നമുക്കു ജാതിയില്ല എന്നു പറയാൻ വരട്ടെ; മാധ്യമപ്രവർത്തകയായ സരിതാ മാഹീന്റെയും കുടുംബത്തിന്റെയും 30 വർഷത്തെ അനുഭവം കേൾക്കൂ...

രണ്ടര സെന്റു തട്ടിയെടുക്കാൻ തെറിവിളി, അധിക്ഷേപം, കളളപ്പരാതി, പോലീസ് കേസ്, അറസ്റ്റ് തുടങ്ങിയ തന്ത്രങ്ങൾ.. അതുംപോരാഞ്ഞ് അഴുക്കുവെള്ളവും മൂത്രവും വരെ ദളിതന്റെ വീട്ടുമുറ്റത്ത് ഒഴുക്കിവിടുന്ന കലാപരിപാടികൾ.. കേരളം ഇങ്ങനെയൊക്കെക്കൂടിയാണ് ഭായ്........

നമുക്കു ജാതിയില്ല എന്നു പറയാൻ വരട്ടെ; മാധ്യമപ്രവർത്തകയായ സരിതാ മാഹീന്റെയും കുടുംബത്തിന്റെയും 30 വർഷത്തെ അനുഭവം കേൾക്കൂ...

രൂപേഷ്‌ കുമാര്‍

നമുക്ക് ജാതിയില്ല എന്ന പ്രഖ്യാപനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന പ്രബുദ്ധകേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് സരിത മാഹിന്‍ എന്ന പത്രപ്രവർത്തകയും കുടുംബവും നേരിടുന്നത് ക്രൂരമായ ജാതിപീഡനം. ഇവരുടെ പേരിലുള്ള രണ്ടര സെന്റ് വസ്തു കൈയടക്കാൻ അയൽവാസി കുടുംബം പ്രയോഗിക്കുന്ന തന്ത്രങ്ങൾക്കു മുന്നിൽ ദളിതന്റെ ഉദ്യോഗവും വിദ്യാഭ്യാസവുമൊക്കെ നിഷ്പ്രഭമാകുന്നു. തൃശൂരിലെ പൂങ്കുന്നത്താണ് സംഭവം.

വിദ്യാഭ്യാസമില്ലായ്മയാണ് ദളിതരുടെ പ്രധാനപ്പെട്ട പ്രശ്നമെന്ന ന്യായം, ദളിതർ നേരിടുന്ന ജാതി പീഡനങ്ങളെക്കുറിച്ചുളള ചർച്ചകളിൽ എപ്പോഴും മുഴങ്ങിക്കേൾക്കുന്നുണ്ട്. അത്തരം ലളിതമായ പ്രസ്താവനകളുടെ അടിവേരറക്കുന്ന അനുഭവമാണ് സരിതയുടേത്. സരിത ഒരു പത്രപ്രവര്‍ത്തകയാണ്. അവർക്കു പുറമെ ആ കുടുംബത്തിൽ ഒരു ഗവേഷക വിദ്യാര്‍ത്ഥിയും ഒരു പോലീസുകാരിയും ഒരു ഡെന്റിസ്റ്റുമുണ്ട്. സാമാന്യമായി ചിന്തിച്ചാൽ മെച്ചപ്പെട്ട സാമൂഹ്യാന്തസിൽ ജീവിക്കേണ്ട കുടുംബം. പക്ഷേ, പൂങ്കുന്നത്തു സംഭവിക്കുന്നത് അങ്ങനെയല്ല.  കേരളത്തിന്റെ അഭിലഷണീയ ഉദ്യോഗങ്ങളില്‍ ഇരിക്കുന്ന നാല് സഹോദരങ്ങളുടെ ഒരു കുടുംബമാണ് ദളിതരായിപ്പോയി എന്നൊരൊറ്റ കാരണം കൊണ്ട് ജനാധിപത്യ ജാത്യേതര സമൂഹത്തില്‍ വിശ്വസിക്കുന്ന ആരെയും അറപ്പിക്കുന്ന ക്രൂരമായ ജാതി പീഡനങ്ങള്‍ക്ക് വര്‍ഷങ്ങളായി വിധേയരാകുന്നത്.


അയ്യോ സംവരണം കാരണം ഞങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ലേ എന്ന് കരയുന്ന പൊതുഇടങ്ങള്‍ക്ക് ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എന്നും കഥയാണല്ലോ. എന്നാൽ ഇതു കഥയല്ല. ഡോ. അംബേദ്കറൊക്കെ സ്വപ്നം കണ്ടത് പോലെ വിദ്യാഭ്യാസത്തിലൂടെയും ഇംഗ്ലീഷ് പഠനത്തിലൂടെയും ഉദ്യോഗത്തിലൂടെയും ഉയര്‍ന്നു വന്ന ഒരു ദളിത് കുടുംബത്തിനു ഭൂമിയുമായി ബന്ധപ്പെട്ട് അനുഭവിക്കേണ്ടി വന്ന വംശീയതയെ കുറിച്ചുള്ള വിവരണങ്ങളിൽ കേരളത്തിന്റെ സാമൂഹിക യാഥാർത്ഥ്യം വായിച്ചെടുക്കാം.

കേരളത്തിൽ ജാതി അതിക്രമമെന്നത് ആദിവാസി ഊരുകളിലും ലക്ഷംവീട് 'കോളനികളിലും' ഒക്കെ ചുരുക്കിക്കെട്ടി വച്ചിരിക്കുകയാണല്ലോ. എന്നാൽ സാംസ്‌കാരിക പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, ഫിലിം ഫെസ്ടിവൽ ബുദ്ധിജീവികൾ, ഫെമിനിസ്റ്റുകള്‍,  മാധ്യമ പ്രവര്‍ത്തകര്‍, ഇടതുപക്ഷവിപ്ലവ പ്രവര്‍ത്തകർ എന്നിവരൊക്കെ വാഴുന്ന, കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നൊക്കെ നാഴികക്ക് നാല്പതു വട്ടംവച്ചു വാഴ്ത്തുന്ന തൃശൂരിൽ മനസമാധാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു കുടുംബത്തിനു നേരിടേണ്ടി വന്ന വംശീയതയുടെ ചരിത്രമാണ് ഈ കുറിപ്പ്.
ജാതിവിദ്വേഷത്തിന്റെ ഭൂമിശാസ്ത്രം

കറുത്ത ടാല്‍ക്കം പൗഡറിന്റെ കാലംവരും മക്കളെ, നിന്റെ ഭക്ഷണത്തിന്റെ ജാതിയെന്താ എന്നീ രണ്ടു ലേഖനങ്ങള്‍ കൊണ്ട് കേരളത്തിന്റെ ജാതി മനസ്സാക്ഷിയുടെ മേല്‍ ശക്തമായി അടി കൊടുത്ത യുവ പത്രപ്രവർത്തകയാണു സരിത മാഹിന്‍. ഇപ്പോള്‍ തേജസ് ദിനപത്രത്തിന്റെ കോഴിക്കോട് ഡസ്‌കില്‍ ജോലി ചെയ്യുന്ന സരിത മാഹീന്‍ എന്ന ജേണലിസ്റ്റിന്റെ കുടുംബത്തിന് അയല്‍പക്കത്തുള്ള ഒരു റോമന്‍ കത്തോലിക്കാ കുടുംബവുമായി വര്‍ഷങ്ങളായി വീടിന്റെ അതിര്‍ത്തി തര്‍ക്കവും ആയി ബന്ധപ്പെട്ടു ക്രൂരമായ വിവിധ രീതികളിലൂടെയുള്ള വയലന്‍സ് ആണ് നേരിടേണ്ടി വരുന്നത്.

