അയ്യങ്കാളിയുടെ സ്മരണകളെയും സ്മാരകത്തെയും പന്തുതട്ടിക്കളിയ്ക്കുന്ന വെങ്ങാനൂരിലെ മഹാപാപികൾ; നിസംഗതയോടെ സർക്കാർ; കാടുകയറി നശിക്കുന്നത് അമൂല്യനിധിപോലെ സൂക്ഷിക്കേണ്ട ചരിത്രസ്മാരകം

അന്താരാഷ്ട്ര നിലവാരത്തിൽ സംരക്ഷിക്കപ്പെടേണ്ട സ്മാരകം കാടുകയറി നശിച്ച് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി. സ്വന്തം ഇച്ഛാശക്തികൊണ്ട് ചരിത്രത്തെ കീഴ്മേൽ മറിച്ച അയ്യങ്കാളിയെന്ന യുഗപുരുഷന്റെ ഓർമ്മകളോട് നിന്ദ്യമായ നന്ദികേടുകാട്ടി അവഹേളിക്കുകയാണ് അദ്ദേഹത്തിന്റെ ജന്മനാട്ടുകാർ.

അയ്യങ്കാളിയുടെ സ്മരണകളെയും സ്മാരകത്തെയും പന്തുതട്ടിക്കളിയ്ക്കുന്ന വെങ്ങാനൂരിലെ മഹാപാപികൾ; നിസംഗതയോടെ സർക്കാർ; കാടുകയറി നശിക്കുന്നത് അമൂല്യനിധിപോലെ സൂക്ഷിക്കേണ്ട ചരിത്രസ്മാരകം

തലയിൽ വട്ടക്കെട്ടു ചുറ്റി മേൽമുണ്ടുടുത്ത് അരയിലൊരു കഠാരയുമേന്തി ഒന്നര നൂറ്റാണ്ടു മുമ്പ് സവർണതയുടെ നെഞ്ചിലൂടെ വില്ലുവണ്ടിയോടിച്ച് ഇന്ത്യയിലെ ദളിതരുടെ നിത്യപ്രചോദനമായ അയ്യങ്കാളിയുടെ സ്മരണകളും സ്മാരകങ്ങളും അന്വേഷിച്ചാണ് നാരദാ ന്യൂസ് അദ്ദേഹത്തിന്റെ ജന്മനാട്ടിലെത്തിയത്. കണ്ടതും അറിഞ്ഞതും ഹൃദയഭേദകമായ വസ്തുതകൾ. ജന്മനാടും സ്വന്തം സമുദായവും പൊതുസമൂഹവും സർക്കാരും ആ മഹാമനുഷ്യനോടു ചെയ്തത് ചരിത്രം പൊറുക്കാത്ത അനീതി.  സാധുജനപരിപാലന സംഘത്തിന്റെയും കേരള പുലയമഹാസഭയുടെയും പ്രവർത്തകർ ചേരിതിരിഞ്ഞുന്നയിച്ച അവകാശത്തർക്കത്തിന്റെ മറവിൽ സ്മാരകം സർക്കാർ താഴിട്ടു പൂട്ടിയതോടെ അയ്യങ്കാളിയുടെ ഓർമ്മകൾ ജന്മനാട്ടിൽ കാടുകയറി അനാഥമായി.


തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിലായിരുന്നു അയ്യങ്കാളിയുടെ ജനനം. അവിടെ അദ്ദേഹത്തിന് രണ്ടു സ്മാരകങ്ങളുണ്ട്. അയ്യങ്കാളി സ്ഥാപിച്ച സ്ക്കൂളും  ഭൌതികാവശിഷ്ടം അടക്കം ചെയ്ത ചിത്രകൂടം എന്ന സ്മാരകവും. സ്ക്കൂളിന്റെ ഉടമസ്ഥർ കേരള പുലയ മഹാസഭയാണ്.  സാധുജനപരിപാലനയോഗത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്മാരകത്തിനു മേൽ പുലയമഹാസഭ അവകാശവാദം ഉന്നയിച്ചതോടെയാണ് സംഘർഷവും അക്രമങ്ങളുമുണ്ടായത്.

