ആലത്തൂരിൽ പട്ടികവിഭാഗം കുട്ടികളുടെ ടെക്സ്റ്റ്ബുക്കും തുണിയും കത്തിച്ചു; കൊഴിഞ്ഞാമ്പാറയിൽ സോപ്പു പൊടി കലർത്തി ഭക്ഷണം കൊടുത്തു; എന്നിട്ടും നടപടിയില്ല; അയിത്തഭ്രാന്തിൽ അഴിഞ്ഞാടുന്ന മാലതി�

കൊഴിഞ്ഞാമ്പാറയിൽ എത്തിയപ്പോൾ ഒബിസി വിഭാഗത്തിൽപ്പെട്ട പാചകക്കാരിയോടായിരുന്നു മാലതിയുടെ യുദ്ധം. അവർ തൊട്ട ഒരു സാധനവും പാചകത്തിന് ഉപയോഗിക്കില്ല. താൽക്കാലിക പാചകക്കാരി തൊട്ടുവെന്നറിഞ്ഞാൽ പച്ചക്കറി, മീന്‍, പാല്‍, അരി, മാവ് തുടങ്ങിയവയെല്ലാം എടുത്ത് കളയുമായിരുന്നു. ഇതിനെതിരെ വാര്‍ഡനും മറ്റും തിരിഞ്ഞപ്പോൾ "നിങ്ങള്‍ മുകളിലേക്ക് പരാതിപ്പെട്ടോളൂ" എന്നായിരുന്നു മറുപടി.

ആലത്തൂരിൽ പട്ടികവിഭാഗം കുട്ടികളുടെ ടെക്സ്റ്റ്ബുക്കും തുണിയും കത്തിച്ചു; കൊഴിഞ്ഞാമ്പാറയിൽ സോപ്പു പൊടി കലർത്തി ഭക്ഷണം കൊടുത്തു; എന്നിട്ടും നടപടിയില്ല; അയിത്തഭ്രാന്തിൽ അഴിഞ്ഞാടുന്ന മാലതി�

പാലക്കാട്: മുണ്ടൂരിലെ പ്രീമെട്രിക് ഹോസ്റ്റലില്‍ കുട്ടികളോട് അയിത്തവും തൊട്ടുകൂടായ്മയും മറ്റു ക്രൂരതകളും കാണിച്ചതിന്റെ പേരിൽ സസ്‌പെന്‍ഷനിലായ സ്ഥിരം പാചകക്കാരി മാലതി മറ്റു ഹോസ്റ്റലുകളിലും പെരുമാറിയിരുന്നത് സമാനമായ വിധത്തില്‍. ആലത്തൂരിൽ ഒരു പത്താംക്ലാസ് വിദ്യാർത്ഥിനിയുടെ ഒമ്പതു ടെക്സ്റ്റുബുക്കുകളും വസ്ത്രങ്ങളും കത്തിച്ചു കളഞ്ഞതിന് 2009ൽ സസ്പെൻഷനിലായ ഇവർ സോപ്പു പൊടി കലർത്തിയ ഭക്ഷണം കുട്ടികൾക്കു കൊടുത്താണ് കൊഴിഞ്ഞാമ്പാറയിൽ വില്ലത്തിയായത്. കണ്ണാടിയിലും ഷൊർണൂരുമുളള പ്രീമെട്രിക് ഹോസ്റ്റലുകളിലും സമാനമായിരുന്നു ഇവരുടെ പെരുമാറ്റം. അയിത്തവും തൊട്ടുകൂടായ്മയും വെച്ചുപുലർത്തുന്ന സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് അയോഗ്യരാക്കണമെന്ന് വ്യക്തമായ വ്യവസ്ഥ നിലനിൽക്കുന്ന നാട്ടിലാണ് ജാതിവെറി മൂത്ത് അഴിഞ്ഞാടുന്ന മാലതിമാർക്ക് മേലധികാരികളുടെ വക പ്രോത്സാഹനവും പിന്തുണയും.


മുണ്ടൂരില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയില്‍ ജോലി തുടങ്ങിയ മാലതി പ്രമോഷന്‍ ലഭിച്ചാണ് സ്ഥിരം പാചകക്കാരിയുടെ പോസ്റ്റില്‍ ആലത്തൂരിലെത്തിയത്. അവിടെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന ജിജിത എന്ന കുട്ടിയുടെ വസ്ത്രങ്ങളും പുസ്തകങ്ങളും കത്തിച്ചുകളഞ്ഞുകൊണ്ട് തൽസ്വരൂപം കാണിച്ചു. തെറ്റു ചെയ്തത് ജിജിതയാണോ, ജിജിതയുടെ വസ്ത്രങ്ങളാണോ, അതോ ആ സമയത്തു വീശിയ കാറ്റാണോ എന്ന കാര്യത്തിൽ അധികാരികൾക്ക് ഇനിയും വ്യക്തതയില്ല.

