നാരായണനും ഹരിദാസിനും ജോയിക്കും കോണത്തുപുഴ വെറുമൊരു പുഴയായിരുന്നില്ല

പാടങ്ങൾ വാങ്ങിച്ചു കൂട്ടുന്ന തദ്ദേശവാസികളല്ലാത്ത ആളുകൾ (അവരിൽ മിക്കവരും പ്രവാസികളാണ്) ഭൂമി തരിശായി ഇടുകയാണ്. ഭൂമിയെ വെറുമൊരു നിക്ഷേപവസ്തുവായി കാണുന്ന അവരുടെ അജണ്ടയിൽ കൃഷി ഉൾപ്പെടുന്നില്ല. അതാർക്കും കൃഷി ചെയ്യാൻ കൊടുക്കുന്നുമില്ല. ഇതു തരിശായ ചതുപ്പു പ്രദേശമായി പാടശേഖരങ്ങളെ മാറ്റി.

നാരായണനും ഹരിദാസിനും ജോയിക്കും കോണത്തുപുഴ വെറുമൊരു പുഴയായിരുന്നില്ല

പുഴ വെറുമൊരു പുഴയല്ല. പുഴയൊരു സംസ്കാരമാണ്. സങ്കീർണമായൊരു ആവാസവ്യസ്ഥയാണ്. അതിലൂടെ ഒഴുകുന്നത് വെറും ജലമല്ല. ഒരു ജനതയുടെ ചരിത്രമാണ്. അവരുടെ ജീവരക്തമാണ്. നിലനില്പാണ്. ഒരു പുഴ ഇല്ലാതാകുമ്പോൾ ഒരു സമൂഹത്തിന് നഷ്ടപ്പെടുന്നതിതെല്ലാമാണ്. അതോടൊപ്പം വറ്റിപ്പോകുന്നത് അവരുടെ സമൃദ്ധിയും നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളുമാണ്.

ഈ പറയുന്നത് അതിശയോക്തിയാണെന്നു കരുതുന്നവരുണ്ടെങ്കിൽ, അവരെ ഞാൻ കോണോത്തുപുഴ കാണാൻ വിളിക്കുകയാണ്. അതിന്റെ തീരങ്ങളിലൂടെ ചുമ്മാ ഒന്നു നടക്കാൻ. ഇറമ്പത്തിരുന്ന് പുഴ ഊട്ടി വളർത്തിയ അവിടത്തെ ഒരു തലമുറയോട് അല്പ നേരം സംസാരിക്കാൻ. ഒരു പുഴയോടൊപ്പം നഷ്ടപ്പെടുന്നതെന്തൊക്കെയാണെന്ന് അവർ നമുക്ക് പറഞ്ഞു തരും.
കോണത്തുപുഴ: നഗരവികസനത്തിൽ മണ്ണടിഞ്ഞു പോയ സമൃദ്ധിയുടെ ഭൂതകാലംഎറണാകുളം നഗരത്തോട് ചേർന്ന് തൃപ്പൂണിത്തുറയിലെ ഇരുമ്പനത്തു നിന്നും തുടങ്ങി പൂത്തോട്ടക്കായലിൽ ചെന്നു ചേരുന്ന 18 കിലോമീറ്ററിലധികം നീളമില്ലാത്തൊരു കൊച്ചു പുഴയാണ് കോണത്തുപുഴ. തെളിനീരൊഴികിയിരുന്ന, മത്സ്യ-സമൃദ്ധമായിരുന്ന, ഇരു കരകളിലും നെല്പാടങ്ങൾ നിറഞ്ഞിരുന്ന കോണത്തുപുഴ, ഇന്ന് ആളുകളിറങ്ങാൻ അറയ്ക്കുന്ന, മാലിന്യങ്ങൾ നിറഞ്ഞ, പുല്ലും പായലും പടർന്ന് ഇടുങ്ങിയൊതുങ്ങിപ്പോയൊരു തോട് മാത്രമാണ്. ഇന്ന് കൃഷിയും കർഷകരുമില്ല, മീനുകളും, മീൻപിടിത്തക്കാരുമില്ല. നഗരത്തിന്റെ വിസർജ്യമൊഴുക്കി വിടാനുള്ളൊരു ഓവു ചാൽ മാത്രമായി അത് മാറി.

