ഇന്ത്യന്‍ ജനാധിപത്യത്തിനേറ്റ 'ഹരിയാന' ഷോക്ക്‌  

ഇവിടെ വിഷയം നഗ്നതയല്ല. തരുണ്‍ സാഗറിന്‍റെ സാന്നിദ്ധ്യവും, അതിനയാളെ അര്‍ഹനാക്കിയ യോഗ്യതകളും ആ ആശയങ്ങളില്‍ തികട്ടി വന്ന സ്ത്രീവിരുദ്ധതയുമാണ് പ്രധാനമായും ചർച്ച ചെയ്യേണ്ടത്. സംഘപരിവാറിന്‍റെ ഉറച്ച തട്ടകങ്ങളായ രാജസ്ഥാനിലും മധ്യപ്രദേശിലുമൊക്കെ ബി.ജെ.പി യുടെ അടിയുറച്ച അനുയായികളായ ജൈനമത വിശ്വാസികളുടെ ആത്മീയാചാര്യനാണ് തരുണ്‍. എസ് ഹരിനാരായണൻ എഴുതുന്നു.

ഇന്ത്യന്‍ ജനാധിപത്യത്തിനേറ്റ

എസ് ഹരി നാരായണന്‍ 

ഒരു ജനാധിപത്യ സംവിധാനത്തില്‍ നിയമ നിര്‍മ്മാണ സഭകളുടെ സ്ഥാനവും, സാമൂഹിക രാഷ്ട്രീയ പൊതു വ്യവഹാരത്തില്‍ അവ വഹിക്കുന്ന പങ്കും സുപ്രധാനമാണ്‌. തങ്ങളെ തിരഞ്ഞെടുത്ത ജനങ്ങളുടെ ജീവിതത്തെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന  നിര്‍ണായകമായ തീരുമാനങ്ങള്‍ ഭരണാധികാരികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്ന ഇടം എന്നതു കൂടി കണക്കിലെടുക്കുമ്പോള്‍, ജനാധിപത്യ മൂല്യബോധങ്ങളുടെ തലസ്ഥാനമായി അത്തരം കേന്ദ്രങ്ങള്‍ മാറുന്നുണ്ട്.


സഭാ ബഹിഷകരണം മുതല്‍ കായികമായ ആക്രമണങ്ങള്‍ക്ക് വരെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകള്‍ വേദിയാവാറുണ്ട്. ഈ സാഹചര്യത്തിലാണ് ഹരിയാന നിയമസഭയില്‍ ജൈന ദിഗംബര സ്വാമിയായ തരുണ്‍ സാഗര്‍ നഗ്നനായി പ്രസംഗിച്ച സംഭവം മാധ്യമങ്ങള്‍ ആഘോഷമാക്കുന്നത്. ഈ വിഷയത്തെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതിയെ പരിശോധിച്ച് കൊണ്ട്, അത്തരമൊരു സംഭവം ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ പൊതു രീതിശാസ്ത്രത്തെ ഏതെല്ലാം വിധത്തില്‍ അപായപ്പെടുത്തുന്നുവെന്ന് ആഴത്തില്‍ തന്നെ ചിന്തിക്കേണ്ടതുണ്ട്.

മുഖ്യമന്ത്രിയുടെയും എംഎല്‍എമാരുടെയും മുകളിലായി ഒരുക്കിയ ഇരുപ്പിടത്തിലിരുന്ന് കൊണ്ട് പ്രസംഗിച്ച തരുണ്‍ സാഗര്‍, പെണ്‍ ഭ്രൂണഹത്യ മുതല്‍ പാകിസ്ഥാന്‍ തീവ്രവാദം വരെയുള്ള വിഷയങ്ങളില്‍ തന്‍റെ അഭിപ്രായങ്ങള്‍ പറയുകയും ജനപ്രതിനിധികള്‍ സാകൂതം അവയെ ശ്രവിക്കുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍, ഇന്ത്യയിലെ ദേശീയ, പ്രാദേശിക മാധ്യമങ്ങള്‍ ഈ വിഷയത്തെ സമീപിച്ച രീതിയാണ്‌ അക്ഷരാര്‍ഥത്തില്‍ ഞെട്ടലുണ്ടാക്കിയത്. നിയമസഭയില്‍ ഒരു സന്യാസിക്കെന്തു കാര്യം എന്ന നിര്‍ണായക വിഷയത്തെ സൗകര്യപൂര്‍വ്വം വിസ്മരിച്ച് ആ വ്യക്തിയുടെ നഗ്നതയെ മാത്രം ഫോക്കസ് ചെയ്യാനും അതിലൂടെ സൃഷ്ടിക്കപ്പെടാനിടയുള്ള സെന്‍സെഷനല്‍ മൂല്യം പരമാവധി മുതലെടുക്കാനുമുള്ള തത്രപ്പാടിലായിരുന്നു ഇന്ത്യന്‍ മാധ്യമങ്ങള്‍.

ഇന്ത്യന്‍ മതേതര-സാമൂഹിക-നിയമ സംവിധാനത്തെ പരസ്യമായി അപഹസിക്കുന്ന   നിരവധി തീരുമാനങ്ങള്‍ സംഘപരിവാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ഥിരം വാര്‍ത്തകളായി മാറിത്തുടങ്ങിയിട്ടുണ്ട്. പശു സംരക്ഷകര്‍ മുതല്‍ ആള്‍ദൈവങ്ങള്‍ വരെ വിലസുന്നത് മുഖ്യമന്ത്രിമാരുള്‍പ്പടെയുള്ളവരുടെ മൗനാനുവാദത്തോടെയാണ്. സവര്‍ണ്ണ വിഭാഗങ്ങളുടെ ആരാധനാമൂര്‍ത്തികളായ ആള്‍ദൈവങ്ങളും, ആത്മീയാചാര്യന്മാരും വടക്കേ ഇന്ത്യയില്‍, പ്രത്യേകിച്ചും സംഘ പരിവാര്‍ ഭരണം കയ്യാളുന്ന സംസ്ഥാനങ്ങളില്‍ വിശുദ്ധ പശുക്കളായി മാറുന്നത് ഒരു പുത്തന്‍ പ്രതിഭാസമല്ല. പിടിക്കപ്പെടുന്നത് വരെ ആസറാം ബാപ്പുമാരെ സംരക്ഷിച്ചിരുന്നതും, അവരുടെ എല്ലാ സ്വാധീനവുമുപയോഗിച്ച് പൊതുജീവിതം കരുപ്പിടിപ്പിച്ചതും അവിടുത്തെ രാഷ്ട്രീയ നേതൃത്വമാണ്.

ഹരിയാനയിലെ സംഭവത്തിന്‍റെ പ്രാധാന്യം ആ സംസ്ഥാനത്തിന്‍റെ പൊതു ജീവിതത്തിന്‍റെ രാഷ്ട്രീയ ഭൂമികയിലെ അവസ്ഥാ വിശേഷവുമായി ചേര്‍ത്തു വായിക്കേണ്ടതുണ്ട്. സ്ത്രീവിരുദ്ധ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ഖാപ് പഞ്ചായത്തുകകളും അത്യന്തം സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങള്‍ ദിവസേനയെന്നോണം നടത്താറുള്ള  ബി.ജെ.പി മന്ത്രിമാരും ഹരിയാനയിലെ യാഥാര്‍ത്ഥ്യമാണ്. പുരുഷനെ വഴി തെറ്റിക്കുന്ന രീതിയില്‍ സ്ത്രീകള്‍ വസ്ത്രധാരണം നടത്തരുതെന്ന് മുഖ്യമന്ത്രിയായ മനോഹര്‍ ലാല്‍ ഖട്ടര്‍ പ്രസ്താവിച്ചത് കുറച്ച്‌ കാലം മുന്‍പാണ്. ജീന്‍സ് ധരിക്കുന്നത് മുതല്‍, മൊബൈല്‍ ഉപയോഗിക്കുന്നതില്‍ നിന്നു വരെ പെണ്‍കുട്ടികളെ വിലക്കുന്ന ഉത്തരവുകൾ അടിച്ചിറക്കുന്ന ഖാപ് പഞ്ചായത്തുകളെ ചോദ്യം ചെയ്യുന്നത് പോലും അക്ഷന്തവ്യമായ അപരാധമായി മാറുന്നുണ്ട്.

ഇത്തരം പുരുഷാധികാരത്തിന്‍റെ ഇടപെടലുകള്‍ ഒരു വാര്‍ത്ത പോലുമല്ലാതായി മാറിയ നാട്ടിലെ നിയമസഭയില്‍, തികച്ചും സ്ത്രീവിരുദ്ധമായ ആശയങ്ങളുടെ മുഷിഞ്ഞ ഭാണ്ഡവുമായി ഒരു നഗ്നസന്യാസിയെത്തിയത് പ്രശ്നമല്ലെന്നാണ് പൊതു നിലപാട്. ഒരു നാടിന്‍റെ പൊതുബോധത്തെ തന്നെ തികച്ചും പ്രതിലോമകരമായി ബാധിച്ചേക്കാവുന്ന അയാളുടെ ആശയമണ്ഡലത്തെ മുച്ചൂടും വിമര്‍ശിക്കുന്നത്തിനു പകരം പൊതു വേദിയിലെ സന്യാസിയുടെ നഗ്നതയാണ് യഥാര്‍ഥ പ്രശ്നമെന്ന മട്ടില്‍ അവതരിപ്പിക്കപ്പെട്ടത് ദൗര്‍ഭാഗ്യകരമാണ്. കാലികമായ ഒരു വിഷയത്തിന്‍റെ സൂക്ഷ്മരാഷ്ട്രീയത്തെയും അധികാരഘടനയുടെ പുരുഷമേധാവിത്ത അപ്രമാദിത്വത്തെയും പൊതുവേദിയില്‍  പൊളിച്ചടുക്കാനുള്ള  ഒരു സുവര്‍ണ്ണാവസരമാണ് ഇന്ത്യന്‍ മുഖ്യധാരാ മാധ്യമങ്ങളും ഒരു പരിധിവരെ സാമൂഹിക മാധ്യമങ്ങളും പാഴാക്കി കളഞ്ഞത്.

നഗ്നതയുടെ രാഷ്ട്രീയവും സന്യാസിയുടെ ജല്പനങ്ങളും

ഹരിയാന നിയമസഭയില്‍ തരുണ്‍ സാഗര്‍ നടത്തിയ ചില പരാമര്‍ശങ്ങളെങ്കിലും ഇവിടെ പരിശോധിക്കേണ്ടതായുണ്ട്. സ്ത്രീഭ്രൂണഹത്യയുടെ നിരക്കില്‍ വളരെ മുന്നിലുള്ള ഒരു സംസ്ഥാനമാണ് ഹരിയാന. തികച്ചും സങ്കീര്‍ണമായ ജാതി സമവാക്യങ്ങള്‍ കൂടിയാവുമ്പോള്‍ വിവാഹത്തിനായി മറ്റു സംസ്ഥാനങ്ങളിലെത്തുന്ന ഹരിയാന പുരുഷന്മാര്‍ ഒരു സമകാലീന യാഥാര്‍ഥ്യമാണ്. ഇത്തരം കടുത്ത സാമൂഹിക സത്യങ്ങളുടെ ഭൂമികയില്‍ നിന്നു വേണം ഭ്രൂണഹത്യക്കെതിരെ ആഞ്ഞടിച്ച സ്വാമിയുടെ പ്രഭാഷണത്തെ വിലയിരുത്തുവാന്‍.

1000 പുരുഷന് 990 സ്ത്രീ മാത്രമെന്ന് വിലപിക്കുമ്പോള്‍ തന്നെ, ബാക്കി വരുന്ന 10 പുരുഷന്മാര്‍ സ്ത്രീകളെ ലഭിക്കാതെ വരുമ്പോള്‍ “പാപം” ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്നും അതിനാല്‍ സ്ത്രീ-പുരുഷ അനുപാതം തുല്യമായി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അടിവരയിട്ട് പറയുന്നുണ്ട്. ഇവിടെ സ്ത്രീയുടെ ഏജന്‍സി റദ്ദു ചെയ്യപ്പെടുകയും സ്ത്രീ ശരീരത്തെ “പാപം”ചെയ്യുന്നതില്‍ നിന്ന് പുരുഷനെ തടയേണ്ട വെറും വസ്തു മാത്രമായി അടയാളപ്പെടുത്തുകയുമാണ്. മൂന്നാംകിട ഖാപ് നേതാവിനെ അനുസ്മരിപ്പിക്കുന്ന ഇത്തരം പ്രസ്താവങ്ങള്‍ നടക്കുന്നത്, ആ നാട്ടിലെ സ്ത്രീകള്‍ കൂടി വോട്ട് ചെയ്ത് വിജയിപ്പിച്ച നേതാക്കന്മാര്‍ ഒരുക്കിക്കൊടുത്ത വേദിയിലാണെന്നത് സഗൗരവം കണക്കിലെടുക്കേണ്ടതുണ്ട്.

തന്‍റെ പ്രസംഗത്തില്‍ അദ്ദേഹം സൂചിപ്പിക്കുന്ന  മറ്റൊരു സംഗതി കുടുംബ ജീവിതത്തില്‍ സ്ത്രീയും പുരുഷനും വഹിക്കുന്ന പങ്കിനെക്കുറിച്ചാണ്. ഭര്‍ത്താവ് ഏര്‍പ്പെടുത്തുന്ന അച്ചടക്ക നിയമങ്ങള്‍ പാലിക്കാന്‍ ഭാര്യ ഉത്തരവാദിത്തപ്പെട്ടവളാണെന്നും, ഭാര്യാ സംരക്ഷണം ഭര്‍ത്താവിന്‍റെ കടമയാണെന്നും തരുണ്‍ സാഗര്‍ ഉറപ്പിച്ച് പറയുന്നു. സ്ത്രീപുരുഷ സമത്വം ലക്ഷ്യമാക്കി ഈ രാജ്യത്തു നടന്ന എല്ലാ മുന്നേറ്റങ്ങളെയും നോക്കി കൊഞ്ഞനം കുത്തുന്ന,  പുരുഷന്‍റെ രക്ഷാകര്‍തൃത്വത്തെ മഹത്വവല്‍ക്കരിക്കുന്ന ആ വാചകങ്ങളെ സ്ത്രീകള്‍ കൂടിയടങ്ങുന്ന അധികാരവൃന്ദം സഹര്‍ഷം സ്വീകരിച്ചത് ഞെട്ടലുളവാക്കുന്നതാണ്. പുരോഗമനാത്മക മൂല്യവ്യവഹാരങ്ങളാല്‍ മാത്രം സാധ്യമാവുന്ന പൊതു സമൂഹത്തിന്‍റെ പുരോഗതിയുടെ കടക്കല്‍ കത്തി വയ്ക്കുന്നതിന് തുല്യമാണ് സഭയിൽ സംഭവിച്ചത്.

യാഥാസ്ഥിതിക വിചാരധാരകളെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചു കൊണ്ട് മാത്രം സാമൂഹിക വ്യവഹാരങ്ങളുടെ നിയമങ്ങളെ  നിര്‍മിക്കുന്നതില്‍ ഇന്ത്യന്‍ സമൂഹം ബദ്ധശ്രദ്ധരാണ്. നഗ്നതയെ ഇന്ത്യന്‍ വീക്ഷണകോണില്‍ വിശകലന വിധേയമാക്കുന്നത് രസകരമായിരിക്കും. ഇന്ത്യന്‍ ചരിത്രത്തിന്‍റെ പൗരാണിക പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോള്‍ പുരാതന കാലം മുതലേ ഇന്ത്യന്‍ സമൂഹം നഗ്നതയെ സമീപിക്കുന്നതില്‍ ഒരുതരം ഹിപ്പോക്രസി പ്രകടിപ്പിക്കുന്നതായി കാണാം. ചിലരുടെ നഗ്നത  വിശേഷപ്പെട്ടതും മറ്റു ചിലരുടെ അശ്ലീലവുമെന്ന വിചിത്ര ഫോര്‍മുലയിലാണ് ഇന്ത്യന്‍ മനസ് പ്രവര്‍ത്തിക്കുന്നത്.

സ്ത്രീകളുടെ നഗ്നതയെ അശ്ലീലമായി കണ്ട് പരിതപിക്കുകയും  പുരുഷന്‍റേത് സാഹചര്യമനുസരിച്ച് മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്നതും ഇന്ത്യയിലെ മാത്രം അവസ്ഥാവിശേഷമാണ്. ഈ നാട്ടിലെ ജെന്‍ഡര്‍ നിയമസംഹിതകളുടെ സ്വാധീനം കൂടിയാവുമ്പോള്‍ നഗ്നതയെ ഇന്ത്യന്‍ പൊതുബോധം സ്വീകരിക്കുന്ന രീതികളില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്ന് കാണാം. ഹരിയാന സംഭവത്തിലെ സന്യാസി തരുണ്‍ സാഗര്‍ നഗ്നനായി നിയമനിര്‍മ്മാണ സഭയെ അഭിസംബോധന ചെയ്തത് മാത്രമായി വേര്‍തിരിച്ചെടുത്ത് വിവാദമാക്കിയപ്പോള്‍, അതീവ ഗൗരവമര്‍ഹിക്കുന്ന ഒരു ഭാഗം വിട്ട് കളഞ്ഞു. നിയമസഭ പോലൊരു വേദിയില്‍ തരുൺ സാഗർ നടത്തിയ പിന്തിരിപ്പന്‍ പ്രസ്താവനകളെ വിചാരണ ചെയ്യാനും അതിനുള്ള അവസരമൊരുക്കിയവരെ വെളിച്ചത്ത് കൊണ്ടു വരാനുമുള്ള ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടം കൂടിയായി അത് പരിണമിച്ചു.

ഒരു മനുഷ്യന്‍ നഗ്നനാവണോ അതോ സമൂഹമനുശാസിക്കുന്ന വസ്ത്രധാരണത്തെ സ്വീകരിക്കണോയെന്നത് അയാളുടെ മാത്രം ചോയ്സായി അംഗീകരിക്കുകയെന്നതാണ് പക്വതയുള്ള ഒരു ജനാധിപത്യ സമൂഹത്തിന് ആശാസ്യമായ രീതി. നിര്‍ഭാഗ്യവശാല്‍ ഹരിയാന നേതാക്കളുടെ തുടര്‍ച്ചയായ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളോടും ആത്മീയതയും കാവിവല്‍ക്കരണവും കലര്‍ത്തിയ സംഘപരിവാറിന്‍റെ രാഷ്ട്രീയ പദ്ധതിയോടും ബന്ധിപ്പിച്ചുകൊണ്ട് ഹരിയാന സംഭവത്തെ ചര്‍ച്ചചെയ്യാത്തത് നമ്മുടെ സാംസ്കാരിക സംവാദങ്ങളിലെ പോരായ്മകളിലേക്ക് കൂടി വിരല്‍ ചൂണ്ടുന്നുണ്ട്.

നഗ്നതയെ പ്രതിരോധത്തിന്‍റെ ശക്തമായ രാഷ്ട്രീയായുധമായി ഉപയോഗിച്ച മണിപ്പൂരിലെ അമ്മമാര്‍ ദേശരാഷ്ട്രത്തിന്‍റെ മര്‍ദ്ദകോപകരണങ്ങളോട് തികച്ചും ക്രിയാത്മകമായാണ് സംവദിച്ചത്. നഗ്നതയെ അശ്ലീലത്തിന്‍റെ വരിതിയില്‍ മാത്രം ഉള്‍പ്പെടുത്തി അരികുവല്‍ക്കരിക്കുന്ന ഇന്ത്യന്‍ പൊതുബോധം അതിന്‍റെ സ്ഥാപനവല്‍ക്കരിക്കപ്പെട്ട ചിന്താശേഷിയുടെ ദയനീയാവസ്ഥയെ പേറുന്നുന്നുണ്ട്.

