പൂട്ടിപ്പോയ തീയറ്ററുകള്‍

1970കളുടെ ആരംഭം മുതല്‍ നഗരമധ്യത്തില്‍ മാത്രമല്ല, നഗരപ്രാന്തത്തിലും ഗ്രാമങ്ങളിലും സിനിമാശാലകള്‍ ധാരാളമായി പ്രത്യക്ഷപ്പെടുന്നത് കേരളത്തിന്റെ സവിശേഷമായ അധിവാസക്രമത്തില്‍ സ്കൂളുകളും ആശുപത്രികളും പോലുള്ള പൊതുസ്ഥാപനങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് സമാന്തരമാണ്. കെ എം ഷെരീഫ് എഴുതുന്നു.

പൂട്ടിപ്പോയ തീയറ്ററുകള്‍

കെ എം ഷരീഫ്

കേരളത്തിലെ (പൂട്ടിപ്പോകുന്ന) സിനിമാശാലകളെ പറ്റി, ലേഖനങ്ങളും പുസ്തകങ്ങളും ഫീച്ചര്‍-ഡോക്യുമെന്‍ററി സിനിമകളും ഇറങ്ങിക്കൊണ്ടിരിക്കുകയാണ്. എല്ലാം തന്നെ -മധ്യവര്‍ഗ്ഗ-ഗൃഹാതുര ഐസ്ക്രീമിന്റെ ചില്ലറ വ്യാപാരമാണ്. വാസ്തവത്തില്‍ സിനിമാശാലകളുടെ ചരിത്രം എഴുതേണ്ടത് കീഴാള പക്ഷത്ത് നിന്നാണ് (history from below). സിനിമാശാലകള്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും എഴുത്തുകാരുടെയും ഇടത്തരം കര്‍ഷകരുടെയും മുഖ്യധാര രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ജീവിതത്തില്‍ മാത്രമല്ല, തൊഴിലാളികളുടെയും തൊഴിലില്ലാത്തവരുടെയും, ഭൂരഹിത കര്‍ഷകത്തൊഴിലാളികളുടെയും തെരുവുതെണ്ടികളുടെയും രാഷ്ട്രീയ തീവ്രവാദികളുടെയും ലൈംഗികത്തൊഴിലാളികളുടെയും ചെറുകിട ക്രിമിനലുകളുടെയും ജീവിതത്തില്‍ എങ്ങനെ ഇടപെട്ടു എന്ന അന്വേഷണത്തിന് ഏറെ പ്രസക്തിയുണ്ട്.


