനയം. അദ്ദേഹത്തിനും എന്നെ ഓർക്കാനെ പറ്റുന്നില്ല. ഞാൻ ചോദിച്ചു:
"ഇപ്പോൾ ഇങ്ങോട്ടാരും കയറിവരികയില്ലല്ലോ...?”

"ആരും വരില്ല,” സരസൻ സാറിന്റെ മറുപടി

…വർഷം, ഞാൻ പറഞ്ഞു:
"നാട്ടുകാർ എല്ലാം കള്ളനെന്നു പറഞ്ഞു വീടുവളഞ്ഞപ്പോൾ അപ്പുറത്തെ ജാനുവിന്റെ വീട്ടിൽനിന്നും സാറ് ഷർട്ടു മാത്രമിട്ടു ട്രൗസർ ഇല്ലാതെ ഒരു പാതിരാത്രിയിൽ ഓടിയത് ഓർമ്മയുണ്ടോ? നാട്ടിലെ സദാചാര പോലീസുകാർ പുറകെ ഓടിയപ്പോൾ ഞാൻ സാറിനെ വീടിന്റെ ടെറസ്സിൽ കയറ്റി ഒളിപ്പിച്ചത് ഓർമ്മയുണ്ടോ? സാറിന് ഈ മുഖം ഓർമ്മയുണ്ടോ?”

"ഓർമ്മയുണ്ട്, എനിക്കു എല്ലാം നല്ല പോലെ ഓർമ്മയുണ്ട്…"

സരസൻ സാറിന് ഇപ്പോൾ എല്ലാം കണക്ട് ചെയാം… നമ്പർ പോയപോക്കെ!

കൈമുത്തും തേങ്ങാക്കൊലയും

ഒരു നാലഞ്ചു വർഷംമുമ്പ്‌ ഡൽഹിയിൽ വീടിനടുത്തുള്ള ഓർത്തഡോക്സ് പള്ളിയിയിൽ ഞാൻ കുടുംബസമേതം കുർബാനക്ക് പങ്കെടുക്കാൻ പള്ളിയിയിൽ കൂടുന്നു. അന്ന് നമസ്കത്തിനു എത്തിയിരിക്കുന്നത് പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ് അദ്ധ്യാപകനും പിന്നീട് മെത്രാനും ആയി മാറിയ ഫാദർ മാർക്കോസ് ആണ്. കൊൽക്കത്ത ഭദ്രാസനത്തിന്റെ അധിപൻ. ഇതേ കലാലയത്തിൽ ഏറ്റവും മണ്ടനായ ഒരു വിദ്യാർത്ഥിയായിരുന്നു ഞാനും. ഏതൊക്കെ രീതിയിൽ ഈ സരസ്വതീക്ഷേത്രത്തെ നശിപ്പിക്കാം എന്നതിൽ ഗവേഷണത്തിൽ മുഴുകിയിരിക്കുന്ന ഏറ്റവും നല്ല വിദ്യാർത്ഥികളിൽ ഒരുവൻ!

എന്റെ നല്ലഗുണങ്ങൾ കൊണ്ട് അമ്മ പ്രിൻസിപ്പലച്ചന്റെ കാലുപിടിച്ചു.
"ഇവനെ ഹോസ്റ്റലിൽ താമസിപ്പിക്കൂ... എങ്ങനെയെങ്കിലും രക്ഷപെട്ട് വരട്ടെ. അച്ചന്മാരുമായുള്ള സഹവാസം ഇവനെ മാറ്റിയാലോ?"

അങ്ങനെ ഞാൻ ഹോസ്റ്റൽ ജീവിതം തുടങ്ങി. അവിടെ തൊട്ടടുത്ത മുറിയിലായിരുന്നു ഫാ. മാർക്കോസ് താമസിച്ചിരുന്നത്. ഒരു പാവംപിടിച്ച മനുഷ്യൻ. ഒരു മുറിക്കും പ്രത്യേക ലോക്ക് സിസ്റ്റം ഇല്ല. ഉണ്ടെങ്കിൽ തന്നെ അതൊക്കെ അഴിക്കുവാനും തുറക്കുവാനും തന്ത്രശാലികളായിരുന്ന അന്തേവാസികളായിരുന്നു അവിടെ വസിച്ചിരുന്ന എന്നെപ്പോലെയുള്ളവർ.

