ദക്ഷിണ കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു; 82,000 പേരെ ഒഴിപ്പിച്ചു

കാട്ടില്‍ തീ പടരാന്‍ ഇടയാക്കിയ കുറ്റത്തിന്‌ ഡാമില്‍ പാഷില്‍ക്ക്‌ എന്ന നാൽപ്പതുകാരനെ പോലീസ്‌ അറസ്‌റ്റുചെയ്‌തു.

ദക്ഷിണ കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു; 82,000 പേരെ ഒഴിപ്പിച്ചു

ലോസ്‌ ആഞ്ചലസ്‌: ദക്ഷിണ കാലിഫോര്‍ണിയന്‍ മലനിരകളില്‍ കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന്‌ പ്രദേശവാസികളായ 82,000 പേരെയും അധികൃതർ ഒഴിപ്പിച്ചു. ഇതുവരെ 18,000 ഏക്കര്‍ ഭൂപ്രദേശമാണ്‌ കാട്ടുതീയില്‍ കത്തിയമര്‍ന്നത്‌. എഴുന്നൂറോളം ഫയര്‍ ഫോഴ്‌സ്‌ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന്‌ തീ അണക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌. ശക്തമായ കാറ്റ്‌ വീശുന്നതിനാല്‍ തീ അതിവേഗത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും, ഇത്‌ ഫയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ വളരെയേറെ പ്രയാസം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും യു എസ്‌ ഫയര്‍ഫോഴ്‌സ്‌ വക്താവ്‌ പറഞ്ഞു. ആളപായമൊന്നും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.


വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനിടെ രണ്ട്‌ ഫയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്ഥര്‍ അപകടത്തില്‍ പെട്ടു. പിന്നീട്‌ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ലാസ്‌ വേഗാസിനെയും ലോസ്‌ ആഞ്ചലസ്സിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാതയ്‌ക്ക്‌ സമീപത്തേക്ക്‌ തീ പടരാനുള്ള സാധ്യത മുൻനിർത്തി ഈ പാത അടച്ചിടാനും ആലോചനയുണ്ട്.

ലോസ്‌ ആഞ്ചലസ്സില്‍ നിന്നും 75 കിലോമീറ്റര്‍ അകലെയുള്ള റൈറ്റ്‌വുഡ്‌ പ്രദേശത്തെ മുഴുവന്‍ വീടുകളിലെ ആളുകളെയും മാറ്റി പാര്‍പ്പിച്ചുകഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.

അതിനിടെ കാട്ടില്‍ തീ പടരാന്‍ ഇടയാക്കിയ കുറ്റത്തിന്‌ ഡാമില്‍ പാഷില്‍ക്ക്‌ എന്ന 40 കാരനെ പോലീസ്‌ അറസ്‌റ്റുചെയ്‌തു.