1970കളുടെ ആരംഭം മുതല്‍ നഗരമധ്യത്തില്‍ മാത്രമല്ല, നഗരപ്രാന്തത്തിലും ഗ്രാമങ്ങളിലും സിനിമാശാലകള്‍ ധാരാളമായി പ്രത്യക്ഷപ്പെടുന്നത് കേരളത്തിന്റെ സവിശേഷമായ അധിവാസക്രമത്തില്‍ സ്കൂളുകളും ആശുപത്രികളും പോലുള്ള പൊതുസ്ഥാപനങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് സമാന്തരമാണ്. കോഴിക്കോട് ജില്ലയുടെ മാത്രം കാര്യം എടുത്താല്‍ അക്കാലത്ത് കോഴിക്കോട് നഗരമധ്യത്തിലുള്ള ക്രൌണ്‍, രാധ, കോറണേഷന്‍, പുഷ്പ, സംഗം, ഡേവിസന്‍, അപ്സര എന്നീ തിയേറ്ററുകളുടെ പത്തോ പതിനഞ്ചോ ഇരട്ടി തിയേറ്ററുകള്‍ നഗരപ്രാന്തങ്ങളിലും ഗ്രാമങ്ങളിലും ഉണ്ടായിരുന്നു. വെസ്റ്റ്ഹില്‍, ചേവായൂര്‍, മീഞ്ചന്ത, നല്ലളം, മാത്തോട്ടം, ഫറൂക്ക്, പുത്തൂര്‍, എരഞ്ഞിക്കല്‍, എലത്തൂര്‍, ചേമഞ്ചേരി, തലക്കുളത്തൂര്‍, അത്തോളി, കൊയിലാണ്ടി (കൊയിലാണ്ടി അന്ന് മുനിസിപാലിറ്റി അല്ല), പയ്യോളി, കക്കോടി, ചേളന്നൂര്‍, ബാലുശ്ശേരി, പേരാമ്പ്ര, കുറ്റ്യാടി, കുന്ദമംഗലം, മുക്കം, തിരുവമ്പാടി, മാവൂര്‍ തുടങ്ങി പലയിടത്തും അന്ന് തിയേറ്ററുകളുണ്ട്. ഇവയില്‍ ചിലതെല്ലാം ഓല മേഞ്ഞ 'ടാക്കീ'സുകള്‍ ആയിരുന്നു. വടകര നഗരത്തില്‍ അന്ന് തന്നെ രണ്ടോ മൂന്നോ തിയേറ്ററുകളുണ്ട്. ഭൂപരിഷകരണം, ഗള്‍ഫ് പ്രവാസം തുടങ്ങിയ പല കാരണങ്ങളാല്‍ മൊത്തം കേരളത്തില്‍ ഉണ്ടായ ഒരു പച്ച പിടിക്കലുമായി, കുട്ടികളുടെ സ്കൂള്‍ പ്രവേശത്തില്‍ ഉണ്ടായ കുതിപ്പിനെ എന്ന പോലെ ഇതിനെയും ബന്ധിപ്പിക്കാവുന്നതാണ്. സ്വന്തം വരുമാനത്തില്‍ നിന്ന് സിനിമ കാണാന്‍ കുറച്ചെങ്കിലും പൈസ മാറ്റിവെക്കാന്‍ ജനങ്ങളില്‍ വലിയൊരു വിഭാഗത്തിനു കഴിയുമ്പോള്‍ മാത്രമേ ഇത്രയും സിനിമാശാലകള്‍ ലാഭത്തില്‍ നടത്തി കൊണ്ട് പോകാന്‍ കഴിയൂ. ഇന്നത്തെ പല സിനിമാശാലകളെയും പോലെ കള്ളപ്പണം വെളുപ്പിക്കുക എന്ന ദൌത്യം അന്നത്തെ സിനിമാശാലകള്‍ക്ക് ഉണ്ടായിരുന്നില്ല. റേഡിയോയും ജനപ്രിയ വാരികകളും ഒഴിച്ചാല്‍ സിനിമയായിരുന്നു പ്രധാന വിനോദോപാധി.

kozhikod crownനഗരങ്ങളിലും നഗരപ്രാന്തങ്ങളിലും ഉള്ള തിയേറ്ററുകളില്‍ മൂന്നു കളി (നഗരങ്ങളില്‍ ഞായറാഴ്ച മോര്‍ണിംഗ് ഷോയും) ഉണ്ടായിരുന്നപ്പോള്‍ ഗ്രാമങ്ങളില്‍ അപൂര്‍വമായി മാത്രമേ മാറ്റിനി ഉണ്ടായിരുന്നുള്ളൂ. സ്പെഷല്‍ സിനിമാ പ്രദേശങ്ങള്‍ക്ക് ഗ്രാമങ്ങളിലെ തിയേറ്ററുകള്‍ കിട്ടാന്‍ എളുപ്പമായിരുന്നു. അത്തോളി എ ആര്‍ ടാക്കീസില്‍ സ്കൂള്‍ കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം ഒരുക്കിയ പ്രദര്‍ശനത്തിലാണ് ഒന്നാം ക്ലാസ്സുകാരനായ ഞാന്‍ 1968ല്‍ 'അന്വേഷിച്ചു, കണ്ടെത്തിയില്ല' കാണുന്നത്. ഈ സൌകര്യമാണ് ആദ്യകാല ഗ്രാമീണ ഫിലിം സൊസൈറ്റികല്‍ ഉപയോഗിച്ചതും. വരക്കല്‍ വാവിന് (ദീപാവലിയുടെ തലേന്ന്) ബലിയിടാന്‍ രാത്രി എത്തുന്നവരെ ഉദ്ദേശിച്ചു തേര്‍ഡ് ഷോയും, അപൂര്‍വമായി ഫോര്‍ത്ത് ഷോയും വെസ്റ്റ്ഹില്‍ ഗീത തിയേറ്ററില്‍ ഉണ്ടായിരുന്നു. ബലിയിടാന്‍ ഉള്‍നാടുകളില്‍ നിന്ന് വരുന്നവരുടെയും മറ്റും വലിയൊരു അനുഭവമായിരുന്നു ആ വരക്കല്‍ വാവ് സിനിമ. സിനിമ ഹറാമല്ല, ഹലാലാണ് എന്ന കാഴ്ചപ്പാടിലേക്ക്‌ കേരളത്തിലെ മുസ്ലിങ്ങള്‍ കൂട്ടം കൂട്ടമായി വരാന്‍ തുടങ്ങിയ കാലമായിരുന്നു അറുപതുകളുടെ അവസാനവും എഴുപതുകളുടെ ആദ്യവും. 'കുട്ടിക്കുപ്പായം' പോലുള്ള ഒരു മുസ്ലിം കുടുംബ ചിത്രം ഇതിനു മുന്‍പ് തന്നെ വന്‍ വിജയം നേടിക്കഴിഞ്ഞിരിക്കുന്നു. മതവല്‍ക്കരണം മുസ്ലിങ്ങളെ, വിശേഷിച്ചു സ്ത്രീകളെ തിയേറ്ററുകളില്‍ നിന്ന് വീണ്ടും അകറ്റി ടിവിയെയും ഡി വി ഡി പ്ലെയറിനെയും ആശ്രയിക്കാന്‍ നിര്‍ബ്ബന്ധിച്ചു. ജമാഅത്ത് ബുദ്ധിജീവി സി ദാവൂദ് 'ഹറാമായ സിനിമയുമുണ്ട്, ഹലാലായ സിനിമയുമുണ്ട്" എന്ന രസികന്‍ പ്രസ്താവന നടത്തുകയും ചെയ്ത കാലമാണത്.