തൃശൂര്‍ ജില്ലയിലെ കണ്ണായ സ്ഥലമാണ് പൂങ്കുന്നം റെയില്‍വേ സ്‌റ്റേഷന്‍ പരിസരം. അവിടെ തെക്കേമഠത്തിന്റെ അധീനതയിലുള്ള സ്ഥലം കുഞ്ഞുലക്ഷ്മി വാരസ്യാര്‍ എന്ന മധ്യവര്‍ത്തി മുഖേന പാട്ടഭൂമിയായി 89 വര്‍ഷമായി സരിതയുടെ മുതുമുത്തച്ഛന്‍ ചക്കന്‍ കൈയ്യാളിയിരുന്നതാണ്. ഭൂപരിഷ്‌കരണ നിയമത്തോടെ 1976ല്‍ കുഞ്ഞുലക്ഷ്മി വാരസ്യാര്‍ വിട്ടുകൊടുത്തതനുസരിച്ച് ചക്കന്റെ ഏക മകള്‍ കാളിക്ക് ആ ഭൂമിയിന്‍മേലുള്ള ക്രയസര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ അനുവദിച്ച് നല്‍കി. സരിതയുടെ അമ്മൂമ്മയാണു കാളി. ഇപ്പോള്‍ സരിതയുടെ കുടുംബത്തിന്റെ അധീനതയിലുള്ളത് 5.4 ആര്‍ (ഏകദേശം 13.5 സെന്റ്) ഭൂമിയാണ്.

വില്ലേജ് രേഖകളിൽ ഇവർക്കു 10 സെന്റേയുളളൂ. കരമടയ്ക്കുന്നതും പത്തുസെന്റിനാണ്. എന്നാൽ കൈവശമുളളത് ഏഴേകാൽ സെന്റും. 2003ൽ ഇതേച്ചൊല്ലി വഴക്കുണ്ടായപ്പോൾ നാട്ടുകാരും മറ്റും ഇടപെട്ട് താലൂക്ക് സർവെയറെക്കൊണ്ട് സർവെ നടത്തിച്ചിരുന്നു.  ആധാരപ്രകാരമുള്ള നാലേമുക്കാൽ സെന്റിനു പുറമെ രണ്ടര സെന്റ് അധികമായി അയൽവാസി കൈവശം വെച്ചിരിക്കുന്നതായി ആ സർവെയിൽ തെളിഞ്ഞു. സ്ഥലമോ അതിന്റെ വിലയോ യഥാർത്ഥ ഉടമസ്ഥർക്കു നൽകണമെന്ന്  നാട്ടുകാരുടെ സാന്നിധ്യത്തിൽ ഒത്തുതീർപ്പുമുണ്ടായി. എന്നാൽ ഈ ധാരണ പാലിക്കാൻ ഇതേവരെ തയ്യാറായിട്ടില്ല.

1981ല്‍ പ്രസ്തുത കത്തോലിക്ക കുടുംബം അവിടെ സ്ഥലം വാങ്ങുമ്പോള്‍ രണ്ടേമുക്കാല്‍ സെന്റ് സ്ഥലം നിയമപരമല്ലെന്നു മനസിലാക്കിയിട്ടും കമ്മച്ചത്തുക മുടക്കി കൈവശപ്പെടുത്തി വച്ചിരിക്കുകയാണ്. ഈ അനധികൃത കൈയ്യേറ്റത്തെ നിയമപരമായും നീതിയുക്തമായും നേരിടാന്‍ കഴിയില്ല എന്ന് മനസ്സിലാക്കിയതിനു ശേഷം നിരന്തരമായി സരിതയുടെ കുടുംബാംഗങ്ങളെ കള്ളക്കേസുകളില്‍ കുടുക്കിയും സ്വന്തം ഭൂമിയില്‍ വീട് നിര്‍മിക്കുന്നതിനെതിരേ തൃശൂര്‍ കോര്‍പറേഷനില്‍ പരാതി കൊടുത്തും ഭരണകൂടത്തിന്റെ വിവിധതലങ്ങളിലൂടെ, രാഷ്ട്രീയ പിടിപാടുകളിലൂടെ ഈ കുടുംബത്തെ ഊരുവിലക്കാനും അവിടെ നിന്നും ഓടിക്കാനുമുള്ള ഗൂഢപദ്ധതിയുടെ ഭാഗമായാണ് മൂന്ന് സഹോദരികളും ഒരു സഹോദരനും അടങ്ങുന്ന ഒരു കുടുംബത്തെ ആക്രമിക്കുന്നത്.

ആവർത്തിച്ചുപറയട്ടെ, തൃശൂര്‍ ജില്ലയിലെ കണ്ണായ സ്ഥലമാണ് പൂങ്കുന്നം റെയില്‍വേ സ്‌റ്റേഷന്‍ പരിസരം. ആ സ്ഥലത്ത് ഭൂമിയുടെ അധികാരത്തില്‍, ഉയര്‍ന്ന വിദ്യാഭ്യാസവും ഉദ്യോഗവുമുള്ള ഒരു കുടുംബം ജീവിക്കാന്‍ ശ്രമിക്കുമ്പോഴാണ് ആ ഭൂമിയില്‍ നിന്ന് ആട്ടി പായിക്കാനുള്ള ഒരു റോമന്‍ കത്തോലിക്കന്‍ ജാതിക്കളി. ഈ വംശീയതയോട് ഇപ്പോഴും തോല്‍ക്കാതെ പൊരുതുന്ന ആ നാല് ചെറുപ്പക്കാരും അവരുടെ അമ്മയും ഈ ലേഖകനോട് സംസാരിച്ചതു പ്രകാരമാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
സരിത മാഹീന്‍ (പത്രപ്രവര്‍ത്തക, തേജസ് ദിനപത്രം)

