എന്റെ ശരീരഭാഗം വരെ വര്‍ണിച്ച് എന്ത് സദാചാരമാണ് നിങ്ങള്‍ പഠിപ്പിക്കുന്നത്? ലൈംഗിക ചുവയുളള പരാമര്‍ശങ്ങളുമായി തന്നെ വേട്ടയാടിയവര്‍ക്ക് യുവ എഴുത്തുകാരിയുടെ മറുപടി

നഖം കടിച്ച് കാല്‍വിരല്‍ കൊണ്ട് കളം വരച്ച് വാതില്‍ പടിയില്‍ മറഞ്ഞിരിക്കുന്ന പെണ്ണിന്റെ വിഗ്രഹം മനസ്സില്‍ നിന്ന് ഉടച്ച് എന്നേ കളഞ്ഞതാണ്. അതിനാല്‍ രണ്ടിഞ്ചു നീളമുള്ള സ്‌കെയിലില്‍ എന്റെ ജീവിതം അളക്കാന്‍ വരരുതെന്നും വനജ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

എന്റെ ശരീരഭാഗം വരെ വര്‍ണിച്ച് എന്ത് സദാചാരമാണ് നിങ്ങള്‍ പഠിപ്പിക്കുന്നത്? ലൈംഗിക ചുവയുളള പരാമര്‍ശങ്ങളുമായി തന്നെ വേട്ടയാടിയവര്‍ക്ക് യുവ എഴുത്തുകാരിയുടെ മറുപടി


സ്ത്രീകളെ പതിനാലു സെക്കന്റില്‍ കൂടുതല്‍ തുറിച്ചു നോക്കിയാല്‍ കേസെടുക്കാമെന്ന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ട യുവ എഴുത്തുകാരിക്ക് സോഷ്യല്‍മീഡിയയില്‍ അസഭ്യവര്‍ഷവും തെറിവിളിയും. സംഭവം വിവാദമായതിനെ തുടര്‍ന്ന് അധിക്ഷേപിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി യുവ എഴുത്തുകാരി വനജ വാസുദേവ് രംഗത്തെത്തി. ധൈര്യമുണ്ടോ നിനക്കൊക്കെ എന്റെ മാനത്തിന് മണിക്കൂറിന് വിലയിടാന്‍ എന്ന ചോദ്യവുമായാണ് വനജ തനിക്കെതിരെയുളള അസഭ്യവര്‍ഷത്തെ നേരിട്ടത്.

സത്യം പറയാലോ എതിരെ നല്ലൊരു ചെറുപ്പക്കാരന്‍ പോയാല്‍ ഞാന്‍ സമാന്യം നന്നായി വായ്‌നോക്കും. അത് അമ്പലപ്പറമ്പായിക്കൊട്ടെ പളളിപ്പെരുന്നാളായിക്കോട്ടെ, ബസ് സ്‌റ്റോപ്പായിക്കൊട്ടെ, ചന്തയില്‍ മീന്‍ വാങ്ങാന്‍ പോകുമ്പോഴാട്ടെ. തരക്കേടില്ലാണ്ട് നോക്കും എന്നു തുടങ്ങുന്ന വനജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് സദാചാരക്കാരുടെ ഉറക്കം കെടുത്തിയത്. മണിക്കൂറുകളോളം ഞങ്ങള്‍ ഒരുങ്ങിയിറങ്ങുന്നത് നാലാള്‍ കാണാനാണെന്നും ഒക്കെ വനജ കുറിച്ചപ്പോള്‍ കടുത്ത ലൈംഗിക പരാമര്‍ശങ്ങളും വ്യക്തിഹത്യയും കൊണ്ടാണ് സോഷ്യല്‍മീഡിയയിലെ ഒരു പറ്റം ആളുകള്‍ രംഗത്തെത്തിയത്.

സത്യം പറയാലോ, എതിരെ നല്ലൊരു ചെറപ്പക്കാരന്‍ പോയാല്‍ സാമാന്യം നന്നായി ഞാന്‍ വായ്നോക്കും. അത്, അമ്പലപ്പറമ്പായിക്കോട്ട...