[caption id="attachment_39561" align="aligncenter" width="640"]
ഹരിദാസ്
ഹരിദാസ്[/caption]
“ഈ പുഴയിൽ ഞങ്ങൾ കുളിച്ചിട്ടുണ്ട്. കക്ക വാരിയിട്ടുണ്ട്. മീൻ പിടിച്ചിട്ടുണ്ട്. പടലുകളിട്ട് ചെമ്മീൻ പിടിച്ച് അങ്ങാടിയിൽ കൊണ്ട് വിറ്റ് അരി വാങ്ങിയുട്ടുണ്ട്. പാടത്ത് കൃഷി ചെയ്യാനൊക്കെ ഈ വെള്ളമാണെടുത്തിരുന്നത്. ഈ വെള്ളം ഞങ്ങൾ കുടിച്ചിട്ടുണ്ട്. കഞ്ഞിവയ്ക്കാനെടുത്തിട്ടുണ്ട്. അങ്ങനെയുള്ള വെള്ളമാണ് ഈ കിടന്നു നശിക്കുന്നത്"

കോണത്തുപുഴയെപ്പറ്റി പറയുമ്പോൾ ദുഃഖവും രോഷവുമാണ് ഹരിദാസിന്റെ ശബ്ദത്തിൽ മുഴങ്ങുന്നത്. കൃഷി ചെയ്ത് കുടുംബം പോറ്റിയിരുന്ന ഹരിദാസിന്ന് നഗരത്തിലെ സൗധങ്ങൾക്ക് മുൻപിൽ സെക്യൂരിറ്റി പണി ചെയ്താണ് ജീവിക്കുന്നത്.
"പണ്ടൊന്നും ഈ ഭാഗത്തു നിന്നാരും പുറത്ത് പണിയ്ക്ക് പോകാറില്ല. ഇവിടത്തെ സാധാരണക്കാർക്ക് പത്തിരുനൂറ് ദിവസത്തെ പണിയെങ്കിലും നെൽകൃഷിയുമായി ബന്ധപ്പെട്ട് ലഭിക്കും. നെൽകൃഷി നിന്നതോടെ എല്ലാവരും പുറത്തുപോയി കൺസ്ട്രക്ഷൻ വർക്കിലൊക്കെ ഏർപ്പെട്ടാണ് ജീവിക്കുന്നത്. ഞങ്ങടെയൊക്കെ അമ്മമാരും അച്ഛന്മാരും അപ്പൂപ്പന്മാരും അമ്മൂമ്മമാരുമൊക്കെ കൃഷിപ്പണി കൊണ്ട് മാത്രം ജീവിച്ചിരുന്നവരാ. ഇപ്പോ ഇവിടത്തെ സ്ഥിതി പരിശോധിച്ചു നോക്കിയാൽ, ഞങ്ങൾ കർഷകത്തൊഴിലാളികളുടെ ജീവിതം ആകെ തകർന്നു പോയിരിക്കുന്നു എന്ന് മനസ്സിലാകും”

നാരായണൻ പറയുന്നു. കർഷകനായിരുന്ന നാരായണൻ ഇപ്പോ ജോലിയ്ക്കു പോകുന്നില്ല. മകൻ കേബിൾ ടിവി പണിയ്ക്ക് പോയി സമ്പാദിക്കുന്ന കാശുകൊണ്ടാണ് കുടുംബം കഴിയുന്നത്.

[caption id="attachment_39565" align="aligncenter" width="640"]
നാരായണൻ
നാരായണൻ[/caption]

