ജസ്റ്റിസ് കെമാൽ പാഷയുടേത് അസാധാരണ വിധിന്യായം; മാധ്യമപ്രവർത്തകരേ... അഭിഭാഷകരുടെ പണി പാലും വെള്ളത്തിൽ വരുന്നുണ്ട്

വിമോദിനെ മുൻനിർത്തി അഭിഭാഷകർ മാധ്യമപ്രവർത്തകർക്കു നേരെ കണക്കു തീർക്കുകയാണെന്ന് വ്യക്തം. അതിന് ഹൈക്കോടതിയുടെ മൌനാനുവാദമുണ്ടോ എന്നു സംശയിക്കാൻ സാഹചര്യമൊരുക്കുന്ന വിധിയാണ് ഇക്കഴിഞ്ഞ ദിവസമുണ്ടായത്.

ജസ്റ്റിസ് കെമാൽ പാഷയുടേത് അസാധാരണ വിധിന്യായം; മാധ്യമപ്രവർത്തകരേ... അഭിഭാഷകരുടെ പണി പാലും വെള്ളത്തിൽ വരുന്നുണ്ട്

കോഴിക്കോട് എസ്ഐ വിമോദിനെതിരെയുളള അന്വേഷണം നാലു ദിവസത്തേയ്ക്കു സ്റ്റേ ചെയ്തുകൊണ്ട് ജസ്റ്റിസ് കെമാൽ പാഷ പുറപ്പെടുവിച്ചത് അസാധാരണ വിധിന്യായം. അത് മാധ്യമപ്രവർത്തകർക്കുള്ള മുന്നറിയിപ്പാണെന്ന് കരുതാനും ന്യായമേറെ. നൂറോളം അഭിഭാഷകരാണ് എസ്ഐയ്ക്കു വേണ്ടി ഹൈക്കോടതിയിൽ വക്കാലത്തു നൽകിയത്. വിമോദിനെ മുൻനിർത്തി അഭിഭാഷകർ മാധ്യമപ്രവർത്തകർക്കു നേരെ കണക്കു തീർക്കുകയാണെന്ന് വ്യക്തം. അതിന് ഹൈക്കോടതിയുടെ മൌനാനുവാദമുണ്ടോ എന്നു സംശയിക്കാൻ സാഹചര്യമൊരുക്കുന്ന വിധിയാണ് ഇക്കഴിഞ്ഞ ദിവസമുണ്ടായത്.


ഏറെ മാധ്യമശ്രദ്ധ നേടി എന്ന കാരണം കൊണ്ട്, പരാതിക്കാരനായ സാധാരണക്കാരന് കോടതിയിൽ നിന്ന് ലഭിക്കേണ്ടത് നിഷേധിക്കുകയില്ലെന്ന് വിധിയിൽ വ്യക്തമാക്കുന്നുണ്ട്. കേസിനാധാരമായ പ്രശ്നങ്ങൾക്കു ലഭിച്ച മാധ്യമശ്രദ്ധയും വിധിതീർപ്പിലെ ന്യായാന്യായങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ല. വിമോദിന് നൽകാനുളള നീതി മാധ്യമങ്ങളുടെ താൽപര്യത്തിനു വിരുദ്ധമായിരിക്കും എന്ന വ്യക്തമായ സൂചനയാണ് വിധിന്യായത്തിലെ ഈ വാചകം.

തുടർന്നാണ് പോലീസിന്റെ വിശദമായ അന്വേഷണം ആവശ്യമുണ്ട് എന്ന സർക്കാർ അഭിഭാഷകന്റെ വാദത്തെ ശരിവെച്ചുകൊണ്ട്, നേർ വിപരീതമായ യുക്തി ജസ്റ്റിസ് കെമാൽപാഷ മുന്നോട്ടു വെയ്ക്കുന്നത്. അന്വേഷണം ആവശ്യമില്ലാത്ത കേസാണെങ്കിൽ, അനാവശ്യ അന്വേഷണം പരാതിക്കാരനെ തിളച്ചവെള്ളം വീണ അവസ്ഥയിലെത്തിക്കുമെന്നാണ് ആ ന്യായം. പരാതിക്കാരൻ ഇപ്പോൾത്തന്നെ സസ്പെൻഷനിലാണെന്നും ഈ സമയത്ത് മറ്റുകാര്യങ്ങൾ പരിശോധിക്കാതെ അന്വേഷണം തുടരുന്നത് പരാതിക്കാരന്റെ ഉള്ള മുറിവിനെ കൂടുതൽ ഗുരുതരമാക്കുകയേ ഉള്ളൂവെന്നും അദ്ദേഹം തുടരുന്നു. വിമോദിനെതിരെയുള്ള അന്വേഷണ നടപടികൾ നാലു ദിവസത്തേയ്ക്കു നിർത്തിവെയ്ക്കാൻ ജസ്റ്റിസ് കെമാൽപാഷ മുന്നോട്ടു വെയ്ക്കുന്ന കാരണങ്ങൾ മേൽപറഞ്ഞവയാണ്.

