ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്താൻ എളുപ്പ വഴി; തമിഴ്നാടിനെ കണ്ടു പഠിക്കൂ

നാട്ടിന്‍പുറങ്ങളിലെ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുകയും അവരെ ഉദ്ധരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍ തമിഴ്നാട് പ്രീമിയര്‍ ലീഗിന് തുടക്കമിട്ടത്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്താൻ എളുപ്പ വഴി; തമിഴ്നാടിനെ കണ്ടു പഠിക്കൂ

നിരഞ്ജൻ

ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ഒരു മെഡല്‍ കിട്ടുമ്പോഴുള്ള സന്തോഷമാണ്, മലയാളിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ കിട്ടുമ്പോഴുള്ള ആഹ്ലാദം. എന്നാല്‍ അതിന് വേണ്ടി അധികമൊന്നും വിയര്‍ക്കാന്‍ ആരും  തയ്യാറല്ല താനും. തൊണ്ണൂറുകള്‍ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉത്തരേന്ത്യന്‍ ആധിപത്യം ഒരുവിധം അവസാനിച്ചു. പിന്നീട് രാജ്യാന്തര ക്രിക്കറ്റ് ടീമില്‍ ദക്ഷിണേന്ത്യയുടെ പ്രത്യേകിച്ച് കര്‍ണ്ണാടകയും തമിഴ്നാടും ആധിപത്യമുറപ്പിച്ചു. ജവഗല്‍ ശ്രീനാഥ്, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ്, വി.വി.എസ് ലക്ഷ്മണ്‍, റോബിന്‍ സിംഗ്, വെങ്കിടേഷ് പ്രസാദ് എന്നു തുടങ്ങി രവിചന്ദ്ര അശ്വിന്‍ ഉള്‍പ്പെടെയുള്ള പുതുതലമുറയില്‍ എത്തിനില്‍ക്കുന്നു ഈ തുടര്‍ച്ച.

ആഭ്യന്തര ക്രിക്കറ്റില്‍ അവിടങ്ങളിലെ ക്രിക്കറ്റ് അസോസിയേഷനുകളുടെ യഥാര്‍ത്ഥ ഇടപെടല്‍ തന്നെയാണ് ഈ മുന്നേറ്റത്തിന് പിന്നിലെ വസ്തുത. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് സമാനമായി 2009ല്‍ കര്‍ണ്ണാടകയിലും മഹരാഷ്ട്രയിലും ആഭ്യന്തര ട്വന്റി- 20 ലീഗുകള്‍ ആരംഭിച്ചത് അതിനൊരു ഉദാഹരണം. ഇപ്പോഴിതാ വിപുലമായൊരു ആഭ്യന്തര ട്വന്റി - 20 ലീഗ് തമിഴ്നാട്ടിലും ആരംഭിച്ചിരിക്കുന്നു.

തമിഴ്നാട് പ്രീമിയര്‍ ലീഗ്

നാട്ടിന്‍പുറങ്ങളിലെ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുകയും അവരെ ഉദ്ധരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍ തമിഴ്നാട് പ്രീമിയര്‍ ലീഗിന് തുടക്കമിട്ടത്. തൂത്തുക്കുടി ജില്ലയില്‍ നിന്നും ദിനേഷ് കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ആല്‍ബെര്‍ട്ട് ട്യൂട്ടി പാരിയറ്റ്, ദക്ഷിണ മദ്രാസില്‍ നിന്നും രാജഗോപാല്‍ സതീഷിന്റെ ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ്, കോയമ്പത്തൂരില്‍ നിന്നും സെയ്ത് മുഹമ്മദിന്റെ ക്യാപ്റ്റന്‍സിയില്‍ ലൈക്ക കോവൈ കിംഗ്സ്, അരുണ്‍ കാര്‍ത്തികിന്റെ നായകത്വത്തില്‍ മധുരൈ സൂപ്പര്‍ ജയന്റ്സ്, കാഞ്ചീപുരത്ത് നിന്നും ബി. ഇന്ദ്രജിത്തിന്റെ കീഴില്‍ റൂബി കാഞ്ചി വാരിയേഴ്സ്, തിരുവള്ളൂരില്‍ നിന്നും ബി. അപരാജിതിന്റെ നേതൃത്വത്തില്‍ വി.ബി. തിരുവള്ളൂര്‍ വീരന്‍സ്, ഡിണ്ടിഗലില്‍ നിന്നും സുബ്രഹ്മണ്യ ശിവയുടെ ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്, കരൈക്കുടിയില്‍ നിന്നും ബദ്രിനാഥിന്റെ നേതൃത്വത്തില്‍ കരൈക്കുടി കാളെ എന്നിങ്ങനെ എട്ടു ജില്ലകളില്‍ നിന്നുള്ള ടീമുകളാണ് പ്രാഥമിക തമിഴ്നാട് ട്വന്റി - 20 പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുന്നത്. എട്ടു ടീമുകളിലായി 88 കളിക്കാര്‍ മൈതാനങ്ങളില്‍ നിറയും.

