മലയാളത്തിലെ നവതലമുറ ചിത്രങ്ങളെ പ്രശംസിച്ചു സൂപ്പര്‍ താരം വിക്രം

'''ചെമ്മീന്‍' പോലെ തലമുറകള്‍ ഓര്‍ത്തിരിക്കുന്ന ഒരു ക്ലാസിക് സിനിമയാണ് എന്‍റെ സ്വപ്നം''

മലയാളത്തിലെ നവതലമുറ ചിത്രങ്ങളെ പ്രശംസിച്ചു സൂപ്പര്‍ താരം വിക്രം

മലയാളത്തിലെ നവതലമുറ ചിത്രങ്ങളെ പ്രശംസിച്ചു സൂപ്പര്‍ താരം വിക്രം. മികച്ച ചിത്രങ്ങളാണ് ഇപ്പോള്‍ മലയാളത്തില്‍ പുറത്തിറങ്ങുന്നതെന്നും വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉള്ള നിരവധി സംവിധായകര്‍ കടന്നുവരുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ അഭിപ്രായപ്പെട്ടു. പല കൊച്ചു ചിത്രങ്ങളും അമ്പരപ്പിക്കുന്നതാണ്. തന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ഇരുമുഖ'ന്‍റെ പ്രചരണാര്‍ഥം കഴിഞ്ഞദിവസം കൊച്ചിയിലെത്തിയതായിരുന്നു വിക്രം.മലയാളത്തില്‍ അഭിനയിക്കാന്‍ അവസരം വന്നാല്‍ താന്‍ പ്രതിഫലമില്ലാതെ അഭിനയിക്കും. എന്നാല്‍, അത് അത്രത്തോളം മോഹിപ്പിക്കുന്ന ഒരു തിരക്കഥയായിരിക്കണം. 'ചെമ്മീന്‍' പോലെ തലമുറകള്‍ ഓര്‍ത്തിരിക്കുന്ന ഒരു ക്ലാസിക് സിനിമയാണ് തന്‍റെ സ്വപ്നമെന്ന് വിക്രം വ്യക്തമാക്കി.താരമാകുന്നതിനു മുന്‍പ് എന്നെ പിന്തുണച്ചത്‌ മലയാളസിനിമയാണ്. അതുകൊണ്ട്, മലയാളസിനിമയോടുള്ള തന്‍റെ കൃതജ്ഞത പ്രകടിപ്പിക്കുന്ന തരത്തിലുള്ളതായിരിക്കും മലയാളത്തില്‍ താന്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന ചിത്രമെന്നും അദ്ദേഹം വിശദീകരിച്ചു.

പുതിയ തലമുറയിലെ ചിത്രങ്ങളെപ്പറ്റി ചോദിച്ചപ്പോള്‍ മിക്ക ചിത്രങ്ങളും താന്‍ കാണാറുണ്ട് എന്നും ‘പ്രേമ’വും ‘ബാംഗ്ലൂര്‍ ഡെയ്‌സു’മൊക്കെ ഏറെ ഇഷ്ടപ്പെട്ട ചിത്രങ്ങളാണെന്നും അദ്ദേഹംപറഞ്ഞു .  യുവസംവിധായകരില്‍ പലരെയും താന്‍ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആനന്ദ് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇരുമുഖനില്‍ നായകനും വില്ലനുമായി ഇരട്ടവേഷത്തിലാകും വിക്രം പ്രത്യക്ഷപ്പെടുക. സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രത്തില്‍ നയന്‍താരയും നിത്യ മേനോനുമാണ് നായികമാര്‍.ചിത്രത്തില്‍ വിക്രം അവതരിപ്പിക്കുന്ന 
'ലവ്' എന്ന സ്ത്രൈണസ്വഭാവമുള്ള വില്ലന്‍ കഥാപാത്രം ഇതൊനോടകം തന്നെ തരംഗമായിക്കഴിഞ്ഞു. ഹാരിസ് ജയരാജ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സ് നിര്‍മ്മിക്കുന്ന ഇരുമുഖന്‍ സെപ്റ്റംബര്‍ 8-ന് തീയറ്ററുകളില്‍ എത്തുന്നു.