നമ്മളെല്ലാം 'വിസ്മയ'ങ്ങള്‍

തട്ടുപൊളിപ്പന്‍ തെലുങ്കുപടങ്ങള്‍ക്കിടയില്‍ വലിയ അവകാശവാദങ്ങളില്ലാതെ വന്ന് ചെറുതല്ലാത്ത വിസ്മയം തീര്‍ക്കുകയാണ് സംവിധായകന്‍ ചന്ദ്രശേഖര്‍ യേലേട്ടിയുടെ മനമന്‍ത എന്ന (manamantha) പുതിയ ചലച്ചിത്രം.

നമ്മളെല്ലാം

-ചിത്രവര്‍ണ്ണന്‍

2003 ല്‍ തന്റെ ആദ്യ ചിത്രത്തില്‍ത്തന്നെ മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ചന്ദ്രശേഖര്‍ 'നാമെല്ലാം' (we all) എന്നര്‍ത്ഥം വരുന്ന മനമന്‍ത എന്ന തന്റെ ത്രിഭാഷാ (trilingual) ചിത്രത്തിലൂടെ സമൂഹത്തിലെ കുറേയേറെ ജീവിതങ്ങളെ തികച്ചും യാഥാര്‍ത്ഥ്യബോധത്തോടെ അവതരിപ്പിച്ചിരിക്കുകയാണ്.

കഥാതന്തു :

സായ്‌റാം (മോഹന്‍ലാല്‍) എന്ന സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന്റെയും, ഗായത്രി (ഗൗതമി) എന്ന ഇടത്തരം വീട്ടമ്മയുടെയും, അഭിറാം എന്ന കമ്പ്യൂര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെയും, മഹിത എന്ന ഏഴാം ക്ലാസുകാരിയുടെയും സാധാരണ ജീവിതവും, അവയില്‍ സന്ദര്‍ഭവശാല്‍ വന്നുചേരുന്ന അപ്രതീക്ഷിത ഗതിമാറ്റങ്ങളും, ആ ഗതിമാറ്റങ്ങള്‍ അവരെ കൊണ്ടെത്തിക്കുന്ന വല്ലാത്ത പ്രതിസന്ധിഘട്ടങ്ങളും, ഒടുവില്‍ അവരുടെ അതിജീവനത്തിന്റെ വിസ്മയങ്ങളും അതിമനോഹരമായി ഇഴചേര്‍ത്തെടുത്തതാണ് ഫാമിലി-ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ഈ ചിത്രം.


കഥാപാത്രങ്ങളിലും, ചിത്രത്തിലുടനീളവുമുള്ള നന്മയുടെ ഒരു തെളിച്ചമാണ് ഇതിന്റെ ശോഭ. വലിയ വലിയ വിസ്മയങ്ങള്‍ക്കായ് കാത്തിരിക്കുന്ന മനുഷ്യന്‍ (നാമെല്ലാം), ദൈവം തൊടുന്ന അനേകം നിമിഷങ്ങളെ ; ജീവിതത്തില്‍ ചൊരിയപ്പെടുന്ന ചെറിയ ചെറിയ വിസ്മയങ്ങളെ കാണാതെ പോകുന്നുവെന്ന ഓര്‍മ്മപ്പെടുത്തല്‍ക്കൂടിയാണ് ഈ ചിത്രം.
പ്രധാന കഥാപാത്രങ്ങള്‍:

# സായ്‌റാം-

നഗരത്തിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ അസിസ്റ്റന്റ് മാനേജര്‍ (സ്റ്റോക്ക് & പര്‍ച്ചേസ്) ആണ് സായ്‌റാം. തനിക്കു തന്നെ പരിഹരിക്കുവാന്‍ പറ്റുന്ന, ഒരു ഇടത്തരം കുടുംബസ്ഥന്റെ ജീവിത പ്രശ്‌നങ്ങളും, സാമ്പത്തിക പരാധീനതകളും പേറി ഏറെക്കുറെയൊക്കെ തന്റെ തൊഴിലിനോട് നീതി പുലര്‍ത്താന്‍ ശ്രമിയ്ക്കുന്ന ഒരു പച്ചയായ മനുഷ്യന്‍. ആവശ്യങ്ങള്‍ക്ക് വളരെ ലാഘവത്തോടെ മറ്റുള്ളവരില്‍ നിന്ന് കടം വാങ്ങാന്‍ ഒരു മടിയുമില്ലാത്ത ആള്‍.

ഉടന്‍ തന്നെ വരാന്‍ പോകുന്ന മാനേജര്‍ ഒഴിവിലേക്ക് കയറിപ്പറ്റാന്‍ തന്റെ സഹപ്രവര്‍ത്തകനും, ഇംഗ്ലീഷ് അറിയാവുന്നവനും, എം.ബി.എ.ക്കാരനുമായ വിശ്വനാഥനോട് രഹസ്യമായി മത്സരിക്കുകയാണ് സായ്‌റാം.

തന്റെ യോഗ്യതക്കുറവുകള്‍ എക്‌സ്പീരിയന്‍സുകൊണ്ടും, പ്രായോഗികത കൊണ്ടും മറികടക്കുമെന്ന് തന്നോടനുഭാവമുള്ള സെയില്‍സ് ബോയിയോട് വീമ്പിളക്കുന്നുണ്ടെങ്കിലും, ആ മാനേജര്‍ സ്ഥാനം നഷ്ടപ്പെടുമോ എന്ന ചിന്ത അയാളെ അസ്വസ്ഥനാക്കുന്നു.

സ്ഥാനത്തേക്കാളുപരി ലഭിക്കുവാന്‍ പോകുന്ന ശമ്പളക്കൂടുതലാണ് അയാളെ അതിലേക്ക് ആകര്‍ഷിച്ച ഘടകം. അത്രമേലുണ്ട് അയാളുടെ സാമ്പത്തിക ആവശ്യങ്ങള്‍.

സ്വന്തം ബൈക്കിന്റെ പഞ്ചറായ ടയറില്‍ ട്യൂബ് മാറാതെ, പതിവുപോലെ പഞ്ചര്‍ ഒട്ടിക്കുന്ന ആദ്യ കാഴ്ചയില്‍ നിന്നും, മക്കളുടെ പഠിപ്പിന്റെയും, കുടുംബത്തിന്റെയും ആവശ്യങ്ങള്‍ക്ക് ഏക പരിഗണന കൊടുക്കുന്ന വാക്കുകളുടെ അനന്തര കാഴ്ചയില്‍ നിന്നു തന്നെ ന്യായീകരിക്കപ്പെടുന്നുണ്ട് പണത്തോടുള്ള അയാളുടെ മനോഭാവം.

മാനേജര്‍ പദവി തീരുമാനിക്കപ്പെടുന്ന ദിവസം ഏതു വിധേനയും വിശ്വനാഥന്‍ ഓഫീസില്‍ എത്താതെ തടയുക എന്ന ചിന്ത ഉടലെടുക്കുന്നിടത്താണ് സായ്‌റാമിന്റെ ജീവിതഗതി മാറിത്തുടങ്ങുന്നത്.

തന്റെ തന്നെ ഒരു പണമിടപാടുമായി ബന്ധപ്പെട്ട് പരിചയപ്പെട്ട ദാസ് എന്ന തെരുവ് ഗുണ്ടാ/ മോഷ്ടാവിനോട് സഹായം അഭ്യര്‍ത്ഥിക്കുകയാണ് സായ്‌റാം. അന്ന് തന്റെ നമ്പര്‍ സേവ് ചെയ്‌തേക്കാന്‍ അയാള്‍ സായ്‌റാമിനോട് പറയുമ്പോള്‍ ''ഞാന്‍ നിന്നേക്കാള്‍ വലിയ ഗുണ്ടയാ.. എനിക്ക് നിന്റെയൊന്നും ആവശ്യമില്ല'' എന്ന് സായ്‌റാം മറുപടി പറയുന്നുണ്ടെങ്കിലും, രണ്ടു പേര്‍ക്കും മനസ്സിലാവുന്നുണ്ട് ആ വാക്കുകളുടെ ബലക്കുറവും, യാഥാര്‍ത്ഥ്യവും. അതിനാലാണ് ''എന്നാലും ചുമ്മാ സേവ് ചെയ്‌തോ സാറേ' എന്ന് ദാസ് വീണ്ടും പറയുന്നത്. അത്രമേല്‍ തന്മയത്വത്തോടെയാണ് മേഹന്‍ലാല്‍ ആ കഥാപാത്രത്തിന്റെ ബലഹീനതയും, നന്മയും അവതരിപ്പിച്ചിരിക്കുന്നത്.

