ഓണത്തിന് സന്തോഷത്തോടെ സദ്യയുണ്ണാം; സംസ്ഥാനത്ത് പച്ചക്കറി ഉത്പാദനം വര്‍ദ്ധിച്ചു: വരവ് പച്ചക്കറിയുടെ വിലയില്‍ വന്‍ ഇടിവ്

നാടന്‍ ഇനങ്ങള്‍ ധാരാളമായി വിപണിയില്‍ എത്തുന്നതിനാല്‍ പൂഴ്ത്തിവെപ്പിലേക്ക് ഇടത്തരക്കാര്‍ പോകാത്തതും വിലക്കുറവിന് കാരണമാകുന്നുണ്ടെന്നുള്ളതാണ് വാസ്തവം. അനുകൂല കലാവസ്ഥയും സംസ്ഥാനത്തെ പച്ചക്കറി കൃഷിയില്‍ ജൈവപച്ചക്കറി സംഘങ്ങളുടെ ഇടപെടലും ഫലം കണ്ടതായാണ് വിദഗ്ദരുടെ വിലയിരുത്തല്‍.

ഓണത്തിന് സന്തോഷത്തോടെ സദ്യയുണ്ണാം; സംസ്ഥാനത്ത് പച്ചക്കറി ഉത്പാദനം വര്‍ദ്ധിച്ചു: വരവ് പച്ചക്കറിയുടെ വിലയില്‍ വന്‍ ഇടിവ്

ഓണം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന ഈ സമയത്ത് സംസ്ഥാനത്ത് വരവ് പച്ചക്കറിയുടെ വല കുറയുന്നു. മാസങ്ങള്‍ക്ക് മുമ്പ് സാധാരണക്കാരന് അപ്രാപ്യമായ രീതിയില്‍ വില കുതിച്ചുകയറിയ പച്ചക്കറികളുടെ വിലയില്‍ വന്‍ കുറവാണ് വിപണിയില്‍ രേഖപ്പെടുത്തുന്നത്. പച്ചക്കറി ഉത്പാദനം സംസ്ഥാനത്ത് കൂടിയതാണ് വിപണയില്‍ മാറ്റമുണ്ടാക്കിയതെന്ന് വിപണനക്കാര്‍ പറയുന്നു.

സംസ്ഥാനത്ത് പച്ചക്കറി ഉത്പാദനം വര്‍ദ്ധിച്ചതോടെ ജനങ്ങള്‍ നാടന്‍ പച്ചക്കറികളോട് താല്‍പര്യം കാട്ടിത്തുടങ്ങിയിരിക്കുന്നു. തമിഴ്നാട്ടില്‍ ഇത്തവണ വേനല്‍ കടുത്തതും ജലക്ഷാമം ഏറിയതും കാരണം പല പച്ചക്കറികളുടെയും വില ഇരട്ടിയലിധികം വര്‍ധിച്ചിരുന്നത് കേരളീയരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. എന്നാല്‍ തമിഴ്‌നാട്ടില്‍ പച്ചക്കറികളുടെ വിളവെടുപ്പ് വര്‍ധിച്ചതും ഇവിടെ തദ്ദേശിയമായി പച്ചക്കറി ഉത്പാദിപ്പിച്ചു തുടങ്ങിയതും വില കുത്തനെ ഇടിക്കുകയായിരുന്നു.


മാസങ്ങള്‍ക്ക് മുമ്പ് കിലോയ്ക്ക് 70 രൂപവരെയുണ്ടായിരുന്ന തക്കാളിയുടെ വില ഇപ്പോ 10 രൂപയായി കുറഞ്ഞിരിക്കുകയാണ്. തക്കാളിക്കൊപ്പം ഉയരത്തിലെത്തിയ വെണ്ടയ്ക്ക, ബീന്‍സ്, പച്ചമുളക് എന്നിവയ്ക്കും വില ക്രമാതീതമായി കുറഞ്ഞിട്ടുണ്ട് . വിപണിയില്‍ 90 രൂപയുണ്ടായിരുന്ന വെണ്ടയ്ക്ക 20 രൂപയായപ്പോള്‍ നൂറിനുമേല്‍ കുതിച്ചുകയറിയ ബീന്‍സ് 30 രൂപയായി കുറഞ്ഞിരിക്കുകയാണ്. 60 രൂപയ്ക്ക് വാങ്ങിക്കൊണ്ടിരുന്ന പച്ചമുളക് 25 രൂപയ്ക്ക് ഇപ്പോള്‍ വിപണിയില്‍ ലഭിക്കും. സവാള വില കിലോയ്ക്ക് 15 രൂപയായി തുടരുന്നുണ്ട്.

കാരറ്റും വെളുത്തുള്ളിയും പയറും ഉള്‍പ്പെടെയുള്ള പച്ചക്കറികളുടെ വിലയും താഴ്ന്നുകൊണ്ടിരിക്കുകയാണ്. വിലയില്‍ വലിയ മാറ്റമില്ലാതെ തുടരുന്നത് വാഴക്കായ ആണ്. വാഴപ്പഴത്തിനും വിപണിയില്‍ നല്ല വിലയാണ് ഇപ്പോഴുള്ളത്. ജൈവപച്ചക്കറികള്‍ വിപണിയില്‍ സജീവമായതോടെ അന്യസംസ്ഥാനത്തുനിന്നെത്തുന്ന പച്ചക്കറിയോടുള്ള ഡിമാന്‍ഡ് കുറഞ്ഞതായും കച്ചവടക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ അന്യസംസ്ഥാനത്തില്‍ നിന്നെത്തുന്ന പച്ചക്കറികളുടെ മൂന്നരട്ടിയെങ്കിലും വില കൊടുത്താല്‍ മാത്രമേ നാടന്‍പച്ചക്കറികള്‍ കര്‍ഷകര്‍ വിപണിയിലെത്തിക്കുവെന്ന പരാതിയും വില്‍പ്പനക്കാര്‍ ഉയര്‍ത്തുന്നുണ്ട്.

ജൈവപച്ചക്കറികള്‍ എന്ന പേരില്‍ വില്ക്കുന്ന പച്ചക്കറികള്‍ എല്ലാം യഥാര്‍ഥ ജൈവ പച്ചക്കറികളല്ലെന്ന പരാതിയും കച്ചവടക്കാര്‍ക്കുണ്ട്. നാടന്‍ ഇനങ്ങള്‍ ധാരാളമായി വിപണിയില്‍ എത്തുന്നതിനാല്‍ പൂഴ്ത്തിവെപ്പിലേക്ക് ഇടത്തരക്കാര്‍ പോകാത്തതും വിലക്കുറവിന് കാരണമാകുന്നുണ്ടെന്നുള്ളതാണ് വാസ്തവം. അനുകൂല കലാവസ്ഥയും സംസ്ഥാനത്തെ പച്ചക്കറി കൃഷിയില്‍ ജൈവപച്ചക്കറി സംഘങ്ങളുടെ ഇടപെടലും ഫലം കണ്ടതായാണ് വിദഗ്ദരുടെ വിലയിരുത്തല്‍.

Read More >>