അര്‍ഹതയുള്ളവരെ മാറ്റിനിര്‍ത്തി ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറാക്കിയത് മാണിക്കുവേണ്ടി; എസ്‌പി സുകേശന്റെ ഹര്‍ജിയിലൂടെ പുറത്തുവരുന്നത് യുഡിഎഫ് സർക്കാരിന്റെ അധികാര ദുർവിനിയോഗം

മുന്‍ ധനമന്ത്രി കെഎം മാണിക്കെതിരായ ബാര്‍കോഴക്കേസ്, വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഡി ഇടപെട്ട് തള്ളുകയായിരുന്നെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് അന്വേഷണ ഉദ്യോഗസ്ഥനായ സുകേശന്‍ ഇന്നു നടത്തിയത്. കേസില്‍ തുടരന്വേഷണം വേണമെന്നും സുകേശന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയുള്ള തുടരന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത് ശങ്കര്‍ റെഡ്ഡിയുള്‍പ്പെടെയുള്ളവരുടെ സമ്മര്‍ദ്ദ ഫലമായാണെന്നുള്ള സുകേശന്റെ കുറ്റസമ്മതം പോലീസ് തലപ്പത്തും മാണിയില്ലാത്ത യുഡിഎഫ് മുന്നണിയിലും വന്‍ പൊട്ടിത്തെറിയുണ്ടാക്കുമെന്നാണ് സൂചന.

അര്‍ഹതയുള്ളവരെ മാറ്റിനിര്‍ത്തി ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറാക്കിയത് മാണിക്കുവേണ്ടി; എസ്‌പി സുകേശന്റെ ഹര്‍ജിയിലൂടെ പുറത്തുവരുന്നത് യുഡിഎഫ് സർക്കാരിന്റെ അധികാര ദുർവിനിയോഗം

ബാര്‍കോഴക്കേസ് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡി അട്ടിമറിച്ചുവെന്ന് കാട്ടി കേസ് അന്വേഷിച്ച വിജിലന്‍സ് എസ്‌പി ആര്‍ സുകേശന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചതോടെ കേസില്‍ പുനരന്വേഷണം നടത്തണമെന്ന സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കയാണ്, കോടതി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ശങ്കര്‍ റെഡ്ഡിയെ ക്രമവിരുദ്ധമായ നടപടിയിലൂടെയാണ് ഡിജിപി സ്ഥാനത്തേക്കുയര്‍ത്തിയതെന്ന വാദത്തിന് പിന്‍ബലമേകുന്നതാണ് എസ്‌പി സുകേശന്റെ ഹര്‍ജിയും തുടര്‍ന്നുള്ള കോടതി വിധിയും. അന്ന് പോലീസ് തലപ്പത്ത് അസാധാരണ നീക്കങ്ങളിലൂടെ സ്ഥാന ചലനങ്ങള്‍ സൃഷ്ടിച്ച് വിവാദത്തിലായ മുന്‍ മന്ത്രിസഭയുടെ പ്രവര്‍ത്തികളും ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ശങ്കര്‍ റെഡ്ഡിയടക്കം നാല് എഡിജിപിമാര്‍ക്ക് ക്രമവിരുദ്ധമായാണ് ഡിജിപി സ്ഥാനത്തേയ്ക്കു ഉദ്യോഗക്കയറ്റം നല്‍കിയതെന്നുള്ള ആരോപണം അക്കാലത്തുതന്നെ ഉയര്‍ന്നിരുന്നു. ഡിജിപിമാരായ ലോക്നാഥ് ബെഹ്റ, ഋഷിരാജ് സിംഗ്, ജേക്കബ് തോമസ് എന്നിവരെ മറികടന്ന് എഡിജിപി ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി അന്ന് എഡിജിപിമാരായിരുന്ന നാലുപേര്‍ക്കും ഡിജിപിമാരായി സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു സര്‍ക്കാര്‍. കെഎം മാണി കോഴ ആരോപണങ്ങളില്‍ കുരുങ്ങിക്കിടന്ന സാഹചര്യത്തിൽ സര്‍ക്കാര്‍ നടത്തിയ ഈ പ്രത്യേക നീക്കം മാണിയെ രക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നുവെന്നാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എസ്‌പി സുകേശന്റെ ഹര്‍ജിയും അനുബന്ധ സംഭവങ്ങളും സൂചിപ്പിക്കുന്നത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ടി പി സെന്‍കുമാറിനു പുറമെ ഡിജിപിയുടെ പദവിയുണ്ടായിരുന്നത് ജേക്കബ് തോമസ്, ഋഷിരാജ് സിംഗ്, ലോക്‌നാഥ് ബഹ്‌റ എന്നിവര്‍ക്കായിരുന്നു. ബാര്‍ കോഴയും പാറ്റൂര്‍, കടകംപള്ളി ഭൂമി തട്ടിപ്പുകളും സോളാര്‍ കേസുമൊക്കെ സര്‍ക്കാരിനെ വേട്ടയാടിയ കാലമായിരുന്നു അത്. അതുകൊണ്ടുതന്നെ ഇവരിലാരെയും വിജിലന്‍സ് ഡയറക്ടറാക്കാനുളള ധൈര്യം ഉമ്മന്‍ ചാണ്ടിയ്ക്കുണ്ടായിരുന്നില്ല. ബാര്‍ ഉടമ ബിജു രമേശിന്റെ വെളിപ്പെടുത്തിലിനെ തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടി തങ്ങളുടെ വിശ്വസ്തനായ ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിക്കുന്നത്. ഇക്കാര്യത്തില്‍ പരാതി ഉയരാതിരിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ കണ്ടെത്തിയ മാര്‍ഗ്ഗം ശങ്കര്‍ റെഡ്ഡിക്കൊപ്പം ഹേമചന്ദ്രന്‍, രാജേഷ് ദിവാന്‍, മുഹമ്മദ് യാസിന്‍ എന്നിവര്‍ക്കു കൂടി കൂടി സ്ഥാനക്കയറ്റം നല്‍കുക എന്നുള്ളതായിരുന്നു.

