പിറന്നാളാഘോഷവും വകുപ്പുമന്ത്രിയുമായുളള ശീതസമരവും വിനയായി: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയെ നീക്കാന്‍ തീരുമാനം

ഗതാഗതമന്ത്രിക്ക് പുറമേ മന്ത്രിയുടെ പാര്‍ട്ടിയും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കെതിരെ പരസ്യ നിലപാട് എടുത്തത് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുകയായിരുന്നു. ജന്‍മദിനാഘോഷ വിവാദത്തില്‍ ചീഫ് സെക്രട്ടറി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടും നിര്‍ണായകമായി.

പിറന്നാളാഘോഷവും വകുപ്പുമന്ത്രിയുമായുളള ശീതസമരവും വിനയായി: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയെ നീക്കാന്‍ തീരുമാനംതിരുവനന്തപുരം: ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി ശീതസമരത്തിലായിരുന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്തു നിന്നു നീക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജന്‍മദിനാഘോഷത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളും വകുപ്പു മന്ത്രിയുമായുളള സ്വരചേര്‍ച്ചയില്ലായ്മയും തച്ചങ്കരിക്ക് വിനയായി. ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ നല്‍കിയ പരാതിയിലാണ് പുറത്താക്കാന്‍ തീരുമാനം.


ഗതാഗതമന്ത്രിക്ക് പുറമേ മന്ത്രിയുടെ പാര്‍ട്ടിയും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കെതിരെ പരസ്യ നിലപാട് എടുത്തത് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുകയായിരുന്നു. ജന്‍മദിനാഘോഷ വിവാദത്തില്‍ ചീഫ് സെക്രട്ടറി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടും നിര്‍ണായകമായി. പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി എഡിജിപി എസ് ആനന്ദ് കൃഷ്ണനെ നിയോഗിച്ചു. ഗതാഗതമന്തിയുടെയും എന്‍സിപിയുടെയും ശക്തമായ സമ്മര്‍ദ്ദത്തിന് മുഖ്യമന്ത്രി വഴങ്ങുകയായിരുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇടതു മുന്നണി അധികാരത്തില്‍ എത്തിയതിനു തൊട്ടു പിന്നാലെ തച്ചങ്കരി കൈകൊണ്ട പല നിലപാടുകളും വിവാദങ്ങളില്‍ ഇടം പിടിച്ചത് സര്‍ക്കാരിനെയും സിപിഐഎമ്മിനെയും പ്രതിരോധത്തിലാക്കിയിരുന്നു.

ഹെല്‍മെറ്റ് ഇല്ലാത്ത ഇരുചക്ര വാഹന യാത്രികര്‍ക്ക് പെട്രോള്‍ നിഷേധിച്ചതും തന്റെ പിറന്നാള്‍ ആഘോഷത്തിനോടനുബന്ധിച്ച് ആർടിഒ ഓഫീസുകളില്‍ മധുര വിതരണം ചെയ്യാന്‍ ഉത്തരവിട്ടതും വന്‍ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്. മന്ത്രിയോട് ആലോചിക്കാതെയാണ് തച്ചങ്കരി പല തീരുമാനങ്ങളും കൈകൊണ്ടതെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ സാധൂകരിക്കുന്ന രീതിയില്‍ പരസ്യ വിമര്‍ശനങ്ങളുമായി എകെ ശശീന്ദ്രന്‍ പല തവണ രംഗത്തെത്തുകയും ചെയ്തു. തുടര്‍ച്ചയായി വകുപ്പ് മന്ത്രിക്കും സര്‍ക്കാരിനും അവമതിപ്പ് ഉണ്ടാക്കിയ സാഹചര്യത്തില്‍ വകുപ്പു മന്ത്രി തന്നെ നേരിട്ടു മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. രണ്ടു ദിവസം മുന്‍പാണ് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ശശീന്ദ്രന്‍ തന്റെ ആവശ്യം ഉന്നയിച്ചത്. മന്ത്രിയും കമ്മീഷണറും തമ്മില്‍ കഴിഞ്ഞ കുറെ നാളുകളായി പല കാര്യങ്ങളിലും അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ടായിരുന്നു. തച്ചങ്കരി വകുപ്പു മന്ത്രിയെ മറികടന്നു മുന്നോട്ടു പോകുന്നതായി എന്‍സിപിയും വകുപ്പുമന്ത്രിയും തുടര്‍ച്ചയായി ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം.

തച്ചങ്കരിയുടെ പല നിലപാടുകളും സര്‍ക്കാരിനും ഗതാഗത വകുപ്പിനും തലവേദന ഉണ്ടാക്കിയിരുന്നു. മധുരവിതരണം സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങളില്‍ എകെ ശശീന്ദ്രന്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ച് തന്നെ തച്ചങ്കരി പരസ്യമായി മാപ്പു പറഞ്ഞിരുന്നുവെങ്കിലും അതൊന്നും വകുപ്പു മന്ത്രിയെ തണുപ്പിച്ചിരുന്നില്ല. നല്ല ഉദ്ദേശ്യത്തിലാണ് മധുര വിതരണം നടത്തിയതെന്നും താന്‍ പുതുമകള്‍ കൊണ്ടു വരാന്‍ ശ്രമിക്കുന്നയാളാണെന്നും എന്നാല്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നുമായിരുന്നു തച്ചങ്കരിയുടെ വിശദീകരണം. അധികാരം ഉപയോഗിച്ചും ജനങ്ങളോട് ഏറ്റുമുട്ടിയല്ല നിയമങ്ങള്‍ നടപ്പിലാക്കേണ്ടതെന്നും ജനകീയ പങ്കാളിത്തതോടെ നിയമങ്ങള്‍ നടപ്പാക്കുന്നതിനാലാണ് സര്‍ക്കാരിന് താത്പര്യമെന്നും മന്ത്രി എകെ ശശീന്ദ്രന്‍ തച്ചങ്കരിക്ക് മറുപടി നല്‍കിയിരുന്നു.