കോണത്തുപുഴയുടെ നാശവും കൃഷി നിന്നതും പരസ്പരം ബന്ധപ്പെട്ട് നിൽക്കുന്ന പ്രതിഭാസങ്ങളാണെന്ന് ഇവിടത്തുകാർ പറയുന്നു.
“പണ്ടിവടെ കൃഷിയുണ്ടായിരുന്ന സമയത്ത് ഇവിടത്തെ പുറഞ്ചിറയൊക്കെ ക്ലിയറാണ്. വരമ്പൊക്കെ വെട്ടി, ചിറയൊക്കെ വെട്ടി, സൂക്ഷിച്ചിരുന്ന സമയത്ത് കണ്ടത്തു നിന്നും വന്നിരുന്ന വെള്ളം നല്ല കണ്ണീരുപോലെയിരിക്കും. അതിൽ ഞങ്ങൾ അലക്കുകയും കുളിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. പടിഞ്ഞാറൻ പ്രദേശത്തു നിന്നൊക്കെ ഇഷ്ടം പോലെ ആളുകൾ ഇവിടെ കുളിക്കാൻ വരുമായിരുന്നു. കൃഷി നിന്നതോടെ വെള്ളം മോശമായി. ഷട്ടർ പണിത് അത് കൃത്യസമയത്ത് അടയ്ക്കുകയും തുറക്കുകയും ചെയ്യാതിരുന്നതോടെ വെള്ളത്തിന്റെ ഒഴുക്കിനെ ബാധിച്ചു. ഇപ്പോ ഒന്നു കൈകഴുകാൻ പോലും പറ്റാത്ത വിധം വെള്ളം മോശമായി. വേലിയിറക്ക സമയത്ത് കറുത്ത് കരിക്കട്ട പോലിരിക്കും."

നാരായണൻ തന്റെ അനുഭവം പങ്കു വച്ചു.

ഒന്നു തൊടാൻ പോലും പറ്റാത്ത വിധം ഈ ജലാശയം മലിനമാക്കിയതാരാണ്?

[caption id="attachment_39570" align="alignright" width="400"]പുഴയിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നു പുഴയിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നു[/caption]

വ്യവസായശാലകളൊഴുക്കി വിടുന്ന മാലിന്യങ്ങളാണ് ഒരു പ്രധാന പ്രശ്നം. ഏതാണ്ട് രണ്ടു വർഷങ്ങൾ മുൻപ് സമീപത്തുള്ള IOC (Indian Oil Corporation)-നിൽ നിന്നും വിഷപദാർഥങ്ങൾ പുഴയിലോട്ട് തള്ളിയതും, അതിനെത്തുടർന്ന് പുഴയിൽ അല്പമെങ്കിലും അവശേഷിച്ചിരുന്ന മീനുകൾ ചത്തുപൊന്തിയതും തീരവാസികളിൽ ചിലർ വിശദീകരിച്ചു. മറ്റൊരു പ്രശ്നം ആളുകൾ മാലിന്യങ്ങൾ വലിച്ചെറിയുന്നതാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ധാരാളമായി പുഴയിൽ നിക്ഷേപിക്കപ്പെടുന്നു. ഇവ പലയിടത്തും അടിഞ്ഞുകൂടി പുഴയിലെ നീരൊഴുക്ക് തടസ്സപ്പെടാൻ ഇടയാക്കുന്നു.

മനുഷ്യരുടെ വിവേകശൂന്യമായ ഇടപെടലുകൾ ആണ് കോണത്തു പുഴയെ നശിപ്പിച്ചത്. ഒരു ഷട്ടർ ഉണ്ടാക്കി, അതു മര്യാദയ്ക്ക് പ്രവർത്തിപ്പിക്കാതിരുന്നത് നീരൊഴുക്കിനെ കാര്യമായി ബാധിച്ചു. പാലങ്ങൾ പണിതപ്പോൾ പുഴയിൽ നിക്ഷേപിക്കപ്പെട്ട മണ്ണും കോൺക്രീറ്റും നീക്കം ചെയ്യാതിരുന്നത് കര പുഴയിലേക്ക് വ്യാപിക്കാനിടയാക്കി. അവിടങ്ങളിൽ പുല്ലും മറ്റും വളർന്നു കരപ്രദേശങ്ങൾ പോലെ ആയതോടെ പുഴയുടെ വീതി ഒരു പാടു കുറഞ്ഞു. പലയിടത്തും പുഴ പകുതി വലിപ്പത്തിലേയ്ക്ക് മെലിഞ്ഞുപോയി. ഇതെല്ലാം അതിന്റെ ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിച്ചു. മത്സ്യസമ്പത്ത് ശോഷിച്ചു. മത്സ്യബന്ധനം ഉപജീവന മാർഗമായിരുന്ന സമുദായക്കാരിൽ പലരും മീൻ പിടിക്കാൻ മറ്റു പുഴകളും കായലുകളും തേടിപ്പോകേണ്ട അവസ്ഥയായി. ഒരുപാടു പേർ ആ തൊഴിൽ തന്നെ ഉപേക്ഷിച്ച് കൂലിപ്പണിയിലേക്ക് തിരിയുകയും ചെയ്തു.

