എസ്എടിയിലെ അമ്മയും കുഞ്ഞും ശില്‍പ്പത്തിനു മുന്നിൽ പൂജയും പ്രാർത്ഥനയും; നിസഹായനായി ശില്‍പ്പി

ആരോ തുടങ്ങി വെച്ച ശീലം ആശുപത്രിയില്‍ എത്തുന്ന മറ്റ് രോഗികളും അവരുടെ കൂട്ടിരിപ്പുകാരും ഏറ്റെടുക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഇടപെട്ട് അതിന് അറുതിവരുത്തുവാനായി ഒരു സെക്യൂരിറ്റിയേയും നിയമിച്ചിരുന്നു. എന്നാല്‍ അവര്‍ക്കു തടയാന്‍ കഴിയാത്ത വിധം പ്രാര്‍ത്ഥനയും പൂജകളും വര്‍ദ്ധിക്കുകയായിരുന്നു.

എസ്എടിയിലെ അമ്മയും കുഞ്ഞും ശില്‍പ്പത്തിനു മുന്നിൽ പൂജയും പ്രാർത്ഥനയും; നിസഹായനായി ശില്‍പ്പി

മാതൃത്വത്തിന്റെ പ്രതീകമായി മുലപ്പാലിന്റെ മണമുളള ഒരു പ്രതിമ.  എസ്എടി ആശുപത്രിയ്ക്കു മുന്നിൽ അമ്മയും കുഞ്ഞുമെന്ന ആര്യനാട് രാജേന്ദ്രനെന്ന ശിൽപിയുടെ മനസിൽ ഈ ചിന്തയായിരുന്നു. ഇപ്പോൾ പ്രതിമയ്ക്കു ചുറ്റും എരിഞ്ഞമർന്ന ചന്ദനത്തിരിയും മെഴുകുതിരിയും. പ്രാർത്ഥനയും പൂജയും വഴിപാടും നടത്തുന്നത് വിവിധ ആശുപത്രികളിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും. വിവരമറിഞ്ഞ് ചിരിക്കണോ കരയണോ എന്നറിയാതെ ശിൽപി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനു പിന്നിലാണ് ശ്രീ അവിട്ടം തിരുനാള്‍ ആശുപത്രി (എസ്എറ്റി).  സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുളള ഏഷ്യയിലെതന്നെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നാണിത്. അവിടെ 1990ലാണ്  രാജേന്ദ്രന്‍ അമ്മയും കുഞ്ഞുമെന്ന ശില്‍പ്പം പണികഴിപ്പിച്ചത്.


മെഡിക്കൽ കോളജ്, എസ്എടി, ശ്രീചിത്രാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ആർസിസി തുടങ്ങിയ ആശുപത്രികളിലേയ്ക്കു വരുന്ന രോഗികളും ബന്ധുക്കളും കൂട്ടിരിപ്പുകാരും ഈ പ്രതിമയെ ചുറ്റിയാണ് കടന്നുപോകുന്നത്. മരണം മുന്നിൽക്കാണുന്ന അനേകായിരങ്ങളുടെയും അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സംഗമസ്ഥാനമാണിത്. പതിയെപ്പതിയെ അവരിലാരോ ഈ പ്രതിമയിൽ ദൈവത്തെ കണ്ടുതുടങ്ങി.

പ്രതിമയ്ക്കു മുന്നിൽ മെഴുകുതിരി കത്തിച്ചുവെച്ചുള്ള പ്രാര്‍ത്ഥന രണ്ടുവർഷം മുമ്പേ തുടങ്ങിയിരുന്നുവെന്ന് സമീപത്തു കച്ചവടം ചെയ്യുന്നവർ പറയുന്നു. എന്നാൽ ഇത്തരമൊരു പൊതുസ്ഥലം ആരാധനാകേന്ദ്രമാകുന്നതിലെ അപകടം മെഡിക്കൽ കോളജ് അധികാരികൾ വേഗം തിരിച്ചറിഞ്ഞു.  പൂജാ കർമ്മങ്ങൾക്ക് അറുതി വരുത്താൻ  മെഡിക്കൽ കോളജ് സൂപ്രണ്ട് ഒരു സെക്യൂരിറ്റിയെയും നിയമിച്ചു. പക്ഷേ, അവർക്കു തടയാൻ കഴിയാത്ത വിധത്തിൽ  പ്രാര്‍ത്ഥനയും പൂജകളും വിശാലമായി വരികയാണ്.