തൃശൂര്‍ പൂങ്കുന്നത്തു സെന്റിന് തന്നെ ലക്ഷക്കണക്കിന് രൂപ ലഭിക്കുന്ന ഒരു സ്ഥലത്ത് ഞങ്ങളുടെ പഴയ വീട് പൊളിച്ചു മാറ്റി പുതിയ വീട് വയ്ക്കുന്നതോടെയാണ് പ്രശ്‌നം ഇത്രയും രൂക്ഷമായത്. അവിടെയാണ് ഞങ്ങളും ഈ കുടുംബവുമായുള്ള നേരിട്ടുള്ള പ്രശ്‌നം തുടങ്ങുന്നത്. ചെറിയ മണ്ണുവീട് പൊളിച്ചു മാറ്റി പുതിയ ഒരു കോണ്‍ക്രീറ്റ്  വീട് വയ്ക്കാന്‍ കോര്‍പറേഷന്റെ പട്ടികജാതിവികസന ഫണ്ടില്‍ നിന്നും ഞങ്ങള്‍ക്ക് ധനസഹായം ലഭിച്ചു. വീട് അവരുടേതിനേക്കാള്‍ ഉയരത്തിലുള്ളതാവുമെന്നായപ്പോഴാണ്
 അവർ പ്രശ്നമുണ്ടാക്കി തുടങ്ങിയത്. വീടു പണിക്കു വന്നവരെ നിരന്തരം ചീത്ത വിളിക്കുക. ചുമർ ഒരാള്‍ പൊക്കം ഉയര്‍ന്നതിനു ശേഷം കോര്‍പറേഷനില്‍ പരാതി കൊടുക്കുക, ജാതീയമായി അധിക്ഷേപിക്കുക എന്നതൊക്കെയാണ് ഇവരുടെ കലാപരിപാടികള്‍.

യഥാര്‍ത്ഥത്തില്‍ അവര്‍ പണിത കോണ്‍ക്രീറ്റ് വീടിന്റെ തറയിരിക്കുന്നത് ഞങ്ങളുടെ ഭൂമിയിലാണ്. അന്നു പാലിക്കാത്ത കെട്ടിടനിര്‍മാണ നിയമങ്ങളാണ് ഇന്ന്  ഞങ്ങള്‍ ലംഘിച്ചെന്നു അവര്‍ പറയുന്നത്. എല്ലാം മുന്‍കൂട്ടിക്കണ്ടാണ് പണ്ട് അവര്‍ വീടു നിര്‍മിച്ചതും ജാതിയധിക്ഷേപത്തിലൂടെ ഞങ്ങളില്‍ നിന്നും കൃത്യമായ അകലം പാലിച്ചതും.
dalit-house_poonkunnam_2

ഞങ്ങളുടെ വീട്ടിലെ മൂന്നുപെണ്‍കുട്ടികളും അടുത്ത വീടുകളിലെ വീടുപണിയൊക്കെ എടുത്തു പഠിച്ച് വളര്‍ന്നവരാണ്. പഠനത്തില്‍ ഒട്ടും പിന്നിലല്ലായിരുന്ന ഞങ്ങള്‍ സംവരണത്തിന്റെ എല്ലാ ആനുകൂല്യങ്ങളോടെയും തൃശൂരിലെയും കോഴിക്കോട്ടെയും മികച്ച കോളജുകളില്‍ പഠിച്ചവരാണ്. ഞങ്ങള്‍ വേട്ടുവ ജാതിയിലുള്ളവരാണ്. അതു പറയാന്‍ ഞങ്ങള്‍ക്ക് ഒരു നാണക്കേടും ഇല്ല. എന്നാൽ ഇവർ ഞങ്ങളെ ചെറുമിയും മക്കളും, 'മുളയന്മാര്‍' കാക്ക, കരിംഭൂതം, ബിമ്മകുറ്റി എന്നൊക്കെ വിളിച്ചു നിരന്തരം അധിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്
. ഈ വിളിക്കുന്ന അയല്‍വാസികളായ മേരിയും അവരുടെ മകന്‍ ഔസേപ്പും അവരുടെ കുടുംബവും ഏത് ജാതിയുടെ മാനസികാവസ്ഥയില്‍ നിന്നാണ് ഇങ്ങനെ 'ചെല്ലപ്പേരുകള്‍' ഇട്ടുവിളിക്കുന്നത് എന്നതാണ് ഇവിടെ പരിശോധിക്കേണ്ടത്.

ഒരു പ്രത്യേകജാതിയില്‍പ്പെട്ടവരെ, പ്രത്യേകിച്ചു ഭരണഘടനാപട്ടികയില്‍ ഉള്‍പ്പെട്ട ജാതിയില്‍പ്പെട്ടവരെ അവരുടെ തൊലിയുടെ, ശരീരാകൃതിയുടെ, ജീവിതസാഹചര്യങ്ങളുടെ, കുറ്റങ്ങളുടെ, കുറവുകളുടെ പേരില്‍ ആക്ഷേപിക്കുമ്പോള്‍, ഏതുതരം സുഖമാണ് അവര്‍ അനുഭവിക്കുന്നത്? ഒരുകാര്യം തീര്‍ച്ചയാണ്, വര്‍ഷങ്ങളോളം ഒരു വീട്ടുകാരെ മാത്രം ഇങ്ങനെ ദ്രോഹിക്കണമെങ്കില്‍ അവര്‍ ആഗ്രഹിക്കുന്നത് മറ്റെന്തോ ആണ്. അത് മറ്റൊന്നുമല്ല, അവരുടെ പക്കലുള്ള ഞങ്ങളുടെ ഭൂമിയാണ്. ഇതുപോലെ ജാതീയമായി അധിക്ഷേപിച്ച്, ബന്ധുക്കളെയും നാട്ടുകാരെയും ഭയപ്പെടുത്തി ഞങ്ങളില്‍ നിന്നകറ്റിയാല്‍, മനംമടുത്ത് ഞങ്ങള്‍ അവിടം വിറ്റൊഴിഞ്ഞുപോകുമെന്നാണ് അവര്‍ കരുതുന്നത്. രണ്ടുവര്‍ഷം മുമ്പ് ഞങ്ങളുടെ സ്ഥലം വില്‍ക്കുന്നുണ്ടോയെന്നും ഞങ്ങളുടെതന്നെ ഒരകന്ന ബന്ധുവിനെവിട്ട് അന്വേഷണം വരെ നടത്തിയിരുന്നു. ആ സ്ഥലത്ത് ഒരു ഫ്ളാറ്റ് നിര്‍മ്മിക്കാനാണെന്നാണ് അന്നു പറഞ്ഞിരുന്നത്.