[caption id="attachment_39573" align="aligncenter" width="640"]3a അശ്രദ്ധവും അശാസ്ത്രീയവുമായ പാലം നിർമ്മാണം പുഴയുടെ ഒഴുക്കിനെ തടയുകയും കരഭാഗം പുഴയിലോട്ട് വ്യാപിക്കുകയും ചെയ്യുന്നതിനു കാരണമാകുന്നു.[/caption]

തൊട്ടടുത്ത് പുഴയുണ്ടായിട്ടും ആളുകൾ ഉപയോഗയോഗ്യമായ വെള്ളത്തിനു വേണ്ടി ബുദ്ധിമുട്ടുന്ന അവസ്ഥ ഒന്നു സങ്കല്പിച്ചു നോക്കൂ.
“പുഴ നശിച്ചതോടെ പുഴയുമായി ബന്ധപ്പെട്ടു നിന്നിരുന്ന തോടുകളും ചിറകളുമൊന്നും നന്നാക്കാതെയായി. അതിലൂടെയുള്ള ഒഴുക്ക് നിന്നത് ഭൂഗർഭജല സ്രോതസ്സുകളെ ബാധിച്ചു. ആളുകൾ കുളിക്കാനും അലക്കാനും പാത്രം കഴുകാനുമൊന്നും പുഴയിലെ വെള്ളം ഉപയോഗിക്കാതെയായതോടെ കിണറുകളുടെ ഉപയോഗം പലമടങ്ങു വർദ്ധിച്ചു. ഇപ്പോൾ വെള്ളത്തിലേക്ക് ഉപ്പുകയറുന്ന അവസ്ഥയിലെത്തി കാര്യങ്ങൾ"

ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനും പ്രദേശവാസിയുമായ ജോയ് പ്രശ്നം വിശദമാക്കി..

റിയൽ എസ്റ്റേറ്റ് കച്ചവടമാണ് കൃഷിയെ ഇല്ലാതാക്കിയ പ്രധാനകാരണങ്ങളിലൊന്നെന്ന് കർഷകർ ഒന്നടങ്കം പറയുന്നു. പാടങ്ങൾ വാങ്ങിച്ചു കൂട്ടുന്ന തദ്ദേശവാസികളല്ലാത്ത ആളുകൾ (അവരിൽ മിക്കവരും പ്രവാസികളാണ്) ഭൂമി തരിശായി ഇടുകയാണ്. ഭൂമിയെ വെറുമൊരു നിക്ഷേപവസ്തുവായി കാണുന്ന അവരുടെ അജണ്ടയിൽ കൃഷി ഉൾപ്പെടുന്നില്ല. അതാർക്കും കൃഷി ചെയ്യാൻ കൊടുക്കുന്നുമില്ല. ഇതു തരിശായ ചതുപ്പു പ്രദേശമായി പാടശേഖരങ്ങളെ മാറ്റി. ഇന്നവിടെ ഒരു തുണ്ടു ഭൂമിയിൽ പോലും ആർക്കും നെൽകൃഷി ചെയ്യാൻ ആകുന്നില്ല. പട്ടികജാതി വിഭാഗത്തിൽ പെടുന്ന കർഷകർക്കും കർഷകത്തൊഴിലാളികൾക്കും കൃഷി ചെയ്യാൻ താല്പര്യമുണ്ടെങ്കിലും കൈവശമുള്ള ഭൂമിയുടെ അളവ് വളരെ കുറവായതിനാൽ ലാഭകരമായ രീതിയിൽ അതു ചെയ്യാൻ സാധ്യമല്ല.