കസ്റ്റമറെപ്പറ്റി താന്‍ മാനേജറോട് പറഞ്ഞ ഇംഗ്ലീഷ് നിര്‍വ്വചനം പോലും, തന്റെ അറിവല്ല.. 'തുടക്കം കേട്ടപ്പോള്‍, പണ്ട് കോളേജില്‍ ആരോ പഠിപ്പിച്ചത് അറിയാതെ ഓര്‍ത്തു പോയതാണ്' എന്ന് പറഞ്ഞ് തന്റെ കഥാപാത്ര നിര്‍മ്മിതിയെ ശരി വയ്ക്കുന്നുണ്ട് സായ്‌റാം.

ശരിക്ക് ഒരു മതില്‍ ചാടിക്കടക്കാനാകാതെ, ഒരു ഗുണ്ടയുടെ ഭീഷണിയില്‍ ഉലഞ്ഞ്, ഒരു കുട്ടിയുടെ കണ്ണീരില്‍ തകര്‍ന്ന്, എന്തിനേറെ തന്റെ കൈത്തണ്ടയില്‍ കടിച്ചിട്ട് ഗുണ്ടയുടെ കൂട്ടുകാരന്‍ കുതറിഓടിപ്പോകുന്നത് നോക്കി നില്‍ക്കുന്നു സായ്‌റാം; ഒട്ടും താരഭാരമില്ലാതെ.

വിശ്വനാഥനെ നാല് മണിക്കൂര്‍ ദാസിനെക്കൊണ്ട് തടഞ്ഞു നിര്‍ത്തി സായ്‌റാം മാനേജര്‍ ആകുന്നുവെങ്കിലും, ദാസ് തന്റെ പറഞ്ഞുറപ്പിച്ച പ്രതിഫലം പതിനായിരം രൂപയില്‍ നിന്നും, ഒന്നര ലക്ഷമായി ഉയര്‍ത്തുകയാണ്. ഇത് ലഭിക്കാതെ വിശ്വനാഥനെ മോചിപ്പിക്കുകയില്ല എന്ന് ഭീഷണിപ്പെടുത്തുന്ന ദാസ് മരണപ്പെടുന്നതോടു കൂടി സായ്‌റാം ആകെ പെട്ടു പോകുന്നു.

വിശ്വനാഥന്റെ പിഞ്ചുമകളുടെയും, ഭാര്യയുടെയും വേദനയും, സാന്നിദ്ധ്യവും അയാളെ അതിയായ മാനസിക സംഘര്‍ഷത്തിലാഴ്ത്തുന്നുണ്ട്.

ഒരു വേള ഒന്നരലക്ഷം സംഘടിപ്പിക്കാനാവാതെ 'നീയെന്താന്നു വെച്ചാല്‍.. കാണിച്ചോ..' എന്ന് ദാസിനോട് പ്രകോപിതനാകുന്ന സായ്‌റാം പിന്നീട് നിസ്സഹായ യാഥാര്‍ത്ഥ്യത്തിനു മുമ്പില്‍ 'ടാ.. അയാളെ വിടടാ.. അയാള്‍ക്കൊരു മോളുണ്ട്..' എന്നിങ്ങനെ തകര്‍ന്നു കേഴുന്നത് തന്നെയാണ് ലാല്‍ തന്റെ താരപരിവേഷത്തിനുമപ്പുറം കഥാപാത്രനിര്‍മ്മിതിയോട് കാണിച്ച നീതി.

ചെറുപ്പകാലത്ത് ശീലിച്ച നന്മയുടെ ഒരു കണിക ഉള്ളിലുണ്ടായതു കൊണ്ടാണ് തന്റെ സുഹൃത്തു കഥാപാത്രത്തോട് ചെയ്തതിനെ ഓര്‍ത്ത് പശ്ചാത്താപവിവശതയോടെ സായിറാം സംസാരിക്കുന്നതും, പലതവണ നിയമത്തിന് വിധേയനാവുന്നതിനെപ്പറ്റി സൂചിപ്പിക്കുന്നതും.
ദാസിന്റെ മരണത്തെത്തുടര്‍ന്ന്, വിശ്വനാഥനെ ബന്ധനസ്ഥനാക്കിയിരിക്കുന്ന സ്ഥലം അന്വേഷിച്ചുള്ള സായിറാമിന്റെ ആശങ്കയും, സമ്മര്‍ദ്ദവും നിറഞ്ഞ ഓട്ടവുമാണ് പിന്നീട് കഥാന്ത്യത്തിലേക്ക് നമ്മെ ആകാംക്ഷാഭരിതരാക്കി കൂടെക്കൊണ്ടു പോകുന്നത്.

# ഗായത്രി-

ഈശ്വരവിശ്വാസിയും, നല്ല കുടുംബിനിയുമായ ഇടത്തരം വീട്ടമ്മയാണ് ഗായത്രി. വീട്ടിലെ ; മക്കളുടെ പഠനച്ചിലവുകള്‍ മനസ്സിലാക്കി പരമാവധി ചുരുങ്ങി ജീവിക്കുന്ന ഒരു വീട്ടമ്മ.
സരസയും സാമ്പത്തിക അച്ചടക്കം ഇല്ലാത്തവളുമായ ലക്ഷ്മി (ഉര്‍വ്വശി) എന്ന അയല്‍പക്ക വീട്ടമ്മയുമായുള്ള കൂട്ടാണ് ഗായത്രിയുടെ പകല്‍ദിനങ്ങളിലെ ഒഴിവ് നേരമ്പോക്കുകള്‍.

പലപ്പോഴും ലക്ഷ്മിയുടെ അബദ്ധജഡിലമായ എടുത്തു ചാട്ടങ്ങള്‍ ഗായത്രിയുടെ മിതവ്യയശീലത്തേക്കൂടി താറുമാറാക്കുന്നുണ്ട്.

ലക്ഷ്മി സ്വന്തം ഫോണിലെ ബാലന്‍സ് വെറുതേ വിളിച്ചു തീര്‍ന്നിട്ട് , ഗായത്രിയോട് ഫോണ്‍ ആവശ്യപ്പെടുമ്പോള്‍ ' എന്റേതില്‍ ബാലന്‍സ് ഇല്ല' എന്നു പറഞ്ഞുകൊണ്ട് തിരിഞ്ഞു നില്‍ക്കുന്നതില്‍ തന്നെയുണ്ട് ലക്ഷ്മിയും, ഗായത്രിയും തമ്മിലുള്ള വ്യത്യാസം.

ടൈറ്റിലുകള്‍ക്കു ശേഷം ലക്ഷ്മിയെ ആദ്യമായി കാണിക്കുന്നതു തന്നെ ചെറിയ ഒരു ഗണപതി വിഗ്രഹം ഉരച്ചുകഴുകി വൃത്തിയാക്കുന്നതാണ്. സാമ്പത്തിക പരാധീനതകള്‍ക്കിടയിലും ഗായത്രി തന്റെ ഈശ്വരവിശ്വാസത്തിന്റെ തീക്ഷ്ണത ദിനവും മനസ്സില്‍ കൂടുതല്‍ ഭംഗിയായി തേച്ചു മിനുക്കി സൂക്ഷിക്കുന്നുണ്ടെന്ന് സൂചിപ്പിക്കാനാണ് ഈ രംഗമെന്ന് ഊഹിക്കാം.

