വിഎസിന് കാബിനറ്റ് പദവി; ഭരണ പരിഷ്‌കരണ ചെയര്‍മാനായി വിഎസിനെ നിയമിച്ചു

കമ്മീഷനില്‍ ആകെ മൂന്ന് അംഗങ്ങളാണുള്ളത്. നീല ഗംഗാധരന്‍, സിപി നായര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.

വിഎസിന് കാബിനറ്റ് പദവി; ഭരണ പരിഷ്‌കരണ ചെയര്‍മാനായി വിഎസിനെ നിയമിച്ചു

സംസ്ഥാന ഭരണ പരിഷ്‌കരണ ചെയര്‍മാനായി മുതിര്‍ന്ന സിപിഐ(എം) നേതാവ് വിഎസ് അച്യുതാനന്ദനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. കമ്മീഷനില്‍ ആകെ മൂന്ന് അംഗങ്ങളാണുള്ളത്. നീല ഗംഗാധരന്‍, സിപി നായര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. ചീഫ് സെക്രട്ടറി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചിരുന്നു.

നിയമപരമായുള്ള സാങ്കേതിക ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമായിരിക്കും വിഎസ് ചുമതല ഏറ്റെടുക്കുകയെന്ന് പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. വിഎസ് അച്യുതാനന്ദന് ക്യാബിനറ്റ് പദവി നല്‍കുമ്പോള്‍ ഉണ്ടാകാവുന്ന ഇരട്ടപ്പദവി വിഷയം ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ നിയമസഭയില്‍ കൊണ്ടുവന്ന ഭേദഗതി ബില്‍ നിയമസഭ പാസാക്കിയിരുന്നു. പ്രതിപക്ഷ ബഹളത്തോടെയാണ് ബില്‍ പാസാക്കിയത്.

എംഎല്‍എമാര്‍ക്ക് ഭരണപരിഷ്‌ക്കാര കമ്മിഷന്‍ അധ്യക്ഷനാകുന്നതിനുളള അയോഗ്യത നീക്കം ചെയ്യല്‍ ഭേദഗതി ബില്ലാണ് സഭ പാസാക്കിയത്. ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയിരുന്നു.ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. ഈ ബില്‍ കൊണ്ടു വരുന്നതിന്റെ ആവശ്യകത എന്തെന്ന്് മനസിലാകുന്നില്ലെന്നായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു.