ദുബൈയില്‍ ഇനി ടാക്‌സി ഡ്രൈവര്‍ ആകണമെങ്കില്‍ ഇംഗ്ലീഷ്‌ അറിഞ്ഞിരിക്കണം; സ്വഭാവവും നന്നായിരിക്കണം

ഇംഗ്ലീഷ്‌ ഭാഷയിലുള്ള അടിസ്ഥാന പരിജ്ഞാനം തുടങ്ങി, സ്വഭാവ-മാനസിക പരിശോധനയടക്കം അഞ്ചോളം പരിശോധനകള്‍ക്ക്‌ ഉദ്യോഗാര്‍ത്ഥി വിധേയനാകേണ്ടിവരും.

ദുബൈയില്‍ ഇനി ടാക്‌സി ഡ്രൈവര്‍ ആകണമെങ്കില്‍ ഇംഗ്ലീഷ്‌ അറിഞ്ഞിരിക്കണം; സ്വഭാവവും നന്നായിരിക്കണം

ദുബൈ: രാജ്യത്ത്‌ ഇനിമുതല്‍ ടാക്‌സി ഓടിക്കാനുള്ള പെര്‍മിറ്റ്‌ ലഭിക്കണമെങ്കില്‍ ഇംഗ്ലീഷ്‌ ഭാഷാ പരിശോധനയും, സ്വഭാവ പരിശോധനയും വിജയകരമായി പൂര്‍ത്തീകരിക്കണമെന്ന്‌ റോഡ്‌ ആന്റ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അതോറിറ്റി (ആര്‍ടിഎ)യുടെ നിര്‍ദ്ദേശം. ഇതിനായി ബ്രിട്ടീഷ്‌ കൗണ്‍സിലുമായുള്ള ഉടമ്പടിയില്‍ ആര്‍ടിഎ ഒപ്പുവച്ചു. രാജ്യത്തെ ഗതാഗത മേഖലയെ ലോക നിലവാരത്തിലേക്കുയര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ടുള്ള ആര്‍ടിഎയുടെ വിദേശ നയതന്ത്രത്തിന്റെ ഭാഗമായാണ്‌ ഈ ഉടമ്പടി. രാജ്യത്തെ ടാക്‌സി സര്‍വ്വീസുകളുടെ നിലവാരം വര്‍ദ്ധിപ്പിക്കുകന്നതിന്റെ ഭാഗമായാണ്‌ പുതിയ പരിഷ്‌കാരം.


ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരെ പതിനായിരം കിലോമീറ്ററില്‍ 1.4 ശതമാനം പരാതികള്‍ എന്ന ഇപ്പോഴത്തെ നിരക്കില്‍ നിന്നും, ഒരു ശതമാനത്തിലേക്ക്‌ എത്തിക്കുന്നതിന്‌ പുതിയ നടപടികള്‍ സഹായിക്കും എന്ന്‌ ആര്‍ടിഎയുടെ പൊതു ഗതാഗത ഏജന്‍സി സിഇഒ ആയ അബ്ദുള്ള യൂസഫ്‌ അല്‍ അലി പറയുന്നു.

ഡ്രൈവര്‍മാര്‍ക്ക്‌ ഇപ്പോള്‍ നടത്തുന്ന പരിശോധനകളുടെ രണ്ടാം ഘട്ടം എന്ന രീതിയില്‍ ആയിരിക്കും പുതിയ പരീക്ഷകൾ നടത്തുക.

ഇംഗ്ലീഷ്‌ ഭാഷയിലുള്ള അടിസ്ഥാന പരിജ്ഞാനം തുടങ്ങി, സ്വഭാവ-മാനസിക പരിശോധനയടക്കം അഞ്ചോളം പരിശോധനകള്‍ക്ക്‌ ഡ്രൈവര്‍മാര്‍ വിധേയരാകേണ്ടിവരും.

പുതിയ പരിഷ്‌ക്കാരങ്ങളെ സന്തോഷത്തോടെയാണ്‌ ടാക്‌സി ഡ്രൈവര്‍മാര്‍ സ്വീകരിച്ചിട്ടുള്ളത്‌. രാജ്യത്തെ ടാക്‌സി സര്‍വ്വീസുകള്‍ പരാതികള്‍ ഇല്ലാതെ കാര്യക്ഷമമാക്കാം എന്നാണ്‌ അവരുടെ അഭിപ്രായം.