അമ്പലത്തിലെ രംഗത്തില്‍ നിന്നും ഗായത്രി അവിടെ നിത്യ സന്ദര്‍ശകയാണെന്ന് മനസ്സിലാക്കാം.
എന്നാല്‍ തന്റെ വിശ്വാസം കൊണ്ട് മറ്റുള്ളവര്‍ക്ക് ഒരു ബുദ്ധിമുട്ടുണ്ടാകരുതെന്നും അവര്‍ കരുതുന്നു. അതിനാലാണ് യുവാവായ മകന് ഒരു ബാഗ് വാങ്ങി അതിനുള്ളില്‍ ഒരു ചെറിയ ഗണപതി രൂപം തുന്നിപ്പിടിപ്പിക്കുന്നത്.

ഭര്‍ത്താവിന്മേലുള്ള പരിഭവരഹിത സ്വാതന്ത്ര്യം അയാളുടെ കഴുത്തിലും, കയ്യിലും ചരടുകളായും, രൂപങ്ങളായും പരിലസിക്കുന്നുണ്ടെങ്കിലും, കോളേജ് വിദ്യാര്‍ത്ഥിയായ മകന് അവന്റെ പ്രായക്കാരുടെ മാനസിക വ്യാപാരങ്ങള്‍ കണ്ടറിഞ്ഞ് , ബാഗിനുള്ളിയായി ഒതുക്കുകയാണ് ഗായത്രി.

ഒരു വേള താന്‍ പ്രിയമോടെ വാങ്ങി നല്‍കിയ ബാഗ് അവന്‍ ഉപയോഗിക്കുന്നില്ലെന്ന് മനസ്സിലാക്കി വിഷമിക്കുന്ന ഗായത്രി, അടുത്ത നിമിഷം പുതിയ കാലത്തിനൊത്തവ ആയിരുന്നില്ല തന്റെ സെലക്ഷനെന്നും, ഇതുമായി ചെല്ലുമ്പോള്‍ കൂട്ടുകാര്‍ കളിയാക്കിയെന്ന് അമ്മ അറിഞ്ഞാല്‍ വിഷമിക്കുമല്ലോ എന്ന് കരുതി മകന്‍ കൊണ്ടുപോകാതിരുന്നതായിരിക്കുമെന്ന് പറഞ്ഞ് സ്വയം ആശ്വസിക്കുന്നുണ്ട് ഗായത്രി. അങ്ങനെ പോലും തന്നെക്കൊണ്ട് കുടുംബത്തിന് ഒരു ബുദ്ധിമുട്ടുണ്ടാകരുതെന്ന് ചിന്തിക്കുന്നവള്‍.

ഒരിക്കല്‍, സമ്പന്നരായ ബന്ധുക്കളോടൊപ്പം അവരുടെ വിവാഹ പര്‍ച്ചേയ്‌സിന് കൂട്ടുപോകുമ്പോള്‍ ജ്വല്ലറിയില്‍ വളരെ ചെറിയ ഒരു മോതിരം എടുത്തു നോക്കി തിരികെ വയ്ക്കുന്നുണ്ട് ഗായത്രി. തന്റെ സാധിക്കാനാവുന്ന ആഗ്രഹങ്ങള്‍ക്കു പോലും അത്ര വിലയേ അവര്‍ കല്‍പിച്ചിട്ടുള്ളൂ. കുറച്ചു നേരത്തേക്കെങ്കിലും, ആ മോതിരം കാണാതായതിന്റെ പേരില്‍ ബന്ധുക്കളാല്‍പ്പോലും അപമാനിതയാകുന്നുണ്ടെങ്കിലും, നിറഞ്ഞ കണ്ണുകളോടെ അവര്‍ പറയുന്നുണ്ട് ''പണമേ ഇല്ലാതായിട്ടുള്ളൂ..' എന്ന്.

മറ്റൊരു രംഗത്തില്‍ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടിയ തന്റെ കോളേജ് പ്രഫസറില്‍ നിന്ന് മുങ്ങാന്‍ ശ്രമിയ്ക്കുന്ന ഗായത്രി ഇതിനു കാരണമായി ലക്ഷ്മിയോട് പറയുന്നത് 'പണ്ടൊക്കെ കോളേജില്‍ വെച്ച് സാറ് കടം ചോദിക്കുമ്പോള്‍ കൊടുക്കാന്‍ എന്റെ കൈയ്യില്‍ ഉണ്ടായിരുന്നു.. ഇപ്പോള്‍ ചോദിച്ചാല്‍ കൊടുക്കാനൊന്നും ഇല്ല' എന്നാണ്.

ഈ രണ്ടു മറുപടികള്‍ വ്യക്തമാക്കുന്നത് പണ്ട് കോളേജ് പഠനത്തില്‍ ഗോള്‍ഡ് മെഡലിസ്റ്റായ ; അവിവാഹിതയായ ഗായത്രി കുടുംബപരമായി സമ്പന്നയായിരുന്നു. എന്നിട്ടും ജോലി തേടാതെ, പരിമിതമായ ചുറ്റുപാടില്‍, ഭര്‍ത്താവിന്റെ സെക്കന്റ് ക്ലാസ് ഡിഗ്രിയില്‍ പൂര്‍ണ്ണ സംതൃപ്തിയോടെ കുടുംബ ജീവിതം നയിക്കുന്നു.

അതായത് സിനിമയില്‍ പ്രത്യക്ഷമായി എവിടെയും പറയുന്നില്ലെങ്കില്‍ത്തന്നെയും ഗായത്രിയുടേത് ഒരു പ്രണയ വിവാഹമാണെന്ന് ഊഹിക്കാം.

താന്‍ എന്നോ പലപ്പൊഴായി സഹായിച്ച (ഗായത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ 5000 രൂപയില്‍ കവിയാത്ത സഹായം) പ്രഫസര്‍ അവിശ്വസനീയമായ ഒരു ഓഫറുമായാണ് വീണ്ടും അവതരിക്കുന്നത്.

താനിപ്പോള്‍ വലിയ നിലയിലാണെന്നും, മകന് സിംഗപ്പൂരില്‍ വലിയ കമ്പനി ഉണ്ടെന്നും അതിനാല്‍ ഗായത്രിയ്ക്ക് എന്തു വേണമെങ്കിലും പ്രത്യുപകാരമായി ആവശ്യപ്പെടാമെന്നും അയാള്‍ പറയുന്നു.തുടര്‍ന്നുള്ള കുറച്ചു ദിവസങ്ങള്‍ ഗായത്രിയും, ലക്ഷ്മിയും എന്തു ചോദിക്കണമെന്ന് ചിന്തിച്ചു അവശരാകുകയാണ്.

ഫ്രിഡ്ജ്, ടിവി, ബൈക്ക്, കാറ്, പട്ടുസാരി, സ്വര്‍ണ്ണം എന്നിങ്ങനെ പലതിലൂടെയും സ്ഥിരതയില്ലാതെ അവര്‍ സഞ്ചരിക്കുന്നു.ഇതിന്റെ ഇടയില്‍ കസ്റ്റമറെ അവരുടെ ഉപഭോഗശേഷി അനുസരിച്ച് ട്രീറ്റു ചെയ്യുന്ന തരംതാണ വിപണന മനോഭാവത്തേയും വരച്ചുകാട്ടാന്‍ ശ്രമിക്കുന്നുണ്ട് സംവിധായകന്‍.

ഒടുവില്‍ ഗായത്രി തനിക്ക് ഏറ്റവും വിലയേറിയത് തന്റെ കുടുംബമാണെന്നും, അതിനാല്‍ തന്റെ ഭര്‍ത്താവിന് ഒരു മികച്ച ജോലി നല്‍കാന്‍ അവര്‍ തന്റെ പ്രൊഫസറോട് ആവശ്യപ്പെടുകയാണ്. എന്നാല്‍ അയാള്‍ തന്റെ സമര്‍ത്ഥയായ ഗോള്‍ഡ് മെഡലിസ്റ്റ് വിദ്യാര്‍ത്ഥിനിയ്ക്കാണ് ജോലി ഓഫര്‍ ചെയ്യുന്നത്.

അപ്രതീക്ഷിതമായ ഈ കഥാഗതിയെ 'ഓ.. തന്റെ ഭര്‍ത്താവ് സമ്മതിക്കില്ല..' എന്ന മുടന്തന്‍ ന്യായം പറഞ്ഞ് ഒഴിവാക്കാന്‍ അവര്‍ ശ്രമിക്കുന്നെങ്കിലും , ഫോണിലൂടെ ഭര്‍ത്താവിന്റെ പരിപൂര്‍ണ്ണ സമ്മതം നേടിയെടുക്കുകയാണ് പ്രൊഫസര്‍.

തന്റെ രണ്ടു മക്കളും, ഭര്‍ത്താവും താന്‍ പോകുന്നതില്‍ ഒട്ടും അസ്വസ്തരല്ല മറിച്ച് സന്തോഷിക്കുന്നു എന്ന ചിന്ത ഗായത്രിയെ വല്ലാതെ ആകുലയാക്കുന്നു. സത്യത്തില്‍ ഗായത്രി, മികച്ച ഒരു കുടുംബിനി എന്ന രീതിയില്‍ വേറെ ഒരു കാര്യത്തിലും താന്‍ റീപ്ലേസ് ചെയ്യുന്നത് ഇഷ്ടപ്പെടുന്നില്ല. തുടക്കത്തില്‍ 'വേലക്കാരി ഉണ്ടായിട്ടെന്താ.. എല്ലാം ഞാന്‍ തന്നാ ചെയ്യുന്നത്' എന്ന് പകല്‍വേലക്കാരിയോട് പരിഭവിക്കുന്നുണ്ട്. സത്യത്തില്‍ വേലക്കാരി ജോലി ചെയ്യാത്തവളല്ല ; അങ്ങനെ പോലും തന്റെ കുടുബത്തിന്റെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് റീപ്ലേസ് ചെയ്യാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലത്തതിനാല്‍ എല്ലാം സ്വയം ചെയ്യുകയാണെന്നു വേണം അനുമാനിക്കുവാന്‍. അതിനാലാണ് സിംഗപ്പൂരിലേക്ക് പോകണമെന്ന യാഥാര്‍ത്ഥ്യം അടുക്കുംതോറും അവര്‍ക്ക് ഭയാശങ്കകള്‍ ഏറി വരുന്നത്.

അവസാനം, ഭര്‍ത്താവും കുട്ടികളും യാത്ര അയയ്ക്കാന്‍ അവസാന നിമിഷമെങ്കിലും എത്തിച്ചേരുമെന്ന പ്രതീക്ഷയോടെ, മനസ്സില്ലാ മനസ്സോടെ, ചകിതമായ മനസ്സോടെ ഗായത്രി എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടാന്‍ തീരുമാനിക്കുന്നിടത്ത് കഥ ക്ലൈമാക്‌സിലേക്ക് സംക്രമിക്കുന്നു.

# അഭിറാം-

പഠനത്തില്‍ അതിസമര്‍ത്ഥനും, കുടുംബത്തിന്റെ സ്‌നേഹവും പരാധീനതകളും കണ്ടറിഞ്ഞ് ജീവിക്കുന്നവനുമാണ് അഭി.മറ്റുള്ളവര്‍ക്ക് സൗജന്യമായി ട്യൂഷനെടുത്ത് സ്വന്തമായ ആദര്‍ശങ്ങളോടെ ജീവിക്കുന്ന ഒരു യുവാവ്.

അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് ഐറ (ഐന?) എന്ന പെണ്‍കുട്ടി കടന്നു വരുന്നതോടെ അഭിയുടെ ജീവിതം മാറുകയാണ്.

അവളെ പ്രസാദിപ്പിക്കുവാനായി അഭി, പേരന്റ്‌സ് കഷ്ടപ്പെട്ട് വാങ്ങി നല്‍കിയ തന്റെ ഏറ്റവും പ്രിയപ്പെട്ട ലാപ്‌ടോപ് വിറ്റ് ഒരു സ്മാര്‍ട്‌ഫോണ്‍ വാങ്ങുകയാണ്. അവന് അത്രയും കാലം പരിചിതമല്ലാത്ത; ബോധപൂര്‍വ്വം ശീലിച്ചിട്ടില്ലാത്ത സാമ്പത്തികവ്യയങ്ങളുടെ, ദിനചര്യകളുടെ കാലത്തിലൂടെയാണ് അഭി പിന്നീട് പറന്നു നടന്നത്. ഒരിക്കല്‍ ആദര്‍ശത്തിന്റെ പേരില്‍ വേണ്ടായെന്നു വെച്ച ട്യൂഷന്‍ ഫീസ് പോലും അവന് വാങ്ങേണ്ടി വന്നു.

ഒരുനാള്‍, ഒരു നൈറ്റ് റൈഡിനവസാനം അവള്‍ അഭിയ്ക്ക് ഒരു ഗിഫ്റ്റ് നല്‍കുന്നു. ഇവയിലൊക്കെ പ്രണയം വായിച്ചെടുക്കുന്ന അവന്‍ അവള്‍ക്കായും ഒരു സര്‍പ്രൈസ് ഗിഫ്റ്റുണ്ടെന്ന് അവളോട് പറയുന്നു.

ഇതിനിടയില്‍ അവള്‍ക്ക് തന്റെ സ്വപ്നമായ അമേരിക്കന്‍ പഠനത്തിനുള്ള പേപ്പേഴ്‌സ് എല്ലാം ശരിയായെന്ന് അഭിയെ അറിയിക്കുന്നു.

ഒരു ഷോപ്പിംഗ് മാളിലെത്തുന്ന ഐറയെ അപ്രതീക്ഷിത ഫ്‌ലാഷ് മോബുമായി ഞെട്ടിച്ച് ഒടുവില്‍ തന്റെ പ്രണയം വെളിപ്പെടുത്തുകയാണ് അഭി. പക്ഷേ, പ്രതീക്ഷയ്ക്കു വിപരീതമായി അവള്‍ അത് നിരാകരിച്ച് പുറത്തേക്ക് പോകുന്നു.ആകെ തകര്‍ന്ന് ഹതാശനായി അലഞ്ഞു തിരിഞ്ഞ് തന്റെ വീടിനു താഴെ സ്ട്രീറ്റില്‍ തല കുമ്പിട്ട് കുത്തിയിരിക്കുന്ന അഭിയെ ബാല്‍ക്കണിയില്‍ നിന്നു കാണുന്ന ഐറ, താഴെയിറങ്ങി വന്ന് അവനെ വഴക്കു പറയുന്നു.

ഒടുവില്‍ സങ്കടം താങ്ങാനാകാതെ അഭികായലില്‍ ചാടി മരിക്കാന്‍ ഒരുങ്ങുന്നിടത്തു നിന്ന് കഥാഗതി ക്ലൈമാക്‌സിലേക്ക് സംക്രമിക്കുന്നു.

#മഹിത-

ഈ സിനിമയില്‍ സായിറാം കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമുള്ളത് ഈ ഏഴാം ക്ലാസുകാരിയ്ക്കാണ്.

എല്ലാ ദിവസവും വീട്ടില്‍ നിന്ന് പകുതി ദൂരം നടന്നും, ബാക്കി സ്‌കൂള്‍ വാനിലുമായാണ് മഹിതയുടെ സ്‌കൂള്‍ യാത്രകള്‍. സമൂഹത്തിലേക്ക് കണ്ണും, കാതും തുറന്നു വെച്ച് ആര്‍ദ്രമായ ഹൃദയത്തോടെ കാണുന്ന എല്ലാവര്‍ക്കും ഹൃദ്യമായ ഒരു പുഞ്ചിരി നല്‍കുവാന്‍ അവള്‍ ഒരിക്കലും മറക്കാറില്ല.

ആരാകാനാണ് ആഗ്രഹം എന്ന് സ്‌കൂളില്‍ അദ്ധ്യാപകനൊരിക്കല്‍ ചോദിച്ചപ്പോള്‍, 'ഐ വാണ്ട് ടു ബീ ഹാപ്പി' എന്നാണ് ആ കൊച്ചു പെണ്‍കുട്ടി പറഞ്ഞത്.

അവളുടെ ഒരു ദിനയാത്രയില്‍ കണ്ണിലുടക്കി , പിന്നെ മനസ്സില്‍ ചേക്കേറിയ നാലു വയസ്സുകാരന്‍ തെരുവു ബാലനാണ് പിന്നീടങ്ങോട്ട് അവളുടെ പുഞ്ചിരിയെ കൂടുതല്‍ ദീപ്തമാക്കുന്നത്.
ഒരു വേള അവന് പനിയാണെന്ന് അറിയുമ്പോള്‍, ആശുപത്രിയില്‍ കൊണ്ടുപോകാനായി തന്റെ കൂട്ടുകാരന്റെ സ്‌കൂള്‍ ഫീസില്‍ നിന്ന് അഞ്ഞൂറു രൂപാ വാങ്ങി അവന്റെ സഹോദരിയ്ക്ക് നല്‍കുന്നുണ്ട് മഹിത.

പിന്നീടൊരിക്കല്‍ അവന്റെ പഠിക്കാനുള്ള ആഗ്രഹം കണ്ടറിഞ്ഞ് അവനെ രഹസ്യമായി സ്‌കൂളിനുള്ളിലേക്ക് കടത്തുകയും, കുറേക്കാലം കെ.ജി. ക്ലാസില്‍ ഇരുത്താനുമുള്ള സാഹസം അവള്‍ കാണിച്ചത് ആ പിഞ്ച് തെരുവു ബാലനോടുള്ള സ്‌നേഹവും, അനുകമ്പയും മൂലമായിരുന്നു.

ഇത് മനസ്സിലാക്കിയതു കൊണ്ടാവും, കണ്ടു പിടിക്കപ്പെട്ടതിനു ശേഷം ആ ബാലന് സൗജന്യമായി തുടര്‍ന്ന് പഠിക്കാന്‍ പ്രിന്‍സിപ്പാള്‍ അനുമതി നല്‍കിയത്. ഒരു നാള്‍ ഈ പയ്യനെ കാണാതാവുന്നതോടു കൂടി മഹിത, ഒരു കൊച്ചു പെണ്‍കുട്ടി എത്താനാവുന്നതിലും അപ്പുറമായ സംഭവ വികാസങ്ങളിലേക്ക് എത്തപ്പെടുകയാണ്. അവള്‍ തന്റെ കൊച്ചു ബുദ്ധിയില്‍ തോന്നുന്നതു പോലെ അവനെ കണ്ടെത്താനായി പരിശ്രമിക്കുകയാണ്.

സ്‌കൂളിലെ മുകേഷ് സാറില്‍ നിന്ന് ലഭ്യമായ വിവരങ്ങള്‍ക്കനുസരിച്ച് അവള്‍ അവന്റെ മാതാപിതാക്കളുമായി പോലീസ്, മന്ത്രിപുത്രന്‍ എന്നിവരുടെ സഹായം തേടുന്നുണ്ട്.
അരികുവല്‍ക്കരിക്കപ്പെട്ട തെരുവു ജീവിതങ്ങളോടുള്ള അധികാര വര്‍ഗ്ഗത്തിന്റെ പൊതു സമീപനം ഇതിലൂടെ സംവിധായകന്‍ തുറന്നു കാട്ടിയിട്ടുണ്ട്.

ഒടുവില്‍ കിട്ടിയ സൂചനകളനുസരിച്ച് മഹിത അവനെ തേടിയിറങ്ങുന്നു. ഒപ്പം അവളെ സഹായിക്കാനായി ഒരു തെരുവുചിത്രകാരനും.

ഈ പെണ്‍കുട്ടിയുടെ ചുണ്ടുകളിലെ പുഞ്ചിരിയും കണ്ണുകളിലെ അനുകമ്പയും, ചില നേരത്തെ സജലതയും ഒക്കെ തികച്ചും വൈകാരികമായി ചിത്രത്തോടൊപ്പം സഞ്ചരിക്കാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കും. ഒരു പക്ഷേ, സായ്‌റാമിന് മുതിര്‍ന്നപ്പോള്‍ ഭാഗികമായെങ്കിലും നഷ്ടമായെന്ന് അയാള്‍ പറയുന്ന ആ നന്മയായിരിക്കും, ഈ ബാലികയില്‍ ഇത്രമേല്‍ ഹൃദ്യമായി , ദീപ്തമായി നിറഞ്ഞിരിക്കുന്നത്.

തിരികെ കഥയിലേക്ക്..

തികച്ചും വ്യത്യസ്തമായ പാതകളിലൂടെ ഓടിക്കൊണ്ടിരുന്ന നാലു കഥകളെ ക്ലൈമാക്‌സില്‍ ഒരൊറ്റ സംഭവമായി കൊണ്ടുവരുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. പ്രത്യേകിച്ച് അവസാന മണിക്കൂര്‍ വളരെ ആകാംക്ഷയോടും, ആവേശത്തോടും മാത്രമേ പ്രേക്ഷകന് കാണാനാവൂ..

കുട്ടിയെയും, വിശ്വനാഥനെയും കണ്ടെത്തുന്നതും, അഭിറാം ആത്മഹത്യാ ചിന്തയില്‍ നിന്ന് പിന്‍മാറുന്നതും, ഗായത്രിയുടെ മനസ്സ് കണ്ടറിഞ്ഞ് കുടുംബം എയര്‍പോട്ടില്‍ ഒന്നിക്കുന്നതുമായ കാഴ്ച ചേതോഹരവും, വിസ്മയഭരിതവുമാണ്.
കഥയുടെ രസച്ചരട് പൊട്ടാതെ ഉദ്വേഗത്തിന്റെ ഒരു ചുഴിയിലേക്ക് നമ്മെക്കൂടി കൊണ്ടു പോകുന്നതില്‍ സംവിധായകനും, അഭിനേതാക്കളും, പശ്ചാത്തല സംഗീതവും പ്രത്യേക പങ്കു വഹിച്ചിട്ടുണ്ട്.

എഡിറ്റിങ് , ക്യാമറ എന്നിവയെക്കുറിച്ച് ആരെങ്കിലും മോശമായി പറയുന്നെങ്കില്‍ തന്നെ അതു കാര്യമാക്കേണ്ടതില്ല. അതിചടുലമായ ക്യാമറാ ഷോട്ട്‌സ് ബഹുലതകളും, എഡിറ്ററുടെ സാന്നിദ്ധ്യം അനുഭവിപ്പിക്കുന്ന കട്ടുകളും സാധാരണമായ തെലുങ്ക് പടം തേടിച്ചെന്നവരെ , അയത്‌നലളിതമായി ഒഴുകുന്ന ക്യാമറയും, എഡിറ്റിംഗും നിരാശപ്പെടുത്തിയിട്ടുണ്ടാവാം. കഥ അര്‍ഹിക്കുന്ന ഛായാഗ്രഹണവും, ചിത്രസന്നിവേശനവും ഇതില്‍ ഉണ്ട്.
ചില മേഖലകളില്‍ തെറ്റുകുറ്റങ്ങള്‍ ഇല്ലെന്നല്ല ; ഉണ്ട്. പക്ഷേ മനമന്‍ത പോലൊരു റിയലിസ്റ്റിക് ചിത്രം ഒട്ടും അതിഭാവുകത്വമില്ലാതെ തെലുങ്ക് സിനിമയിലാണ് പിറന്നതെന്നോര്‍ക്കുമ്പോള്‍ മലയാളിക്ക് തല്‍ക്കാലം തങ്ങളുടെ അതിവിമര്‍ശനക്കണ്ണാടി മടക്കി ഇരുകയ്യും നീട്ടി ഏറ്റു വാങ്ങാവുന്നതാണ്.