ഞങ്ങള്‍ മൂന്ന് സഹോദരികളും മൂന്നു സ്ഥലങ്ങളിലാണ് ജോലി ചെയ്യുന്നത്. ഒരു ദിവസം അവര്‍ എന്റെ അമ്മയുടെ പേരെടുത്ത് വിളിച്ചിട്ടു പറഞ്ഞത് ഞങ്ങള്‍ മൂന്നുപേരും പല സ്ഥലങ്ങളില്‍ 'പെലയാടുകയല്ലേടി' എന്നാണ്. ഞാന്‍ മുസ്ലീം സമുദായത്തിലുള്ള ഒരാളെ വിവാഹം ചെയ്തതു കൊണ്ട് പിന്നീടുണ്ടായ സംസാരങ്ങള്‍ അത്തരത്തിലുള്ളതായിരുന്നു. ഇതാണ് എല്ലാരും ഒന്നായി ഓണമുണ്ണാന്‍ പോകുന്ന നമ്മുടെ സമത്വ സുന്ദര കേരളം.

ജാതി ഇവിടെ മാത്രം ഒതുങ്ങുന്നില്ല, ഇതൊക്കെ ഈ ലോകത്ത് എല്ലായിടത്തും, ഞാന്‍ ഇരിക്കുന്നിടത്ത്, നില്‍ക്കുന്നിടത്ത്, പെരുമാറുന്നയിടങ്ങളില്‍, ജീവിക്കുന്ന ജീവിതത്തില്‍ അങ്ങിനെ എല്ലായിടത്തും എന്നെ താഴിട്ടു പൂട്ടുന്നുണ്ട്. എന്റെ എഴുത്തുകളും തേജസ്സിലെ കോളങ്ങളും ഒക്കെ വച്ചു കേരളത്തിലെ ഒരു പ്രമുഖ സംസ്‌കാര ദിനപത്രത്തില്‍ ഞാന്‍ ഒരു ഇന്റര്‍വ്യൂവിന് പോയി. ആ പത്രസ്ഥാപനത്തിന്റെ കോറിഡോറില്‍ ഏകദേശം ഒന്നരമണിക്കൂര്‍ ഞാന്‍ കാത്തുനിന്നു. ജോലിക്ക് വേണ്ടിയല്ല, എന്റെ ലേഖനങ്ങളുടെ ആ ഫയല്‍ അവര്‍ ഒന്നു തുറന്നുനോക്കാന്‍ വേണ്ടി.  അവസാനം നായര്‍ വാലുള്ള മറ്റൊരാള്‍ക്കു ജോലി കിട്ടിയത്  ഞാനറിഞ്ഞു. ഞാന്‍ ജോലി ചെയ്യാന്‍ പോയിരുന്ന വീട്ടിലെ മാധ്യമ പ്രവര്‍ത്തകരോട് മകള്‍ക്ക് ഏതെങ്കിലും പത്രത്തില്‍ ഒരു ജോലി ശരിയാക്കി കൊടുക്കണം എന്ന് അമ്മ പറഞ്ഞപ്പോള്‍ ആ ഉയര്‍ന്ന ജാതി വീടുകളിലെ മാധ്യമ പ്രവര്‍ത്തകര്‍, പരസ്യം എന്നാല്‍ ഗ്ലാമറിന്റെ ലോകം ആണ്, ഇവള്‍ക്ക് നന്നായി സംസാരിക്കാന്‍ അറിയോ, ഇംഗ്ലീഷ് അറിയോ, അല്ലെങ്കില്‍ താന്‍ നല്ലോണം വായിക്കൂ എന്നൊക്കെ മൊഴിഞ്ഞാണ് തിരിച്ചയച്ചത്.

അല്പം സാമൂഹികബോധമുള്ള മാധ്യമപ്രവര്‍ത്തകര്‍ ഇങ്ങനെയാണെങ്കില്‍ തൊട്ടയല്‍പക്കത്തുള്ള ഒരു റോമന്‍ കത്തോലിക്കാ കുടുംബത്തിന്റെ വംശീയത എങ്ങനെയൊക്കെ എന്നു നമുക്കൂഹിക്കാവുന്നതേയുള്ളൂ. അതേസമയം ഞങ്ങള്‍ സഹോദരങ്ങള്‍ വീട്ടുജോലിക്ക് പോയ നായര്‍-ക്രിസ്ത്യന്‍ കുടുംബങ്ങളും മറ്റു പലരും ഞങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയും മറ്റും സഹായിച്ചിരുന്നു എന്ന കാര്യം മറച്ചുവയ്ക്കുന്നുമില്ല. അത് ഗുരുത്തമില്ലായ്മയാവും.
കവിത
(പോലിസ് ഓഫീസര്‍)

ഞാന്‍ ബി.എസ്‌സി, എല്‍.എല്‍.ബി ബിരുദധാരിയാണ്. ഒരു പോലീസുകാരി ആയിട്ടു പോലും അവര്‍ അത്രയ്ക്കധികം ധാര്‍ഷ്ട്യം കാണിക്കുന്നത്, നിങ്ങള്‍ എത്രത്തോളം ഉയര്‍ന്നാലും നിങ്ങളൊക്കെ പഴയ അടിമകള്‍ തന്നെ എന്ന ജാതിയുടെ ധാര്‍ഷ്ട്യം തന്നെയാണ്.

ഞാന്‍ പോലീസ് ഫോഴ്‌സില്‍ ചേരുന്നതിനുമുമ്പാണ് എന്റെ വീട്ടില്‍ ആദ്യമായി പോലീസ് എത്തുന്നത്. അത് എന്റെ അനിയനെ അറസ്റ്റുചെയ്യാന്‍ വേണ്ടിയായിരുന്നു. അന്നവന് വെറും 18 വയസ്സാണ് പ്രായം. അവരുടെ വീട്ടിലേക്ക്  ഒരുകപ്പ് വെള്ളം ഒഴിച്ചു എന്നു പറഞ്ഞായിരുന്നു അറസ്റ്റ്. ആ ദിവസം അവര്‍ ചെയ്തത് മാത്രം എവിടെയും വന്നില്ല. മോട്ടറിട്ട് ഞങ്ങളുടെ മണ്ണ് വീട് നനയ്ക്കുകയായിരുന്നു അവര്‍ ചെയ്തത്. മോട്ടറിട്ട് ടാങ്ക് നിറഞ്ഞാലും അത് ഓഫ് ചെയ്യാതെ ഞങ്ങളുടെ ഇടച്ചാലിലൂടെ ഒഴുക്കിവിടും. മുറ്റമാകെ ചളി നിറയും. എന്നിട്ട് അവരുടെ വക ഒരു വെല്ലുവിളിയാണ്, വേണമെങ്കില്‍ നീ മതിൽ കെട്ടടി. അവരുടെ കുളിമുറിയിലെ അഴുക്കുവെള്ളവും മൂത്രവുമൊക്കെ ഞങ്ങളുടെ മുറ്റത്താണ്. ആരുവന്നുനോക്കിയാലും ഇതൊക്കെ കാണാം. ഞങ്ങള്‍ ഒരുകാര്യവും സത്യത്തിന് നിരക്കാത്തത് ഇവിടെ പറയുന്നില്ല.

