കേരളത്തിന്റെ ചരിത്രം പോരാട്ടങ്ങളുടെ ചരിത്രം കൂടിയാണ്‌; മലയാളികളെ പുകഴ്ത്തിയ മാര്‍ക്കണ്ഡേയ കട്ജുവിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ ഒരുകാലത്തും കേരളത്തില്‍ വിവേചനം നേരിട്ടിട്ടില്ലെന്ന കട്ജുവിന്റെ കുറിപ്പിൽ ചരിത്രപരമായ പിഴവുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തൊട്ടുകൂടായ്മ വ്യാപകമായ കാലമുണ്ടായിരുന്നു കേരളത്തില്‍. എന്നാല്‍ ഫ്യൂഡലിസത്തിനും ജാതി വിവേചനത്തിനും എതിരെ നടത്തിയ ശക്തമായ പോരാട്ടങ്ങളാണ് ഇന്ന് കാണുന്ന സാമൂഹിക മാറ്റത്തിന് കാരണം. അതിനാല്‍ തന്നെ കേരള ചരിത്രം എന്നത് പോരാട്ടങ്ങളുടെ ചരിത്രം കൂടിയാണെന്നും മുഖ്യമന്ത്രി പറയുന്നു.

കേരളത്തിന്റെ ചരിത്രം പോരാട്ടങ്ങളുടെ ചരിത്രം കൂടിയാണ്‌; മലയാളികളെ പുകഴ്ത്തിയ മാര്‍ക്കണ്ഡേയ കട്ജുവിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

മലയാളികളാണ് യഥാര്‍ത്ഥ ഇന്ത്യക്കാര്‍ എന്ന സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളി എന്ന നിലയിലും കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിലും അഭിമാനിക്കുന്നു.ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. താങ്കളുടെ പോസ്റ്റിൽ പരാമർശിക്കുന്നതു പോലെ വിവിധ രാജ്യക്കാരേയും വംശക്കാരേയും സ്വീകരിക്കുക എന്ന ജനാധിപത്യ മനസ്  മലയാളികള്‍ക്കുണ്ടെന്നും നന്ദി കുറിപ്പിൽ മുഖ്യമന്ത്രി പറയുന്നു.


എന്നാല്‍ കേരളത്തില്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ ഒരുകാലത്തും വിവേചനം നേരിട്ടിട്ടില്ലെന്ന കട്ജുവിന്റെ പോസ്റ്റില്‍ ചരിത്രപരമായ പിഴവുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തൊട്ടുകൂടായ്മയും ജാതീയതയും  വ്യാപകമായ ഒരു കാലമുണ്ടായിരുന്നു കേരളത്തിൽ. എന്നാല്‍ ഫ്യൂഡലിസത്തിനും ജാതി വിവേചനത്തിനും എതിരെ നടത്തിയ ശക്തമായ പോരാട്ടങ്ങളാണ് ഇന്ന് കേരളത്തിൽ കാണുന്ന സാമൂഹിക മാറ്റത്തിന് കാരണം. അതിനാല്‍ തന്നെ കേരള ചരിത്രം എന്നത് പോരാട്ടങ്ങളുടെ ചരിത്രം കൂടിയാണ്.

പുന്നപ്ര വയലാര്‍,കയ്യൂര്‍,കരിവള്ളൂര്‍,മൊറാഴ,ഒഞ്ചിയം തുടങ്ങി നിരവധി സമരങ്ങളുടെ ഓര്‍മ്മകളില്‍ അഭിരമിക്കുന്നവരാണ് മലയാളികള്‍. ശ്രീനാരായണ ഗുരു,അയ്യങ്കാളി,സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളും ഇടതുപക്ഷ പ്രസ്ഥാനങ്ങളും എല്ലാകാലവും വിവേചനത്തിന് എതിരെ നടത്തിയ ഇടപെടലുകള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. അയിത്തം കൽപ്പിക്കപ്പെട്ടവരുടെ ആരാധനാ സ്വാതന്ത്ര്യത്തിനായി നടത്തിയ ഗുരുവായൂര്‍ സത്യാഗ്രഹം ,വൈക്കം സത്യാഗ്രഹം , പാലിയം സത്യാഗ്രഹം തുടങ്ങിയ സമരങ്ങളും കേരള ചരിത്രത്തിലെ തിളക്കമാര്‍ന്ന ഏടാണ്.

