മക്കയില്‍ ക്രെയിന്‍ തകര്‍ന്നുവീണ സംഭവത്തില്‍ സൗദി വിചാരണ ആരംഭിച്ചു

വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുമുള്ള 14 പേര്‍ക്കെതിരെയാണ്‌ കുറ്റം ചുമത്തിയിട്ടുള്ളത്‌.

മക്കയില്‍ ക്രെയിന്‍ തകര്‍ന്നുവീണ സംഭവത്തില്‍ സൗദി വിചാരണ ആരംഭിച്ചു

റിയാദ്‌: നൂറുകണക്കിന്‌ ആള്‍ക്കാരുടെ മരണത്തിനിടയാക്കിയ മക്കാ ക്രെയിന്‍ ദുരന്തത്തില്‍ സൗദി വിചാരണ ആരംഭിച്ചു. 14 പേരുടെ വിചാരണയാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌ എന്ന്‌ ജിദ്ദയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

മരണത്തിലേക്ക്‌ നയിക്കാനിടയായ അനാസ്ഥ, പൊതുമുതല്‍ നശിപ്പിക്കല്‍, സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം എന്നീ കുറ്റങ്ങളാണ്‌ ഇവര്‍ക്കുനേരെ ആരോപിക്കപ്പെട്ടിട്ടുള്ളത്‌.

ഫിലിപ്പീന്‍, കാനഡ, പാക്കിസ്ഥാന്‍, മറ്റു അറബ്‌ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആള്‍ക്കാരും, സൗദിയിലെ ഏതാനും ധനികരും കുറ്റാരോപിതരില്‍ ഉള്‍പ്പെടും എന്ന്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.


മക്കയിലെ ഗ്രാന്റ്‌ മോസ്‌ക്കില്‍ ഉണ്ടായ ദുരന്തത്തില്‍ തീര്‍ഥാടനത്തിനായി വന്ന വിദേശികള്‍ ഉള്‍പ്പെടെ 108 പേര്‍ കൊല്ലപ്പെടുകയും 400ഓളം പേര്‍ക്ക്‌ പരിക്കേല്‍ക്കുയും ചെയ്‌തിരുന്നു.

സൗദിയിലെ ബിന്‍ലാദിന്‍ ഗ്രൂപ്‌ എന്ന നിര്‍മാണക്കമ്പനിയുടെ ക്രെയിന്‍ ആയിരുന്നു തകര്‍ന്ന്‌ വീണിരുന്നത്‌. ഈ കമ്പനിക്ക്‌ ദുരന്തത്തിന്റെ ഉത്തരവാദിത്വം ഉണ്ടെന്നും, കുറ്റക്കാരാണെന്നും, സൗദി രാജാവായ സല്‍മാന്‍ വിധിച്ചിരുന്നു. എന്നാല്‍ കമ്പനി ഇത്‌ നിഷേധിക്കുകയായിരുന്നു.