സിങ്കങ്ങൾ ആണിടങ്ങളിലേക്ക് ചെല്ലട്ടെ; പുരുഷൻമാരെ പരിഷ്കരിക്കട്ടെ...

തീരെ അപരിഷ്‌കൃത സമൂഹങ്ങളില്‍ വ്യത്യസ്തതയെ അംഗീകരിക്കാന്‍ കഴിയാത്ത വെറുപ്പാണ് തുറിച്ചുനോട്ടത്തിന്റെ കാരണം. ലിംഗ അസമത്വം നിലനില്‍ക്കുന്ന സമൂഹത്തില്‍ പുരുഷന്‍ സ്ത്രീയെ തുറിച്ചുനോക്കുന്നതും ഇതേ അപരവല്‍ക്കരണത്തിന്റെ ഭാഗമാണ് . തന്റെ കാമത്തെ പൂര്‍ത്തീകരിക്കേണ്ടതായ അപര ശരീരം. സ്ത്രീവിരുദ്ധമായ സമൂഹത്തില്‍ ആ അപര ശരീരം ബഹുമാനം അര്‍ഹിക്കുന്നുമില്ല.

സിങ്കങ്ങൾ ആണിടങ്ങളിലേക്ക് ചെല്ലട്ടെ; പുരുഷൻമാരെ പരിഷ്കരിക്കട്ടെ...

പ്രീത ജി പി

നോട്ടങ്ങള്‍ പലതരം ഉണ്ട്. സ്‌നേഹം, വാത്സല്യം, കരുണ, ആര്‍ദ്രത, ദുഃഖം, പ്രണയം, കാമം, വെറുപ്പ്, എല്ലാം നോട്ടങ്ങളില്‍ കൂടി പ്രതിഫലിക്കുന്നു. കണ്ണുകള്‍ പറയാത്ത എന്ത് വികാരമാണ് ലോകത്തുള്ളത് . കണ്ണുകളില്‍ നോക്കി സംസാരിക്കാന്‍ അറിയില്ല എന്നതാണ് മലയാളിയുടെ ബലഹീനത എന്നാണ്  എനിക്ക് തോന്നിയിട്ടുള്ളത്.

പതിനാലു സെക്കന്റ് ആരെങ്കിലും നോക്കിയതായി പെണ്‍കുട്ടി പരാതി കൊടുത്താല്‍ കേസ് എടുക്കാമെന്ന എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്റെ പ്രസ്താവനയെ  ചുവട് പിടിച്ചു വിമര്‍ശനങ്ങളും, അനുകൂല നിലപാടുകളും ഒക്കെ കണ്ടു.


എന്താണ് ഈ പതിനാലു സെക്കന്റിന്റെ കണക്കെന്നു  മനസ്സിലായില്ല. 14 സെക്കന്റ് വരെ നോട്ടം അനുവദനീയമാണെന്ന് ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് വല്ലതും ഉണ്ടോ? അതും അറിയില്ല. നോട്ടവും തുറിച്ചുനോട്ടവും ഒന്നല്ല.

തുറിച്ചുനോട്ടം പല പരിഷ്‌കൃത സമൂഹങ്ങളിലും കുറ്റകൃത്യമായി എണ്ണുന്നു. ഋഷിരാജിന്റെ പ്രസ്താവനയെ തുറിച്ചുനോട്ടമായി എടുത്ത് അദേഹത്തെ അനുകൂലിച്ച ചില പോസ്റ്റുകളും കണ്ടു. തുറിച്ചു നോട്ടത്തെ കാമാസക്തിയുടെ നോട്ടമായി അല്ലെങ്കില്‍ സ്ത്രീക്ക് നേരെയുള്ള പുരുഷ നോട്ടം മാത്രമായി കരുതുന്നു എന്നു തോന്നുന്നു.

തുറിച്ചുനോട്ടം കേവലം കാമം മാത്രമാണോ? വെറുപ്പിന്റെ ഭാഷയാണ് തുറിച്ചുനോട്ടത്തിന്. ആ നിലയ്ക്ക് തുറിച്ചുനോട്ടത്തിന് ഇരയാകുന്നവര്‍ സ്ത്രീകള്‍ മാത്രം അല്ല. ട്രാന്‍സ്‌ജെന്‍ഡർ സമൂഹത്തിൽ പെടുന്നവർ, അംഗപരിമിതി ഉള്ളവര്‍, ഭിന്ന ശേഷിയുള്ള വ്യക്തികള്‍ തുടങ്ങി പലരും തുറിച്ചുനോട്ടത്തിന് ഇരയാകുന്നു. അപ്പോള്‍ പെണ്‍കുട്ടികള്‍ പരാതിപ്പെട്ടാല്‍ (മാത്രം) കേസ് എടുക്കുമെന്ന പ്രസ്താവനഎന്തുകൊണ്ടുണ്ടായി?

തീരെ അപരിഷ്‌കൃത സമൂഹങ്ങളില്‍ വ്യത്യസ്തതയെ അംഗീകരിക്കാന്‍ കഴിയാത്ത വെറുപ്പാണ് തുറിച്ചുനോട്ടത്തിന്റെ കാരണം. ലിംഗ അസമത്വം നിലനില്‍ക്കുന്ന സമൂഹത്തില്‍ പുരുഷന്‍ സ്ത്രീയെ തുറിച്ചു നോക്കുന്നതും ഇതേ അപരവല്‍ക്കരണത്തിന്റെ ഭാഗമാണ്. തന്റെ കാമത്തെ പൂര്‍ത്തീകരിക്കേണ്ടതായ അപര ശരീരം. സ്ത്രീവിരുദ്ധമായ സമൂഹത്തില്‍ ആ അപരശരീരം ബഹുമാനം അര്‍ഹിക്കുന്നുമില്ല.