സിനിമ കാണാന്‍ പൈസ മിച്ചം വെച്ചിരുന്നു എന്ന് പറഞ്ഞു. അത് മുഴുവന്‍ ശരിയല്ല. നാലഞ്ചു കുട്ടികള്‍ ഒക്കെയുള്ള താഴ്ന്ന ഇടത്തരം/തൊഴിലാളി വര്‍ഗ്ഗ കുടുംബങ്ങളില്‍ ചെറിയ കുട്ടികള്‍ ഉറങ്ങിയിട്ടായിരുന്നു അച്ഛനും അമ്മയും മുതിര്‍ന്ന കുട്ടികളും സിനിമക്ക് പോയിരുന്നത്. അതിന്റെ പേരിലുള്ള കുടുംബവഴക്കുകളും അന്ന് സാധാരണമായിരുന്നു. അല്ലെങ്കിലും വീട്ടുജോലിയും രാത്രിഭക്ഷണവും കഴിഞ്ഞു സ്വസ്ഥമായി സെക്കന്റ്‌ ഷോക്ക് പോകുന്ന ഒരു ശീലം അന്നുണ്ടായിരുന്നു; പ്രത്യേകിച്ചും ഗ്രാമങ്ങളില്‍. കുട്ടികളുടെ സിനിമാഭ്രാന്തിനെ അക്കാലത്ത് ഹോട്ടല്‍ മുതലാളിമാരും മറ്റും മുതലെടുത്തിരുന്നു. സിനിമ കാണാനുള്ള പൈസ ഒപ്പിക്കാന്‍ അച്ഛനും അമ്മയും അറിയാതെ സ്കൂളില്‍ പോകാതെ പോലും കിട്ടുന്ന കൂലിക്ക് പണിയെടുക്കുന്ന കുട്ടികളെ അന്ന് എവിടെയും കാണാമായിരുന്നു. ഫറൂക്ക്-രാമനാട്ടുകര മേഖലയില്‍ അന്ന് ധാരാളം ഉണ്ടായിരുന്ന തീപ്പെട്ടി കമ്പനികളില്‍ കുട്ടികള്‍ പണിയെടുത്തത് സിനിമപ്പൈസക്ക് ആയിരുന്നുവെന്നത്‌ പരസ്യമായ രഹസ്യമായിരുന്നു. അഹങ്കാരം പറയുകയല്ല, ഇത് പരാമര്‍ശിക്കുന്ന മലയാളത്തിലെ ഒരേയൊരു ചെറുകഥ ഒരു പക്ഷെ എന്റെ 'ഇമ്മിണി ബല്ല്യ രണ്ട്" ആയിരിക്കണം.

