ജന്മദിനാഘോഷ വിവാദം: തെറ്റെന്തെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല; തച്ചങ്കരി പരസ്യമായി ഖേദം പ്രകടിപ്പിച്ചു

ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പങ്കെടുത്ത പൊതുപരിപാടിയിലായിരുന്നു തച്ചങ്കരിയുടെ ഖേദപ്രകടനം

ജന്മദിനാഘോഷ വിവാദം: തെറ്റെന്തെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല; തച്ചങ്കരി പരസ്യമായി ഖേദം പ്രകടിപ്പിച്ചു

കോഴിക്കോട്: ജന്മദിനാഘോഷ വിവാദത്തില്‍ ഗതാഗത കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി പരസ്യമായി ഖേദം പ്രകടിപ്പിച്ചു. മോട്ടോര്‍വാഹന വകുപ്പ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച റോഡ് സുരക്ഷ ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടന വേദിയിലായിരുന്നു തച്ചങ്കരി ഖേദപ്രകടനം നടത്തിയത്. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

നല്ല ഉദ്ദേശ്യത്തിലായിരുന്നു താന്‍ മധുരം നല്‍കിയത്. ആഘോഷത്തെ കേരളത്തിലെ ജനങ്ങള്‍ തെറ്റായാണ് മനസ്സിലാക്കിയത്. സ്വന്തം പണം ഉപയോഗിച്ചാണ് താന്‍ മധുരം വിളമ്പിയത്. ഗതാഗത മന്ത്രിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെ എന്റെ ഉന്നമനം ആഗ്രഹിക്കുന്നവര്‍ എല്ലാം അത് തെറ്റാണെന്നും ഒഴിവാക്കാമായിരുന്നുവെന്നും പറഞ്ഞു.


താന്‍ ചെയ്ത തെറ്റെന്തെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല. മുതലാളിത്ത വ്യവസ്ഥിതിയിലുള്ള ഒരു ഉദ്യോഗസ്ഥന്റെ ഹുങ്കായി മാത്രമേ പിറന്നാളാഘോഷം പരിഗണിക്കപ്പെടുകയുള്ളൂ എന്നാണ് ഒരു അഭ്യുദായകാംക്ഷി തന്നോട് പറഞ്ഞതെന്നും തച്ചങ്കരി പറഞ്ഞു.

നല്ല ഉദ്ദേശത്തോടെ താന്‍ ചെയ്ത കാര്യം കേരളത്തിന്റെ മണ്ണില്‍ ഏറ്റില്ല. അതിനാല്‍ ഖേദപ്രകടനം നടത്തുന്നുവെന്നും തുടര്‍ന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ ജാഗ്രത പുലര്‍ത്തുമെന്നും തച്ചങ്കരി പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ എല്ലാ ഓഫീസുകളിലും തച്ചങ്കരിയുടെ പിറന്നാള്‍ ആഘോഷിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.

Read More >>