മലയാളത്തിനായി മാത്രം മാറ്റി ഷൂട്ട് ചെയ്ത പ്രൊഫസ്സര്‍ (ജോയ് മാത്യു), സായ്‌റാമിന്റെ ജേഷ്ഠസ്ഥാനീയനായ സുഹൃത്ത് (പി.ബാലചന്ദ്രന്‍) എന്നിവര്‍ മോഹന്‍ലാലിനോടൊപ്പം നല്ല മലയാളം പറഞ്ഞപ്പോള്‍, ത്രിഭാഷകളിലും സുപരിചിതരായ ഉര്‍വ്വശി, ഗൗതമി, നാസ്സര്‍ (പ്രിന്‍സിപ്പാള്‍) എന്നിവര്‍ ക്ലോസപ്പുകളില്‍ മലയാളം പറഞ്ഞു.

ബാക്കി മലയാളം ഡബ്ബിംഗുകളില്‍ ചിലത് ശ്രദ്ധയില്ലായ്മ കൊണ്ട് ചെറിയ കല്ലുകടിയായി. ഇതൊരു തെലുങ്കുപടമാണെന്ന ഓര്‍മ്മ വന്നത് അഭിയുടെ പ്രപ്പോസല്‍ ഫ്‌ലാഷ് മോബ് ഗാനമായ 'കെട്ടിലമ്മ.. നീ.. കെട്ടിലമ്മ' എന്ന അരോചകമായ പദാനുപദ തര്‍ജ്ജിമ (?) കേട്ടപ്പോഴാണ്.
പിന്നെയൊരെണ്ണം സായ്‌റാം പറയുന്ന '... എന്റെ മാനസികാവസ്ഥയും എനിക്ക് നഷ്ടപ്പെട്ടു..' എന്ന ഡയലോഗ് ഭാഗമാണ്. അതെന്തോ.. മലയാളത്തില്‍ കേട്ടു ശീലിക്കാത്ത രീതിയായതുകൊണ്ട് , ശരിയാക്കാമായിരുന്നുവെന്ന് തോന്നി. ഇതൊക്കെ സന്ദര്‍ഭവശാല്‍ പറഞ്ഞുവെന്നേ ഉള്ളൂ.

കഥയുടെ അവസാനം വരെ പ്രധാന നാലു കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധം പ്രേക്ഷകന് മനസ്സിലാവാതിരിക്കാന്‍ സംവിധായകന്‍ പണിപ്പെട്ട് പ്രയാസപ്പെടുന്നതായി തോന്നി.
ഇനി 'നമ്മളെല്ലാം വിസ്മയങ്ങള്‍' എന്ന ഇതിന്റെ തലവാചകത്തിലേക്ക് തിരിച്ചു വരാം. കഥയിലും, കഥാപാത്രങ്ങളിലും ഉടനീളമുള്ള നന്മ എന്നു പറഞ്ഞതിലേക്ക് തന്നെ...

'വെറും നാല് മണിക്കൂറത്തേക്ക് വിശ്വനാഥനെ ഒന്നു തടഞ്ഞു നിര്‍ത്തണമെന്ന' വിനാശകരമല്ലാത്ത സ്വാര്‍ത്ഥതയ്‌ക്കൊടുവിലെ സായ്‌റാമിന്റെ പശ്ചാത്താപവും, അയാളെ അന്വേഷിച്ചുള്ള നീറ്റലും അലച്ചിലും അയാളിലെ നന്മയാണ്. മഹിത ബാലനെ ഹോസ്പിറ്റലില്‍ കൊണ്ടു പോകാനായി കടം വാങ്ങിയ കുട്ടുകാരന്റെ സ്‌കൂള്‍ ഫീസ് , രണ്ടു ദിവസത്തിനുള്ളില്‍ അവളെങ്ങനെ തിരികെക്കൊടുത്തു എന്നു ചിന്തിക്കുന്നതിലുമുണ്ട് മകളെ മനസ്സിലാക്കുന്ന ഒരച്ഛന്റെ നന്മ. എന്താഗ്രവും പറയാമായിരുന്നെങ്കിലും, ഒടുവില്‍ കുടുംബത്തെക്കുറിച്ചോര്‍ത്തതും, തന്റെ സമര്‍പ്പിത ജീവിതത്തെ അവര്‍ മനസ്സിലാക്കി തന്നെ വിടാതിരിക്കുമെന്നും കരുതി കാത്തിരുന്നത് ഗായത്രിയുടെ നന്മ.

ഗത്യന്തരമില്ലാതെ ഒരു പ്രാവശ്യം ട്യൂഷന്‍ ഫീസ് വാങ്ങേണ്ടി വന്നെങ്കിലും, വിദ്യ പകര്‍ന്നു നല്‍കുന്നതിന് പണം വാങ്ങുവാന്‍ പാടില്ല എന്ന ആദര്‍ശത്തിനും, പ്രതീക്ഷകള്‍ അസ്തമിച്ച ശൂന്യമുനമ്പില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വന്നത് ; കുടുംബത്തിന്റെ ഒരിക്കലും നഷ്ടമാകാത്ത സ്‌നേഹത്തിലേക്ക് തിരിച്ചു വന്നത് അഭിയുടെ നന്മ.

ആര്‍ക്കും വേണ്ടാത്ത സഹജീവികളെ കണ്‍ തുറന്നു കാണാനും, അവരിലൊരു പിഞ്ചു പൈതലിനു വേണ്ടി ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചതും മഹിതയുടെ നന്മ.

എന്നോ പലപ്പഴായി കടം വാങ്ങിയ നിസ്സാര തുകയുടെ പ്രതിഫലമായി എന്താഗ്രവും സാധിച്ചു കൊടുക്കാന്‍ തേടി വന്ന പ്രൊഫസറുടെ നന്മ. ''പിന്നീട് ഒരിക്കല്‍ എനിക്ക് പറ്റിയില്ലെങ്കിലോ' എന്ന പറച്ചിലില്‍ തന്നെയുണ്ട് അതിന്റെ പ്രതിഫലനം.

ഏറ്റവും പ്രിയങ്കരമായതെന്തെന്ന അവളുടെ സ്വത്വാന്വേഷണത്തിലേക്ക് ; തിരിച്ചറിവിലേക്ക് നയിക്കുവാന്‍ ഒരു ഗുരു തേടി വന്നത് നന്മ തന്നെ.

ജേഷ്ഠസ്ഥാനീയനായ സുഹൃത്ത് കഥയുടെ ; സായ്‌റാമിന്റെ പ്രതിസന്ധി ഘട്ടത്തിലാണ് അയാളുടെ പഴയ നന്മകളെപ്പറ്റി ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ആശ്വാസമാകുന്നത്. ഒരാളുടെ നന്മകളെ മനസ്സിലാക്കുന്നതും; അവശ്യ സമയങ്ങളില്‍ ഓര്‍മ്മപ്പെടുത്തുന്നതും നന്മ തന്നെ.