പള്ളിയിൽ കുർബാന കഴിഞ്ഞു. എന്റെ ഭാര്യയുടെ വിശ്വാസം, ദൈവം കഴിഞ്ഞാൽ ഭൂമിയിൽ ഏറ്റവും പരിശുദ്ധരും മഹോന്നതരുമാണ്, തിരുമനസുകളായ "തിരുമേനിമാർ" എന്നാണ്. എന്നോടു ശാഠ്യം പിടിച്ചു... "കൈമുത്തണം, അനുഗ്രഹം വാങ്ങണം, തിരുമനസിനെ കാണാൻ വലിയ കൂട്ടം. ഞങ്ങൾ ക്യൂവിലാണ്...

തിരുമേനിയുടെ അടുത്ത ഊഴം ഞങ്ങളുടെ കുടുംബത്തിനാണ് സമർപ്പിച്ചിരിക്കുന്നത്. മുത്തലും മുത്തിപ്പിക്കലും കഴിഞ്ഞു.
"തിരുമേനീ, ഞാൻ പത്തനാപുരംകാരനാണ്…"

എന്നെ കണ്ടപ്പോഴേ തിരുമേനിയുടെ ഉള്ളം ഒന്നു പിടഞ്ഞത് ഞാൻ ശ്രദ്ധിച്ചു. നീ ഇവിടെയും എത്തിയോ എന്നായിരിക്കും അദ്ദേഹം ഉദ്ദേശിച്ചത്‌! എന്നാൽ എന്നെ ഞെട്ടിച്ചുകൊണ്ടു തിരുമേനി മൊഴിഞ്ഞു: "ഓർമ്മവരുന്നില്ല.”

ഞാൻ വിടുമോ?
"ഞാൻ ഹോസ്റ്റലിൽ അങ്ങു താമസിച്ചതിന്റെ അടുത്ത മുറിയിൽ ആയിരുന്നു.”

തിരുമേനിയുടെ ജാഡ നമ്പർ വീണു…
"നിന്നെ എന്റെ ജീവിതത്തിൽ മറക്കുമോ...?” തിരുമേനി തിരിച്ച്...

പിന്നെ കൂടുതൽ ഞങ്ങൾ സംസാരിച്ചില്ല...

എന്തായിരുന്നു തിരുമേനി എന്നെ ഇത്രമാത്രം ഓർമ്മിക്കാൻ കാരണം? എല്ലാ ശനിയും ഞായറും, അച്ചന്മാർ പലപള്ളികളിൽ ആയി കുർബാനചൊല്ലുവാൻ പോകും. ശനിയാഴ്ചകളിൽ ഹോസ്റ്റലിലെ അന്തേവാസികൾ സ്വാതന്ത്ര്യം പ്രഖാപിച്ചേക്കുകയാണ്. എന്തും നടക്കും. എന്തും സംഭവിക്കും. ക്യാമ്പസിലുള്ള ഒരോ തെങ്ങും അതിലെ തേങ്ങയും കുലകളായി താഴെ വരും. അച്ചൻ അതുലേലം കൊടുത്തിരിക്കുകയാണ്. പള്ളിയോടുള്ള സ്നേഹം നിമിത്തം ഏതോ സത്യവിശ്വാസിയായിരിക്കണം ലേലം കൊണ്ടിരിക്കുന്നത്. ഏതായാലും ഞങ്ങളാണ് അത് അനുഭവിക്കുന്നത്.

ഞങ്ങളുടെ കണക്കുകൾ ഒരു ദിവസം തെറ്റി. ഫാദർ മാർക്കോസ് വളരെ നേരത്തേ എത്തി. കൈയിൽ തേങ്ങാക്കുലയും ആയിനിന്ന എന്നെ കൈയോടെ പൊക്കി. പിന്നെ ഒരുദിവസം രാത്രി മുഴുവൻ ഒറ്റനിൽപ്പു നിർത്തി. അതോടെ എനിക്കു മറ്റുള്ള അന്തേവാസികളിൽ ഉണ്ടായിരുന്ന വില്ലൻ പരിവേഷം നഷ്ടപ്പെട്ടു. ഞാൻ ലൈൻ ഉണ്ടായിരുന്ന പെൺകുട്ടി ഇതറിഞ്ഞാൽ എന്തു ചെയ്യും? ചിലപ്പോൾ അവൾ ആത്‍മഹത്യ ചെയ്യുമായിരിക്കും... അങ്ങനെ മനസ്സിൽ താലോചിച്ചിരുന്ന സ്വപ്ങ്ങൾ ഓരോന്നും ഉടയുകയാണ്.