സംഭവിച്ചത് ഇതാണ് - ജിജിത തന്റെ വസ്ത്രങ്ങൾ കഴുകി അയയിൽ ഉണക്കാനിട്ടു. അതേ അയയിൽ മാലതിയും തുണി വിരിച്ചു. ജിജിതയുടെ തുണി മാലതിയുടെ തുണിയിൽ മുട്ടാൻ പാടില്ല! അങ്ങനെ സംഭവിച്ചാൽ അയിത്തമാകും. അതുകൊണ്ട് സുരക്ഷിതമായ അകലത്തിലാണ് മാലതി തുണി വിരിച്ചത്. പക്ഷേ, ആ സമയത്ത് വീശിയ കാറ്റിന് ഇക്കാര്യമൊന്നും അറിയുമായിരുന്നില്ല. മാരുതന്റെ ശ്രദ്ധയില്ലായ്മ മൂലം മാലതിയുടെ തുണിയിൽ ജിജിതയുടെ തുണി മുട്ടി, അങ്ങനെ അയിത്തമായി. പണി പറ്റിച്ച മാരുതനെ കൈയിൽ കിട്ടാത്തതുകൊണ്ട് ജിജിതയെ മാലതി വെളുക്കുവോളം ശകാരിച്ചു. ശരിയാക്കി തരാം എന്നായിരുന്നു മുന്നറിയിപ്പ്.

അതിനിടെ ജിജിതയോട് പക വളർത്തിയ മറ്റൊരു സംഭവവുമുണ്ടായി. കുട്ടികൾക്ക് കുടിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളമേ കൊടുക്കാവൂ എന്ന് പ്രത്യേക നിർദ്ദേശമുണ്ടായിക്കെ പച്ചവെള്ളത്തിൽ പേരിനു ചൂടുവെള്ളം കലർത്തിയാണ് മാലതി കുട്ടികൾക്കു കുടിവെള്ളം കൊടുത്തുകൊണ്ടിരുന്നത്. ഇതേക്കുറിച്ച് ഹോസ്റ്റൽ പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥനോട് ജിജിത പരാതി പറഞ്ഞു. പത്താം ക്ലാസ്സിലെ മോഡല്‍ പരീക്ഷ നടക്കുന്ന സമയത്താണ് സംഭവം. രോഷാകുലയായ മാലതി ജിജിതയോട് പകരംവീട്ടി. പരീക്ഷയ്ക്കു പോയ സമയം നോക്കി ജിജിതയുടെ ഒമ്പത് ടെക്‌സ്റ്റ് ബുക്കുകളും വസ്ത്രവും കത്തിച്ചു കളഞ്ഞു. ഈ സംഭവത്തിലാണ് മാലതിയെ സസ്പെൻഡു ചെയ്തത്.

സസ്പെൻഷൻ കഴിഞ്ഞെത്തിയത് കൊഴിഞ്ഞാമ്പാറയിലെ ഹോസ്റ്റലിൽ. പക്ഷേ, സ്വഭാവത്തിൽ ഒരു മാറ്റവുമുണ്ടായില്ല. ഒബിസി വിഭാഗത്തിൽപ്പെട്ട താൽക്കാലിക പാചകക്കാരിക്കെതിരെ ആയിരുന്നു അങ്കം തുടങ്ങിയത്. അവർ തൊട്ട ഒരു സാധനവും പാചകത്തിന് ഉപയോഗിക്കില്ല. താൽക്കാലിക പാചകക്കാരി തൊട്ടുവെന്നറിഞ്ഞാൽ പച്ചക്കറി, മീന്‍, പാല്‍, അരി, മാവ് തുടങ്ങിയവയെല്ലാം എടുത്ത് കളയുമായിരുന്നു. ഇതിനെതിരെ വാര്‍ഡനും മറ്റും തിരിഞ്ഞപ്പോൾ 'നിങ്ങള്‍ മുകളിലേക്ക് പരാതിപ്പെട്ടോളൂ,' എന്നായിരുന്നു മറുപടി. ശീലങ്ങളെല്ലാം പഴയതു തന്നെയായിരുന്നു. കുട്ടികള്‍ തൊടുന്നതിനെ മുമ്പെ ബിസ്‌ക്കറ്റ് പാക്കറ്റു നല്‍കണം, പാല്‍ പ്രത്യേകം മാറ്റി വെക്കും. പ്രത്യേകം ഭക്ഷണം ഉണ്ടാക്കി കഴിച്ച ശേഷമേ കുട്ടികള്‍ക്ക് ഭക്ഷണം ഉണ്ടാക്കൂ. സ്ഥിരമായി മോശം ഭക്ഷണം, ഉപ്പും മുളകുമില്ലാത്ത വേവിക്കാത്ത കറികള്‍, പായസം പോലെ വേവിച്ച ചോറ് തുടങ്ങിയ സ്ഥിരമായി നല്‍കി തുടങ്ങിയപ്പോള്‍ കുട്ടികള്‍ പ്രതിഷേധം തുടങ്ങി.

