സഖാവ് ഷംസീർ ജനിക്കും മുമ്പ്... ബാങ്കുവിളി ശുനകന്റെ കുരയായി തോന്നുന്നതിനും മുമ്പ്..

പ്രാരംഭകാലത്തു മൈക്കിന്റെ ഉപയോഗം കായിക മത്സരങ്ങളുടെ ആവേശം കൂട്ടാന്‍ ദൃശ്യ വിവരണം നടത്താനും അതു പോലെ സംഗീത സദസ്സുകളിലും മാത്രമായിരുന്നു. ഇത്തരം കാര്യങ്ങള്‍ക്കു ഉപയോഗിക്കുന്ന ഒരു ഉപകരണത്തെ പവിത്രമായ ബാങ്ക് ,വെള്ളിയാഴ്ച ദിവസത്തിലെ ഖുത്വുബ എന്നിവയില്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്ന നിലപാടായിരുന്നു പണ്ഡിതര്‍ക്കിടയില്‍ ഉണ്ടായിരുന്നത്.

സഖാവ് ഷംസീർ ജനിക്കും മുമ്പ്... ബാങ്കുവിളി ശുനകന്റെ കുരയായി തോന്നുന്നതിനും മുമ്പ്..

സുഹൈൽ അഹമ്മദ്

ബാങ്ക് വിളി ഇതിനു മുന്‍പും ചര്‍ച്ച ആയിട്ടുണ്ട് അതു പക്ഷേ ശുനകന്റെ കുരയ്ക്കു സമാനമായിട്ട് ആര്‍ക്കും തോന്നിയത് കൊണ്ടല്ല. അതിരാവിലെയുള്ള (സുബ്ഹ്)ബാങ്ക് വിളി മൂലം കിടന്നുറങ്ങാന്‍ പ്രയാസമാവുന്നതായി പോസ്റ്റുകള്‍ വരുന്നതിനും മുന്‍പ്,  എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ്  ഒരു പക്ഷേ മിസ്റ്റര്‍ ഷംസീര്‍  ജനിക്കുന്നതിനും മുന്‍പ്

അതു പക്ഷേ, ഒരു പ്രദേശത്തു അഞ്ചു പള്ളികള്‍ ഉണ്ടെങ്കില്‍ ഒരിടത്തു ബാങ്ക് മൈക്ക് ഉപയോഗിച്ചു കൊടുക്കട്ടെ മറ്റിടത്തെല്ലാം അല്ലാതെയും ആവട്ടെ, എന്ന കേവല യുക്തിക്കും മുകളിലായിരുന്നു ചര്‍ച്ച. ശബ്ദ മലിനീകരണവും ഉയര്‍ന്ന ശബ്ദം കേള്‍ക്കുന്നത് മൂലം പലര്‍ക്കും അനുഭവപ്പെട്ടേക്കാവുന്ന പ്രയാസങ്ങളെ കുറിച്ചു പോലും ചര്‍ച്ചയ്ക്ക് സാധ്യത ഇല്ലാതിരുന്ന കാലത്തായിരുന്നു എന്നത് ആ ചര്‍ച്ചയെ വ്യത്യസ്തമാക്കുന്നു.


പള്ളികള്‍ എത്രയോ ഉണ്ടാവട്ടെ ഒന്നില്‍ പോലും ഉച്ചഭാഷിണിയിലൂടെ ബാങ്കു വിളിക്കാന്‍ പാടില്ല, വെള്ളിയാഴ്ച ദിവസം ഉച്ചഭാഷിണിയിലൂടെ ഖുത്വുബ നിര്‍വഹിക്കരുത് എന്നു താല്‍പര്യപ്പെട്ടിരുന്ന പണ്ഡിതര്‍ കേരളത്തിലുണ്ടായിട്ടുണ്ട്. സമസത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപകാംഗങ്ങളിലൊരാളായ കുഞ്ഞറൂട്ടി മുസ്ലിയാല്‍, ദക്ഷിണേന്ത്യയിലെ ഉന്നത പഠന സ്ഥാപനമായ വെല്ലൂര്‍ ബഖിയാത്തു സ്വാലിഹാത്തിലെ ഗുരുവര്യനായിരുന്നു ശൈഖ് ആദം ഹസ്രത്ത്,പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ കോളേജിലെ ആദ്യകാലത്തെ    പ്രധാനധ്യാപകരിലൊരാളായിരുന്ന മൗലാനാ താഴക്കോട് കുഞ്ഞലവി മുസ്ലിയാര്‍,കാസര്‍ഗോഡ് ആദൂര്‍ യഹ്യാ തങ്ങള്‍, തഴവാ കുഞ്ഞു മുഹമ്മദ് മുസ്ലിയാര്‍ തുടങ്ങിയവര്‍ ഇവരില്‍ ചിലരാണ്.