താന്‍ സാരി ബിസിനസ്സ് നടത്താന്‍ വേണ്ടി സാരി വാങ്ങി സ്വയം ഉടുത്ത് കാശ് നഷ്ടമാക്കുകയാണെന്ന് ഭര്‍ത്താവ് പറയുന്നുണ്ടെങ്കിലും , വില്‍ക്കാതിരുന്ന സാരികള്‍ റിഡക്ഷനില്‍ മേളയ്ക്കു സ്റ്റാളില്‍ കൊടുത്തും, ഗായത്രിയുടെ കുറേയൊക്കെ വിരസ്സമായി പോകുമായിരുന്ന പകല്‍നേരങ്ങളെ വളരെ മനോഹരങ്ങളാക്കിയും, ഗായത്രി താന്‍ വാങ്ങിയ ബാഗില്‍ ചെയ്ത എംബ്രോയിഡറി വര്‍ക്കിനെ മനസ്സിന്റെ ഉള്ളില്‍ നിന്നും അഭിനന്ദിച്ചും ലക്ഷ്മിയും തന്റെ നന്മയെ പ്രകാശിപ്പിക്കുന്നുണ്ട്.

കുട്ടികള്‍ മോശമാകുന്നത് അദ്ധ്യാപകന്‍ മോശമാകുമ്പോഴാണെന്ന് അദ്ധ്യാപകരെ ഓര്‍മ്മിപ്പിക്കുന്ന ; മഹിതയെ വഴക്കു പറയാതെ 'നീ ചെയ്തതു ശരിയാണ്, പക്ഷേ തിരഞ്ഞെടുത്ത മാര്‍ഗ്ഗം തെറ്റായിപ്പോയി' എന്ന് പറഞ്ഞ് അവളോട് ക്ഷമിക്കുകയും, തെരുവു ബാലനെ തുടര്‍ന്നു പഠിക്കാനനുവദിക്കുകയും ചെയ്തത് നന്മയല്ലാതെന്താണ്..!

പൊട്ടിപ്പോയ കണ്ണി ശരിയാക്കി ഇടാന്‍ പ്രിന്‍സിപ്പല്‍, മുകേഷ് സാറിനെ ഏല്‍പ്പിച്ച സ്‌കൂള്‍ ഊഞ്ഞാലിന്റെ ഇരിപ്പിടം, കാണിക്കുന്നില്ലെങ്കിലും മഹിതയിലൂടെ തെരുവു ബാലന്റെ തുരുമ്പുപിടിച്ച സൈക്കിളിന്റെ സീറ്റായി മാറിയതില്‍ , മുകേഷ് സാറിന്റെ നന്മ കിടപ്പില്ലേ..? ഒപ്പം, കാണിക്കുന്നില്ലെങ്കിലും പോലീസുകാരനെയും, മന്ത്രി പുത്രനേയും കുറിച്ച് മഹിതയ്ക്ക് പറഞ്ഞു കൊടുത്ത് , കുട്ടികള്‍ക്ക് എന്തും തുറന്നു പറയാന്‍ പറ്റുന്ന ആ അദ്ധ്യാപകന്‍ നന്മയല്ലേ..?
ഒരു കുട്ടിയുടെ ആത്മാര്‍ത്ഥമായ യാചനയില്‍ ; ഉള്ളലിവില്‍ ആര്‍ദ്രമായത്.. നന്മയായത്, ആ പോലീസുകാരന്റെ തൊട്ടുമുന്‍പുണ്ടായിരുന്ന ധാര്‍ഷ്ട്യമായിരുന്നില്ലേ..?

'താന്‍ ജീവിതത്തില്‍ കരയാറില്ല അതിനാല്‍ അതിന്റെ വേദന അറിയില്ല' എന്നു പറഞ്ഞ മന്ത്രി പുത്രനും മഹിതയ്ക്കു മുന്നില്‍ തന്റെ നന്മകണം കണ്ടെടുത്തതു കൊണ്ടാണ്, പിന്നീട് മഹിതയെ കാണുമ്പോള്‍ 'മന്ത്രിയുടെ മകനെ അറിയാം, അല്ലേ..' എന്ന് പോലീസുകാരന്‍ ചോദിക്കുന്നത്.
നാണയത്തുട്ടിന്റെ പടം പോലും, പണമാണെന്ന് ധരിക്കുന്ന പിഞ്ചു തെരുവു ബാല്യത്തിന്റെ സമ്പന്നമായ നിഷ്‌കളങ്കതയ്ക്ക് നന്മയെന്നല്ലാതെ എന്താണ് പേര്‍ പറയുക..?

തന്റെ ജീവന്‍ രക്ഷിക്കണമെങ്കില്‍ ഒന്നര ലക്ഷം രൂപയുടെ ഓപ്പറേഷന്‍ വേണമെന്നറിഞ്ഞ ഗുണ്ടാ ദാസ് , കൃത്യം ആ തുക മാത്രം സായ്‌റാമിനോട് ആവശ്യപ്പെടുന്നത് അയാളിലെ നന്മ എവിടെയോ ചാരം മൂടിക്കിടപ്പുള്ളതു കൊണ്ടാണ്.

അല്ലായിരുന്നെങ്കില്‍ അയാള്‍ വിശ്വനാഥനെ നാലുമണിക്കൂര്‍ തടഞ്ഞു വെച്ച് വിട്ടേനേ.. നൂറു തരം.

'ഇതു വരെ അയാള്‍ക്കൊന്നും കൊടുത്തിട്ടില്ല' എന്ന സായ്‌റാമിനോടുള്ള ദാസിന്റെ ഓര്‍മ്മപ്പെടുത്തല്‍പ്പോലും കളവായിരുന്നുവെന്ന് വേണം കരുതാന്‍. അയാള്‍ അപ്രതീക്ഷിതമായി അറ്റാക്ക് വന്ന് മരിക്കുന്നതു വരെ വിശ്വനാഥന് ഭക്ഷണം നല്‍കുവാനുള്ള മനസ്സ് കാണിച്ചു കാണണം.

സായ്‌റാമിന് പണം കടം കൊടുത്ത മുതലാളിയെപ്പറ്റി സായ്‌റാം പറയുന്നത് 'കാശ് തിരിച്ചു ചോദിക്കുമ്പോള്‍ ഒരു പിശാചാണെങ്കിലും, കാശ് തരുമ്പോള്‍ അയാളൊരു മാലാഖ ആണ്' എന്നാണ്. അതില്‍ പലിശ വാങ്ങുന്നതായും പറയുന്നില്ല. പലിശരഹിതനായ ആ മാലാഖയില്‍ ഒരു നന്മയില്ലേ? അഭിറാം സ്‌നേഹിച്ച ഐറ (ഐന?) യിലുമുണ്ട് ഒരു നന്മ. കാരണം അവള്‍ അവന്റെ പ്രണയാഭ്യര്‍ത്ഥന നിരസിക്കുന്നതായി കാണുന്നില്ല.

പെട്ടെന്നുള്ള ഒരു ഷോക്കില്‍ അവള്‍ ''അഭീ.. എന്താ ഈ കാണിക്കുന്നേ..' എന്ന് ചോദിച്ചു കൊണ്ട് അവനെ അടിക്കുന്നു. പിന്നീട് അവനെ താഴെ തെരുവില്‍ കാണുമ്പോഴും ബാല്‍ക്കണിയില്‍ നിന്ന് ഓടിയിറങ്ങി വരുമ്പോഴും, ' മേലാല്‍ ഇങ്ങനെ വരരുത്' എന്നു പറയുമ്പോഴും അവള്‍ക്കവനോട് ദേഷ്യമുള്ളതായി കാണുന്നില്ല.

ഒരു പക്ഷേ താന്‍ ഏറെ കൊതിച്ച വിദേശ പഠനവും, സമര്‍ത്ഥനായ അഭിയുടെ പഠനവും മുടങ്ങുകയോ, താറുമാറാകുകയോ ചെയ്യരുതെന്ന് അവള്‍ പ്രാക്ടിക്കലായി ചിന്തിച്ചിട്ടുണ്ടാവണം.