വിദ്യാഭ്യാസ രംഗത്തിന് കേരളം നൽകിയ പ്രാധാന്യവും എടുത്തു പറയേണ്ടതാണ്. വിദ്യാഭ്യാസം എത്രമാത്രം പ്രാധാന്യമർഹിക്കുന്നു എന്ന് മനസിലാക്കി ക്രിസ്ത്യൻ മിഷണറിമാരും നവോത്ഥാന നായകരും നടത്തിയ ഇടപെടലുകൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർക്ക് പുതിയ ഉണർവ് നൽകി. ''ഞങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകിയില്ലെങ്കിൽ നിങ്ങളുടെ പാടത്ത് പണിയെടുക്കാനില്ല'' എന്ന് ഉറക്കെ പറഞ്ഞ് പണി മുടക്കിയ കണ്ടലയിലെ കർഷകത്തൊഴിലാളികളും മാറു മറയ്ക്കാൻ സമരം നടത്തിയ ചാന്നാർ സ്ത്രീകളും കേരളത്തിന്റെ പുരോഗമന മനസിന്റെ ശില്‍പ്പികളാണ്.

ദേശീയ പ്രസ്ഥാനങ്ങളും, കർഷക സമരങ്ങളും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഉഴുതിട്ട മണ്ണിനെ രൂപപ്പെടുത്തിയെടുക്കുക എന്ന് ധർമ്മമാണ് കേരളത്തിലെ ആദ്യ സർക്കാർ മുതൽ ചെയ്തു പോന്നത്. ഭൂപരിഷ്കരണത്തിലൂടെയും വിദ്യാഭ്യാസ ബില്ലിലൂടെയും അധികാര വികേന്ദ്രീകരണത്തിലൂടെയും കേരളത്തിന് പുതിയ ദിശ നൽകുകയാണ് ഇഎംഎസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സർക്കാർ ചെയ്തത്. ഭൂപരിഷ്കരണം, അധികാര വികേന്ദ്രീകരണം തുടങ്ങിയ മാർഗങ്ങളിലൂടെ ഫ്യൂഡലിസത്തിന് നൽകിയ കനത്ത തിരിച്ചടിയാണ് കേരളത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

യഥാര്‍ത്ഥ ഇന്ത്യക്കാര്‍ എന്നതിനെ കുറിച്ച് സംസാരിക്കുമ്പോൾ ഇന്ത്യ എന്നത് ഒരൊറ്റ ആശയമല്ല എന്ന് മനസിലാക്കണം. പ്രത്യേകിച്ചും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേയും കശ്മീരിലേയും സ്ഥിതി കണക്കിലെടുക്കുമ്പോള്‍. സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികത്തില്‍ എത്തിനില്‍ക്കുമ്പോള്‍ വ്യവ്യസ്ത അഭിപ്രായങ്ങളും ആശയങ്ങളും ശ്രദ്ധിക്കുകയും അഭിസംബോധന ചെയ്യുകയും വേണം.

തൊഴിലാളികൾ, ദളിതുകള്‍, ആദിവാസികള്‍, വനിതകള്‍, കുട്ടികള്‍, എല്‍ജിബിടി കമ്യൂണിറ്റിയില്‍ പെടുന്നവര്‍, മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍ തുടങ്ങി എല്ലാവരുടേയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടാൽ മാത്രമേ ഈ രാജ്യം അവരുടേതും കൂടിയാണെന്ന തോന്നലുണ്ടാവുകയുള്ളൂ. കേരളം കൈവരിച്ച ഈ നേട്ടങ്ങള്‍ മറ്റിടങ്ങളിലേക്ക് കൂടി വ്യാപിച്ചാല്‍ ഭരണഘടനാ ശില്‍പ്പികള്‍ വിഭാവനം ചെയ്ത യഥാര്‍ത്ഥ ഇന്ത്യ യാഥാര്‍ത്ഥ്യമാകും. ഇത് ഉടന്‍ തന്നെ സാധ്യമാകുമെന്ന് പ്രത്യാശിക്കാം. കട്ജുവിന്റെ നല്ല വാക്കുകൾക്ക് ഒരിക്കൽ കൂടി നന്ദി പറഞ്ഞാണ് മുഖ്യമന്ത്രി കുറിപ്പ് അവസാനിപ്പിക്കുന്നത്.

Read More >>