എം.എ ചിദംബരം സ്റ്റേഡിയം, ഇന്ത്യ സിമെന്റ്സ് സ്റ്റേഡിയം, എന്‍.പി.ആര്‍ കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ നടക്കുന്ന തമിഴ്നാട് ലീഗ് ഇതിനകം തന്നെ മാദ്ധ്യമ ശ്രദ്ധയും ക്രിക്കറ്റ് ലോകത്തെയും ആകര്‍ഷിച്ചിട്ടുണ്ട്. ഇതിനു കാരണം തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ടീമുകളുടെ അണിയറ പ്രവര്‍ത്തകര്‍ കൂടിയാണ്. ജില്ലാതല നിലവാരമുള്ള കളിക്കാര്‍ കൂടി ഉള്‍പ്പെട്ടതാണ് ടീമുകളെങ്കിലും ലോകത്തെ മഹാരഥന്‍മാരായ കളിക്കാരാണ് ഇവരെ പരിശീലിപ്പിക്കാന്‍ എത്തുന്നത്. കോയമ്പത്തൂര്‍ ടീമിനെ പരിശീലിപ്പിക്കുന്നത് ദക്ഷിണാഫ്രിക്കയുടെ സാക്ഷാല്‍ ലാന്‍സ് ക്ലൂസ്നറാണ്. എക്കാലത്തെയും മികച്ച ഓസ്ട്രേലിയന്‍ ക്യാപ്റ്റനായ സ്റ്റീവ് വോയുടെ ഏകദിന ടീമിന്റെ നട്ടെല്ലെന്ന് വിശേഷിപ്പിക്കാവുന്ന മൈക്കിള്‍ ബെവനാണ് മധുരൈ ടീമിന്റെ പരിശീലകന്‍. ഇന്ത്യന്‍ പരിശീലകരില്‍ അഗ്രഗണ്യനായ കഠിന്വാദ്ധ്വാനി റോബിന്‍ സിംഗാണ് കരൈക്കുടിയുടെ കളി തന്ത്രജ്ഞന്‍. കാഞ്ചീപുരത്തെ ഓസ്ട്രേലിയന്‍ താരമായ ബ്രെറ്റ് ലീ പരിശീലിപ്പിക്കുമ്പോള്‍ ഇന്ത്യന്‍ താരമായിരുന്ന ഹേമങ് ബദാനി ഉള്‍പ്പെടെയുള്ളവരാണ് ഇതര ടീമുകളുടെ പരിശീലകസ്ഥാനങ്ങളിലുള്ളത്.