ഇസ്ലാമിക ലോകം 20 ആം നൂറ്റാണ്ടിലെത്തുകയും ഉച്ചഭാഷിണിയുടെ ലഭ്യത  സുലഭമാവുകയും ചെയ്തപ്പോഴാവണം ലോകത്ത് ഒരിടത്തും നടന്നതായി തെളിവില്ലാത്ത ആ ചര്‍ച്ച കേരള മുസ്ലിംകള്‍ക്കിടയില്‍ നിന്നുയര്‍ന്നതും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആദ്യത്തെ പിളര്‍പ്പിലേക്കു നയിച്ചതും. പക്ഷേ അതൊരു മുതലെടുപ്പ് രാഷ്ട്രീയത്തിനു വേണ്ടിയായിരുന്നില്ല.

ആരാധനാ കര്‍മ്മങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതില്‍ ഇസ്ലാമിക കര്‍മ്മ ശാസ്ത്രത്തിന്റെ നിലപാട് എന്നതായിരുന്നു ചര്‍ച്ച. ഇന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക കൂട്ടായ്മകളിലൊന്നായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുശാവറ യോഗമായിരുന്നു ചര്‍ച്ചയുടെ വേദി. തുടര്‍ന്നു അന്നത്തെ പ്രമുഖ പണ്ഡിതരില്‍ ഒരാളായ ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍  ഉച്ചഭാഷിണിയെ കുറിച്ച് പഠനം നടത്തുകയും ആരാധനാ കര്‍മ്മങ്ങളില്‍ അതു ഉപയോഗിക്കുന്നതിനു പ്രയാസമില്ലെന്നും സ്ഥാപിച്ചു. സമസ്ത മുശാവറയിലെ ബഹു ഭൂരിപക്ഷം പണ്ഡിതരും ഈ തീരുമാനത്തോട് യോജിച്ചു. ഉച്ചഭാഷണിയുടെ ഉപയോഗം നല്ലതിനു എതിര് (ഖിലാഫുല്‍ ഔലാ) എന്നായിരുന്നു അന്നത്തെ പ്രധാന പണ്ഡിതരില്‍ ഒരാളായ കണ്ണിയത്ത് ഉസ്താദിന്റെ നിലപാട്.

എന്നാല്‍ അന്നത്തെ സമസ്ത പ്രസിഡണ്ട് സ്വദഖത്തുല്ല മൗലവി ഈ തീരുമാനത്തോട് വ്യക്തിപരമായി വിയോജിപ്പു രേഖപ്പെടുത്തി. ഇതു കഴിഞ്ഞു രണ്ടുമാസത്തിനകം സ്വദഖത്തുല്ലാഹാ മുസ്ലിയാര്‍ സമസ്തയുടെ പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു. മാസങ്ങളോളം സ്വതന്ത്രനായി നിന്ന അദ്ദേഹം സമാന ചിന്താഗതിക്കാരുടെ നിര്‍ബന്ധത്തിനു വഴങ്ങി സംസ്ഥാന ജംഇയ്യത്തുല്‍ ഉലമയ്ക്കു രൂപം നല്‍കി. 1967 നവംബര്‍ 24 നായിരുന്നു രൂപീകരണം. ഇന്നും സംസ്ഥാനയുടെ പള്ളികളില്‍ ആരാധനാ കര്‍മ്മങ്ങള്‍ക്കു ഉച്ചഭാഷിണി ഉപയോഗിക്കുന്നില്ല എന്നതു സ്വാഗതാര്‍ഹമായ കാര്യമാണ്.