13941158_831248623643328_1525305497_n

ഈ ന്യായവാദങ്ങളുടെ നിലനിൽപ്പാണ് ചോദ്യം ചെയ്യപ്പെടുന്നത്. കൂടുതൽ അന്വേഷണം നടത്തിയാലേ വിമോദ് കുറ്റക്കാരനാണോ നിരപരാധിയാണോ എന്ന് തീർച്ചപ്പെടുത്താൻ പറ്റൂ. അന്വേഷണ വിധേയമായി സസ്പെൻഡു ചെയ്യുക എന്നതാണ് പ്രയോഗം തന്നെ. അന്വേഷണത്തിൽ നിരപരാധിയെന്നു തെളിഞ്ഞാൽ സസ്പെൻഷൻ പിൻവലിച്ച് സർവീസിൽ തിരിച്ചു കയറ്റും. എല്ലാ ആനുകൂല്യങ്ങളും നൽകും. അങ്ങനെയാണ് നിയമവും ചട്ടവും നടപടിക്രമവുമൊക്കെ.

വസ്തുത അതായിരിക്കെ, വിമോദിനെതിരെ നടത്തുന്ന തുടരന്വേഷണം, മുറിവിൽ ഉപ്പുപുരട്ടുന്ന പ്രക്രിയ ആകുമെന്ന് ജഡ്ജിയ്ക്ക് മുൻകൂട്ടി എങ്ങനെ വിധിയെഴുതാനാവുമെന്ന് നിയമവിദഗ്ധർക്കുതന്നെ അത്ഭുതമുണ്ട്. വിമോദ് നിരപരാധിയാണെന്നു തെളിയണമെങ്കിലും അന്വേഷണം ആവശ്യമാണ്.

വിമോദ് ഒരു പോലീസുദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്റെ സഹപ്രവർത്തകർ തന്നെയാണ് അന്വേഷണം നടത്തുന്നത്. ഈ അന്വേഷണം ആവശ്യമില്ലെന്ന നിലപാടിലേയ്ക്കെത്താൻ ഹൈക്കോടതിയെ പ്രേരിപ്പിച്ച ഘടകം ഒട്ടും ദുരുഹമല്ല. അന്വേഷണം സംബന്ധിച്ച റിപ്പോർട്ടോ നിഗമനങ്ങളോ ഒന്നും എജിയോടോ മറ്റോ ഹൈക്കോടതി അന്വേഷിച്ചതുപോലുമില്ല. വാദം കേട്ട ഉടനെ അസ്വാഭാവികമായ കാരണങ്ങൾ നിരത്തി പരാതിക്കാരന്റെ ആവശ്യം അംഗീകരിക്കുകയാണ് കോടതി ചെയ്തത്.

13900769_831248723643318_164985225_n

ഇവിടെയാണ് നൂറ്റിയൊന്ന് അഭിഭാഷകരുടെ വക്കാലത്തിന് പ്രസക്തിയേറുന്നത്. കേരളത്തിലെ നീതിന്യായ സംവിധാനം മുഴുവൻ മാധ്യമപ്രവർത്തകനെ കൈയേറ്റം ചെയ്ത എസ്ഐയ്ക്ക് അനുകൂലമായ നിലപാടു സ്വീകരിക്കുന്നുവെന്നു വേണം കരുതാൻ.

സംഭവദിവസം ഉച്ച തിരിഞ്ഞ് വിമോദ് സ്റ്റേഷനിൽ കാട്ടിക്കൂട്ടിയ പരാക്രമങ്ങളാണ് സസ്പെൻഷനിലേയ്ക്ക് എത്തിച്ചത്. രാവിലെ കോടതിയ്ക്കുള്ളിൽ നടന്ന സംഭവങ്ങളുടെ പേരിൽ ഈ പോലീസുദ്യോഗസ്ഥനെ മാറ്റിനിർത്തുമെന്ന് ഡിജിപി തന്നെ വ്യക്തമാക്കിയതുമാണ്. പോലീസ് ചീഫ് അക്കാര്യം പരസ്യമായി അറിയിച്ചിട്ടും വിമോദ് സ്റ്റേഷനിലെത്തി വീണ്ടും കൈയേറ്റത്തിനു മുതിർന്നുവെന്നാണ് ആരോപണം. ഇതിന്റെ പേരിലായിരുന്നു സസ്പെൻഷൻ. തീർച്ചയായും വിശദമായ അന്വേഷണം ആവശ്യപ്പെടാനുളള എല്ലാ സാഹചര്യങ്ങളും ഇവിടെയുണ്ട്.

