ഹൈക്കോടതി വിഷയത്തിൽ കേരളം കേട്ടത് പാതിമാത്രം; ഒരു മുതിർന്ന അഭിഭാഷകന്റെ തുറന്ന് പറച്ചിൽ

കേരള ഹൈക്കോടതിയിൽ മീഡിയ റൂം പൂട്ടി എന്ന് മാത്രമാണ് പുറംലോകം അറിഞ്ഞിട്ടുള്ളത്. എന്നാൽ ഉത്തരവുകളുടെ പകർപ്പുകൾ ആവശ്യാനുസരണം മാധ്യമപ്രവർത്തകർക്കു നൽകുന്നതിനായി പിആർഒ മുഖേന ചെയ്തിട്ടുള്ള ബദൽ സംവിധാനത്തെക്കുറിച്ച് ആരുമൊന്നും പറയുന്നില്ല. തുറന്ന വിമർശനത്തെക്കുറിച്ച് വാതോരാതെ പറയുന്ന മാധ്യമങ്ങൾക്കുമില്ലേ ഉത്തരവാദിത്വങ്ങളും മര്യാദകളും; ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ടി കൃഷ്ണനുണ്ണി എഴുതുന്നു.

ഹൈക്കോടതി വിഷയത്തിൽ കേരളം കേട്ടത് പാതിമാത്രം; ഒരു മുതിർന്ന അഭിഭാഷകന്റെ തുറന്ന് പറച്ചിൽ

ടി കൃഷ്ണനുണ്ണി (മുതിർന്ന അഭിഭാഷകൻ, കേരള ഹൈക്കോടതി) 


ജനാധിപത്യസൗധത്തിന്റെ നാലാം തൂണിന്റെ അടിത്തറ ഇളക്കുന്ന എന്തോ മഹാപാതകം കേരളഹൈക്കോടതിയിൽ നടക്കുന്നു; കേരള ഹൈക്കോടതി മാധ്യമസ്വാതന്ത്യ്രത്തിനു കൂച്ചു വിലങ്ങിട്ടിരിക്കുന്നു - കഴിഞ്ഞ ഒരാഴ്ചയിലധികമായി കേരളത്തിലെ വാർത്താമാധ്യമങ്ങൾ വിളിച്ചു കൂവുകയാണ്. കേട്ടപാതി കേൾക്കാത്ത പാതി പ്രതികരണങ്ങൾ പറന്നെത്തുന്നു. രാഷ്ട്രീയ നേതാക്കളുടെ, സാംസ്കാരിക നായകരുടെ, സാഹിത്യകാരന്മാരുടെ; എന്ന് വേണ്ട ജീവിതത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ.


സത്യമെന്തെന്നു അന്വേഷിച്ചറിയാതെയാണ് പലരും പ്രതികരിക്കുന്നതെന്നു വ്യക്തം. ചിലർ ബോധപൂർവം വസ്തുതകൾ തെറ്റായി അവതരിപ്പിക്കുകയാണ്. കഥയറിയാതെ ആട്ടം കാണുന്ന ചിലരുടെയെങ്കിലും കണ്ണ് തുറപ്പിക്കാനാണ് ഈ ശ്രമം. വാർത്താമാധ്യമങ്ങൾ അഭിഭാഷകന് 'ബാലികേറാമല ' യായി മാറിക്കഴിഞ്ഞിരിക്കുന്നുവല്ലോ. സ്വതവേ പ്രതികരിക്കാത്ത ഹൈക്കോടതി പോലും രജിസ്ട്രർ ജനറലുടെ ഒരു പത്രക്കുറിപ്പിലൂടെ വസ്തുതകൾ വിശദമാക്കാൻ ശ്രമിക്കുകയുണ്ടായി. എന്നാൽ ആ പത്രക്കുറിപ്പുകൂടി എത്ര വികലമായാണ് പ്രസിദ്ധീകരിച്ചതെന്നു ജൂലൈ 31 ലെ പത്രങ്ങൾ നോക്കിയാലറിയാം.