ഉച്ചഭാഷണി ചര്‍ച്ചയാവാന്‍ കാരണം

പ്രാരംഭകാലത്തു മൈക്കിന്റെ ഉപയോഗം കായിക മത്സരങ്ങളുടെ ആവേശം കൂട്ടാന്‍ ദൃശ്യ വിവരണം നടത്താനും അതു പോലെ സംഗീത സദസ്സുകളിലും മാത്രമായിരുന്നു. ഇത്തരം കാര്യങ്ങള്‍ക്കു ഉപയോഗിക്കുന്ന ഒരു ഉപകരണത്തെ പവിത്രമായ ബാങ്ക് ,വെള്ളിയാഴ്ച ദിവസത്തിലെ ഖുത്വുബ എന്നിവയില്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്ന നിലപാടായിരുന്നു പണ്ഡിതര്‍ക്കിടയില്‍ ഉണ്ടായിരുന്നത്.

മറ്റൊരു വിലയിരുത്തല്‍ ഇപ്രകാരമായിരുന്നു. വെള്ളിയാഴ്ചകളിലെ ജുമുഅ ഖുതുബ കര്‍മ്മങ്ങളില്‍ അതിനു നേതൃത്വം വഹിക്കുന്ന വ്യക്തിയുടെ ശബ്ദം തന്നെ കേള്‍ക്കല്‍ നിര്‍ബന്ധമായ കാര്യമാണെന്നും, ഉച്ചഭാഷിണി ഉപയോഗത്തിലൂടെ ശബ്ദം ഇരട്ടിപ്പിച്ചു കേള്‍പിക്കുന്നത് ശരിയല്ലെന്നും അതു ഇമാമിന്റെ ശബ്ദമല്ലെന്നും  വാദമുണ്ടായി.

എന്നാല്‍ ഉച്ചഭാഷിണി ഉപയോഗിക്കാത്ത സമയത്തും ഒരാളുടെ ശബ്ദം വായുവിലൂടെയാണ് സഞ്ചരിക്കുന്നത്. ഉച്ചഭാഷിണി ഉപയോഗിക്കുമ്പോഴാവട്ടെ വായു എന്ന മാധ്യമം മാറി വൈദ്യുതി ആവുന്നു അതിനാല്‍ ഇമാമിന്റെ ശബ്ദം തന്നെയാണ് കേള്‍ക്കുന്നതെന്നായിരുന്നു മറുവാദം.

അതോടൊപ്പം ആരാധനാ കര്‍മ്മങ്ങളിലെ ഏകകം അതേ പടി സൂക്ഷിക്കണമെന്നു വാദം ഉയര്‍ന്നു. പ്രാചകരുടെ കാലത്ത് ഇല്ലാത്ത ഒരു രീതി അവലംബിക്കുന്നത് ശരിയല്ലെന്നായിരുന്നു വാദം. വ്യത്യസ്ത നിലപാടുകള്‍ പണ്ഡിതര്‍ക്കിടയില്‍ നിന്നു ഉണ്ടായെങ്കിലും പിന്നീട് മൈക്ക് കെട്ടി തന്നെ ഇതിന്റെ പേരില്‍ പോരുകളുമുണ്ടായിട്ടുണ്ട്. !

എന്നാല്‍  നാളിതുവരെ ആയിട്ടും  ഉച്ചഭാഷിണി ഉപയോഗിക്കാത്ത പള്ളികളും കേരളത്തില്‍ ഉണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് നാദാപുരം പള്ളി. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ പള്ളിയില്‍ നിന്നും ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളി ഇതുവരെ ഉയര്‍ന്നിട്ടില്ലെങ്കിലും പതിറ്റാണ്ടു പോലും പഴക്കമില്ലാത്ത പള്ളികളില്‍ നിന്നു ഉച്ചഭാഷിണികളില്‍ ബാങ്കിന്റെ മധുരമന്ത്രം മാത്രമല്ല,  പ്രാസംഗികന്റെ പ്രാസമൊത്ത ഘോരശബ്ദം വരെ പുറപ്പെടുവിക്കാറുണ്ട്.