രേഖകൾ പരിശോധിച്ച് സ്ഥലം യഥാർത്ഥ ഉടമസ്ഥരെ ഏൽപ്പിക്കേണ്ട ചുമതലയുണ്ടായിരുന്ന സർക്കാരാകാട്ടെ, സംഘർഷത്തിന്റെ മറവിൽ സ്മാരകം താഴിട്ടു പൂട്ടി.  അന്താരാഷ്ട്ര നിലവാരത്തിൽ സംരക്ഷിക്കപ്പെടേണ്ട സ്മാരകം കാടുകയറി നശിച്ച്  സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി. സ്വന്തം ഇച്ഛാശക്തികൊണ്ട് ചരിത്രത്തെ കീഴ്മേൽ മറിച്ച അയ്യങ്കാളിയെന്ന യുഗപുരുഷന്റെ ഓർമ്മകളോട് നിന്ദ്യമായ നന്ദികേടുകാട്ടി അവഹേളിക്കുകയാണ് അദ്ദേഹത്തിന്റെ ജന്മനാട്ടുകാർ.

2009 ല്‍ പുന്നല ശ്രീകുമാര്‍ കെപിഎംഎസിന്റെ ജനറല്‍ സെക്രട്ടറി ആയിരുന്ന സമയത്തായിരുന്നു അക്രമം. സാധുജന പരിപാലന യോഗത്തിന്റെ അധീനതയിലുണ്ടായിരുന്ന ഓഫീസ് കെട്ടിടങ്ങള്‍ കെപിഎംഎസുകാര്‍ കൈയേറി അവരുടെ കൊടിയും ബോര്‍ഡും സ്ഥാപിച്ചു. ഓഫീസിലെ ചരിത്രരേഖകളടക്കം റോഡിലേയ്ക്കു വലിച്ചെറിഞ്ഞ് തീയിട്ടു.  തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രശ്‌നങ്ങളില്‍ ഇടപെട്ടതും സ്മാരകം കലക്ടര്‍ പൂട്ടി സീല്‍ചെയ്തതും റിസീവര്‍ ഭരണത്തിന്‍ കീഴിലായതും.

പ്രശ്നം ഇപ്പോൾ നെയ്യാറ്റിന്‍കര കോടതിയ്ക്കു മുന്നിലാണ്. കേസില്‍ വിധിയുണ്ടായി സ്മാരകം എത്രയും വേഗം പൊതുജനങ്ങള്‍ക്ക് പ്രാപ്യമാകുമെന്ന വിശ്വാസത്തിലാണ് സാധു ജനപരിപാലന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേന്ദ്രകുമാര്‍. സിപിഐ(എം)ന്റെ പോഷക സംഘടനയായ പികെഎസും സ്മാരകം അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ സമുദായത്തിനുള്ളിലെ രണ്ട് പ്രബല കക്ഷികള്‍ തമ്മിലുള്ള തര്‍ക്കം ആ  നീക്കങ്ങള്‍ക്ക് തടയിടുന്നുവെന്നും പികെഎസ് പറയുന്നു.

[caption id="attachment_39181" align="aligncenter" width="640"]IMG_9937 അയ്യന്‍കാളി സ്മാരകവും കേരള പുലയര്‍ മഹാസഭയുടെ അധീനതയിലുള്ള അയ്യന്‍കാളി മെമ്മോറിയല്‍ സ്‌കൂളും[/caption]

[caption id="attachment_39182" align="alignleft" width="300"]Smarakam പൂട്ടി മുദ്രവെച്ച സ്മാരകത്തിന്റെ വാതില്‍[/caption]