പണം വാരുന്ന ലീഗ്

ഏറ്റുമുട്ടുന്നത് ജില്ലാതല ടീമുകള്‍ ആണെങ്കിലും തമിഴ്നാട് പ്രീമിയര്‍ ലീഗ് പണം വാരുകയാണ്. എട്ടു ഫ്രാഞ്ചെസികള്‍ക്ക് ടീം അനുവദിച്ചതിലൂടെ മാത്രം 33 കോടിയിലേറെ രൂപയാണ് അസോസിയേഷന് കിട്ടിയത്. ഫ്രാഞ്ചെസികളുടെ അടിസ്ഥാന വില 1.25 കോടിയായിട്ടാണ് നിശ്ചയിച്ചതെങ്കിലും തൂത്തുക്കുടി, ചെന്നൈ, കോയമ്പത്തൂര്‍ ജില്ലയുടെ ടീമുകള്‍ അഞ്ചു കോടിയിലേറെ രൂപയ്ക്കാണ് വിറ്റുപോയത്. 3.33 കോടി രൂപയ്ക്ക് വിറ്റുപോയ ഡിണ്ടിഗല്‍ ആണ് കുറഞ്ഞ നിരക്കില്‍ ബിഡ് ചെയ്തത്. അതും അടിസ്ഥാന വിലയ്ക്ക് മൂന്നിരട്ടിയോളമാണ്. തമിഴ്നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത കളിക്കാര്‍ക്ക് മാത്രമേ ടി.എന്‍.പി.എല്ലില്‍ കളിക്കാന്‍ കഴിയൂ. ഇന്ത്യന്‍ ടീമില്‍ പ്രത്യക്ഷപ്പെട്ട താരങ്ങള്‍ക്ക് പരമാവധി അഞ്ചുലക്ഷം രൂപ വരെ നിശ്ചയിച്ച ലീഗില്‍ തമിഴ്നാട് സംസ്ഥാനത്തെ പ്രതിനിധീകരിച്ചവര്‍ക്ക് രണ്ടരലക്ഷം രൂപ വരെ ലഭിക്കും. മറ്റു താരങ്ങള്‍ക്ക് ഒരു ലക്ഷം വരെ എന്നതാണ് നിശ്ചയിച്ചിരിക്കുന്ന തുക.

അന്താരാഷ്ട്ര മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ സ്പോര്‍ട്സ് സംപ്രേഷണാവകാശം നേടിയെന്നതും ശ്രദ്ധയാകര്‍ഷിക്കുന്നു. ജില്ലാ ടീമുകള്‍ ഏറ്റുമുട്ടുന്നിടത്ത് ഒളിമ്പിക്സ് പോലും സംപ്രേഷണം ചെയ്ത സ്റ്റാര്‍ സ്പോര്‍ട്സിന് എന്തു കാര്യം എന്ന് ചിന്തിക്കാന്‍ വരട്ടെ. ഏഴു മുതല്‍ പത്തു കോടിക്കാണ് സ്റ്റാര്‍ സ്പോര്‍ട്സ് സംപ്രേഷണ അവകാശം നേടിയത്. ഇതിനിടെ രണ്ടാം തമിഴ്നാട് പ്രീമിയര്‍ ലീഗിന്റെ സംപ്രേഷണ അവകാശവും സ്റ്റാര്‍ നേടിയതായി അറിയുന്നു. 12 കോടി രൂപയ്ക്കാണത്രെ ഈ ഇടപാട്. പണമൊഴുകുമ്പോഴും ക്രിക്കറ്റ് കളിക്കുന്ന യുവാക്കള്‍ക്ക് അവസര ജാലകം തുറക്കാന്‍ തമിഴ്നാടിനും കര്‍ണ്ണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും സാധിക്കുന്നുവെന്നത് തന്നെയാണ് അവിടെ നിന്നും പുതിയ കളിക്കാട ഉദയം ചെയ്യുന്നതിന്റെ കാരണം. ആഗസ്റ്റ് 24ന് ആരംഭിച്ച തമിഴ്നാട് പ്രീമിയര്‍ ലീഗിന്റെ പ്രാഥമ കിരീടം ആര് നേടുമെന്ന ആകാംക്ഷയോടൊപ്പം ടൂര്‍ണമെന്റില്‍ ഉദിച്ചുയരുന്ന താരങ്ങള്‍ ആരെല്ലാം എന്നത് കൂടി അറിയാൻ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകവും തമിഴ്നാടും. ഇവിടെ ഉദിച്ചുയരുന്നവര്‍ക്ക് ഐ.പി.എല്‍ ടീമിലേക്കുള്ള തിരഞ്ഞെടുപ്പിലും ഇന്ത്യന്‍ ടീമിലെത്താനും എളുപ്പവഴിയാകുമെന്നത് തന്നെ കാര്യം.

Read More >>