ഒരിക്കല്‍ എന്നെ ഞെട്ടിച്ചു കൊണ്ട് വെസ്റ്റ് പോലിസ് സ്‌റ്റേഷനിലെ എസ്‌ഐ സാറും ഒരു കൂട്ടം പോലിസുകാരും രാത്രി ഞങ്ങളുടെ വീട്ടില്‍ എത്തി. പോലിസുകാര്‍ നിസ്സഹായരായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബൂത്തുതല നേതാവായ ആ വീട്ടിലെ ഔസേപ്പ് എന്ന പ്രിന്‍സ് വടക്കൂട്ട് തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് അവരുടെ അമ്മയ്ക്ക് മരണഭയമുണ്ടാക്കി എന്നാരോപിച്ച് പോലീസിനെ വരുത്തിയത്.

2012 ഡിസംബറിലായിരുന്നു അത്. അന്ന് എന്റെ 11 വയസ്സുള്ള മകന്‍ ഞങ്ങളുടെ മുറ്റത്ത് ക്രിക്കറ്റ്കളിച്ചു എന്നു പറഞ്ഞായിരുന്നു അത്. എന്റെ കുഞ്ഞിനെ പോലും വെറുതെ വിട്ടിട്ടില്ല അവര്‍. പോലിസ് വീട്ടില്‍ വരുമ്പോള്‍, അല്ലെങ്കില്‍ കോടതിയുടെ അറിയിപ്പ് കയ്യില്‍ കിട്ടുമ്പോഴൊക്കെയാണ് പലസംഭവങ്ങളും ഞങ്ങള്‍ അറിയുന്നതു പോലും.

dalit-house_poonkunnam_3

ഒരു ദിവസം രാവിലെ സഹോദരൻ ഗിരി ഞങ്ങളുടെ വീട്ടിലിരുന്നു പത്രം വായിക്കുമ്പോള്‍ ആ വീട്ടിലെ മേരി എന്ന സ്ത്രീ നടുവിരല്‍ ഉയര്‍ത്തിക്കാണിച്ച് നിന്നെയും നിന്റെ അച്ഛനെയും ഞങ്ങള്‍ ജയിലില്‍ കേറ്റും എന്നൊക്കെ പുലമ്പിക്കൊണ്ട് കയറിപ്പോയി. വെറുതെ പ്രകോപിപ്പിക്കുക എന്നതാണ് ഇവിടെ പയറ്റുന്നത്. അങ്ങിനെയാണെങ്കില്‍ നമ്മള്‍ എന്തെങ്കിലും തിരിച്ചുപറയും എന്നു കരുതിയാവും. എന്നാല്‍ അവരു പ്രതീക്ഷിച്ചതുപോലെ നമ്മള്‍ പ്രതികരിച്ചില്ല. എന്നിട്ടും അവരുടെ വാതില്‍ ചവിട്ടിപ്പൊളിച്ച് അവരുടെ മണ്ണുവീട് തകര്‍ക്കാന്‍ ശ്രമിച്ചു എന്നുപറഞ്ഞുള്ള കോടതി നോട്ടീസ് കൈയ്യില്‍ കിട്ടി.

സത്യം പറഞ്ഞാല്‍,  ആദ്യം താമസിച്ചിരുന്നയിടത്ത് പൊതുകിണറ്റില്‍ വിഷം കലക്കിയതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് അവരെ ഇവിടെയെത്തിച്ചത്. അവിടത്തെ വീട് വിറ്റ് ഓടി പോരുകയായിരുന്നു. ഇത് ഞങ്ങൾ നടത്തിയ ചെറിയ അന്വേഷണത്തിൽ ബോധ്യമായ കാര്യമാണ്.

ദലിത് സമദായത്തിലുള്ളവര്‍ വിദ്യാഭ്യാസം, ഉദ്യോഗം എന്നിവയിലൂടെ എത്ര മുന്നോട്ട് പോയാലും 'നിങ്ങളൊക്കെ ഇത്രയേ ഉള്ളൂ' എന്നാ മനോഭാവം ആണ്. ഒരു പോലിസ് ആയിട്ട് പോലും എന്റെ ജോലി തെറിപ്പിക്കും എന്ന് നിരന്തരം ഭീഷണികള്‍, വ്യക്തിഹത്യ, പിന്നെ കേട്ടാല്‍ അറയ്ക്കുന്ന ചീത്തയും. കോടതിയിലെ ക്ലാര്‍ക്ക് ആയ അവരുടെ ഒരു ബന്ധുവിന്റെ സ്വാധീനം ഉപയോഗിച്ചാണ് നിരന്തരം ഞങ്ങള്‍ക്കെതിരെ കേസുകള്‍ ചമയ്ക്കുന്നത്. ഇത് ഞാന്‍ ഇപ്പോ നിങ്ങളോട് സംസാരിക്കുമ്പോള്‍ പോലും ഞങ്ങള്‍ അവരോടു യാതൊരു തരത്തിലുള്ള സംസാരവും പാടില്ല എന്ന ഇഞ്ചങ്ഷന്‍ ഓര്‍ഡറും അവര്‍ സംഘടിപ്പിച്ചിട്ടുണ്ട്. അത് തീരുന്നതിനു മുമ്പ് ഗിരിയെ പ്രകോപിപ്പിച്ചു വീണ്ടും ഞങ്ങള്‍ക്കെതിരെ കേസെടുത്തു കുടുക്കാന്‍ ഉള്ള ശ്രമവും നടക്കുന്നുണ്ടെന്ന് എനിക്ക് സംശയം ഉണ്ട്.

