ഭക്ഷണം മാത്രമല്ല അത് കഴിക്കുന്ന സമയവും പ്രധാനമാണ്

ബ്രേക്ക്‌ഫാസ്റ്റ്, ലഞ്ച്, ഡിന്നര്‍ എന്നിവ കഴിക്കേണ്ട ശരിയായ സമയം ഏതാണ്?

ഭക്ഷണം മാത്രമല്ല അത് കഴിക്കുന്ന സമയവും പ്രധാനമാണ്

കഴിക്കുന്ന ആഹാരത്തെക്കുറിച്ചും അതില്‍ അടങ്ങിയ കലോറിയെക്കുറിച്ചുമായിരിന്നു നമ്മള്‍ കാലമിത്രയും  ഭാരപ്പെട്ടിരുന്നത്. ബ്രേക്ക്‌ ഫാസ്റ്റ്, ലഞ്ച് ഡിന്നര്‍ എന്നിവയില്‍ എല്ലാം എന്തെല്ലാം കഴിക്കാം എന്നും, എന്തെല്ലാം കഴിക്കരുതെന്നും നമ്മള്‍ക്ക് തിരിച്ചറിവുണ്ട്. എന്നാല്‍ ഇത് കൊണ്ട് മാത്രം കാര്യമായില്ല. ഭക്ഷണം കഴിക്കുന്ന സമയത്തിലുമുണ്ട് കാര്യം.

ഭക്ഷണം എപ്പോള്‍ കഴിക്കുന്നു എന്നുള്ളതും ആരോഗ്യത്തെ ക്രമീകരിക്കുന്നതില്‍ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നു എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.ഭക്ഷണം കഴിക്കേണ്ടുന്ന സമയത്തെക്കുറിച്ചുള്ള അറിവും നമുക്ക് പ്രയോജനം ചെയ്യും.

രാവിലെ 7 മണിക്കാണ് ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. കണിശമായി പറയുകയാണെങ്കില്‍ രാവിലെ 7.11ന് പ്രാതല്‍ കഴിക്കുക.

ഉച്ചയ്ക്ക് 12.30 നും 1 മണിക്കും ഇടയിലുള്ള സമയമാണ് ഊണ് കഴിക്കാന്‍ ശുപാര്‍ശ ചെയ്യപ്പെടുന്ന സമയം.

അത്താഴം കഴിക്കുന്ന സമയമാണ് ഇതില്‍ ഏറ്റവും പ്രധാനം. സന്ധ്യക്ക് 6 മണിക്കും 6.30നുമിടയില്‍ അത്താഴം കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. ഈ ഭക്ഷണക്രമം അമിതവണ്ണവും, ദുര്‍മേദസ്സും കുറയ്ക്കും എന്ന് മാത്രമല്ല, ദഹനപ്രക്രിയക്കും ഏറ്റവും സഹായകരമാണ്. അത്താഴം വൈകും തോറും ഭക്ഷണത്തെ ദഹിപ്പിക്കുവാനുള്ള ശരീരത്തിന്‍റെ കഴിവ് ദുര്‍ബലമാകുന്നു.

ഈ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അവഗണിക്കുന്നതില്‍ എന്താണ് കുഴപ്പം എന്ന് ചിന്തിക്കുന്നുണ്ടാകും. പതിവായി രാത്രി 8 മണിക്ക് ശേഷം ഇരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ അരവണ്ണം 2ഇഞ്ച്‌ വരെ കൂടുന്നതായി സര്‍വേയില്‍ തെളിഞ്ഞിട്ടുണ്ട്.

ആഹാരത്തിന്റെ സമയക്രമവും ആരോഗ്യവും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നല്ലേ? ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളും പ്രകൃതിയുമായി ഒരു സ്വാഭാവിക താളം പരിപാലിക്കപ്പെടുന്നുണ്ട്. രാവിലെ ഒരേ സമയത്ത് എഴുന്നേല്‍ക്കുന്നതും, രാത്രിയില്‍ ഒരേ സമയത്ത് ഉറക്കം അനുഭവപ്പെടുന്നതും ഈ ബയോളജിക്കല്‍ ക്ലോക്കിന്‍റെ നിയന്ത്രണത്തിലാണ്.
ദഹനത്തിന് ഏറ്റവും അനുയോജ്യമായ സമയത്ത് ആഹാരം കഴിക്കുന്നത്‌ ആരോഗ്യത്തെ മാത്രമല്ല, ചിട്ടയായ ജീവിതശൈലിയും ക്രമപ്പെടുത്തുന്നു.

ഇടവേളകളില്‍ സ്നാക്ക്സ് കഴിക്കുന്നതിനെ പറ്റി സംശയങ്ങള്‍ ഉയരുന്നത് സ്വാഭാവികമാണ്. രാവിലെ 11മണി, ഉച്ചയ്ക്കുശേഷം 3.15, രാത്രി 9.30 എന്നീ സമയങ്ങളില്‍ ലഘുവായ ഏതെങ്കിലും പാനീയങ്ങളോ ഭക്ഷണങ്ങളോ കഴിക്കുന്നതില്‍ കുഴപ്പമില്ല. എന്നാല്‍, ഈ ഭക്ഷണങ്ങള്‍ എല്ലാം ആവശ്യത്തിന് പോഷകങ്ങള്‍ അടങ്ങിയതും അധികം കലോറി ഇല്ലാത്തതാകണം.
സ്നാക്ക്സുകള്‍ ഒരിക്കലും ഭക്ഷണത്തിന് പകരമാക്കാതിരിക്കുവാനും ശ്രദ്ധിക്കണം.