ഈ ഓണം നായ്ക്കൾക്കും രഞ്ജിനി ഹരിദാസിനും സമർപ്പിക്കുന്നു

ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാന്‍ പലപ്പോഴും ചരക്ക് ലോറിയായിരുന്നു ശരണം. പഞ്ചാബിലെ അസ്വസ്ഥതകള്‍ക്ക് ശേഷം രാത്രി 11 മണി കഴിഞ്ഞാല്‍ ബസ് സര്‍വീസ് ഉണ്ടായിരുന്നില്ല. ഓട്ടോയോ ടാക്സിയോ വിളിക്കാം എന്ന് കരുതിയാലും എന്‍റെ പോക്കറ്റ് അതിന് അനുവദിച്ചിരുന്നില്ല.

ഈ ഓണം നായ്ക്കൾക്കും രഞ്ജിനി ഹരിദാസിനും സമർപ്പിക്കുന്നു

ചിങ്ങം ഒന്ന് പിറന്നതോടെ ഓണത്തപ്പനേയും ഓണത്തേയും വരവേല്‍ക്കാന്‍ മലയാളി തയ്യാറായിക്കഴിഞ്ഞിരിക്കുന്നു. പക്ഷെ ഇത്തവണത്തെ സ്പെഷ്യല്‍ വിഭവം തൂശനിലയില്‍ വിളമ്പാന്‍ കഴിയുന്ന ഒന്നല്ലെന്ന് മാത്രം. മാംസം കയ്യില്‍ വച്ചാലും ഇല്ലെങ്കിലും മനുഷ്യനെ കടിച്ചുകീറുന്ന നായ്ക്കളുടെ ശൌര്യമാണ് ഇത്തവണത്തെ ഓണക്കാഴ്ച.  പഴയ ഓർമ്മയിൽ അത്തപ്പൂക്കളമൊരുക്കാൻ മുറ്റത്തിറങ്ങുന്നവർ ഓർക്കുക, ചോരക്കൊതിയോടെ നാവു നുണഞ്ഞിരിക്കുന്ന നായ്ക്കളാണ് നിങ്ങളെ വരവേൽക്കാനിരിക്കുന്നത്.


നമുക്ക് ഈ പ്രശ്നം ലളിതമായി പരിഹരിക്കാവുന്ന ഒന്നാണിത്.  എന്നിരുന്നിട്ടും നായ്ക്കളുടെ ശല്യം ദിനംപ്രതി വര്‍ധിച്ചുവരുന്നതില്‍ നമ്മുടെ നിഷ്ക്രിയതയ്ക്ക് വലിയ പങ്കുണ്ട്. പണ്ടുള്ളവര്‍ക്ക് കുറേക്കൂടി പ്രായോഗിക ബുദ്ധിയുണ്ടായിരുന്നു എന്നു പറയുന്നത് വെറുതേയല്ല.    കാഞ്ഞിരത്തിന്‍റെ ഇലയോ തണ്ടോ  കായോ ഇറച്ചിയില്‍ ചേര്‍ത്തു വേവിച്ച് അവർ ശുനകന്മാര്‍ക്ക് വിരുന്നൊരുക്കും.  അത്രേ വേണ്ടൂ... സ്വന്തം ഇറച്ചിക്കൊതിയ്ക്ക് ഒരുദിവസത്തെ അവധി നൽകി, അവരങ്ങനെ ശുനകന്മാരെ സൽക്കരിച്ചിരുന്നു. ഈ കര്‍മ്മത്തിന് അധികം കൊട്ടിഘോഷം പാടില്ല.  നിശബ്ദമായ അന്തരീക്ഷത്തില്‍ രഹസ്യസ്വഭാവത്തോടെ നടത്തുന്ന ഒരു അന്നദാനമായിരിക്കണം ഈ കാഞ്ഞിര സദ്യ!

വെറുതെ പറയുന്നതല്ല, പ്രായോഗികമായ മാര്‍ഗ്ഗമാണത്. കൊതുകിനെ നിസ്സാരമായി വകവരുത്തുന്ന അതേ മനോഭാവം തന്നെയാകണം ആക്രമണകാരികളായ നായ്ക്കളെ ഇല്ലാതാക്കാനും ഉണ്ടാകേണ്ടത്. ശരീരത്തില്‍ അനുവാദമില്ലാതെ പറ്റിയിരുന്നു ചോര ഊറ്റിക്കുടിക്കുന്ന കൊതുകിനോട് "ഒന്നു പോ കൊതുകേ" എന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുകയല്ല ചെയ്യുന്നത്.   തല്ലിക്കൊന്നു നമ്മള്‍ ശരീരത്ത് പറ്റിയ ചോര തുടച്ചുകളയും.  നായ്ക്കളുടെ കാര്യത്തിലും അതുതന്നെ ചെയ്‌താല്‍ മതി. തല്ലിക്കൊല്ലണം എന്നല്ല, ഭൂമിയുടെ അവകാശികളുടെ ഒരു മുന്‍ഗണനാ പട്ടിക തയ്യാറാക്കണം എന്നു മാത്രം. എന്നിട്ട്, മുന്‍ഗണനാ പ്രകാരം അവര്‍ക്ക് സ്വതന്ത്രമായി ജീവിക്കുവാന്‍ അധികാരം നല്‍കണം.