പല തവണ കുട്ടികള്‍ ഒന്നടങ്കം ഭക്ഷണം കഴിക്കാതെ സമരം ചെയ്തു. കുട്ടികളുടെ പ്രതിഷേധത്തിൽ അരിശം പൂണ്ടാണ് അവർ ഭക്ഷണത്തിൽ സോപ്പു പൊടി കലർത്തിയത്. ചില കുട്ടികൾക്ക് വയറിളക്കവും മറ്റു പ്രശ്നങ്ങളും ഉണ്ടായതോടെ സമരം രൂക്ഷമായി. തുടർന്ന് പോലീസെത്തി മാലതിയെ കസ്റ്റഡിയിലെടുത്തു. പക്ഷേ, കുട്ടികളുടെ സമരം തുടർന്നു. ഒടുവിൽ ഇവരെ കൊഴിഞ്ഞാമ്പാറയിൽ നിന്ന് സ്ഥലം മാറ്റിയ ഉത്തരവ് ഇറങ്ങിയപ്പോഴാണ് കുട്ടികൾ സമരം പിൻവലിച്ചത്.

തുടര്‍ന്ന് ഇവരെ കണ്ണാടി പ്രീമെട്രിക് ഹോസ്റ്റലിലേക്കും അവിടെ നിന്നും സമാന പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഷൊര്‍ണൂര്‍ പ്രീമെട്രിക് ഹോസ്റ്റലിലേക്കും മാറ്റി. ഷൊര്‍ണൂര്‍ ഹോസ്റ്റലില്‍ ജോലി ചെയ്യുമ്പോഴും അയിത്ത പ്രശ്‌നങ്ങളും മറ്റും രൂക്ഷമായി കാണിച്ചിരുന്നു. ഇവിടേയും കുട്ടികള്‍ക്ക് ഭക്ഷണത്തില്‍ സോപ്പു പൊടി കലര്‍ത്തി കൊടുത്ത സംഭവം ആരോപിക്കപ്പെടുന്നുണ്ട്. കുട്ടികളുടെ ഭക്ഷണം തയ്യാറാക്കാന്‍ വെച്ചിരുന്ന മാവും മറ്റും അഴുക്കുചാലിലൂടെ ഒഴുക്കി കളഞ്ഞ സംഭവവും ഷൊര്‍ണൂരില്‍ ഉണ്ടായിട്ടുണ്ട്.

പിന്നീട് ഇവരെ മുണ്ടൂരിലേക്ക് മാറ്റി. ആ സമയത്ത് മുണ്ടൂരില്‍ വാച്ച്മാന് പ്രത്യേക ഔട്ട് ഹൗസ് ഇല്ലാതിരുന്നതിനാൽ കുട്ടികളുടെ ഹോസ്റ്റലില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്. അയിത്ത പ്രശ്‌നം ഇവിടേയും കാണിച്ചിരുന്നെങ്കിലും വാച്ചുമാനുമായി ഉണ്ടായ പ്രശ്‌നത്തിലാണ് ഇവരെ ഇവിടെ നിന്നും തൃത്താലയിലേക്ക് സ്ഥലം മാറ്റിയത്. തൃത്താലയില്‍ നിന്നാണ് ഇവര്‍ വീണ്ടും സസ്‌പെന്‍ഷനിലാവുന്നതിന് മുമ്പായി മുണ്ടൂരിലെത്തുന്നത്.

മുണ്ടൂരില്‍ കുട്ടികളോട് കാണിച്ചിരുന്ന ക്രൂരതകളെ കുറിച്ച് കുട്ടികളും, ഹോസ്റ്റലിലെ മറ്റ് ജീവനക്കാരും പരാതിപ്പെട്ടതിനെ തുടർന്ന് ഇവർക്കെതിരെ നടപടിയെടുക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രമേയം പാസ്സാക്കി ആവശ്യപ്പെട്ടിരുന്നു. എന്നിട്ടുപോലും നടപടിയെടുക്കാന്‍ ബന്ധപ്പെട്ട അധിക്യതര്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ പത്ത് മാസക്കാലം അവര്‍ക്കെതിരെ പരാതികളുടെ പ്രവാഹമായിട്ടും അവരെ സംരക്ഷിച്ചു നിര്‍ത്തുകയാണ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഉള്‍പ്പടെയുള്ളവര്‍ ചെയ്തത്. ഒടുവില്‍ നാരദാ വാര്‍ത്തയെ തുടര്‍ന്നാണ് മന്ത്രി ഇടപെട്ട് അവരെ സസ്‌പെന്‍ഡ് ചെയ്തത്. അപ്പോഴും ഇവർക്കെതിരെ ഒരു പരാതിയും കിട്ടിയിട്ടില്ലെന്നായിരുന്നു ജില്ലാ ഓഫീസറുടെ നിലപാട്.

മുണ്ടൂർ പ്രീമെട്രിക് ഹോസ്റ്റൽ വിഷയത്തിൽ നാദരാ ന്യൂസ് പ്രസിദ്ധീകരിച്ച മുൻ വാർത്തകൾ

Read More >>