ഹൈക്കോടതിയിലെ ന്യായാധിപരുടെ ചേംബറുകളിലും സ്റ്റെനോപൂളിലും അവകാശത്തോടും അധികാരത്തോടും കൂടി പോയി ഉത്തരവുകളുടെ പകർപ്പുകൾ ശേഖരിക്കുന്നതിന് മാധ്യമപ്രവർത്തകർക്കു വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു, ഹൈക്കോടതിയിലെ  'മീഡിയ റൂം ' പൂട്ടിയിരിക്കുന്നു; ഈ നടപടികളാണ് മാധ്യമസ്വാതന്ത്ര്യത്തിന്റെ നേർക്കുള്ള കടന്നുകയറ്റങ്ങളായി വിശേഷിപ്പിക്കപ്പെടുന്നത്. ന്യായാധിപർ പരിശോധിച്ചു ഒപ്പുവെച്ചു അംഗീകരിച്ച ഉത്തരവുകളുടെ പകർപ്പുകൾ ആവശ്യാനുസരണം മാധ്യമപ്രവർത്തകർക്കു നൽകുന്നതിനായി പിആർഒ മുഖേന ചെയ്തിട്ടുള്ള ബദൽ സംവിധാനത്തെക്കുറിച്ചു മാധ്യമങ്ങൾ ഒന്നും പറയുന്നില്ല.


ന്യായാധിപൻ തുറന്ന കോടതിയിൽ ഒരു വിധി സ്റ്റെനോഗ്രാഫർക്കു 'ഡിക്റ്റേറ്റു ' ചെയ്യുമ്പോൾ അത് ഔദ്യോഗിക വിധി പ്രസ്താവമാവുന്നില്ല. സ്റ്റെനോഗ്രാഫർ തയ്യാറാക്കി കൊണ്ടുവരുന്ന കരടുവിധിയിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ ന്യായാധിപനധികാരമുണ്ട്. പല പരാമർശങ്ങളും ഒഴിവാക്കാറുണ്ട്; കൂട്ടിച്ചേർക്കാറുമുണ്ട്.   പുനർ ചിന്തനത്തിൽ ആദ്യം പറഞ്ഞ വിധി തന്നെ മാറ്റണമെന്ന് ന്യായാധിപന് തോന്നിയാൽ അതിനും അദ്ദേഹത്തിന് അധികാരമുണ്ട്. അങ്ങനെ ചെയ്യുന്നതിന് മുൻപ് ഇരുഭാഗത്തേയും അഭിഭാഷകർക്ക് നോട്ടീസ് നൽകി വീണ്ടും വാദം കേൾക്കണമെന്ന് മാത്രം.


കരട് വിധിന്യായം ആവശ്യമായ ഭേദഗതികൾ വരുത്തി ന്യായാധിപൻ ഒപ്പുവയ്ക്കുമ്പോൾ മാത്രമാണ് അത് ഔദ്യോഗികമായ വിധി പ്രസ്താവമാകുന്നത്. ( 1978 KLT 348 അടക്കം പല ആധികാരിക വിധികളും ഈ കാര്യത്തിലുണ്ട് ). അന്തിമമായി ന്യായാധിപൻ ഒപ്പുവെക്കാത്ത വിധികൾ മാധ്യമചർച്ചക്കു വിധേയമായിക്കൂടാ. അത് പുനർവിചിന്തനം നടത്തുന്നതിന് ന്യായാധിപനുള്ള അധികാരത്തിനു കടിഞ്ഞാൺ ഇടലാവും. കരട് വിധികളുടെ പകർപ്പ് കിട്ടാൻ മാധ്യമപ്രവർത്തകർക്കെന്നല്ല വ്യവഹാരത്തിലെ കക്ഷികൾക്കടക്കം ആർക്കും അധികാരമില്ല.എന്നാൽ ഈ മര്യാദകളൊന്നും മാധ്യമപ്രവർത്തകർ പാലിച്ചുവന്നിരുന്നില്ല. കരട് ഉത്തരവുകളുടെ പകർപ്പുകൾ മൊബൈലിൽ ഫോട്ടോ എടുത്തു ദൃശ്യമാധ്യമങ്ങളിൽ പ്രദർശിപ്പിക്കപോലും അവർ ചെയ്തുവന്നിരുന്നുവെന്നാണ് അറിവ്. മാധ്യമങ്ങൾ മര്യാദ ലംഘിക്കുന്നതിന്റെ ഉദാഹരണങ്ങൾ എത്ര വേണമെങ്കിലും നിരത്താം.


ന്യായാധിപൻ ഒപ്പിട്ട എല്ലാ ഉത്തരവുകളും PRO മുഖേന മാധ്യമപ്രവർത്തകരടക്കം എല്ലാവർക്കും  ലഭിക്കുന്നതിനുള്ള ബദൽ സംവിധാനമാണ് ഇപ്പോൾ തയ്യാറാക്കിയിട്ടുള്ളത്. ആ സംവിധാനം കാര്യക്ഷമമാക്കാനുള്ള ക്രിയാത്മക നിർദേശങ്ങളാണ് മാധ്യമപ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. സുപ്രീം കോടതിയിൽ അതാതു ദിവസം ഉണ്ടാവുന്ന ഉത്തരവുകളെല്ലാം അന്നേ ദിവസം തന്നെ വെബ്‌സൈറ്റിൽ ലഭിക്കാനുള്ള സംവിധാനം ഉണ്ടെന്നാണറിയുന്നത് . ആ സംവിധാനം ഇവിടെയും പ്രവർത്തികമാക്കണമെന്നു എല്ലാവർക്കും ഒന്നിച്ചാവശ്യപ്പെടാം.


സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ച കാലഘട്ടത്തിൽ അതൊന്നും അപ്രായോഗികമാവില്ല. എന്നാൽ ഇവിടെ എന്താണ് സംഭവിക്കുന്നത്. സ്റ്റെനോപൂളിലും ചേംബറുകളിലും ഇഷ്ടം പോലെ കയറി ഇറങ്ങാനും ഉത്തരവുകൾ പരിശോധിക്കാനുമുള്ള അവസരത്തിനാണ് മുറവിളി.


ന്യായാധിപൻ സാമൂഹ്യജീവിയാണ്; ദന്തഗോപുരത്തിൽ വസിക്കേണ്ടവനല്ല; സമൂഹത്തിനോട് ന്യായാധിപന് കടപ്പാട് ഉണ്ടാവേണ്ടതാണ്- എല്ലാം ശരിയാണ്. എന്നാലും ന്യായാധിപന്റെ ചേംബർ ആർക്കും ഇഷ്ടം പോലെ കയറിയിറങ്ങാൻ അവകാശമുള്ള സ്ഥലമാവാൻ പാടില്ല. അല്പം അകലം ന്യായാധിപൻ പാലിക്കുന്നത് ഈ സംവിധാനത്തിന്റെ നിലനില്പിനാവശ്യമാണ്. നീതി നടപ്പിലാക്കിയാൽ മാത്രം പോരല്ലോ; നിഷ്പക്ഷമായി നടപ്പിലാക്കിയെന്ന തോന്നൽ ഉളവാക്കുകയും കൂടി വേണമല്ലോ. താൻ പാസ്സാക്കുന്ന ഉത്തരവുകൾ തന്റെ ചേംബറിൽ വന്നു പരിശോധിക്കാൻ മാധ്യമപ്രവർത്തകരെ അനുവദിക്കണമോ അതോ കോടതി ഏർപ്പെടുത്തിയിട്ടുള്ള പൊതു സംവിധാനം ഉപയോഗപ്പെടുത്തുവാൻ നിർദേശിക്കണമോ  എന്ന് തീരുമാനിക്കാനുള്ള അധികാരമെങ്കിലും ന്യായാധിപകർക്കു വിട്ടുകൊടുക്കു.


ഹൈക്കോടതി ആരുടെയും തറവാട്ട് സ്വത്തല്ല. ന്യായാധിപരും, അഭിഭാഷകരും, ഗുമസ്തന്മാരും, കോടതി ഉദ്യോഗസ്ഥരും, മാധ്യമപ്രവർത്തകരും, കക്ഷികളും എല്ലാവരുമടങ്ങുന്ന 132  കോടതിയിലധികം വരുന്ന "We the People of India"ക്കു  അവകാശപ്പെട്ടതാണ് കോടതിയും മറ്റു സംവിധാനങ്ങളും. കോടതി കെട്ടിടത്തിലും കോടതികളിലും പ്രവേശിക്കാനും നടപടികൾ വീക്ഷിക്കാനും ആവശ്യമെങ്കിൽ എഴുതി എടുക്കാനും ഇന്ത്യയിലെ ഓരോ പൗരനും അവകാശമുണ്ട്. മാധ്യമ പ്രവർത്തകരോട് ഒരപേക്ഷ. അങ്ങനെ എഴുതി എടുക്കുന്ന കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മതമേലധ്യക്ഷൻ വേശ്യാലയത്തെകുറിച്ചു അന്വേഷിച്ചു എന്ന് റിപ്പോർട്ട് ചെയ്ത 'കഥ' യിലെ മാധ്യമപ്രവർത്തകനെ നിങ്ങൾ മാതൃകയാക്കരുതേ; കോടതി നടപടികൾക്കിടയിൽ വരുന്ന 'ഡിസ്കഷൻ ' ന്റെ ഭാഗമായി ഉരിയാടുന്ന വാചകങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി ഒരിക്കലും ഉദ്ദേശിക്കാത്ത മാനം നൽകി റിപ്പോർട്ട് ചെയ്യരുതേ.