ഇത് നടപ്പിലാക്കാന്‍ തുടങ്ങുമ്പോള്‍ ചില മൃഗസ്നേഹികൾ അവതരിക്കും. അവർക്കും കാഞ്ഞിരസേവനാമൃതത്തിന്റെ ഉപയോക്താക്കളാകാവുന്നതാണ്. അങ്ങനെയെങ്കില്‍, ശുനകന്മാര്‍ക്കൊപ്പം അവര്‍ക്കും പരലോകത്ത് ആഘോഷപൂർവം വസിക്കാം. അവര്‍ക്കു സന്തോഷം, നമുക്ക് സമാധാനവും!

എനിക്ക് നായയെ വളരെ ഇഷ്ടമാണ്. ഡല്‍ഹിയിലെയും, കേരളത്തിലെയും വീട്ടില്‍ ഞാന്‍ അവയെ വളര്‍ത്തുന്നുണ്ട്. ഞങ്ങളില്‍ ആര്‍ക്കാണ് അച്ചടക്കം എന്ന് അമ്മയോട് ചോദിച്ചാല്‍ ശുനകന് (ഷെറിക്ക്) അനുകൂലമായി തന്നെയായിരിക്കും മറുപടി. പക്ഷെ എനിക്ക് അങ്ങനെ തോന്നുന്നില്ല. അമ്മ എന്നെ ചൊടിപ്പിക്കാന്‍ വെറുതെ പറയുന്നതാകും എന്നാണ് ഞാന്‍ കരുതുന്നത്.ഭാരതത്തിന്‍റെ 'തല'സ്ഥാനത്ത് ജീവിക്കുന്നതിനാലാകും, ബോള്‍ട്ടിന് ലേശം അഹങ്കാരം ഇല്ലേ എന്ന് ചിലപ്പോള്‍ ഒക്കെ എനിക്ക്  തോന്നാറുണ്ട്.  എന്‍റെ ഭാര്യയും ഈ ചിന്തകളെ ശരി വയ്ക്കും വിധമുള്ള റിപ്പോര്‍ട്ടാണ് അവനെപ്പറ്റി എനിക്ക് നല്‍ക്കുന്നത്.

" അച്ചായനല്ലാതെ വേറെ ആര് പറഞ്ഞാലും ഇവന്‍ കേള്‍ക്കില്ല. എന്ത് പഠിപ്പിക്കലാണോ എന്തോ..."

ഇതു കേള്‍ക്കുമ്പോള്‍ പക്ഷെ എനിക്ക് സന്തോഷമാണു തോന്നുന്നത്. ഞാന്‍ പറയുന്നത് മാത്രം അനുസരിക്കുന്ന ഒരു ജന്മം ( അത് ശുനകന്‍റെത് ആയാലും...) ഈ ഭൂമിയില്‍ ഉള്ളത് ഒരു സന്തോഷമല്ലേ?  ഭാര്യ എന്നെ 'ആക്കി'യതാണോ എന്ന സംശയവും ഇടയ്ക്കു തോന്നാറുണ്ട്.

എന്‍റെ കരിയറിന്‍റെ തുടക്കക്കാലത്ത്  ശുനകവര്‍ഗ്ഗം സൃഷ്ടിച്ച പ്രതിസന്ധി ഞാനിന്നും മറന്നിട്ടില്ല. 90കളുടെ പകുതിയില്‍ ഡല്‍ഹിയിലെത്തിയ എന്നെ അവർ അക്ഷരാർത്ഥത്തിൽ റാഗ് ചെയ്യുകയായിരുന്നു.  ഇത് അവര്‍ സംയുക്തമായി എടുത്ത തീരുമാനമാണോ എന്ന് തോന്നി പോകുന്ന തരത്തിലുള്ള ആക്രമണങ്ങളായിരുന്നു ഞാന്‍ നേരിട്ടത്. ഒരു ജീവിതാന്വേഷകൻ എന്ന പരിഗണന പോലും അവര്‍ എനിക്കു തന്നിരുന്നില്ല. പല തവണ അവയുടെ ദംഷ്ട്രചുംബനങ്ങള്‍ എനിക്കു ലഭിച്ചു.