കോഴിക്കോട് ജില്ലാ ജഡ്ജിയുടെ നിർദ്ദേശം അനുസരിച്ച് ഗവ. പബ്ലിക് പ്രോസിക്യൂട്ടറാണ് കോടതി വളപ്പിൽനിന്ന് മാധ്യമപ്രവർത്തകരെ പുറത്താക്കണമെന്ന നിർദ്ദേശം പോലീസിന് നൽകിയത് എന്ന് വാർത്തയുണ്ടായിരുന്നു. എന്നാൽ വിവാദം ഉദ്ദേശിക്കാത്ത നിലയിലേയ്ക്ക് വളർന്നതോടെ ജില്ലാ ജഡ്ജി കൈകഴുകിയെന്ന് അഭിഭാഷകർ സ്വകാര്യമായി സമ്മതിക്കുന്നു. അക്കാര്യം സത്യമാണെങ്കിൽ ജില്ലാ ജഡ്ജിയുടെ നിർദ്ദേശം നടപ്പാക്കേണ്ട ബാധ്യതയുളള ഉദ്യോഗസ്ഥൻ എന്ന നിലയിൽ തന്റെ കർത്തവ്യം നിർവഹിക്കുക മാത്രമാണ് എസ്ഐ ചെയ്തത്. ഇക്കാര്യത്തെക്കുറിച്ച് നേരിട്ടു ധാരണയുള്ളതുകൊണ്ടാണോ പോലീസ് ഉദ്യോഗസ്ഥനെതിരെയുള്ള അന്വേഷണം ഹൈക്കോടതി തടഞ്ഞത് എന്ന ചോദ്യവും പ്രസക്തമാണ്.

13936583_831248863643304_1596029510_n

എങ്കിലും, അന്ന് ഉച്ചയ്ക്കു ശേഷം സ്റ്റേഷനിൽ നടന്ന നാടകങ്ങളുടെ സത്യാവസ്ഥ പുറത്തുവരേണ്ടതുണ്ട്. രാവിലെ നടന്ന സംഭവങ്ങളുടെ പേരിൽ ഡിജിപി ഇടപെട്ട് മാറ്റി നിർത്തിയ ഉദ്യോഗസ്ഥൻ മറ്റാരുടെയെങ്കിലും നിർദ്ദേശ പ്രകാരമാണോ ഉച്ചയ്ക്ക് സ്റ്റേഷനിലേയ്ക്ക് മടങ്ങിയെത്തിയത്? തിരികെ വന്ന എസ്ഐ, മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തുവെന്നാണ് ആരോപണം. ഇതിന് ആരുടെയെങ്കിലും പ്രേരണയുണ്ടായിരുന്നോ?

കോടതി വളപ്പിൽ നിന്ന് പിന്മാറാനുളള നിർദ്ദേശം ജില്ലാ ജഡ്ജി യഥാർത്ഥത്തിൽ നൽകിയിട്ടുണ്ടെങ്കിൽ അതു ലംഘിച്ച മാധ്യമപ്രവർത്തകരുടേത് ഗുരുതരമായ കുറ്റമാണ്. സംഘടിതശേഷി ഉപയോഗിച്ച് മാധ്യമപ്രവർത്തകർ രക്ഷപെടുന്ന സാഹചര്യമുണ്ടെങ്കിൽ ചുരുങ്ങിയ പക്ഷം അവരെ ശാരീരികമായി കൈകാര്യം ചെയ്യുകയെങ്കിലും വേണം എന്ന് ആർക്കെങ്കിലും നിർബന്ധമുണ്ടായിരുന്നോ?

ഈ ചോദ്യങ്ങൾക്കൊക്കെ ഉത്തരം ലഭിക്കേണ്ടതുണ്ട്. അതിന് അന്വേഷണം കൂടിയേ തീരൂ. ഈ സാധ്യതയാണ് ജസ്റ്റിസ് കെമാൽ പാഷയുടെ വിധി തടയുന്നത്.

13956840_831248886976635_1367964420_n

കുറ്റപത്രത്തിലെയും അന്വേഷണത്തിലെയും പഴുതുകൾ ചൂണ്ടിക്കാട്ടാൻ അഭിഭാഷകരും അതിന് വ്യാപകമായ പ്രചാരണം നൽകാൻ മാധ്യമപ്രവർത്തകരും കൈമെയ് മറന്ന് അധ്വാനിച്ച കാലം പോയിമറയുകയാണ്. അവിടെ പ്രതിസ്ഥാനത്ത് പോലീസും ഭരണകൂടവുമായിരുന്നു.

പൌരനു നീതി ലഭിക്കാനും നീതിവാഴ്ച നിലനിൽക്കാനും പോലീസിന്റെയും ഭരണകൂടത്തിന്റെയും ഭാഷ്യം അടിപടലേ ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. അതിൽ അഭിഭാഷകരുടെ പങ്ക് നിർണായകമാണ്. നിർഭാഗ്യകരമായ കുറേ സംഭവങ്ങളുടെ പേരിൽ പോലീസും അഭിഭാഷകരും കോടതിയും ഒരുപക്ഷമായാൽ ജനാധിപത്യം പിന്നെയൊരു ചോദ്യചിഹ്നം പോലുമല്ല.