അവര്‍ കൈവശപ്പെടുത്തിയ ഞങ്ങളുടെ ഭൂമിയെ കുറിച്ച് നിയമപരമായ ചോദ്യങ്ങൾ നേരിടേണ്ടി വരുമെന്ന ഉറപ്പുള്ളത് കൊണ്ടാണ് അവര്‍ ഈ കളികള്‍ കളിക്കുന്നത് എന്ന് ആര്‍ക്കാണ് അറിയാത്തത്. ഇത്രയും കാലം എന്റെ കുടുംബത്തിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നായ എന്റെ പോലീസ് ജോലിക്ക് എന്തെങ്കിലും ഭീഷണി ഉണ്ടാകുമോ എന്ന് പേടിച്ചാണ് ഇതുവരെ മിണ്ടാതിരുന്നത്. മാത്രമല്ല, ഇനിയും ഏറെനാള്‍ മുഖത്തോടുമുഖം നോക്കികഴിയേണ്ട അയല്‍ക്കാരല്ലേ എന്ന കരുതലിലായിരുന്നു ഞങ്ങള്‍. പക്ഷേ ഇനി ഇത് സഹിക്കാന്‍ വയ്യ. കേരളത്തിലെ പൊതുജനം ജാതിയുടെ ചില നീചമായ അതിക്രമങ്ങള്‍ അറിഞ്ഞേ തീരൂ. എനിക്ക് എന്തൊക്കെ സംഭവിച്ചാലും. ഇനി ഞങ്ങള്‍ ഇത് ലോകത്തോട് വിളിച്ചു പറയുക തന്നെ ചെയ്യും.
സുനിത (ദന്ത ഡോക്ടര്‍ )

ഞങ്ങള്‍ മറ്റുള്ളവരുടെ, അതായത് ഇവിടത്തെ നായര്‍ തറവാടുകളിലും മറ്റും അടുക്കള പണി ചെയ്തു പഠിച്ചു വളര്‍ന്നവരാണ്. എനിക്ക് നന്നായി പഠിക്കാന്‍ കഴിയുമായിരുന്നു. നല്ല നേതൃഗുണം ഉള്ള ഒരാളുമാണ് ഞാന്‍ എന്നാണ് പൊതുവേ ഉള്ള അഭിപ്രായം. നല്ല രീതിയില്‍ പഠിച്ചു ഞാന്‍ ഒരു ദന്ത ഡോക്ടര്‍ ആയി. പിന്നീട് എനിക്കു കേള്‍ക്കേണ്ടി വന്നത് ഞാനൊക്കെ പരിശോധിച്ചാല്‍ രോഗികളുടെ ഗതികേട് എന്തായിരിക്കും എന്നായിരുന്നു.

പിന്നെ നന്നായി പഠിച്ചു എവിടെയെങ്കിലുമൊക്കെ വിജയിച്ചു വരുമ്പോള്‍ കേരളത്തില്‍ സ്ഥിരം കേള്‍ക്കുന്ന പല്ലവി തന്നെ 'ഓ, അവള്‍ക്കെല്ലാം പകുതി ഓടിയാല്‍ മതിയല്ലോ. നമ്മള്‍ നൂറുമീറ്റര്‍ ഓടുമ്പോള്‍ ഇവളുമ്മാര്‍ക്കൊക്കെ 50 മീറ്റര്‍ ഓടിയാല്‍ മതിയല്ലോ. ഡോക്ടറെ കാണിക്കണമെങ്കില്‍ വേറെയാളെ കാണേണ്ടിവരും' എന്നൊക്കെ. കറുത്തു തടിച്ച എന്നെ വിളിക്കുന്നത് ബിമ്മക്കുറ്റി എന്നാണ്. ഒരു പക്ഷേ കുറച്ചു നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നതു കൊണ്ടും പുറത്തു പോയി ജീവിച്ചതും കൊണ്ടും ഭാഷാപരമായി വ്യത്യസ്തത ഉള്ളതുകൊണ്ടും അതിനു പുറത്തുള്ള കളിയാക്കലുകള്‍ വേറെയും.

[playlist type="video" ids="38206"]

ഞങ്ങള്‍ സംവരണത്തിലൂടെ കടന്നു വന്ന വളരെ ആത്മവിശ്വാസമുള്ള മനുഷ്യര്‍ തന്നെ ആണ്. അതിന്റെ രാഷ്ട്രീയവും സാമൂഹികവും ആയ തലങ്ങള്‍ അറിയാത്തതിന്റെ വിവരക്കേട് എന്ന രീതിയില്‍ മാത്രമേ ഞാന്‍ ഇതിനെ കാണുന്നുള്ളൂ. പക്ഷെ ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന സ്വൈരജീവിതം തടസ്സപ്പെടുത്തി, ജാതിയും ഭൂമിക്ക് മേലെയുള്ള അധികാരവും ഉപയോഗിച്ച് ഒരു കുടുംബത്തിനെ നാട്ടില്‍ നിന്ന് പലായനം ചെയ്യിക്കുക എന്നാ ഭീകരമായ ജാതിവാദം തന്നെയാണ് ഇവിടെ നടക്കുന്നത്.

കോഴിക്കോട് ഗവ. ഡെന്റൽ കോളജിലാണ് ഞാന്‍ പഠിച്ചത്. അത്യാവശ്യം പ്രാക്ടീസ് ഉള്ള ദന്ത ഡോക്ടറാണ്. ഞാന്‍ നന്നായിട്ട് ജോലി ചെയ്യുന്നുമുണ്ട്. ഞങ്ങള്‍ നാല് സഹോദരങ്ങളും ഗംഭീരമായി ഓരോ മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും  ഞങ്ങളെ ഓടിച്ചു വിട്ട് ജാതിയുടെ നിയമം പുനര്‍നിര്‍മ്മിക്കുകയാണ് ജാതിയുടെ കുഞ്ഞാടുകള്‍. ഞാനൊക്കെ അവര്‍ക്ക് ഇപ്പോഴും കരിങ്കുട്ടിയും കല്യാണം കഴിഞ്ഞു കുട്ടികള്‍ ഇല്ലാത്തവളും ആണ്. ഞാന്‍ ഒരു ചീഞ്ഞ ഡോക്ടറും എന്റെ ചേച്ചി ഒരു ചാള പോലീസും. തെറി വിളിക്കുമ്പോള്‍ പോലും 'ച' എന്ന വാക്കിനോട് വല്ലാത്ത സ്‌നേഹം അവര്‍ക്കുണ്ടെന്നു തോന്നുന്നു. സരിതേച്ചിയെ ഒരു മാധ്യമപ്രവര്‍ത്തകയായി അവര്‍ അംഗീകരിക്കുന്നില്ല.

എന്റെ അനിയന്‍ മണിദാസ് എന്ന് വിളിക്കുന്ന ഗിരി ഒരു പ്രത്യേക മാനസികാവസ്ഥ കാരണം ഒരു കളവു കേസില്‍ പെട്ടിരുന്നു. അവന്റെ ആ മാനസികനിലക്ക് ചികില്‍സയും നല്‍കിയിരുന്നു. അവനു പെട്ടെന്ന് ദേഷ്യം വരുന്നതിനു സൈക്കോളജിസ്റ്റിന്റെ നിര്‍ദേശ പ്രകാരം യോഗ പോലുള്ള കാര്യങ്ങള്‍ ചെയ്യുന്നുമുണ്ട്. ഇത് ഒരായുധമാക്കിയിട്ടാണ്, ഗിരി ആ കുടുംബത്തെ ആക്രമിക്കുന്നു എന്ന് പറഞ്ഞു കേസുകള്‍ ഉണ്ടാക്കുന്നത്.
മണിദാസ് (ഗിരി), പിഎച്ച്ഡി സ്‌കോളര്‍