[caption id="attachment_39580" align="aligncenter" width="640"]തരിശു കിടക്കുന്ന കൃഷിയിടങ്ങൾ തരിശു കിടക്കുന്ന കൃഷിയിടങ്ങൾ[/caption]
“ഞങ്ങൾ ഹരിജനങ്ങൾ എന്തു പാടുപെട്ട് നേടിയ വഴിയാണിതെന്നറിയുമോ? വഴി വന്നതോടെ എവിടെ നിന്നൊക്കെയോ ആളുകൾ വന്നു സ്ഥലം വാങ്ങാൻ തുടങ്ങി. ഈ റിയൽ എസ്റ്റേറ്റുകാരു വന്നതോടെ കൃഷി നശിച്ചു. അവരെ ഇവിടെ നിന്നും ഓടിക്കണം. പാടം നികത്തുന്ന അവസ്ഥ ഒരിക്കലുമുണ്ടാകാൻ പാടില്ല. കൃഷിയല്ലാതെ മറ്റൊന്നും അവിടെ ചെയ്യരുത്",

പുല്ലും പടലും പടർന്ന് തരിശായിക്കിടക്കുന്ന പാടത്തെ ചൂണ്ടിക്കാണിച്ചു ഹരിദാസ് പറഞ്ഞു.

കൃഷിയും അതോടൊപ്പം കോണോത്തുപുഴയും പുനർജനിക്കുമെന്ന പ്രതീക്ഷയിലാണ് നാരായണനും ഹരിദാസും ജോയിയുമെല്ലാം. നഷ്ടപ്പെട്ടുപോയ മെച്ചപ്പെട്ട ഇന്നലെകൾ മടങ്ങിവരണമെന്നാണ് അവർ ആഗ്രഹിക്കുന്നത്.
"നിങ്ങൾക്ക് കൃഷി ചെയ്യാൻ പറ്റില്ലെങ്കിൽ ഞങ്ങളെയേല്പിക്കൂ. ഞങ്ങൾ ചെയ്യാം. കൃഷി ചെയ്യുന്ന സമയത്ത് ഞങ്ങൾക്ക് ആവശ്യത്തിനു നെല്ലു കിട്ടുമായിരുന്നു. ഇപ്പോ ഈ വാച്ച്മാൻ പോലെയുള്ള സെക്യൂരിറ്റിപ്പണികളാണെടുക്കുന്നത്. അതുകൊണ്ട് ഒരു മെച്ചവുമില്ല. കൃഷി വീണ്ടും വന്നാൽ ഞാൻ ഒപ്പമുണ്ടാകും. പാടത്ത് കൃഷിയിറങ്ങിയാൽ പിന്നെ ഇവിടെ മീനുണ്ടാകും. ഇവിടെ സന്തോഷമുണ്ടാകും. ജനങ്ങൾ തമ്മിൽ ഒരു ഇടപഴക്കമുണ്ടാകും. സ്നേഹമുണ്ടാകും. പാടത്തു കൃഷി തന്നെ നടക്കണം. അടുത്തതലമുറയ്ക്കും കൂടി വേണ്ടി”

ഹരിദാസ് ആവേശത്തിലാണ്.

ഹരിദാസ് മാത്രമല്ല, നാരായണനും ജോയിയും അവരുടെ കുടുംബങ്ങളും അയൽവാസികളുമെല്ലാം. കാരണം, പുഴയെ വീണ്ടെടുക്കാനുള്ള ഒരു ജനകീയ പദ്ധതി അവിടെ രൂപവൽക്കരിക്കപ്പെട്ടിരിക്കുന്നു. കോടികളുടെ ഗവണ്മെന്റ് പ്രോജക്റ്റുകൾ പരാജയമാകുന്നിടത്ത്, ഏതാനും ലക്ഷങ്ങൾ മാത്രം മുടക്കുമുതലിൽ തങ്ങളുടെ നഷ്ടപ്പെട്ട പുഴയും കാർഷികസംസ്കാരവും വീണ്ടെടുക്കാൻ സാധിക്കുമെന്നു തെളിയിക്കാനുള്ള കഠിനാദ്ധ്വാനത്തിലാണ് അവിടത്തെ ജനങ്ങൾ.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI) യുടെ നേതൃത്വത്തിൽ നടക്കുന്ന കോണത്തുപുഴ ശുചീകരണ ജനകീയകൂട്ടായ്മയെക്കുറിച്ച് വിശദമായി ഇവിടെ വായിക്കാം:

ഒരു പുഴയെ വീണ്ടെടുക്കാൻ എത്ര കോടികൾ വേണം?

Read More >>