kozhikod radha_1കോഴിക്കോട് നഗരത്തില്‍ സിനിമാശാലകള്‍ പോലെ ചരിത്രപ്രധാനമായ ഇടങ്ങളായിരുന്നു പീടികക്കോലായകള്‍. വീടില്ലാത്തവരുടെയും വീട് വിട്ടവരുടെയും തെണ്ടികളുടെയും തെരുവിലേക്ക് തള്ളപ്പെട്ട ലൈംഗികത്തൊഴിലാളികളുടെയും അഭയസ്ഥാനം. പീടികക്കോലായ വാസികള്‍ നല്ല സിനിമാ കമ്പക്കാരായിരുന്നു. ഇന്ന് അപൂര്‍വമായ ഒരു ജനുസ്സില്‍ പെട്ടവരായിരുന്നു അവരില്‍ പലരും : നാളെയെ പറ്റി ഒരു ചിന്തയും ഇല്ലാത്തവര്‍. 'രാധ'യില്‍ നിന്ന് സിനിമയും കണ്ട് 'ലക്കി'യില്‍ നിന്ന് ബിരിയാണിയും കഴിച്ചു കിടന്നുറങ്ങുന്നവര്‍ പലരും പിറ്റേന്ന് പട്ടിണിയായിരിക്കും. ലൈംഗിക തൊഴിലാളികളുടെ ഇരപിടുത്ത കേന്ദ്രവും കൂടിയായിരുന്നു അന്ന് നഗരത്തിലെ സിനിമാ തിയേറ്ററുകള്‍. അപ്സര തിയേറ്ററിനു അടുത്തുള്ള കമ്മത്തി ലെയിന്‍ അന്ന് ഇവരുടെ സംഗമ കേന്ദ്രവും സദാചാരവാദികളും ഷണ്ഡന്‍മാരുമായ പോലീസുകാര്‍ക്ക് ലാത്തി കൊണ്ട് പൊതിരെ തല്ലി കലി തീര്‍ക്കാനുള്ള സ്ഥലവുമായിരുന്നു. തൊഴിലെടുക്കാന്‍ സ്വന്തമായി സ്ഥലമുള്ള ഭേദപ്പെട്ട ലൈംഗിക തൊഴിലാളികള്‍ക്ക് ഒരു പാക്കേജിന്റെ ഭാഗമായിരുന്നു സിനിമയും 'ടോപ്‌ഫോ'മില്‍ നിന്നോ മറ്റോ ഉള്ള ബിരിയാണിയും. സിനിമാശാലകളില്‍ മറ്റൊരു തൊഴിലും അന്ന് ലൈംഗികത്തൊഴിലാലികള്‍ ചെയ്തിരുന്നു. ചെറിയ കമ്മിഷന് ടിക്കറ്റ്‌ എടുത്തു കൊടുക്കല്‍. ടിക്കറ്റ് ബ്ലാക്കില്‍ വില്‍ക്കുന്ന റാക്കറ്റുമായി ഇവര്‍ക്ക് ബന്ധമില്ല. സ്ത്രീകളുടെ ക്യൂയില്‍ ആള്‍ കുറവാകുന്നത് കൊണ്ട് കിട്ടുന്ന സൌകര്യമായിരുന്നു അത്. ഉന്തും തള്ളും ഇടിച്ചു കയറലും അന്ന് സാധാരണമായിരുന്നു. പക്ഷെ കമ്മത്തി ലെയിനിലെ പോലീസുകാരുടെ അതേ സ്വഭാവമുള്ള ടിക്കറ്റ്‌ കൌണ്ടറില്‍ ഇരിക്കുന്നവര്‍ പറയുന്ന വൃത്തികെട്ട കമന്റുകള്‍ കേള്‍ക്കുമ്പോള്‍ ഇതിലും നല്ലത് ലൈംഗികത്തൊഴില്‍ ആണെന്ന് അവരില്‍ പലര്‍ക്കും തോന്നിയിട്ടുണ്ടാകും.

ചെറുകിട ക്രിമിനലുകള്‍ക്ക് തൊഴിലിനു ഇറങ്ങുന്നതിനു മുന്‍പ് സമയം ഒപ്പിക്കാനുള്ള സ്ഥലവും കൂടിയായിരുന്നു സിനിമാ തിയേറ്ററുകള്‍. ചെറുതും വലുതുമായ നക്സലൈറ്റ് ആക്ഷനുകള്‍ക്ക് (ഉന്മൂലനം മാത്രമല്ല, വെറുതെ പേടിപ്പിക്കാനുള്ള ചില്ലറ എട്ടിന്റെ പണികളും) മുന്‍പ് സെക്കന്റ്‌ ഷോക്ക് കയറിയിരിക്കല്‍ അന്ന് സാധാരണമായിരുന്നു. പട്ടത്തുവിളയുടെ ഉള്‍പ്പെടെ പലരുടെയും കഥകളില്‍ ഇത് പരാമര്‍ശിക്കുന്നുണ്ട്.

