കേരളത്തിലെ പച്ചക്കറികള്‍ വിഷരഹിതമാകുന്നു

കര്‍ണാടകത്തിലെയും തമിഴ്‌നാട്ടിലെയും നേരിട്ട്‌ ശേഖരിച്ച്‌ പരിശോധിച്ച 87 സാമ്പിളുകളില്‍ 87 എണ്ണവും വിഷരഹിതം

കേരളത്തിലെ പച്ചക്കറികള്‍ വിഷരഹിതമാകുന്നു

തൃശൂര്‍: കേരളത്തില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ കീടനാശിനി അവശിഷ്‌ടം മൂലമുള്ള ഭീഷണി ഇല്ലാതാകുന്നു. വെള്ളായണി കാര്‍ഷിക കോളജിലെ പരിശോധന ലാബോറട്ടറിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 31 വരെ ശേഖരിച്ച പച്ചക്കറി സാമ്പിളുകളുടെ അടിസ്ഥാനത്തിലാണ് പച്ചക്കറികള്‍ വിഷരഹിതമാകുന്നു എന്ന് കണ്ടെത്തിയത്. കേരളത്തിലെ ഹോര്‍ട്ടിക്കോര്‍പ്പ്‌ വിപണിക്ക്‌ പച്ചക്കറികള്‍ 

നല്‍കുന്ന കര്‍ണാടകത്തിലെയും തമിഴ്‌നാട്ടിലെയും തെരഞ്ഞെടുത്ത ജൈവപച്ചക്കറി കര്‍ഷകരുടെ കൃഷിയിടങ്ങളില്‍നിന്നും നേരിട്ട്‌ ശേഖരിച്ച്‌ പരിശോധിച്ച 87 സാമ്പിളുകളില്‍ 87 എണ്ണവും (100 ശതമാനം) സേഫ്‌ റ്റു ഈറ്റ്‌ മാനദണ്ഡം നിലനിര്‍ത്തിയതായി റിപ്പോര്‍ട്ടില്‍ കാണിക്കുന്നു.

തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കാസര്‍ഗോഡ്‌ ജില്ലകളിലെ പച്ചക്കറി കടകള്‍, സൂപ്പര്‍/ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, പച്ചക്കറി ചന്തകള്‍ എന്നിവിടങ്ങളില്‍നിന്നും ശേഖരിച്ച 29 ഇനം പച്ചക്കറികളുടെ 76 സാമ്പിളുകളില്‍ ഫുഡ്‌ സേഫ്‌റ്റി ആന്‍ഡ്‌ സ്‌റ്റാന്റേഡ്‌സ്‌ അഥോറിട്ടി ഓഫ്‌ ഇന്ത്യ (എഫ്‌.എസ്‌.എസ്‌.എ.ഐ.) നിഷ്‌കര്‍ഷിച്ചിരിക്കുന്ന പരിധിക്ക്‌ മുകളില്‍ ഒരു സാമ്പിളില്‍ പോലും കണ്ടെത്തിയില്ല. നിഷ്‌കര്‍ഷിച്ചിരിക്കുന്ന പരിധിക്കു താഴെയോ പരിധി നിശ്‌ചയിച്ചിട്ടില്ലാത്തതോ ആയ വിഷാംശം കണ്ടെത്തിയത്‌ കറിവേപ്പില (4), പച്ചമുളക്‌ (1), കോളിഫ്‌ളവര്‍ (1), കത്തിരി (1), പഴവര്‍ഗ്ഗങ്ങളില്‍ അവക്കാഡോ  (1) എന്നിവയില്‍ മാത്രമാണ്. സുഗന്ധവ്യഞ്‌ജനങ്ങള്‍, മസാലപ്പൊടികള്‍ എന്നിവയുടെ 34 സാമ്പിളുകളില്‍ ഏലയ്‌ക്കയുടെ ഒരു സാമ്പിളില്‍ പരിധിക്ക്‌ മുകളില്‍വിഷാംശം കണ്ടെത്തി. എഫ്‌.എസ്‌.എസ്‌.എ.ഐ. നിഷ്‌കര്‍ഷിച്ചിരിക്കുന്ന പരിധിക്ക്‌ താഴെയോ, പരിധി നിശ്‌ചയിച്ചിട്ടില്ലാത്തതോ ആയ വിഷാംശം കണ്ടെത്തിയത്‌ വറ്റല്‍മുളക്‌ (1), മുളക്‌പൊടി (1), ജീരകം (2), പെരുംജീരകം (1) എന്നിവയുടെ സാമ്പിളുകളില്‍ ആണ്‌. സുഗന്ധവ്യഞ്‌ജനങ്ങളിലെ അവശിഷ്‌ട വിഷാംശത്തെപ്പറ്റി വിശദമായ പഠനങ്ങള്‍ ആവശ്യമാണെന്നാണ്‌ ഈ പരിശോധനാഫലങ്ങള്‍ സൂചിപ്പിക്കുന്നതെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.Read More >>