മീഡിയ റൂം പൂട്ടിയത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. ആ സംഭവത്തെക്കുറിച്ചു ഒരു ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈകോടതിക്കകത്തെ കാര്യങ്ങൾ തീരുമാനിക്കാൻ ഒരു കമ്മിറ്റീ രൂപീകൃതമായിട്ടുണ്ട്. അവരുടെ കൂടെ അഭിപ്രായങ്ങൾ അറിഞ്ഞു ചീഫ് ജസ്റ്റിസ് ഈ കാര്യത്തിൽ ഒരു തീരുമാനം എടുക്കട്ടെ. ഈ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ചീഫ് ജസ്റ്റിസ് ആണെന്ന് അർത്ഥശങ്കക്കിടയില്ലാത്തവിധം മുഖ്യമന്ത്രി പ്രസ്താവിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസിനു  ഒരു തീരുമാനമെടുക്കാൻ സാവകാശം കൊടുക്കുന്നതല്ലേ ശരി.


ഒരു കാര്യം തീർച്ച. ദിവസവും സന്ധ്യാനേരത്തു മുടങ്ങാതെ ' ആടിനെ പട്ടിയാക്കുന്ന' വാക്‌ചാതുരിയോടെ നടത്തുന്ന മാധ്യമചർച്ചയെന്ന 'ചെപ്പും പന്തും' കളിക്കുള്ള കളിപ്പാട്ടങ്ങളാക്കി മാറ്റാനുള്ളതല്ല കോടതി നടപടികൾ. കോടതികളും നീതിന്യായവ്യവസ്ഥകളും വിമർശനങ്ങളെ സർവാത്മാനാ സ്വാഗതം ചെയ്യണം. അവ ഉൾക്കൊള്ളാനും ശ്രമിക്കണം. മറ്റു സ്ഥാപനങ്ങൾക്കൊന്നുമില്ലാത്ത സവിശേഷതയൊന്നും കോടതികൾക്ക് അവകാശപ്പെടാനില്ല. ക്രിയാത്മകമായ വിമർശനങ്ങളേറ്റു ഈ സംവിധാനം ഏറെ പരിഷ്കരിക്കപ്പെടേണ്ടതുണ്ട്. കോടതി സംവിധാനത്തിന് കൂടുതൽ സുതാര്യത ആവശ്യമാണ്. മാധ്യമങ്ങൾക്കും ഈ പ്രക്രിയയിൽ വലിയ പങ്കു വഹിക്കാനാകും, സംശയമില്ല. കൂട്ടത്തിൽ ഒരു മറുചോദ്യം കൂടി ചോദിക്കട്ടെ. മാധ്യമങ്ങൾക്കുമില്ലേ ചില ചുമതലകൾ. അവകാശങ്ങൾ മാത്രമല്ലല്ലോ അവർക്കുള്ളത്. തങ്ങളുടെ താല്പര്യങ്ങൾക്കെതിരായ വാർത്തകൾ പൂർണമായും തമ്സ്കരിക്കാൻ ആരാണവർക്കു അധികാരം നൽകുന്നത്. അസത്യങ്ങളും അർദ്ധസത്യങ്ങളും നിരത്തി ഒരു ജനസമൂഹത്തെ മുഴുവൻ തെറ്റിദ്ധരിപ്പിക്കാൻ എന്താണവർക്കു അവകാശം.


ജൂലൈ 19 - 20 തീയതികളിൽ ഹൈക്കോടതി പരിസരത്തു നടന്ന സംഭവങ്ങളിൽ അവർ അനുവർത്തിച്ച നയം അതായിരുന്നില്ലേ.


അനുലേഖം: ചർച്ചയ്ക്കിടയിൽ ഒരു അഭിഭാഷക സുഹൃത്ത് ചോദിക്കുന്നത് കേട്ടു,തന്റെ കേസ് ജയിച്ച വിവരം റിപ്പോർട്ട് ചെയ്യണമെന്നും തന്റെ പേര് പത്രത്തിൽ പ്രസിദ്ധീകരിക്കണമെന്നും മാധ്യമപ്രവർത്തകരോട് അഭ്യർത്ഥിക്കാത്ത ഏതെങ്കിലും അഭിഭാഷകൻ ഹൈകോടതിയിലുണ്ടോ? മൂക്കത്തു വിരൽ വെക്കാൻ പോലും കഴിയാതെ സ്തംഭിച്ചിരുന്നുപോയി. മറുപടി ഒറ്റ വക്കിൽ പറയാം, യശ്ശശരീരനായ എം പി ഭട്ടതിരിപ്പാട് (പ്രേംജി) തന്റെ കവിതാശകലങ്ങളിൽ ഒന്നിൽ എഴുതി ചേർത്ത ഒരു പദപ്രയോഗം; അത്ര വേഗമൊന്നും മനസ്സിൽ നിന്നും മാഞ്ഞുപോകാത്ത പദപ്രയോഗം - "തന്നാലളക്കായ്കെടോ ".