നിരന്തരമായ കുത്തിവെയ്പ്പ് എന്റെ പോക്കറ്റ് കാലിയാക്കിക്കൊണ്ടേയിരുന്നു.  ചിലപ്പോഴെല്ലാം കൂട്ടുകാരുടെ പേഴ്സിനെ ആശ്രയിക്കേണ്ടിയും വന്നു. അത്തരം സൗഹൃദങ്ങളുടെ ആഴം മനസിലാക്കാനും ഇത്തരം അവസ്ഥകള്‍ സഹായിക്കും.

അന്നു ഞാനൊരു ക്ലബ് റിപ്പോർട്ടറായിരുന്നു. തിരുവനന്തപുരം ദൂരദർശനു വേണ്ടിയൊരുക്കുന്ന വാർത്താധിഷ്ഠിത സ്പോൺസേഡ് പ്രോഗ്രാമിന്റെ മിനുക്കു പണിയിലാവും ഞങ്ങൾ. ഞാനാണ് കൂട്ടത്തിലേറ്റവും ജൂനിയർ.എല്ലാ അല്ലറചില്ലറ പണികളും ഒറ്റയ്ക്ക് ചെയ്യണം.  പലപ്പോഴും രാത്രിയിലാണ് എഡിറ്റിങ്ങ്, അതും പഴയ യൂ-മാറ്റിക് ഫോർമാറ്റില്‍. സീനിയേഴ്സിന് ആഹാരം വാങ്ങിക്കൊടുക്കുവാനും, ഊർജ്ജദായക പാനീയം എത്തിക്കുവാനുമുള്ള ചുമതലയാണ് എനിക്ക്. എല്ലാം കഴിയുമ്പോള്‍, രാവിലെ തിരുവനന്തപുരം  ഫ്ലൈറ്റിൽ ഇവരെയെല്ലാം കയറ്റിവിട്ടു മാത്രമേ എനിക്കു വീട്ടിൽ പോകാന്‍ സാധിച്ചിരുന്നുള്ളൂ. ഈ സേവനത്തിന് എനിക്കു ലഭിക്കുന്ന പ്രയോജനം വേസ്റ്റ് ഗ്ലാസ്സിലേക്ക് പകരുന്ന ചെറിയ അളവിലെ സേവയില്‍ മാത്രം ഒതുങ്ങി.  അതിനിടയിലാണ് മുറപോലെ ഈ ശുനകദംഷ്ട്ര ചുംബനങ്ങളും!

അന്ന് ഞാന്‍ താമസിക്കുന്നത് ഓൾ ഇന്ത്യ റേഡിയോയിൽ സബ് എഡിറ്റർ ആയിരുന്ന കെ പി രാജീവനോടൊപ്പം ആയിരുന്നു. എന്നേക്കാള്‍ പ്രായത്തില്‍ ഏറെ മുതിര്‍ന്ന രാജീവ് തന്നെയാണ് വീട്ടുവാടക നല്‍കി വന്നത്. എന്‍റെ തൊഴിലിന്‍റെ സ്വഭാവവും, ചേര്‍ച്ചയില്ലാത്ത ശമ്പളവും അദ്ദേഹം മനസ്സിലാക്കിയിരുന്നു എന്നു വേണം കരുതാന്‍.  അന്ന് എന്‍റെ ശമ്പളം പ്രതിമാസം 550 രൂപയായിരുന്നു. പിന്നീട് എനിക്കായി ചെലവഴിച്ച തുക മടക്കിനല്‍കാന്‍ ഞാന്‍ പലവട്ടം ശ്രമിച്ചെങ്കിലും രാജീവ് അതു സ്വീകരിക്കാന്‍ തയ്യാറായില്ല.

കാര്യത്തിലേക്ക് മടങ്ങട്ടെ, ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാന്‍ പലപ്പോഴും ചരക്ക് ലോറിയായിരുന്നു ശരണം. കാരണം, പഞ്ചാബിലെ അസ്വസ്ഥതകള്‍ക്ക് ശേഷം രാത്രി 11 മണി കഴിഞ്ഞാല്‍ ബസ് സര്‍വീസ് ഉണ്ടായിരുന്നില്ല. ഓട്ടോയോ ടാക്സിയോ വിളിക്കാം എന്ന് കരുതിയാലും എന്‍റെ പോക്കറ്റ് അതിന് അനുവദിച്ചിരുന്നില്ല. ലോറിയില്‍ നിന്ന് ഇറങ്ങിയിട്ട് ഏകദേശം 8 കി.മി നടക്കണം, താമസസ്ഥലത്ത് എത്താന്‍. ഒരു പുകയുമെടുത്ത്‌ അറിയാവുന്ന രീതിയില്‍ പാട്ടും പാടി  മെല്ലെ നടന്ന്, കിര്‍ബിപ്ലസ്‌ എത്തുമ്പോള്‍, ഈ ശുനകസൈന്യം മെല്ലെ എന്‍റെ പുറകെ കൂടും. അതില്‍ ആണും പെണ്ണും, വലുതും ചെറുതുമെല്ലാം ഉണ്ടാകും.

ബാഗ്‌പൈപ്പറിന്‍റെ സംഗീതത്തില്‍ ആകൃഷ്ടരായവരെ പോലെയായിരിക്കാം ഈ ശ്വാനവര്‍ഗ്ഗം എന്‍റെ പുറകെ കൂടിയത് എന്ന് കരുതിയ എനിക്ക് തെറ്റി. അവരുടെ സുഭിക്ഷമായ ഒരു അത്താഴത്തിനുള്ള വകയാണ് ഈ നടന്നു പോകുന്നത് എന്നറിഞ്ഞിട്ടാണ്, ഈ പ്രയാണം എന്ന് ഞാന്‍ മനസിലാക്കിയത് ആദ്യത്തെ കടി കിട്ടിയതിന് ശേഷമായിരുന്നു.

പാട്ട് നിര്‍ത്തിയിട്ടും കാര്യമുണ്ടായില്ല. അവര്‍ പിരിഞ്ഞുപോകാന്‍ ഒരുക്കമല്ലായിരുന്നു. അങ്ങനെ തുടര്‍ച്ചയായി 4 പ്രാവശ്യം. ഓരോതവണയും അവര്‍ പുതിയ പുതിയ തന്ത്രങ്ങള്‍ ആവിഷ്ക്കരിച്ചപ്പോഴും ഞാന്‍ നിലത്തുനിന്നു കല്ല്‌ പെറുക്കി എറിയുന്ന പുരാതന പ്രതിരോധമാര്‍ഗ്ഗം മാത്രമാണ് സ്വീകരിച്ചത്. ചെറിയ തോതിലായിരുന്നെങ്കിലും 'സേവ' നന്നായി തലച്ചോറിനെ സ്വാധീനിക്കുന്നതിനാല്‍ ഞാന്‍ എറിഞ്ഞ കല്ലുകളൊന്നും ശുനകസൈന്യത്തെ ഭയപ്പെടുത്തിയതേയില്ല.

ഡൽഹിയിലാണെങ്കിൽ കാഞ്ഞിരവുമില്ല. അതിനാൽ എനിക്ക് മറ്റു തന്ത്രങ്ങള്‍ ആലോചിക്കേണ്ടിയിരുന്നു. സ്ഥിരമായി എടുക്കുന്ന  പ്രതിരോധകുത്തിവയ്പ്പ് പണി തരുമോ എന്ന പേടി വേറെ. രണ്ടിലൊന്നിന് തീരുമാനമാകണം. ഒന്നുകില്‍ ഞാന്‍, അല്ലെങ്കില്‍  ശ്വാനപ്പട!

തീരുമാനിച്ചുറപ്പിച്ച് ഞാൻ സുബ്രതോ പാര്‍ക്കിലിറങ്ങി ഹരിനഗറിലേക്ക് ചുവടു വച്ചു. നേരം പുലർന്നു തുടങ്ങി. എന്‍റെ സ്ഥിരം ശത്രുവായ ആ കറുമ്പന്‍ നായും മറ്റു മൂന്നെണ്ണവും കൂടി മാത്രമേ ആ വഴിയില്‍ ഉണ്ടായിരുന്നുള്ളൂ. അവര്‍ പതിവുപോലെ എനിക്കുനേരെ ചീറിയെത്തി. ഇത്തവണ കല്ലുകളായിരുന്നില്ല എന്റെ ആയുധം.  നേരെ ചാടിയ കറുമ്പനെ  കഴുത്തില്‍ തന്നെ പിടികൂടി. അവനെ കക്ഷത്തിലൊതുക്കി അമര്‍ത്തി താലോലിച്ചു. ആ ദയനീയമായ ശബ്ദം കാരണമായിരിക്കാം മറ്റുള്ളവ അധികം അടുക്കാതെ ദൂരെ മാറിനിന്ന് കുരച്ചതേയുളളൂ. ഏകദേശം പത്തോളം മിനിട്ടു കഴിഞ്ഞു ഞാൻ കൈയയച്ചു. അത് കഴിഞ്ഞു!

പിന്നീട് ആ ഭാഗത്ത് വച്ച് എനിക്ക് ഒരു ശുനകചുംബനവും കിട്ടിയിട്ടില്ല...