'സംഗ'വും 'അപ്സര' യും ഒഴിച്ചുള്ള തിയേറ്ററുകള്‍ അന്ന് എ സി ആയിരുന്നില്ല. വേനലില്‍ ധ്രുവക്കരടികള്‍ ആണെന്ന് സ്വയം സങ്കല്‍പ്പിച്ച് എ സി വാങ്ങി ഫിറ്റ്‌ ചെയ്യാന്‍ മാത്രം സാമ്പത്തികമുള്ളവര്‍ അന്ന് കുറവായത് കൊണ്ട് തിയേറ്ററിന് അകത്തുള്ള ചൂടും വേവും അന്ന് ആര്‍ക്കും വലിയ പ്രശ്നം ആയിരുന്നില്ല. പ്രശ്നം ഉണ്ടാക്കിയത് പുകവലിക്കാരായിരുന്നു. പുകവലിക്ക് വലിയ വിലയൊന്നും കൊടുക്കേണ്ട കാലമായിരുന്നില്ല. അത്. എങ്കിലും നഗരത്തിലെ തിയേറ്ററുകളില്‍ ഇടക്കൊക്കെ റെയ്ഡ് ചെയ്തു പോലീസുകാര്‍ പുകവലിക്കാരെ പൊക്കിയിരുന്നു.

കമിതാക്കളുടെ സംഗമ സ്ഥലമായിരുന്നു അന്ന് തിയേറ്ററുകള്‍. സദാചാര പോലീസ് ഇന്നത്തെപ്പോലെ പ്രത്യക്ഷത്തില്‍ ഇല്ലെങ്കിലും, ഇന്നത്തെക്കാള്‍ നിയന്ത്രണം അനുഭവിച്ചവരായിരുന്നു അവര്‍. കാമുകരുടെ കൂടെ സിനിമക്ക് പോയ പെണ്‍കുട്ടികള്‍ക്ക് കിട്ടിയിരുന്നത് കടുത്ത ശിക്ഷകള്‍ ആണ്. കാമുകന്റെയോ ആണ്‍സുഹൃത്തിന്റെയോ കൂടെ സിനിമക്ക് പോകുക എന്ന് പറഞ്ഞാല്‍ അന്ന് 'വ്യഭിചരിക്കുക' എന്ന് തന്നെയായിരുന്നു അര്‍ഥം. സംഘം ചേര്‍ന്നും ഒറ്റക്കും സ്ത്രീകളെ ശല്യം ചെയ്യുന്നവരുടെ എണ്ണവും ഇന്നത്തെക്കാള്‍ അധികമായിരുന്നു അന്ന്.

kozhikod crown_1ചെറിയ പോര്‍ണോ തരംഗം ഉണ്ടായത് എഴുപതുകളുടെ അന്ത്യത്തിലാണ്. 'ഉച്ചപ്പടങ്ങള്‍' എന്ന പ്രയോഗം ഇക്കാലത്തുണ്ടായതാണ്. മാറ്റിനിക്കു മുന്‍പ് പതിനൊന്നരക്കും രണ്ടരക്കും ഇടയിലാണ് പോര്‍ണോ ഉച്ചപ്പടങ്ങള്‍ കാണിച്ചത്. നഗരമധ്യത്തില്‍ എന്നതിനേക്കാള്‍ നഗരപ്രാന്തങ്ങളിലും ഗ്രാമങ്ങളിമായിരുന്നു പോര്‍ണോകള്‍ക്ക് കൂടുതല്‍ പ്രിയം, തുണ്ടുകള്‍ ചേര്‍ത്ത് ഉണ്ടാക്കിയ കൃത്രിമമായ ചിത്രങ്ങളും, തനിപ്പോര്‍ണോകളും "And God Made Woman" തുടങ്ങിയ ചൂടന്‍ രംഗങ്ങള്‍ ഉള്ള , അത്യാവശ്യം 'നിലവാര'മുള്ള ചിത്രങ്ങളും ഇക്കൂട്ടത്തില്‍ പെട്ടിരുന്നു. ഇവയുടെ ഉപഭോക്താക്കള്‍ നല്ല ശതമാനം വിദ്യാര്‍ഥികള്‍ ആയിരുന്നു. സ്കൂള്‍ വിദ്യാര്‍ഥികള്‍ പോലും ഉണ്ടായിരുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ അത്ഭുതം തോന്നും; ഇവയുടെ പ്രദര്‍ശനം തടസ്സപ്പെടുത്താന്‍ ഒരു സദാചാര പോലീസും അന്നുണ്ടായിരുന്നില്ല. ക്ലാസ് കട്ട് ചെയ്തു സിനിമ കാണുന്നവരെ പിടിക്കുന്ന 'ഇടിമിന്നല്‍ പോലീ'സും അന്നുണ്ടായിരുന്നില്ല. ടീ വി വന്നതിനു ശേഷമാണ് വീടുകളിലെ സ്വകാര്യതയില്‍ വീഡിയോ പ്ലെയറില്‍ ഒറ്റക്കും സംഘം ചേര്‍ന്നും പോര്‍ണോ കാണുന്ന രീതി നടപ്പിലായത്.