Posted by Vanaja Vasudev on 16 August 2016


വനജയോട് കിടപ്പറ പങ്കിടാനുള്ള നിരക്ക് എത്രയാണെന്നും ലൈംഗിക ബന്ധത്തിലേര്‍പ്പെടാമോ എന്നും വരെ ചോദ്യം ഉയര്‍ന്നപ്പോഴാണ് മറ്റൊരു ഫെയ്‌സ്ബുക്ക് പോസ്റ്റുമായി വനജ രംഗത്തു വന്നത്. ഒരൊറ്റ പോസ്റ്റിടലില്‍ കുത്തിയൊലിച്ച് വന്ന മെസ്സേജുകള്‍ക്കിടയില്‍ ആര്‍ഷഭാരത സംസ്‌കാരം പഠിപ്പിക്കാന്‍ വന്ന നേരാങ്ങളമാരോട് എന്ത് പുലഭ്യവും സംസ്‌കാരവുമാണ് എന്നെ പഠിപ്പിച്ചുതരുന്നതെന്ന് വനജ തന്റെ പോസ്റ്റില്‍ കുറിക്കുന്നു. എതിരെ വരുന്ന ആണൊരുത്തനെ ഞാന്‍ നോക്കും എന്ന് പറഞ്ഞതിനര്‍ത്ഥം നീയൊക്കെ വിളിക്കുന്നിടത്ത് വന്ന് ഉടുമുണ്ട് അഴിക്കും എന്നല്ലയെന്നും വനജ കുറിച്ചു.

Let me introduce myself......

എവിടെ നിന്നാണ് ഞാന്‍ എന്നെ നിങ്ങള്‍ക്ക് കാണിച്ച് തരേണ്ടത്. നാല് മുറികള്‍ക്കുള്ളില്‍ ഒതു...

Posted by Vanaja Vasudev on 20 August 2016


ഭര്‍ത്താവ് മരിച്ചതിനു ശേഷം മക്കളെ വളര്‍ത്താന്‍ കഷ്ടപ്പെട്ട അമ്മയെ കുറിച്ചും നിസഹായതയും ദാരിദ്രവും നിറഞ്ഞ കൗമാരത്തെ കുറിച്ചും പരാമര്‍ശിച്ചു കൊണ്ടാണ് വനജ ഫെയ്‌സ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്. ജീവിതം എനിക്ക് തമാശയല്ല സഹോദരന്‍മാരെ. സ്വന്തമായി അദ്ധ്വാനിച്ച് ഇരു കാലില്‍ നിവര്‍ന്ന് നില്‍ക്കാന്‍ കഴിയുന്നത്, ചെറിയ ഈ ശരീരത്തിനുള്ളില്‍ ഉറച്ച ഒരു മനസ്സുള്ളത് കൊണ്ടാണ്. നിങ്ങളുടെ 'വെടിയെന്നും, വെടിപ്പുരയെന്നുമുള്ള വിളിക്ക് അതിനെ വിറപ്പിക്കാന്‍ കഴിയില്ല. നഖം കടിച്ച് കാല്‍വിരല്‍ കൊണ്ട് കളം വരച്ച് വാതില്‍ പടിയില്‍ മറഞ്ഞിരിക്കുന്ന പെണ്ണിന്റെ വിഗ്രഹം മനസ്സില്‍ നിന്ന് ഉടച്ച് എന്നേ കളഞ്ഞതാണ്. അതിനാല്‍ രണ്ടിഞ്ചു നീളമുള്ള സ്‌കെയിലില്‍ എന്റെ ജീവിതം അളക്കാന്‍ വരരുതെന്നും വനജ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നാഴിയില്‍ എന്റെ കോണ്‍ഫിഡന്‍സും അളക്കാന്‍ നില്‍ക്കരുത്. മുകളില്‍ പറഞ്ഞതെല്ലാം വായിച്ച് കഴിഞ്ഞെങ്കില്‍, ധൈര്യമുണ്ടോ നിനക്കൊക്കെ എന്റെ ദേഹത്ത് തൊടാന്‍, ധൈര്യമുണ്ടോ നിനക്കൊക്കെ എന്നെ കിടപ്പറയിലേക്ക് ക്ഷണിക്കാന്‍, ധൈര്യമുണ്ടോ ഇനി നിനക്കൊക്കെ എന്റെ മാനത്തിന് മണിക്കൂറിന് വിലയിടാന്‍... ഉണ്ടെങ്കില്‍ ഇന്‍ബോക്‌സില്‍ അല്ല, എന്നെ ഞാന്‍ തന്നെ പറഞ്ഞ ഈ പോസ്റ്റിന് ചോട്ടില്‍ ധൈര്യമായി വരാമെന്ന വനജയുടെ പോസ്റ്റ് നിമിഷങ്ങള്‍ക്കകം വന്‍ വാര്‍ത്താപ്രാധാന്യം നേടി.

Read More >>