അനുവാദം കൂടാതെ ചിത്രങ്ങള്‍ പകര്‍ത്തി; ദയവായി കേസിന് പോകരുതെന്ന് അഭ്യര്‍ത്ഥിച്ചു; വഴങ്ങാതെയായപ്പോള്‍ ഭീഷണിപ്പെടുത്തി: ഷാജി ജേക്കബിനെതിരെ ആരോപണങ്ങളുമായി പെണ്‍കുട്ടി

തങ്ങള്‍ രണ്ടു പേരും വരാന്തയില്‍ നില്‍ക്കുമ്പോഴാണ് ഷാജി ജേക്കബ് സാര്‍ ഫോണുമായി ഞങ്ങളുടെ പുറകിലൂടെ നടക്കുന്നത് കണ്ടത്. പിറ്റേ ദിവസം ഞങ്ങള്‍ സാറിനോട് ഈ കാര്യം നേരിട്ട് ചോദിക്കുകയും എന്നാല്‍ സാര്‍ ആദ്യം ഇത് നിഷേധിക്കുകയും ചെയ്തെന്ന് പരാതിക്കാരിയായ പെൺകുട്ടി പറഞ്ഞു. തുടര്‍ന്നും ചോദ്യം ചെയ്തപ്പോള്‍ വീഡിയോയും ചിത്രങ്ങളും ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെന്നും ഇത് ഒരിക്കലും ദുരുപയോഗിക്കില്ലെന്നും ദയവായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്നും സാര്‍ ഞങ്ങളോട് പറഞ്ഞു.

അനുവാദം കൂടാതെ ചിത്രങ്ങള്‍ പകര്‍ത്തി; ദയവായി കേസിന് പോകരുതെന്ന് അഭ്യര്‍ത്ഥിച്ചു; വഴങ്ങാതെയായപ്പോള്‍ ഭീഷണിപ്പെടുത്തി: ഷാജി ജേക്കബിനെതിരെ ആരോപണങ്ങളുമായി പെണ്‍കുട്ടി

കൊച്ചി: വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയ കേസില്‍ കാലടി സര്‍വകലാശാലാ അധ്യാപകനും ആനുകാലികങ്ങളില്‍ കോളമിസ്റ്റുമായ ഷാജി ജേക്കബിനെതിരെ കൂടുതല്‍ പരാതികളുമായി പരാതിക്കാരായ പെണ്‍കുട്ടികള്‍ രംഗത്ത്. തങ്ങള്‍ രണ്ടു പേരും വരാന്തയില്‍ നില്‍ക്കുമ്പോഴാണ് ഷാജി ജേക്കബ് സാര്‍ ഫോണുമായി ഞങ്ങളുടെ പുറകിലൂടെ നടക്കുന്നത് കണ്ടത്. ഒരു അധ്യാപകനില്‍ നിന്ന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കാത്തതിനാല്‍ ഈ കാര്യം ശ്രദ്ധിച്ചിരുന്നില്ലെന്നും കാലടി സംസ്കൃത സർവ്വകലാശാലയുടെ തുറവൂര്‍ സെന്ററിലെ വിദ്യാര്‍ത്ഥിനിയായ പരാതിക്കാരിലൊരാൾ നാരദാ ന്യൂസിനോട് പറഞ്ഞു.


പിറ്റേ ദിവസം ഒരു ജൂനിയര്‍ പെണ്‍കുട്ടിയും അധ്യാപികയും ഷാജി സര്‍ ഞങ്ങളുടെ വീഡിയോയും ചിത്രങ്ങളും പകര്‍ത്തുന്നത് കണ്ടതായി പറഞ്ഞതിനെ തുടര്‍ന്ന്  ഞങ്ങള്‍ സാറിനോട് ഈ കാര്യം നേരിട്ട് ചോദിക്കുകയും എന്നാല്‍ സാര്‍ ആദ്യം ഇത് നിഷേധിക്കുകയും ചെയ്തെന്ന് പരാതിക്കാരിയായ പെൺകുട്ടി പറഞ്ഞു. തുടര്‍ന്നും ചോദ്യം ചെയ്തപ്പോള്‍ വീഡിയോയും ചിത്രങ്ങളും ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെന്നും ഇത് ഒരിക്കലും ദുരുപയോഗിക്കില്ലെന്നും ദയവായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്നും സാര്‍ ഞങ്ങളോട് പറയുകയും ചെയ്തു. ഷാജി സാര്‍ അങ്ങനെയൊന്നും പെരുമാറുന്ന ഒരാളല്ലെന്നും സാറിനെ നന്നായി ഞങ്ങള്‍ക്ക് അറിയാമെന്നുമാണ് കോളേജിലെ അധ്യാപികമാര്‍ ഞങ്ങളെ കണ്ടു വന്നു പറഞ്ഞത്. ദയവായി കേസ് നല്‍കരുതെന്നും അധ്യാപികമാര്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. ഒരിക്കല്‍ ഒരു പെണ്‍കുട്ടിയെ അപമാനിച്ചതുമായി ബന്ധപ്പെട്ട പരാതി നിലനിൽക്കുന്ന ഒരാള്‍ക്കു വേണ്ടി ഇവര്‍ക്കെങ്ങനെയാണ് ഞങ്ങളോട് സംസാരിക്കാനാകുകയെന്ന് ഓര്‍ത്ത് തങ്ങള്‍ക്ക് അത്ഭുതം തോന്നിയെന്നും പരാതിക്കാരി പറഞ്ഞു.