ബാങ്കിന്റെ ചരിത്രം

നബിയുടെ മദീനാവാസ കാലയളവിലാണ് ബാങ്ക് ഒരു ആരാധനാ കര്‍മ്മായി ഇസ്ലാമിന്റെ ഭാഗമാകുന്നത്. ഇസ്ലാമിന്റെ സുവര്‍ണ്ണ കാലഘട്ടം. നാള്‍ക്കുനാള്‍ പുതു വിശ്വാസികള്‍ ഇസ്ലാം പുല്‍കുകയും ആരാധനാ കര്‍മ്മങ്ങള്‍ക്കു ഒത്തു കൂടാന്‍ , വിശിഷ്യാ അഞ്ചു നേരത്തെ നമസ്‌കാര സമയമെന്ന് ജനങ്ങളെ അറിയിക്കാന്‍ എന്താണു  മാര്‍ഗം എന്ന ചര്‍ച്ച വിശ്വാസികള്‍ക്കിടയില്‍ ഉണ്ടായി. മണി അടിക്കല്‍, പെരുമ്പറ മുഴക്കല്‍, വെടിമരുന്ന് ഉപയോഗിച്ച് ശബ്ദമുണ്ടാക്കല്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ആണ് ആദ്യം ഉയര്‍ന്നു വന്നത്. എന്നാല്‍ വ്യത്യസ്ത കാരണങ്ങളാല്‍ തീരുമാനമാവാതെ പിരിഞ്ഞ ആ ചര്‍ച്ച പിറ്റേ ദിവസത്തേക്കു കടന്നപ്പോഴാണ് പ്രവാചക അനുചരൻമാരിൽ ഒരാളായ  അബ്ദുല്ലാഹിബ്‌നു സൈദ് തലേന്നു രാത്രി കണ്ട സ്വപ്നത്തെ കുറിച്ചു നബിയോട് വാചാലനായത്. ബാങ്കിന്റെ വരികള്‍ സ്വപ്നത്തില്‍ അദ്ദേഹത്തിനു ലഭിക്കുകയായിരുന്നു. സമാനമായ രീതിയില്‍ രണ്ടാം ഖലീഫയായ ഉമറും സ്വപ്നം കണ്ടതായി അദ്ദേഹം പ്രവാചകരോട് പറഞ്ഞു. ഇതേ അനുഭവം മറ്റു ചില പ്രവാചകാനുചരന്‍മാര്‍ക്കും ഉണ്ടായതായി  പ്രവാചകന്‍ മനസ്സിലാക്കിയതോടെ ആ വരികളെ ബാങ്കു കൊടുക്കാന്‍ ഉപോയഗിച്ചു. അല്ലെങ്കില്‍ ആ വരികള്‍ ബാങ്കായി മാറി.

ഇനിയുമുണ്ട് ബാങ്കിന്റെ കാര്യങ്ങള്‍ പറയാന്‍.

ജനിച്ചു വീണ കുട്ടിയുടെ വലതു ചെവിയില്‍ ആദ്യം കേള്‍പ്പിക്കേണ്ടത് ബാങ്ക് ആണെന്നു ഇസ്ലാം പഠിപ്പിക്കുന്നുണ്ട്. ഹജ്ജിനു പോവുമ്പോള്‍  മഹല്ലു പരിധി വരെ നടന്നു ബാങ്ക് കൊടുത്ത ശേഷം  മാത്രം വാഹനം കയറുന്ന രീതി നാട്ടിൻ പുറങ്ങളിലുണ്ടായിരുന്നു. അത്ര ഏറെ പ്രാധാന്യവും പവിത്രതയും നല്‍കിയിരുന്ന ഒരു കര്‍മ്മം അലോസര ശബ്ദമായി ചര്‍ച്ചയാക്കപ്പെടുന്നുവെങ്കില്‍ അതിനിടയാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാണമെന്നു തന്നെയാണ് ഇസ്ലാമിക നിയമവും.

Story by