അറ്റകുറ്റപ്പണി പൂർത്തിയായി; ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു

പാളം തെറ്റിയതിനെ തുടര്‍ന്ന് താറുമാറായ ട്രെയിൻ ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചു.

അറ്റകുറ്റപ്പണി പൂർത്തിയായി; ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു

അങ്കമാലി: പാളം തെറ്റിയതിനെ തുടര്‍ന്ന് താറുമാറായ ട്രെയിൻ ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചു.അങ്കമാലി കറുകുറ്റി സ്റ്റേഷനിലെ ഇരുട്രാക്കുകളിലെയും അറ്റകുറ്റപ്പണികൾ പൂർത്തിയായി. തിരുവനന്തപുരം ഭാഗത്തേക്കുള്ള ഒന്നാം ട്രാക്കിലൂടെയുള്ള ഗതാഗതം ഇന്നു പുലർച്ചയോടെയും തൃശൂർ ഭാഗത്തേക്കുള്ളത് രാവിലെ 7.15 ഓടെയുമാണ് പുനഃസ്ഥാപിച്ചത്.

ഇന്നലെ പുലർച്ചെ 2.16നു കറുകുറ്റി സ്റ്റേഷനിലാണ് തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ് പാളം തെറ്റിയത്. 23 കോച്ചുകളുള്ള ട്രെയിനിന്റെ 12 കോച്ചുകൾ പാളം തെറ്റി. ആയിരത്തി അഞ്ഞൂറോളം യാത്രക്കാരാണു ട്രെയിനിലുണ്ടായിരുന്നത്. ആളപായമില്ല. ഒരു യാത്രക്കാരിക്കു പരുക്കേറ്റു.

രണ്ടു ട്രെയിനുകൾ ഒരേസമയം സ്റ്റേഷൻ കടന്നുപോകുന്ന സമയമായിരുന്നെങ്കിലും റെയിൽവേ ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ വൻദുരന്തം ഒഴിവാക്കി. പാളത്തിലെ വിള്ളലാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം. അട്ടിമറി സാധ്യതയില്ലെന്നു റെയിൽവേ അധികൃതർ പറഞ്ഞു.

Read More >>