എംഫില്‍, ബി.എഡ്ഡ് എന്നീ കോഴ്‌സുകള്‍ പഠിച്ചശേഷമാണ് ഞാന്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവേഷണത്തിനു ചേര്‍ന്നത്. ഇപ്പോഴും പിഎച്ച്ഡി സ്‌കോളര്‍ ആയ ഞാന്‍ ഗോവയില്‍ വച്ച് ഒരു പ്രത്യേക മാനസികാവസ്ഥയില്‍  ഒരു ലാപ്‌ടോപ് മോഷ്ടിക്കുന്ന അവസ്ഥ ഉണ്ടായി. അതിന്റെ കേസുകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അതിനു ശേഷം എന്റെ സര്‍വകലാശാലയിലെ തുടര്‍പഠനത്തിനു പോലും വലിയ തടസ്സം നേരിട്ടു. തീര്‍ത്തും ഒറ്റപ്പെട്ടുപോയി. കൂട്ടുകാരില്ല, സഹപാഠികളില്ല. ജീവിതം പോലും അവസാനിപ്പിച്ചാല്‍ മതിയെന്നു തോന്നിയിരുന്ന സമയമായിരുന്നു അത്. അതിനിടെയിലാണ് ഇവരുടെ വക തളര്‍ത്തലുകള്‍. പെട്ടെന്ന് ദേഷ്യം വരുന്ന എന്നെ പ്രകോപിപ്പിച്ച് ഞാന്‍ ഇവിടെ മൊത്തം പ്രശ്‌നക്കാരന്‍ ആണ് എന്ന് വരുത്തി തീര്‍ത്ത് പണി തീര്‍ക്കുക എന്ന തന്ത്രമാണ് എന്നത് എനിക്കും ചുറ്റുമുള്ളവര്‍ക്കും മനസ്സിലാകും.

നിരന്തരം എനിക്കെതിരെ കേസുകള്‍ കൊടുത്ത് എന്നെ തളര്‍ത്തുക എന്നത് അവരുടെ ഒരു രീതിയാണ്. എന്നെ ശാരീരികമായും മാനസികമായും ആക്രമിക്കുക എന്നതാണ് മറ്റൊരു രീതി. കാക്ക, ഭ്രാന്തന്‍, കള്ളന്‍ എന്നത് സ്ഥിരം വിളിപ്പേരുകള്‍. അപ്പുറത്തെ വീട്ടിലെ സ്ത്രീ എന്നെ പ്രകോപിപ്പിക്കാന്‍ സ്ഥിരമായി നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുന്നു എന്നത് മറ്റൊരു രീതി. ആഗസ്ത് 12ന് വൈകിട്ട് ഏഴുമണിക്ക് ഞാന്‍ വീടിന് വെളിയില്‍ ഇറങ്ങിയപ്പോള്‍, ഔസേപ്പ് ഉച്ചത്തില്‍ വിളിച്ചുപറയുന്നു ദേ പോണു ഭ്രാന്തന്‍ എന്ന്. ആത്മഹത്യ ചെയ്താലോ എന്നു പോലും തോന്നിപ്പോയ നിമിഷമായിരുന്നു അത്. അമ്മയെയും ചേച്ചിമാരെയും ഓര്‍ക്കുമ്പോള്‍ മരിക്കാനും പറ്റില്ല. അന്നു രാത്രിയാണ് ഞങ്ങള്‍ ആദ്യമായി പോലീസില്‍ പരാതിപ്പെട്ടത്. 17ന് ചര്‍ച്ചനടന്നു. പിന്നെ 19ന്  ഞങ്ങള്‍ക്ക് കോടതിയില്‍ നിന്നും അറിയിപ്പുകിട്ടി, ആഗസ്ത് 12ന് അവരുടെ വീടിന്റെ വാതില് ചവിട്ടിപ്പൊളിക്കാനും മണ്ണു വീട് തകര്‍ക്കാനും ചെന്നതിന് എനിക്കെതിരേ മുന്‍സിഫ് കോടതിയില്‍ നിന്ന് അവര്‍ ഒരു ഇഞ്ചങ്ഷന്‍ ഓര്‍ഡര്‍ എടുത്തതായുള്ള അറിയിപ്പായിരുന്നു അത്. അങ്ങിനെയൊരു സംഭവം അറിഞ്ഞിട്ട് പോലുമില്ല. ഞങ്ങള്‍ കൊടുത്ത പരാതിയെ കൗണ്ടര്‍ ചെയ്തതാണ് അവര്‍. ബഹുമാനപ്പെട്ട കോടതിയിലും നീതിനിര്‍വഹണത്തിലും ഞങ്ങള്‍ വിശ്വസിക്കുന്നുണ്ട്.
കല്യാണി (അമ്മ)

എന്റെ 31ആം വയസ്സിലാണ് ഒരു ബസ്സപകടത്തില്‍ എനിക്ക് വലതുകൈ നഷ്ട്‌പ്പെടുന്നത്. ഭര്‍ത്താവ് വേണു പട്ടാളത്തില്‍ ഹവില്‍ദാറായിരുന്നു. ഞാനും എന്റെ അമ്മ കാളിയും പാടത്തു പണിയെടുത്തും, വീട്ടുപണിയെടുത്തുമാണ് കുട്ടികളെ നോക്കിയിരുന്നത്. ഒരുകൈയ്യും വച്ച് പൂങ്കുന്നത്തെ പണക്കാരുടെയെല്ലാം വീടുകളില്‍ ഞാന്‍ പണിയെടുത്തു. നല്ല അന്തസ്സോടെയാണ് ഞാന്‍ എന്റെ മക്കളെ പോറ്റിയത്. അവരും ഏറെ കഷ്ടപ്പെട്ടാണ് പഠിച്ചത്. പഠനത്തില്‍ അവര്‍ മിടുക്കരായിരുന്നു. അതിനാല്‍ ഞങ്ങള്‍ക്ക് ടെന്‍ഷനില്ലായിരുന്നു. എന്നെങ്കിലുമൊരിക്കല്‍ ഞങ്ങളുടെ കഷ്ടപ്പാടുകള്‍ തീരും എന്നു തന്നെ വിശ്വസിച്ചിരുന്നു.

പക്ഷേ ജീവിതം കൂടുതല്‍ സങ്കീര്‍ണമാവുകയായിരുന്നു. എനിക്ക് ഗര്‍ഭാശയ കാന്‍സര്‍വന്നു. ഞാനിപ്പോഴും തിരുവനന്തപുരം ആര്‍സിസിയില്‍ തുടര്‍ ചികില്‍സയിലാണ്. കഷ്ടപ്പാടുകള്‍ ഓരോന്നായി പിന്നെയും ജീവിതത്തില്‍ വന്നുചേര്‍ന്നുകൊണ്ടിരുന്നു. എന്നെയും ഭര്‍ത്താവിനെയും നാലുമക്കളെയും സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കില്ലെന്നാണ് അയല്‍പ്പക്കത്തെ സ്ത്രീ പറയുന്നത്. ഏതായാലും നനഞ്ഞു, ഇനി കുളിച്ചുകയറാം എന്നാണ് അവര്‍ പലരോടും പറഞ്ഞു നടക്കുന്നത്.

