കിലുക്കത്തിന് കാൽനൂറ്റാണ്ട്; പ്രിയദർശനോടു പൊറുക്കുമോ വേണു നാഗവള്ളിയുടെ ആത്മാവ്?

സിനിമയുടെ ഫൈനൽ പ്രിന്റ് ആകുന്നതുവരെ വേണു നാഗവള്ളിയുടെ സജീവസാന്നിധ്യം ഉണ്ടായിരുന്നുവെന്നതിന് ജഗദീഷിന്റെ ഓർമ്മയും തെളിവാണ്. ഇനി പൂരിപ്പിക്കേണ്ടത് പ്രിയദർശനാണ്. അദ്ദേഹം അതു ചെയ്യുമോ...?

കിലുക്കത്തിന് കാൽനൂറ്റാണ്ട്; പ്രിയദർശനോടു പൊറുക്കുമോ വേണു നാഗവള്ളിയുടെ ആത്മാവ്?

ചിരിയുടെ നിലയ്ക്കാത്ത ചിലങ്കക്കിലുക്കമായി കാൽനൂറ്റാണ്ടു തികയ്ക്കുന്ന കിലുക്കം എന്ന പ്രിയദർശൻ സിനിമയുടെ ടൈറ്റിൽ കാർഡിൽ തിരക്കഥയുടെയും സംഭാഷണത്തിന്റെയും അവകാശി നടനും സംവിധായകനുമായ വേണു നാഗവള്ളിയാണ്. എന്നാൽ, "ചിത്രത്തിലെ സംഭാഷണങ്ങള്‍ പലതും ഷൂട്ടിങിന് അനുസരിച്ചാണ് എഴുതിത്തീര്‍ത്തത്" എന്നാണ് സിനിമയുടെ 25-ാം വാർഷികത്തോടനുബന്ധിച്ച് മാതൃഭൂമി ഓൺലൈൻ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ പ്രിയദർശൻ പറയുന്നത്. ആ അഭിമുഖത്തിലെവിടെയും തിരക്കഥയും സംഭാഷണവുമായി ബന്ധപ്പെട്ട് വേണു നാഗവള്ളിയെക്കുറിച്ച് ഒരക്ഷരം പോലും സംവിധായകൻ സംസാരിക്കുന്നേയില്ല.


തിരക്കഥയെഴുതാനോ നർമ്മമെഴുതാനോ അറിയാത്ത ആളല്ല പ്രിയൻ. മലയാള സിനിമയെ മഴവില്ലഴകിൽ ചിരിപ്പിച്ച പ്രതിഭയാണദ്ദേഹം. പ്രിയൻ സിനിമയുടെ കളർടോണിൽത്തന്നെയാണ് കിലുക്കം ചിരിക്കുന്നതും ചിരിപ്പിക്കുന്നതും. അതിലൊന്നും സംശയമില്ല. പക്ഷേ, ടൈറ്റിൽ കാർഡിലെ അവകാശി വേണു നാഗവള്ളിയാണല്ലോ. അദ്ദേഹത്തിനെന്താണ് സംഭവിച്ചത്?

[caption id="attachment_36913" align="alignleft" width="227"]വേണു നാഗവള്ളി വേണു നാഗവള്ളി (courtesy: wikimedia commons)[/caption]1978 ൽ പുറത്തിറങ്ങിയ എൻ ശങ്കരൻ നായരുടെ "ഈ ഗാനം മറക്കുമോ" എന്ന ചിത്രം മുതൽ 2009ൽ പുറത്തിറങ്ങിയ സ്വന്തം ചിത്രമായ "ഭാര്യ സ്വന്തം സുഹൃത്തു" വരെ ഇരുപതു ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥയും സംഭാഷണവുമെഴുതിയിട്ടുണ്ട്. ഈ പട്ടികയിൽ പക്ഷേ, കിലുക്കം പോലൊരു ചിത്രമില്ല. ഇക്കൂട്ടത്തിൽ ഏയ് ഓട്ടോയെന്ന മോഹൻലാൽ ചിത്രമുണ്ടെന്നു മറക്കുന്നില്ല. എന്നാൽ, കിലുക്കത്തിലെ ചിരിയുമായി താരതമ്യം ചെയ്താൽ ഏയ് ഓട്ടോയുടെ സ്പീഡ് വളരെ കുറവാണ്.