സംഭവത്തില്‍ വിസിയ്ക്കു വാക്കാല്‍ പരാതി നല്‍കിയെന്ന് അറിഞ്ഞ ഷാജി ജേക്കബും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ അധ്യാപകരും തങ്ങളെ ഭീഷണിപ്പെടുത്തി.

സ്ഥാപനത്തിലെ തന്റെ സ്വാധീനമുപയോഗിച്ച് പരാതിയുമായി മുന്നോട്ടു പോകാതിരിക്കാന്‍ ഷാജി ജേക്കബ് ശ്രമിച്ചു. നേരിട്ടും മറ്റു ചില അദ്ധ്യാപകര്‍ മുഖേനയുമാണ് അദ്ദേഹം ഇതു ചെയ്യുന്നതെന്നും, ബിബിത, നിര്‍മ്മല, സുധര്‍മ്മിണി എന്നീ അദ്ധ്യാപകരാണ് ഇതിനു നേതൃത്വം നല്‍കുന്നതെന്നും പരാതിക്കാരി പറഞ്ഞു.

ഇതിനെല്ലാം പുറമേ ആഗസ്റ്റ് 19-നു ക്യാമ്പസ് വിട്ടു പുറത്തിറങ്ങിയ തന്നെ ബെക്കിലെത്തിയ രണ്ടു പേര്‍ തടഞ്ഞു നിര്‍ത്തി പഠിക്കാന്‍ സമ്മതിക്കില്ലെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പരാതിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതെന്നും അവർ നാരദാന്യൂസിനോടു വ്യക്തമാക്കി.

അതേ സമയം ഷാജി ജേക്കബിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു എന്ന നിലയിൽ പ്രചരിച്ച വാർത്ത ശരിയല്ലെന്ന് കുത്തിയതോട് എസ്ഐ അഭിലാഷ് നാരദാ ന്യൂസിനോടു പറഞ്ഞു. അദ്ധ്യാപകനെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചുവെന്ന് ക്യാമ്പസിൽ നിന്നു പരാതി ലഭിച്ചപ്പോൾ അദ്ദേഹത്തെ രക്ഷിച്ച് ആശുപത്രിയിൽ കൊണ്ടുപോവുകയാണു ചെയ്തത്. ആ സമയത്ത് വിദ്യാർത്ഥിനികളുടെ പരാതി ലഭിച്ചിരുന്നില്ലെന്നും അഭിലാഷ് കൂട്ടിച്ചേർത്തു. ഷാജി ജേക്കബിനെ പോലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ പരാതിയില്‍ അദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇത് ജാമ്യം ലഭിക്കാവുന്ന കേസ് ആണെന്നും എസ്‌ഐ വിശദീകരിച്ചു.

എന്നാൽ തങ്ങൾ ഇന്നലെയാണു പൊലീസിൽ നേരിട്ടു പരാതിപ്പെട്ടത് എന്നു സ്ഥിരീകരിച്ച വിദ്യാർത്ഥിനികൾ, ഓഗസ്റ്റ് 16നു തന്നെ തങ്ങൾ വിസിക്കു പരാതി നൽകിയിരുന്നതായും പത്തുദിവസമായിട്ടും അതിൽ നടപടി ഉണ്ടാകാഞ്ഞതിനാലാണ് പൊലീസിൽ നേരിട്ടു പരാതിപ്പെടേണ്ട സാഹചര്യം ഉണ്ടായതെന്നും നാരദാ ന്യൂസിനോടു പറഞ്ഞു. ഇക്കാര്യത്തിൽ സർവ്വകലാശാല പൊലീസിന് പരാതി കൈമാറേണ്ടിയിരുന്നതാണെന്നും പരാതിക്കാരായ പെൺകുട്ടികൾ പ്രതികരിച്ചു.

Read More >>