'ഇസ്ലാമോഫോബിയയ്ക്ക് കാരണം ട്രംപും അയാളുടെ നാടകവും'; അമേരിക്കയില്‍ വ്യാപക പ്രതിഷേധം

ആയിരങ്ങളാണ് അകോഞ്ജിയുടേയും താറഉദ്ദീന്റേയും സംസ്‌കാരത്തില്‍ പങ്കെടുക്കാനെത്തിയത്. അമേരിക്കയില്‍ മുസ്ലീങ്ങള്‍ക്ക് നേരെ വര്‍ധിച്ചു വരുന്ന അക്രമങ്ങള്‍ക്കെതിരേയും ഇസ്ലാമോഫോബിയക്കെതിരെയും ശക്തമായ പ്രതിഷേധമാണ് സംസ്‌കാര ചടങ്ങിനിടെ നടന്നത്.

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മുസ്ലീം പുരോഹിതനും സഹായിയും വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം. ന്യൂയോര്‍ക്കില്‍ പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങവേയാണ് ഇമാം മൗലാന അകോഞ്ജി (55), താറഉദ്ദീന്‍(64) എന്നിവര്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ഓസ്‌കാര്‍ മൊറിലി(35)തിരെ പോലീസ് ഇരട്ട കൊലപാതകത്തിന് കേസെടുത്തു. ഇയാള്‍ക്കെതിരെ ആയുധം കൈവശം വെച്ചതിനും കേസെടുത്തിട്ടുണ്ട്.


ആയിരങ്ങളാണ് അകോഞ്ജിയുടേയും താറഉദ്ദീന്റേയും സംസ്‌കാരത്തില്‍ പങ്കെടുക്കാനെത്തിയത്. വംശീയ വിദ്വേഷമാണ് കൊലപാതക കാരണമെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് ആളുകള്‍ മാര്‍ച്ച് നടത്തി. 'മുസ്ലീങ്ങളുടെ ജീവിത പ്രശ്‌നം' എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് ആളുകള്‍ മാര്‍ച്ച് നടത്തിയത്.

അമേരിക്കയില്‍ മുസ്ലീങ്ങള്‍ക്ക് നേരെ വര്‍ധിച്ചു വരുന്ന അക്രമങ്ങള്‍ക്കെതിരേയും ഇസ്ലാമോഫോബിയക്കെതിരെയും ശക്തമായ പ്രതിഷേധമാണ് സംസ്‌കാര ചടങ്ങിനിടെ നടന്നത്.

'ഞങ്ങള്‍ അഞ്ച് നേരം നിസ്‌കരിക്കുന്നവരാണ്. ജീവന്‍ അപകടത്തിലാണെന്ന് ഭയമുണ്ട്. ഞങ്ങള്‍ക്ക് സംരക്ഷണം വേണം' എന്ന് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്ലാം രീതിയില്‍ വസ്ത്രധാരണം ചെയ്തതിന്റെ പേരിലാണ് കൊലപാതകം നടന്നതെന്നും ഇത് വംശീയ വിദ്വേഷമാണിതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

മുസ്ലീങ്ങളെ കടന്നാക്രമിക്കുന്ന അമേരിക്കന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെയും വ്യാപകമായി പ്രതിഷേധം ഉയര്‍ന്നു. മുസ്ലീങ്ങള്‍ക്കെതിരെയുള്ള ആക്രമങ്ങള്‍ക്ക് കാരണം ഡൊണാള്‍ഡ് ട്രംപും അയാള്‍ ഉണ്ടാക്കിയ ഇസ്ലാമോഫോബിയ എന്ന നാടകവുമാണെന്ന് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ഖയ്‌റുല്‍ ഇസ്ലാം ആരോപിച്ചു.

ഇസ്ലാം മതവിശ്വാസികള്‍ക്കെതിരെ നിരവധി തവണ ട്രംപ് ആക്ഷേപങ്ങള്‍ ഉന്നയിച്ചിരുന്നു. യുഎസില്‍ മുസ്ലീങ്ങളെ പ്രവേശിക്കരുതെന്നും പല തവണ ആവശ്യപ്പെട്ട ട്രംപിനെതിരെ വ്യാപകമായ പ്രതിഷേധമാണ് അമേരിക്കയില്‍ ഉയരുന്നത്.

Read More >>