അപ്പോഴെന്താണ് കിലുക്കത്തിൽ വേണു നാഗവള്ളിയുടെ റോൾ? ജോജിയെയും നന്ദിനിയെയും ജസ്റ്റിസ് പിള്ളയെയും കിട്ടുണ്ണിയെയും മലയാളം മാഷിനെയുമൊക്കെ സൃഷ്ടിച്ചതിൽ അദ്ദേഹത്തിന് വല്ല പങ്കുമുണ്ടോ? ലോട്ടറിയടിച്ച സന്തോഷത്തിൽ കിട്ടുണ്ണി ജസ്റ്റിസ് പിള്ളയോടു തട്ടിക്കയറുന്ന സീൻ ചിത്രീകരിക്കുമ്പോൾ കട്ട് പറയാൻ മറന്നുപോയെന്ന് പ്രിയദർശൻ പലതവണ പറഞ്ഞിട്ടുണ്ട്. അങ്ങനെ പല സീനുകളും കണ്ട് ആർത്തു ചിരിക്കുമ്പോൾ വേണു നാഗവള്ളിയുടെ നർമ്മബോധത്തെ നമിക്കുന്ന മലയാളികളുണ്ട്. കാരണം, സിനിമയിലെഴുതിക്കാണിക്കുന്ന രേഖയനുസരിച്ച് ആ രംഗങ്ങളുടെ സൃഷ്ടാവ് വേണു നാഗവള്ളിയാണ്. പ്രിയദർശനല്ല.

കിലുക്കം പോലൊരു ചിത്രം ഇനിയെടുക്കാനുളള ധൈര്യം തനിക്കില്ലെന്ന് പ്രിയൻ മാതൃഭൂമി അഭിമുഖത്തിൽ പറയുന്നു. അതിനദ്ദേഹം പറയുന്ന കാരണം ഇതാണ് - "തിലകന്‍ ചേട്ടന്‍, മുരളി, വേണു നാഗവള്ളി തുടങ്ങിയവര്‍ നമ്മെ വിട്ടുപോയി. ജഗതിയാണെങ്കില്‍ അപകടം സമ്മാനിച്ച ദുര്‍വിധിയില്‍ ജീവിക്കുകയാണ്".

[caption id="attachment_36914" align="alignright" width="279"]പ്രിയദർശൻ പ്രിയദർശൻ (courtesy: topnews.ae)[/caption]

ഈ ഒരു വാചകത്തിൽ മാത്രമാണ് പ്രിയൻ വേണു നാഗവള്ളിയുടെ പേരു പരാമർശിക്കുന്നത്. അദ്ദേഹം കിലുക്കം സിനിമയിലെ അഭിനേതാവല്ല. തിലകനും മുരളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുമുണ്ട്. അഭിനേതാക്കളുടെ പേരിനൊപ്പം വേണു നാഗവള്ളിയുടെ പേരു പരാമർശിക്കാൻ പ്രിയനെ പ്രേരിപ്പിച്ച വികാരമെന്തായിരിക്കാം?

ഈ ചിത്രത്തിൽ ജഗദീഷിനും ഒരു ഫോട്ടോഗ്രാഫറുടെ റോളുണ്ടായിരുന്നു. എന്നാൽ ചിത്രത്തിന്റെ ദൈർഘ്യം പ്രതീക്ഷിച്ചതിലേറെ കൂടിപ്പോയതിനാൽ ആ കഥാപാത്രത്തെ അപ്പടി എഡിറ്റു ചെയ്തു നീക്കി. ഇതേക്കുറിച്ച് സൗത്ത് ലൈവിൽ ജഗദീഷിന്റെ ഓർമ്മ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ സംഭവത്തെക്കുറിച്ച് ജഗദീഷ് ഇങ്ങനെ ഓർമ്മിക്കുന്നു - "പ്രിയനും (പ്രിയദര്‍ശന്‍) സ്‌ക്രിപ്റ്റ് ചെയ്ത വേണുച്ചേട്ടനും (വേണു നാഗവള്ളി) എന്നെ വിളിച്ചു പറഞ്ഞു, വളരെയൊരു ട്രാജഡിയായിപ്പോയി എന്ന്".

സ്ക്രിപ്റ്റ് ചെയ്ത വേണുച്ചേട്ടൻ എന്നുതന്നെയാണ് ജഗദീഷും പറയുന്നത്. സിനിമയുടെ ഫൈനൽ പ്രിന്റ് ആകുന്നതുവരെ വേണു നാഗവള്ളിയുടെ സജീവസാന്നിധ്യം ഉണ്ടായിരുന്നുവെന്നതിന് ഈ ഓർമ്മയും തെളിവാണ്. ഇനി പൂരിപ്പിക്കേണ്ടത് പ്രിയദർശനാണ്. അദ്ദേഹം അതു ചെയ്യുമോ...?