kozhikod santhiഅക്കാലത്ത് അരവിന്ദന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയ ഘടാഘടിയന്‍ സംവിധായകരുടെ സിനിമകളും ഉച്ചപ്പടമായി കാണിച്ചിരുന്നു. ഫിലിം സൊസൈറ്റി പ്രസ്ഥാനക്കാര്‍ എന്ത് ബഡായി പറഞ്ഞാലും ആര്‍ട്ട് സിനിമകള്‍ക്ക് വേണ്ടത്ര കാഴ്ചക്കാരെ ഉണ്ടാക്കാന്‍ സാധിച്ചില്ല എന്നതാണ് സത്യം. വലിയങ്ങാടിയിലെ ചുമട്ടുതൊഴിലാളികള്‍ക്ക് എത്തിച്ചേരാന്‍ ഏറ്റവും അടുത്ത തിയേറ്ററുകളായിരുന്നു 'അപ്സര'യും 'സംഗ'വും. മുന്നിലെ മൂന്നു രൂപ സീറ്റുകളില്‍ മിക്കവാറും എന്നും പത്തിരുപത് തൊഴിലാളികള്‍ ഉണ്ടാകും. ബുദ്ധിജീവി നാട്യവുമായി ഞാന്‍ അരവിന്ദന്റെ 'കാഞ്ചനസീത' കാണാന്‍ കയറിയപ്പോള്‍ തൊഴിലാളികളുടെ എണ്ണം വളരെ കൂടുതല്‍ ആയിരുന്നു എന്നാണു ഓര്‍മ്മ. "കാഞ്ചനസീത' യുടെ ഒരു പ്രത്യേകത , സംഗീതം പോലും ഇല്ലാത്ത നീണ്ട നിശ്ശബ്ദ സീക്വെന്‍സുകളാണ്. എ സി യുടെ കുളിരില്‍ ഉറങ്ങാന്‍ നല്ല സുഖം! അരവിന്ദന്റെ സ്ഥിരം നിര്‍മ്മാതാവ് കശുവണ്ടി മുതലാളി രവിയെപ്പറ്റിയും അദ്ദേഹത്തിന്റെ ജനറല്‍ പിക്ചേര്‍സിനെ പറ്റിയും പലര്‍ക്കും വായിച്ചു നല്ല പരിചയമുണ്ടാകും . ഈ തൊഴിലാളികളെ ആരറിയാന്‍! ദിവസം അറുപതോ എഴുപത്തഞ്ചോ രൂപ കിട്ടുന്ന തൊഴിലാളികള്‍ ആര്‍ട്ട് സിനികള്‍ക്ക് ചെറുതെങ്കിലുമായ കലക്ഷന്‍ ഉണ്ടാക്കിക്കൊടുത്ത കഥ ഇവിടെ കുറിച്ചിട്ടില്ലെങ്കില്‍ ചരിത്രം സൃഷ്ടിച്ച ആ തൊഴിലാളികള്‍ ചരിത്രത്തില്‍ നിന്ന് തന്നെ മാഞ്ഞു പോയേക്കും! എല്ലാ ചരിത്രവും സൃഷ്ടിക്കുന്നത് ജനങ്ങളാണ്; എന്നാല്‍ ജനങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമോ, സ്വയം തെരഞ്ഞെടുത്ത സാഹചര്യങ്ങളിലോ അല്ല ചരിത്രം സൃഷ്ടിക്കുന്നത് എന്ന മാര്‍ക്സിന്റെ പ്രശസ്തമായ വാചകം വലിയ ഗമയൊന്നും ഇല്ലാത്ത ഈ കുറിപ്പിന് ഒരു ഗമ ഉണ്ടാക്കാന്‍ ഉദ്ധരിച്ചു അവസാനിപ്പിക്കാം