മോഹന്‍ലാലിനെ ആദരിക്കുന്ന പരിപാടിക്കു വേണ്ടി ടിഎ റസാഖിന്റെ മൃതദേഹത്തോട് ചലച്ചിത്രലോകം അനാദരവ് കാട്ടിയെന്ന് സംവിധായകന്‍ അലി അക്ബര്‍

''കൂത്ത് നടത്താനായി മരണം പോലും മറച്ചുവെച്ചു''

മോഹന്‍ലാലിനെ ആദരിക്കുന്ന പരിപാടിക്കു വേണ്ടി ടിഎ റസാഖിന്റെ മൃതദേഹത്തോട് ചലച്ചിത്രലോകം അനാദരവ് കാട്ടിയെന്ന് സംവിധായകന്‍ അലി അക്ബര്‍

നടന്‍ മോഹന്‍ലാലിനെ ആദരിക്കുന്ന പരിപാടിക്കു വേണ്ടി അന്തരിച്ച തിരക്കഥാകൃത്ത് ടിഎ റസാഖിന്റെ മൃതദേഹത്തോട് മലയാള ചലച്ചിത്രലോകവും മാധ്യമങ്ങളും അനാദരവ് കാട്ടിയെന്ന പരാതിയുമായി സംവിധായകന്‍ അലി അക്ബര്‍ രംഗത്ത്.

നടന്‍ മോഹന്‍ലാലിനെ ആദരിക്കുന്ന 'മോഹനം' എന്ന പരിപാടിക്കുവേണ്ടി ടി എ റസാഖിന്റെ മരണവാര്‍ത്ത പുറത്തുവിടാതിരുന്നതിനെതിരെയാണ്‌ അലി അക്ബര്‍ വിമര്‍ശനമുയര്‍ത്തിയത്. ഇന്നലെ  രാവിലെ 11 മണിക്ക് ടി.എ റസാഖ് മരണപ്പെട്ടെങ്കിലും പരിപാടി നടക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ മരണ വാര്‍ത്ത രാത്രി പത്തുമണി വരെ പുറത്തു വിട്ടില്ലെന്നാണ് അലി അക്ബറിന്റെ ആരോപണം.


പരിപാടിയുടെ സംഘാടകരോട് മരണവാര്‍ത്ത അറിയിച്ചെങ്കിലും പുറത്തുപറയാന്‍ അവര്‍ തയ്യാറായില്ലെന്ന് അലി അക്ബര്‍ വ്യക്തമാക്കുന്നു.ഭൗതികശരീരം കോഴിക്കോടേക്ക് കൊണ്ടു വരുമ്പോള്‍ സിയാദ് കോക്കറും ഒപ്പം ഉണ്ടായിരുന്നു. റസാഖിന്റെ മരണവാര്‍ത്ത ചലച്ചിത്രലോകത്തെ അറിയിക്കാന്‍ എന്തുകൊണ്ട് സിയാദ് കൊക്കറിനുപോലും സാധിച്ചില്ല എന്നാണു അലി അക്ബറിന്റെ ചോദ്യം.'മോഹനം' പരിപാടിക്ക് ശേഷം മൃതദേഹത്തിന്റെ ചുറ്റും നിന്ന് ഫോട്ടോയെടുക്കാനാണ് സിനിമാക്കാരെത്തിയത്. 'കൂത്ത്' നടത്താനായി മരണം പോലും മറച്ചുവെച്ചത് ടി.എ റസാഖിനോടുള്ള അനാദരവായിപ്പോയെന്ന് അലി അക്ബര്‍ അഭിപ്രായപ്പെട്ടു.


സംഘാടകര്‍ക്കൊപ്പം മാധ്യമങ്ങളെയും നിശിതമായി വിമര്‍ശിച്ച അലി അക്ബര്‍ വാര്‍ത്ത നേരത്തെ അറിയിക്കാതിരുന്ന മാധ്യമങ്ങളും തെറ്റുകാരാണെന്ന് വ്യക്തമാക്കി. മൃതദേഹം വൈകിട്ട് ഏറണാകുളത്ത്നിന്ന് പുറപ്പെട്ടിട്ട്കൂടിയും മാധ്യമങ്ങളില്‍ ഒന്നും തന്നെ ഇതെപ്പറ്റി യാതൊരു വിവരവും 
പ്രത്യക്ഷപ്പെട്ടില്ല.ഇ
തുമൂലം  റസാഖിനെ സ്നേഹിക്കുന്ന കോഴിക്കോട്ടെ ജനങ്ങള്‍ക്കുപോലും അദ്ദേഹത്തിന് ആദരപൂര്‍ണ്ണമായ യാത്രയയപ്പ് നല്‍കാന്‍ സാധിച്ചില്ല.മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലുള്ളവര്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് പ്രസക്തരെന്നും അലി അക്ബര്‍ കൂട്ടിച്ചേര്‍ത്തു.ടിഎ റസാഖിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവിന് കലാകേരളം ഒരു തരത്തിലും മാപ്പര്‍ഹിക്കുന്നില്ലെന്ന് സംവിധായകന്‍ വിനയനും പ്രതികരിക്കുകയുണ്ടായി.


അതേസമയം, ടിഎ റസാഖിന്റെ മൃതദേഹം വൈകിപ്പിച്ച സംഭവത്തില്‍ സംഘാടകര്‍ക്കും ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും പിന്തുണയുമായി നടന്‍ സലിം കുമാര്‍ രംഗത്തെത്തി. സംഭവത്തിന്റെ രണ്ടു വശങ്ങളും പരിഗണിക്കണമെന്നും ടി എ റസാഖ് ഉള്‍പ്പെടുന്ന അവശ കലാകാരന്മാരെ സഹായിക്കുക എന്ന സദുദ്ദേശത്തോടെ നടത്തിയ പരിപാടിയാണ് 'മോഹനം' എന്നുമാണ് സലിം കുമാറിന്റെ വിശദീകരണം. പരിപാടിയിലെ നന്മ തിരിച്ചറിഞ്ഞ് സംഘാടകരോട് ക്ഷമിക്കുകയും നന്ദി പറയുകയുമാണ്' വേണ്ടതെന്ന് സലിം കുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

Read More >>