സംഘപരിവാര്‍ അടിച്ചേല്‍പ്പിക്കുന്ന മദ്ധ്യകാല പാപബോധം സ്ത്രീനഗ്നതയെ പടിഞ്ഞാറന്‍ സംസ്കാരത്തിന്‍റെ കടന്നുകയറ്റമായി വ്യാഖ്യാനിച്ച് സായുധമായി തന്നെ ചെറുക്കുന്നതാണ് സമകാലിക ഇന്ത്യന്‍ കാഴ്ച. തരുണ്‍ സാഗറിന്‍റെ മറ്റൊരു പ്രസ്താവന ശ്രദ്ധേയമാണ്. രാഷ്ട്രീയത്തെ സ്ത്രീയായും ധാര്‍മികതയെ പുരുഷനായും സങ്കല്‍പ്പിക്കുകയും, പുരുഷന്‍ സ്ത്രീയുടെ മേല്‍ നൂറ്റാണ്ടുകളായി നടത്തിയ അധിനിവേശത്തെ, ധാര്‍മികതയ്ക്ക് രാഷ്ട്രീയത്തിനു മേല്‍ സ്വാഭാവികമായുണ്ടാവേണ്ട മേല്‍ക്കൈയോട് താരതമ്യം ചെയ്ത് ഊട്ടിയുറപ്പിക്കുകയായിരുന്നു അദ്ദേഹം. ഇതിനെല്ലാം വേദിയായ ഹരിയാന വിധാന്‍ സഭയില്‍ പ്രാസംഗികന്‍ എങ്ങനെ എത്തിയെന്നും, ജനങ്ങള്‍ തിരഞ്ഞെടുത്ത അധികാരികളെ ഇത്തരം ജല്‍പനങ്ങള്‍ക്ക് വേദിയൊരുക്കാന്‍ ആരാണ് ചുമതലപ്പെടുത്തിയതെന്നും ഉച്ചത്തില്‍ തന്നെ ചോദിക്കേണ്ടതുണ്ട്.

ഇവിടെ വിഷയം നഗ്നതയല്ല. തരുണ്‍ സാഗറിന്‍റെ സാന്നിദ്ധ്യവും, അതിനയാളെ അര്‍ഹനാക്കിയ യോഗ്യതകളും ആ ആശയങ്ങളില്‍ തികട്ടി വന്ന സ്ത്രീവിരുദ്ധതയുമാണ്‌. സംഘപരിവാറിന്‍റെ ഉറച്ച തട്ടകങ്ങളായ രാജസ്ഥാനിലും മധ്യപ്രദേശിലുമൊക്കെ ബി.ജെ.പി യുടെ അടിയുറച്ച അനുയായികളായ ജൈനമത വിശ്വാസികളുടെ ആത്മീയാചാര്യനാണ് തരുണ്‍. ഇതേ ലോജിക് പ്രകാരം ഒരു ഇസ്ലാം ആത്മീയാചര്യനോ, ക്രൈസ്തവ സഭാ നേതാവോ നിയമസഭയില്‍ കയറി പ്രസംഗിക്കുന്ന രംഗം തന്നെ അചിന്തനീയമാണ്. നഗ്നതയില്‍ നിന്ന് ചര്‍ച്ചകളെ മോചിപ്പിച്ച് അല്പം കൂടി തുറസ്സായ സ്ത്രീപ്രാതിനിധ്യത്തിന്‍റെ, മത രാഷ്ട്രീയത്തിന്‍റെ ഭൂമികയിലേക്ക് അവയെ ആനയിക്കേണ്ടതുണ്ട്.

ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പ് അമേരിക്കന്‍ പ്രസിഡണ്ട്‌ ബാരക്ക് ഒബാമ എല്ലാ പുരുഷന്മാരും ഫെമിനിസ്റ്റുകളായിരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഒരു ലേഖനം എഴുതുകയുണ്ടായി. അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്ത പ്രസ്തുത ലേഖനം ലോകമെമ്പാടുമുള്ള രാഷ്ട്രീയ നേതാക്കളുടെ പുരുഷമേധാവിത്വ മനോഭാവത്തിന്‍റെ നേര്‍ക്ക് ഒരു ചോദ്യചിഹ്നമായി ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. അത്തരം ചര്‍ച്ചകളുടെ കാലത്തും, ഇന്ത്യന്‍ നിയമനിര്‍മാണസഭകള്‍ യാഥാസ്ഥിതിതികത്വത്തിന്‍റെ അപ്പോസ്തലന്മാര്‍ക്ക് ആതിഥേയത്വം വഹിക്കുകയാണെന്നത് ഒട്ടും ശുഭാസൂചകമല്ല.