വേട്ടുവരായ ഞങ്ങളെ മുളയന്മാര്‍ എന്നാണ് അവര്‍ ജാതി പറഞ്ഞു അധിക്ഷേപിച്ച് വിളിക്കുന്നത്. കാന്‍സര്‍ കാരണം ഗര്‍ഭപാത്രം എടുത്തു കളഞ്ഞ എന്നോട് നിന്റെ പണ്ടം എടുത്തു കളഞ്ഞില്ലേടി, എന്തിനു കൊള്ളാമെടി നിന്നെ, നീയൊരു പിണ്ഡമല്ലേടി പിണ്ഡം, എന്ന ചോദ്യങ്ങള്‍ ശരിക്കും ഹൃദയം പിളര്‍ത്തിയിട്ടുണ്ട്. ഭര്‍ത്താവ് എന്തെങ്കിലും അവരോട് കയര്‍ത്തു സംസാരിച്ചാല്‍ പോടാ കരിംഭൂതമേ എന്ന് വിളിച്ചാക്ഷേപിക്കും. എന്റെ മോന്‍ ഗിരിക്ക് കാഴ്ച വൈകല്യമുണ്ട്. അവന്‍ നടന്നുവരുമ്പോള്‍ ആ വീട്ടിലെ രണ്ടുവയസ്സുകാരനോട് 'മാറി നിന്നോ മോനെ കണ്ണുകാണാത്തവനാ വരുന്നേ,' എന്നു മേരി പറഞ്ഞു കൊടുക്കുന്നു. ഒരമ്മയ്ക്കും സഹിക്കാനാവില്ല അത്തരം വാക്കുകള്‍. നെഞ്ചകം ഇപ്പോഴും പൊള്ളുകയാണ്.

[playlist type="video" ids="38207"]

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാനും അമ്മയും പാടത്ത് കൊയ്യാന്‍ പോയി തിരിച്ചുവരുമ്പോ ഞങ്ങളുടെ സ്ഥലത്തേയ്ക്ക് കയറി അവര്‍ തറ കെട്ടാനുള്ള ശ്രമം നടത്തികൊണ്ടിരിക്കുകയായിരുന്നു. അത് തടയാന്‍ എന്റെ അമ്മ ഒരു ചെമ്പരത്തി കമ്പ് നട്ടപ്പോള്‍ അവരുടെ ഭര്‍ത്താവ് ചേറു എന്റെ അമ്മയുടെ രണ്ടു കക്ഷത്ത് കൂടി കൈ ഇട്ടു അവരെ എടുത്തുപൊക്കി നിലത്തു കുത്തുകയായിരുന്നു. അന്നു നാട്ടുകാരൊക്കെ ഓടിവന്നു. ഇപ്പോള്‍ വീടുനിര്‍മാണവുമായി ബന്ധപ്പെട്ട് മൂന്നുകേസുകളാണ് അവര്‍ മുന്‍സിഫ് കോടതിയില്‍ ഫയല്‍ചെയ്തിരിക്കുന്നത്. അത് വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടാണ് ഞങ്ങള്‍ക്ക് ഉണ്ടാക്കിയിട്ടുള്ളത്. നിര്‍മാണം പൂര്‍ത്തിയായ വീട് ഏതു വിധേനെയും പൊളിപ്പിക്കാനുള്ള ഉത്തരവ് സമ്പദിക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്നതുമൂലം എനിക്ക് കടുത്ത മനോവേദനയും ശാരീരികാസ്വാസ്ഥ്യങ്ങളും ഉണ്ടാവുകയാണ്.

എന്റെ മക്കള്‍ക്ക് എന്നെ എന്നും ആശുപത്രിയില്‍ കൊണ്ടുപോകാനെ നേരമുള്ളു. അതിനും കാശില്ലാത്ത അവസ്ഥയാണ്. എന്റെ മക്കള്‍ ഇത്രയധികം പഠിച്ചിട്ടും ജാതിയുടെ പീഡനം ഇത്രയും അനുഭവിക്കുക എന്ന് പറഞ്ഞാല്‍ എങ്ങനെ ആണ് ഈ നാട് മുന്നോട്ടുപോവുക? വികലാംഗയും കാന്‍സര്‍ രോഗിയുമായ എന്നെ എന്തിനാണിവര്‍ ഇത്രയും പീഡിപ്പിക്കുന്നത്?
നവോത്ഥാനം ഉഴുതു മറിച്ചിട്ട കേരളത്തില്‍ വിദ്യാഭ്യാസമുള്ള നാല് ദളിത് സഹോദരങ്ങള്‍ക്ക് അയല്‍വാസികളായ റോമന്‍ കത്തോലിക്കാ കുടുംബത്തില്‍ നിന്ന് നേരിടേണ്ടിവന്ന ക്രൂരമായ ജാതി പീഡനങ്ങളുടെ നേര്‍കാഴ്ചയാണിത്. സംവരണം കൊണ്ട് പട്ടിക ജാതിക്കാര്‍ക്ക് ലഭിച്ച സൗഭാഗ്യങ്ങളുടെ കഥ പറയുന്നവർ ഇതൊക്കെ അറിയണം. 'ഇവിടെ ജാതിയുണ്ടാ ജാതി, അതൊക്കെ അങ്ങ് ഗുജറാത്തില്‍ അല്ലെ?' എന്ന് പറയുന്നവരും വായിക്കണം. പട്ടികജാതിക്കാര്‍ക്ക് കിണറ്റില്‍ നിന്നും വെള്ളം കോരാന്‍ ഞങ്ങളാണ് വഴിയുണ്ടാക്കിയത് എന്ന് പറയുന്നവരും വായിക്കണം. കേരളം മതേതര സഹോദര ഇടമാണെന്ന് പറയുന്ന മര്‍കണ്ഡേയ കട്ജുവും വായിക്കണം. ഞങ്ങള്‍ക്കൊന്നും ജാതിയില്ല, ദളിതര്‍ എന്റെ കൂട്ടുകാര്‍ ആണെന്ന് പറയുന്നവരും വായിക്കണം. നിരന്തരം ജാതി പറഞ്ഞു ദളിതര്‍ സ്വത്വവാദികള്‍ എന്ന് കുറെ എണ്ണം ഉണ്ട് എന്ന് പറയുന്നവരും വായിക്കണം.

Read More >>