1907ലാണ് അയ്യന്‍കാളി സാധുജന പരിപാലന യോഗം സ്ഥാപിച്ചത്. ഒരു പ്രത്യേക സമുദായത്തിനെ മാത്രം മുന്നില്‍ കാണാതെ സവര്‍ണ്ണതയ്ക്ക് മുന്നില്‍ അവശതയനുഭവിക്കുന്ന എല്ലാ പിന്നോക്ക വിഭാഗക്കാര്‍ക്കുമായിട്ടായിരുന്നു സാധുജന പരിപാലന യോഗം അദ്ദേഹം സ്ഥാപിച്ചത്. എന്നാല്‍ കാലാന്തരത്തില്‍ അദ്ദേഹം സ്ഥാപിച്ച സ്‌കൂളിനും തുടര്‍ന്ന് സ്മാരകത്തിനും പുതിയ അവകാശികള്‍ എത്തി. അയ്യന്‍കാളിയുടെ മരണത്തിനു ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് രൂപം കൊണ്ട പുലയര്‍ മഹാസഭ കയ്യൂക്കിന്റെയും അധികാരത്തിന്റെയും അകമ്പടിയോടെ തങ്ങളുടെ സ്വത്തുവകകള്‍ കൈക്കലാക്കിയെന്നാണ് സാധുജന പരിപാലന യോഗം ജനറൽ സെക്രട്ടറിയുടെ അഭിപ്രായം.

[caption id="attachment_37304" align="alignright" width="300"]IMG_9989 വെങ്ങാനൂരില്‍ അയ്യന്‍കാളി സ്വന്തം കൈ കൊണ്ട് കുത്തിയ കിണറില്‍ ഇന്ന് ജലത്തിനുപകരം മദ്യകുപ്പികളും ചപ്പുചവറുകളും മാത്രം[/caption]

പുലയ മഹാസഭ തന്നെ ഇപ്പോൾ നാലു കഷണമായി.  വെങ്ങാനൂരിൽത്തന്നെ അവർ രണ്ടു വിഭാഗമാണ്. വെങ്ങാനൂരിലെ ഒന്നാം നമ്പര്‍ ശാഖ ഒരു വിഭാഗവും അയ്യന്‍കാളി മെമ്മോറിയല്‍ സ്‌കൂളിന്റെ ഉടമസ്ഥാവകാശം മറ്റൊരു വിഭാഗ വുമാണ്. അയ്യന്‍കാളി സ്മാരകം കെപിഎംഎസിന്റെ സ്വന്തമാകണമെന്ന് വാശിപിടിക്കുകയും അതിനായി കരുക്കള്‍ നീക്കുകയും ചെയ്ത 2009 ലെ ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍  കെപിഎംഎസിന്റെ ഭാഗമല്ലാതായി മാറുകയും ചെയ്തു.

നിലവിലുളള കെപിഎംഎസ് സംസ്ഥാന നേതൃത്വത്തിനും പഴയ നിലപാടല്ല. സ്മാരകത്തിന്റെ കാര്യത്തില്‍ യാതൊരുവിധ തര്‍ക്കങ്ങളിലും കെപിഎംസ് സംസ്ഥാന നേതൃത്വം ഉള്‍പ്പെട്ടിട്ടില്ലെന്നും വെങ്ങാനൂര്‍ ഒന്നാം നമ്പര്‍ ശാഖായോഗമാണ് ഇക്കാര്യത്തില്‍ കേസുമായി കോടതിയെ സമീപിച്ചതെന്നും കെപിഎംഎസ് സംസ്ഥാന നേതൃത്വം നാരദാ ന്യൂസിനോടു പറയുന്നു.  സ്മാരകം തുറക്കുന്നതിലോ അത് സാധുജന പരിപാലന യോഗത്തിന് വിട്ടു നല്‍കുന്നതിലോ കെപിഎംഎസിന്റെ ഇപ്പോഴത്തെ സംസ്ഥാന നേതൃത്വത്തിനും എതിര്‍പ്പില്ല.

തര്‍ക്കങ്ങളെല്ലാം തീര്‍ന്ന് ഈ ചരിത്ര സ്മാരകം അതിന്റെ പവിത്രതയോടെ ഉന്നതിയിലേക്ക് ഉയര്‍ത്തപ്പെടുമെന്നു തന്നെയാണ് വെങ്ങാനൂരിലെ ജാതിഭേദമന്യേയുള്ള ജനങ്ങളുടെ ആഗ്രഹം. ചരിത്രത്തിന്റെ തിരുശേഷിപ്പ് ഇത്തരത്തില്‍ കാടുപിടിച്ചു കിടക്കേണ്ടതല്ല എന്ന പൊതുബോധം അവര്‍ക്കുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇപ്പോള്‍ നിസഹായരാണ് അവര്‍.

(ചിത്രങ്ങൾ: അനീഷ് / നാരദാ ന്യൂസ്)

Read More >>