അധ്യാപക ദിനത്തില്‍ മന്ത്രിമാര്‍ ക്ലാസെടുക്കും; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ലഹരി പദാര്‍ത്ഥങ്ങളുടെ ഉപഭോഗം, ജീവിത ശൈലീ രോഗങ്ങള്‍, ഭക്ഷണ ക്രമം തുടങ്ങിയവയെപ്പറ്റിയുള്ള ബോധവത്കരണ ക്ലാസുകളാണ് നടക്കുക.

അധ്യാപക ദിനത്തില്‍ മന്ത്രിമാര്‍ ക്ലാസെടുക്കും; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഈ വര്‍ഷത്തെ അധ്യാപക ദിനത്തില്‍ മന്ത്രിമാര്‍ ക്ലാസെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ക്ലാസ് ഉദ്ഘാടനം ചെയ്യുക. ജീവിത ശൈലി എന്ന വിഷയത്തിലാവും മന്ത്രിമാര്‍ ക്ലാസെടുക്കുക. സെപ്തംബര്‍ 5 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്‌കൂളിലാണ് പരിപാടി. തദ്ദേശ സ്വയംഭരണ, ആരോഗ്യ, ധന, വിദ്യാഭ്യാസ മന്ത്രിമാരാണ് ക്ലാസെടുക്കുക.

ലഹരി പദാര്‍ത്ഥങ്ങളുടെ ഉപഭോഗം, ജീവിതശൈലീ രോഗങ്ങള്‍, ഭക്ഷണ ക്രമം തുടങ്ങിയവയെപ്പറ്റിയുള്ള ബോധവത്കരണ ക്ലാസുകളാണ് നടക്കുക. എല്ലാ മന്ത്രിമാരും എംഎല്‍എമാരും സ്‌കൂളുകളില്‍ ക്ലാസെടുക്കണമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.


അതേസമയം, നവംബര്‍ ഒന്നിന് കേരളത്തെ തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനമില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കാനും യോഗത്തില്‍ തീരുമാനമായി. ഇതുസംബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ഉദ്ഘാടന പരിപാടിയിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കാനും തീരുമാനമായി.

ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം കേരളത്തില്‍ നടപ്പാക്കും. യോഗ്യരെ കണ്ടെത്തുന്നതിനായി താലൂക്ക് തല റാങ്കിംഗിന് പകരം സംസ്ഥാനതല റാങ്കിങ് നടത്തും. താലൂക്ക് തല റാങ്കിംഗിനെതിരെ പരാതികള്‍ ഉയര്‍ന്നുവന്നതിനാലാണ് പുതിയ തീരുമാനം.

പുതിയ റേഷന്‍ കാര്‍ഡ് 2016 ഡിസംബറില്‍ വിതരണം ചെയ്യും. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം 154,80,040 പേരാണ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഗ്രാമ പ്രദേശത്ത് 52.63 ശതമാനവും നഗരപ്രദേശത്ത് 39.5 ശതമാനം ആളുകളുമാണ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്ളത്. 2012ലെ തദ്ദേശ ഭരണവകുപ്പ് ഉത്തരവ് പ്രകാരം അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന കാര്‍ഡുകള്‍ മുന്‍ഗണനാക്രമത്തില്‍ നിന്ന് ഒഴിവാക്കും. അതുപോലെ ക്ലാസ് ഫോര്‍ തസ്തിക വരെയുള്ള പട്ടിക വിഭാഗക്കാരും പട്ടികയില്‍നിന്നും പുറത്താകും.

ഭക്ഷ്യധാന്യങ്ങളുടെ വിതരണം സുഗമമാക്കുന്നതിന് ബ്ലോക്കുതലത്തില്‍ സംഭരണ ശാലകള്‍ സ്ഥാപിക്കും. റേഷന്‍ മൊത്ത വ്യാപാര ശ്യംഖലകളുടെ ചുമതല ഘട്ടംഘട്ടമയി സപ്ലൈകോയെ ഏല്‍പ്പിക്കും. ഭക്ഷ്യ ധാന്യങ്ങള്‍ സംഭരിക്കുന്നതിന് ശാലകള്‍ ലഭ്യമല്ലാത്തതിനാല്‍ നിലവില്‍ സംഭരണ ശാലകളുള്ള സര്‍ക്കാര്‍ ഏജന്‍സികളെ റേഷന്‍ വ്യാപാരികളുമായും മൊത്ത വ്യാപാരികളുമായും ചര്‍ച്ച നടത്തിയതിനുശേഷം മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഗോഡൗണുകള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍ ചുമതലയില്‍ നടത്തും. ഇത്തരത്തില്‍ ഗോഡൗണുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് സ്വകാര്യ ഗോഡൗണുകളെ ഒഴിവാക്കും. റേഷന്‍ കടകളില്‍ സാധനങ്ങളെത്തിക്കുന്നതിന്റെ മേല്‍ നോട്ടം സപ്ലൈക്കോയെ ഏല്‍പ്പിക്കും. പൊതു വിതരണ മേഖലയെ ഓണ്‍ലൈനായി നിരീക്ഷിക്കുന്നതിനുള്ള സോഫ്റ്റുവെയര്‍ എന്‍ഐടി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്.

Read More >>