ആ ഒരു രാത്രിനില്പിൽ, പകരത്തിനു പകരം പ്രതിജ്ഞയെടുത്തു. അതും പ്രീഡിഗ്രി എന്ന മോശമല്ലാത്ത ഡിഗ്രി പഠന സമയത്ത്:
"ഇതിനു ഞാൻ മാർക്കോസ് അച്ചന് പണി കൊടുക്കും!”


അടുത്തയാഴ്ച പതിവുപോലെ അച്ചൻ എവിടെയോ പോയി തിരികെ അദ്ദേഹത്തിന്റെ മുറിയിൽ വരുന്നതിനു മുൻപ് അദ്ദേഹത്തിന്റെ എല്ലാ വസ്ത്രങ്ങളും അടിച്ചുമാറ്റി ഞാൻ ഒരു തെങ്ങിന്റെ മുകളിലാക്കി. അച്ചൻ മുറിയിലെത്തി വസ്ത്രം മാറി. അച്ചൻ എന്തോ ആലോചിക്കുന്ന സമയത്ത് അതും അടിച്ചുമാറ്റി ഞാൻ കടന്നുകളഞ്ഞു. ഒരു ദിവസം രാത്രിമുഴുവൻ ഞാൻ അദ്ദേഹത്തെ അടിവസ്ത്രത്തിൽ മാത്രമായി നിർത്തി: മുറിയിൽ നിന്നും ഇറങ്ങാതെ, എവിടെയും ഇറങ്ങാനാവാതെ. ഞായറാഴ്ച രാത്രിയായതിനാലും അന്നത്തെ കാലത്ത് മൊബൈൽ ഫോൺ ഇല്ലാത്തതിനാലും അച്ചനാരെയും വിളിക്കാനുമാവില്ല. നേരം വെളുക്കാറായപ്പോൾ ഞാൻ തന്നെ വസ്ത്രങ്ങളെല്ലാം അച്ചന്റെ മുറിയിലെത്തിച്ചു.

ചെയ്തതു തെറ്റാണ്. ഇതൊന്നും ഒരു തമാശയല്ല, എന്നും ഓർമ്മിച്ചിരിക്കാൻ. എങ്കിലും തിരിഞ്ഞുനോക്കുമ്പോൾ സംഭവബഹുലമായ അദ്ധ്യായമായിരുന്നു ജീവിതത്തിലെ ഓരോ വർഷവും എന്നു മാത്രം അറിയാം. മനസ്താപത്തിന്റെ അർത്ഥം പിന്നീടെന്നും മനോവേദനയിൽ മുഴുകിയിരിക്കണം എന്നല്ല. സമാനമായ ഘട്ടങ്ങളിൽ മറ്റുള്ളവരുടെ ചെയ്തികളെ വലിയ പാതകമായി എണ്ണാതെയിരിക്കാൻ പരുവപ്പെടണം എന്നുകൂടിയാണ്. വിധിക്കാതിരിക്കാൻ ശീലിക്കണം എന്നുതന്നെയാണ്. അനീതികളോട് കണ്ണടയ്ക്കണം എന്നല്ല. എന്നാൽ ഒരു പ്രത്യേക ഘട്ടത്തിലെ പെരുമാറ്റമല്ല എക്കാലത്തേക്കും ഒരു വ്യക്തിയെ നിർണ്ണയിക്കുന്നത് എന്ന ബോധം ഉണ്ടാവേണ്ടതുണ്ട്. കാലം അതിൽ നിന്നൊക്കെ മുന്നോട്ടു പോകാൻ നമ്മളെ പരിശീലിപ്പിച്ചിട്ടുണ്ട്. തെറ്റുകൾ തിരിച്ചറിഞ്ഞാൽ ആവർത്തിക്കാതിരിക്കാം. മറ്റുള്ളവരുടെ തെറ്റിനെ പർവ്വതീകരിക്കാതിരിക്കാം. ലോകം ഇങ്ങനെയൊക്കെയാണു ഭായ് എന്നംഗീകരിക്കുമ്പോഴും ആ ലോകത്തെ മാറ്റാൻ ആവുന്നതു ചെയ്യാം. പ്രേമേട്ടൻ ക്ഷമിക്കുക. സരസൻ സാറും. ഫാദർ മാർക്കോസ് എന്നേ എന്നോടു ക്ഷമിച്ചുകഴിഞ്ഞൂ...