ശങ്കര്‍ റെഡ്ഡിയുടെ സ്ഥാനക്കയറ്റം മാണിയേയും യുഡിഎഫ് സര്‍ക്കാരിനെയും രക്ഷിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണെന്ന് പ്രസ്താവിച്ച് അന്നത്തെ പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.  അര്‍ഹതയുള്ള ഡിജിപിമാരെ വിജിലന്‍സ് ഡയറക്ടര്‍ തസ്തികയില്‍ നിയമിക്കാത്തതിന് കാരണം ശങ്കര്‍ റെഡ്ഡി യുഡിഎഫിന്റെ വിശ്വസ്തനായതുകൊണ്ടാണെന്നും ഈ നീക്കം കെഎം മാണിയെ രക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും വിഎസ് ആരോപിച്ചിരുന്നു.

മുന്‍ ധനമന്ത്രി കെഎം മാണിക്കെതിരായ ബാര്‍കോഴക്കേസ്, വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഡി ഇടപെട്ട് തള്ളുകയായിരുന്നെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് അന്വേഷണ ഉദ്യോഗസ്ഥനായ സുകേശന്‍ ഇന്നു നടത്തിയത്. കേസില്‍ തുടരന്വേഷണം വേണമെന്നും സുകേശന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയുള്ള തുടരന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത് ശങ്കര്‍ റെഡ്ഡിയുള്‍പ്പെടെയുള്ളവരുടെ സമ്മര്‍ദ്ദ ഫലമായാണെന്നുള്ള സുകേശന്റെ കുറ്റസമ്മതം പോലീസ് തലപ്പത്തും മാണിയില്ലാത്ത യുഡിഎഫ് മുന്നണിയിലും വന്‍ പൊട്ടിത്തെറിയുണ്ടാക്കുമെന്നാണ് സൂചന.

എന്നാൽ രാഷ്ട്രീയ രംഗത്ത് ഈ നീക്കങ്ങൾക്കു വേറെയും അർത്ഥങ്ങളുണ്ട്. മാണി യുഡിഎഫിൽ നിന്നു വിട്ടുമാറി നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ തീരുമാനിച്ചിട്ട് അധികമായില്ല. അതിനുശേഷം കേരള കോൺഗ്രസ് എം എൻഡിഎ മുന്നണിയിലേക്കു പോകുന്നു എന്ന തരത്തിലുള്ള കിംവദന്തികൾ ഉയർന്നു. ബിജെപി നേതാക്കളുമായി മാണി ചർച്ച നടത്തിയതായും മകനും കോട്ടയത്തു നിന്നുള്ള പാർലമെന്റ് അംഗവുമായ ജോസ് കെ മാണിയെ കേന്ദ്രമന്ത്രിയാക്കാമെന്ന് ബിജെപി കേന്ദ്രനേതൃത്വം വാഗ്ദ്ധാനം ചെയ്തതായും വാർത്തകൾ വന്നു. അതിനിടെയാണ് മാണിയെ തന്ത്രപൂർവ്വം എൽഡിഎഫിലേക്കു സ്വാഗതം ചെയ്തുകൊണ്ട് സിപിഐ(എം) നേതൃത്വം രംഗത്തെത്തിയത്. എന്നാൽ ഈ നീക്കത്തിനെതിരെ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും എൽഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐയും രംഗത്തെത്തിയിരുന്നു. മാണിക്കെതിരെ തുടരന്വേഷണത്തിനു കോടതി നിർദ്ദേശിച്ച സാഹചര്യത്തിൽ കേരള കോൺഗ്രസ് എമ്മിന്റെ ഭാവിയും അനിശ്ചിതത്വത്തിലാവുകയാണ്.