വാര്‍പ്പുമാതൃകകളില്‍ നിന്നു മാറി നില്‍ക്കുന്ന സ്ത്രീ ശരീരം, ശരീര ഭാഷ എന്നിവയൊക്കെ സ്ത്രീകളുടെ പോലും തുറിച്ചുനോട്ടത്തിനു പാത്രമാകുന്നു. അതേപോലെ തന്നെ പൊതുബോധത്തെ തൃപ്തിപ്പെടുത്താത്ത പുരുഷ ശരീരങ്ങളും, സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്ന പൊതു സമൂഹത്തിന്റെ തുറിച്ചുനോട്ടത്തിനു വിധേയമാകുന്നു. അപ്പോള്‍ പുരുഷനെ മാത്രം പ്രതിക്കൂട്ടിലാക്കി സ്ത്രീകളെ സംരക്ഷിക്കാനുള്ള ഇത്തരം പ്രസ്താവനകള്‍ പൊതുബോധ കൈയടികള്‍ മാത്രം ലക്ഷ്യം വച്ചുള്ളതാണ്.

സ്ത്രീ സംരക്ഷണമെന്ന ലേബല്‍ ഒട്ടിച്ച് ഇത്തരം നിയമങ്ങള്‍ സമൂഹത്തെ വീണ്ടുംവീണ്ടും സ്ത്രീ വിരുദ്ധമാക്കാനേ ഉപകരിക്കൂ . പുരുഷൻമാർ, ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തില്‍ പെടുന്നവര്‍, അംഗപരിമിതി ഉള്ളവര്‍ തുടങ്ങിയ ആര്‍ക്കും തുറിച്ചുനോട്ടത്തിനെതിരെ കേസ് കൊടുക്കാന്‍ കഴിയണം. അതിന് ആദ്യം തുറിച്ചുനോട്ടം തെറ്റാണ് എന്നു ബോധ്യമുള്ള, സാംസ്‌കാരികമായി വളര്‍ന്ന ഒരു ജനത വേണം. അല്ലെങ്കില്‍ കേരളം പോലെ ഉള്ള സ്ഥലത്ത് തുറിച്ചുനോട്ടത്തിന്റെ പേരില്‍ ബഹുഭൂരിപക്ഷവും അകത്തുകിടക്കും . (എന്താണാവോ തെളിയിക്കപെട്ടാല്‍ ശിക്ഷ! എങ്ങനെ തെളിയിക്കും? )

കേരളത്തിലെ സ്ത്രീകള്‍ക്ക് സദാചാരം പൂത്തുനില്‍ക്കുന്നതുകൊണ്ട് പ്രണയാതുരമായ നോട്ടവും തുറിച്ചുനോട്ടവും ഒക്കെ തമ്മിലുള്ള അന്തരം മനസ്സിലാകുമോ ആവോ. കേരളത്തിലെ ആണ്‍കുട്ടികള്‍ക്ക് ഇഷ്ടം തോന്നുന്ന ഒരു സ്ത്രീ ശരീരത്തിലേക്ക് പ്രണയപൂര്‍വ്വം നോക്കാന്‍ അറിയുമോ ആവോ. നമ്മള്‍ നോട്ടങ്ങളും പരിശീലിക്കേണ്ടിയിരിക്കുന്നു.  സ്ത്രീയെയും പുരുഷനെയും ശത്രുപക്ഷത്ത് നിര്‍ത്തി സദാചാരം സംരക്ഷിക്കുന്ന നമ്മുടെ നാട്ടില്‍ ഇത്തരം നിയമങ്ങളുടെ കുറവുകൂടിയേ ഉള്ളു. അല്ലെങ്കില്‍ ബസില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ സീറ്റ് ആവശ്യപെട്ടാല്‍ ഭാര്യയെ കൊണ്ട് ചോദിച്ച പെണ്ണിനെ തല്ലിക്കുന്ന നാടാണ്.

ഇത് സ്ത്രീകളില്‍ നിന്നും പുരുഷന്മാരില്‍ നിന്നും തുറിച്ചുനോട്ടം നേരിടേണ്ടി വന്ന വാര്‍പ്പുമാതൃക അല്ലാത്ത സ്ത്രീയുടെ നിരീക്ഷണം ആണ്. ശരിയാകാം തെറ്റാകാം. സ്ത്രീകളെ തുറിച്ചു നോട്ടത്തില്‍ നിന്ന് രക്ഷിക്കുക മാത്രം അല്ല, ആണ്‍കുട്ടികളെ തുറിച്ചുനോക്കാതിരിക്കാന്‍ സാംസ്‌കാരികമായി ഉയര്‍ത്തുക എന്നതും സമൂഹത്തിന്റെ ഉത്തരവാദിത്വം ആണ്. പുരുഷനെ ഒരിക്കലും പരിഷ്‌കരിക്കാതെ സ്ത്രീയെ എന്നും സംരക്ഷിച്ചുകൊണ്ടിരിക്കും എന്ന സാമൂഹിക നിലപാടുപോലും പുരുഷാധിപത്യപരമാണ്. അതുകൊണ്ട് ഇനിയും സിംഹങ്ങള്‍ ആണ്‍ ഇടങ്ങളിലേക്ക് ചെല്ലട്ടെ, അവരെ പ്രബുദ്ധരാക്കട്ടെ, എന്നാണ് എന്റെ ഒരിത്...

Read More >>