പഠനാനന്തരം അഭിയെത്തേടി അവള്‍ വരാനുള്ള നന്മ അവളിലുണ്ടെന്ന് നമുക്ക് അനുമാനിക്കാം. തന്റെ ഫോണ്‍ നഷ്ടപ്പെട്ടപ്പോള്‍ അവള്‍ അഭിയുടെ ഫോണ്‍ വാങ്ങി വീട്ടിലേക്ക് വിളിച്ച് 'അമ്മേ.. എന്നെ ഈ നമ്പറില്‍ വിളിച്ചാല്‍ കിട്ടും' എന്നു പറഞ്ഞ ആ നന്മയെ ഇതിനോട് കൂട്ടിവായിക്കുക.

ബാലനെ തേടിയിറങ്ങിയ മഹിതയോട് ''അവന്‍ എവിടെ ഉണ്ടെന്ന് പറഞ്ഞു തരാം.. ദക്ഷിണ വെയ്ക്കൂ..'' എന്ന് പറഞ്ഞ തെരുവു ജ്യോത്സ്യന്‍ ' അവിടെ അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ച് തിരിയുമ്പോള്‍ പയ്യനെ കാണും' എന്ന് ഗണിച്ച് പറയുന്നത് വയറ്റിപ്പിഴപ്പിനായി കള്ളം പറഞ്ഞതാണെന്ന് മനസ്സിലാക്കാതെ മഹിത അയാളെ അതി സന്തോഷത്തോടെ കെട്ടിപ്പിടിക്കുന്നുണ്ട്.

ജീവിതത്തിലാദ്യമായാണ് ഒരാള്‍ തന്റെ പ്രവചനം സംശയലേശമെന്യേ പരിപൂര്‍ണ്ണമായി വിശ്വസിക്കുന്നതെന്ന തിരിച്ചറിവില്‍ അയാളിലെ നന്മ പൂത്തു. തന്റെ തെറ്റ് ഏറ്റു പറഞ്ഞ്, അവളുടെ കാശ്ശുക്കുടുക്കയിലെ പണം മടക്കി നല്‍കുമ്പോള്‍, അവള്‍ സ്വീകരിക്കാതെ നന്മ പകരം നല്‍കുന്നു.

തന്റെ നിത്യവൃത്തിയ്ക്ക് ചിത്രരചനയിലൂടെ പണം കണ്ടെത്തുന്ന തെരുവു ചിത്രകാരനും മഹിതയോടുള്ള തന്റെ അനുഭാവപൂര്‍വ്വമായ പരിഗണന കൊണ്ടും, ഒടുവില്‍ അവളോടൊപ്പം ഒരു പകല്‍ ബാലനെ അന്വേഷിച്ച് പോകുവാനുള്ള മനസ്സു കാണിച്ചതുകൊണ്ടും നന്മയുടെ ആള്‍രൂപം തന്നെ.

ഒരു ഫ്രീ ഐസ്‌ക്രീമിനായിട്ടാണെങ്കിലും (വാങ്ങിച്ചു കൊടുക്കുന്നതായി കാണിക്കുന്നില്ല), ബാലനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ മഹിതയ്ക്ക് തന്റെ സ്‌കൂള്‍ ഫീസില്‍ നിന്ന് 500 രൂപ കടം നല്‍കുന്ന സഹപാഠിയും, സ്വന്തം ബുക്കു പേപ്പറുകള്‍ കീറി 'കാണ്‍മാനില്ല' എന്ന വാര്‍ത്ത പരമാവധി പകര്‍ത്തി എഴുതി മഹിതയ്ക്ക് നല്‍കുന്ന കൂട്ടുകാരും നന്മകള്‍ തന്നെ.

ഇങ്ങനെ സൂക്ഷ്മമായി പരിശോധിച്ചാല്‍ സിനിമയില്‍ പലയിത്തും ; ചന്ദ്രശേഖര്‍ യേലോട്ടി എന്ന രചയിതാവില്‍ത്തന്നെയും നന്മ അതിന്റെ എല്ലാ മനോഹാരിതയോടും, വശ്യതയോടും കൂടി തിളങ്ങുന്നത് കാണാം.

'നമ്മളെല്ലാം' എന്ന അര്‍ത്ഥത്തില്‍ തെലുങ്കില്‍ 'മനമന്‍ത' എന്നും, തമിഴില്‍ 'നമദു' എന്നും പേരിട്ടിരിക്കുമ്പോള്‍ , മലയാളത്തില്‍ അതിനേറ്റവും യോജിച്ച 'വിസ്മയം' എന്ന പേരിട്ടതിനു പിന്നില്‍ മോഹന്‍ലാല്‍ തന്നെയാകും. കാരണം സ്വജീവിതത്തില്‍ അദ്ദേഹം ആ വാക്കിനെ അത്രമേല്‍ സ്‌നേഹിക്കുന്നുണ്ട്, ബഹുമാനിക്കുന്നുണ്ട്.

ചിത്രത്തില്‍ ഒളിഞ്ഞും തെളിഞ്ഞും എത്രയെത്ര വിസ്മയങ്ങളാണ് ഉള്ളത്.

അഭിറാമിനെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിച്ചത് ഗായത്രിയില്‍ നിന്ന് കായലില്‍ വീണുപോയ അവനിഷ്ടപ്പെടാഞ്ഞ ബാഗാണ്. തന്റെ ബുക്കു പേപ്പറുകളിലെ അടയാളവും, പ്രാവുകളുടെ അസ്വാഭാവികമായ കുറുകിപ്പറക്കലുമാണ് മഹിതയെ വിശ്വനാഥനെ പൂട്ടിയിട്ടിരുന്ന ആളൊഴിഞ്ഞ കെട്ടിടത്തിനു മുന്നിലേക്ക് എത്തിച്ചത്.

വയറ്റിപ്പിഴപ്പിനായിട്ടാണെങ്കിലും ജ്യോത്സ്യന്‍ പറഞ്ഞ അമ്പലനടയില്‍ ഹതാശനായി സര്‍വ്വം തകര്‍ന്ന് ഇരുന്ന സായ്‌റാം തിരിയുമ്പോഴാണ് ബാലനെ കാണുന്നത്. തന്റെ മൗനമായ പ്രാര്‍ത്ഥനകളും, അചഞ്ചലമായ വിശ്വാസവും, നിസ്വാര്‍ത്ഥമായ സ്‌നേഹവുമാണ് എയര്‍പോട്ടില്‍ അവസാന നിമിഷം കുടുംബ ബന്ധത്തിന്റെ ഊഷ്മളതയിലേക്ക് ഗായത്രിയെ തിരികെ വിളിക്കുന്നത്.

ജീവിതത്തില്‍ നാമറിയാതെ വന്നു ചേക്കേറുന്ന കുഞ്ഞുവിസ്മയങ്ങളുടെ ഒരോര്‍മ്മപ്പെടുത്തല്‍ കൂടിയാണീ ചിത്രം.

ടെയില്‍ എന്റില്‍ മോഹന്‍ലാലിന്റെ കഥാപാത്രം പറയുമ്പോലെ , ''അവളില്ലെങ്കിലും ഞാന്‍ വീട് അടിച്ചു വരും, ഭക്ഷണം വെയ്ക്കും.. അവളില്ലെങ്കിലും ഞാന്‍ മോളുടെ പഠന കാര്യങ്ങള്‍ ശ്രദ്ധിക്കും, മോന് കട്ടന്‍ കാപ്പിയിട്ട് കൂട്ടിരിക്കും.. എന്നാല്‍ ഇതൊക്കെ സന്തോഷത്തോടെ ചെയ്യണമെങ്കില്‍ ഞങ്ങളുടെ സന്തോഷം ഞങ്ങള്‍ക്കൊപ്പം ഉണ്ടാകണം..'

ചന്ദ്രശേഖര്‍ യേലോട്ടി പറഞ്ഞു വെയ്ക്കുന്നതും ഇതുതന