https://www.youtube.com/watch?v=SjaZCQPQ25A&feature=youtu.be

അങ്ങനെ പ്രതിമ നിർമ്മിച്ചവരുടെയും സ്ഥാപിച്ചവരുടെയും ചിന്തയ്ക്കും പ്രതീക്ഷയ്ക്കുമപ്പുറത്തേയ്ക്ക് കാര്യങ്ങളെത്തി. എസ്എറ്റി ആശുപത്രിയിലെ പീഡിയാട്രിക് അസോസിയേഷന്റെ ഫണ്ടുപയോഗിച്ചാണ് ശില്‍പ്പം നിർമ്മിച്ചത്. ആ തുക തികയാതെ വന്നപ്പോൾ കുറച്ചു പണം രാജേന്ദ്രൻ കൈയിൽ നിന്നും ചെലവാക്കി.  പ്രതിമ നിര്‍മ്മിക്കുമ്പോള്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് മുന്നില്‍ മാതൃത്വത്തിന്റെ പ്രതീകമായ ഒരു ശില്‍പ്പം എന്നതില്‍ കവിഞ്ഞ് ഒന്നുമുദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ കാലാന്തരത്തില്‍ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു.

ഇന്നലെ  ചെയ്‌തോരബദ്ധം ഇന്നത്തെ ആചാരമാകാം, നാളത്തെ ശാസ്ത്രവുമാകാം എന്നു ദീർഘദർശനം ചെയ്തത് കുമാരനാശാനാണ്.  ഈ പ്രതിമയ്ക്കു മുന്നില്‍ പ്രാര്‍ത്ഥനയും പുജകളുമായി എത്തുന്ന ഭക്തരുടെ കൂടിവരുന്ന എണ്ണവും ഓർമ്മിപ്പിക്കുന്നത് കുമാരനാശാന്റെ വരികളെത്തന്നെ.  ഇക്കാര്യത്തില്‍ ഇനി തനിക്കൊന്നും ചെയ്യാനില്ലെന്ന് ശില്‍പ്പി ആര്യനാട് രാജേന്ദ്രന്‍. എന്നാല്‍ നിര്‍മ്മിക്കുമ്പോള്‍ തന്റെ മനസ്സിലുണ്ടായിരുന്നതിന് വിരുദ്ധമായി ഇന്ന് ദൈവിക പരിവേഷത്തിലേക്ക് മാറിയ പ്രതിമയുടെ കാര്യത്തില്‍ അദ്ദേഹത്തിന് ദുഃഖവുമുണ്ട്.. പ്രസവത്തിനായി അഡ്മിറ്റ് ചെയ്തിരിക്കുന്ന സ്ത്രീകളുടെ ബന്ധുക്കള്‍ സുഖ പ്രസവത്തിനായും പ്രസവം കഴിഞ്ഞാല്‍ അതിന് നന്ദി സൂചകമായും പ്രാര്‍ത്ഥനയും മെഴുകുതിരി കത്തിക്കലും നടത്താറുണ്ടെന്നും സമീപത്തെ കടയുടമകള്‍ പറയുന്നു.

ആര്യനാട് രാജേന്ദ്രൻ ഇതുകൂടാതെ പത്തിലേറെ പ്രതിമകളും കൂടി ആശുപത്രി പരിസരത്ത് നിര്‍മ്മിച്ചിട്ടുണ്ട്. അവിടെയൊന്നും പൂജയും പ്രാർത്ഥനയുമില്ല. അമ്മയും കുഞ്ഞും പ്രതിമയ്ക്കു മുന്നിലാണ് ഭക്തരുടെ തിക്കിത്തിരക്ക്.

വരും കാലങ്ങളില്‍ റോഡിന് വീതികൂട്ടുന്നതിന്റെ ഭാഗമായി പ്രതിമ പൊളിച്ചുമാറ്റേണ്ടി വന്നാല്‍ ഭക്തർ എതിർപ്പുമായി വരുമോ എന്ന ആശങ്കയും ശിൽപ്പിയ്ക്കുണ്ട്. പക്ഷേ, അതിലൊന്നും തനിക്ക് കാര്യമില്ലെന്നും അദ്ദേഹം പറയുന്നു. ഈ സ്ഥിതി പോകുകയാണെങ്കില്‍ മെഡിക്കല്‍ കോളേജിനുള്ളില്‍ സ്ഥിതി ചെയ്യുന്ന കാന്റീന്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ പുജാസാധനങ്ങള്‍ കൂടി വില്‍പ്പനയ്ക്കു വരുന്ന കാലം വിദൂരമല്ല എന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.

ഫോട്ടോ: സാബു കോട്ടപ്പുറം

Read More >>