നീന്തല്‍കുളത്തിലെ താരമായി സിറിയന്‍ അഭയാര്‍ഥി മാര്‍ഡിനി

ഒളിംപിക്‌സ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിറിയന്‍ അഭയാര്‍ഥി മല്‍സരത്തില്‍ പങ്കെടുക്കുന്നത്.

നീന്തല്‍കുളത്തിലെ താരമായി സിറിയന്‍ അഭയാര്‍ഥി മാര്‍ഡിനി

റിയൊ: ശനിയാഴ്‌ച്ച ഒളിംപിക്‌സ് നീന്തല്‍ മല്‍സരവേദിയിലേക്കായിരുന്നു മുഴുവന്‍ മാധ്യമ ശ്രദ്ധയും. സിറിയന്‍ അഭയാര്‍ഥിയായ യുസ്ര മാര്‍ഡിനിയുടെ പങ്കാളിത്തം തന്നെയായിരുന്നു ഇതിനുകാരണം. ആദ്യമായി ഒളിംപിക്‌സ് വേദിയിലെത്തുന്ന ഈ 18കാരി 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തിലാണ് മല്‍സരിച്ചത്. കഴിഞ്ഞ മല്‍സരങ്ങളും ഒളിംപിക്‌സ് നീന്തല്‍കുളത്തെയും കുറിച്ചുമാത്രമായിരുന്നു തന്റെ ചിന്തയെന്നും മാര്‍ഡിനി മാധ്യമങ്ങളോട് പറഞ്ഞു. ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ആദ്യത്തെ അഭയാര്‍ഥിയാണ് മാര്‍ഡിനി.


'രണ്ടുവര്‍ഷം മുമ്പ് ഞാന്‍ നീന്തല്‍ നിര്‍ത്തിയതാണ്. അതുകാണ്ടുതന്നെ പഴയ ഫോമിലേക്ക് തിരിച്ചെത്താന്‍ കഠിന പ്രയത്‌നമാണ് നടത്തിക്കൊണ്ടിരുന്നത്' മാര്‍ഡിനി പറഞ്ഞു. സിറിയന്‍ ഒളിംപിക് കമ്മറ്റിയുടെ സഹായത്തോടെയായിരുന്നു മാര്‍ഡിനി റിയൊയില്‍ എത്തിയത്.

'ഒളിംപിക്‌സ് തികച്ചും ആശ്ചര്യപ്പെടുത്തുന്ന ഒന്നാണ്. ഇതുപോലുള്ള ഒരു വേദിയില്‍ എത്താന്‍ കഴിഞ്ഞതിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നീന്തല്‍ താരങ്ങളെ നേരിട്ടുകാണാന്‍ കഴിഞ്ഞതിലും എനിക്ക് അത്യധികം സന്തോഷമുണ്ട്', മാര്‍ഡിനി പറഞ്ഞു.

ഒരു അഭയാര്‍ഥിയെ സംബന്ധിച്ചടുത്തോളം ഒളിംപിക്‌സ് പോലുള്ള വേദിയില്‍ എത്തുന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒന്നാണ്. എന്നാല്‍ തന്റെ നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവുമാണ് മാര്‍ഡിനിയെ ഒളിംപിക്‌സില്‍ മല്‍സരിക്കാന്‍ പ്രേരിപ്പിച്ചത്. മല്‍സരത്തില്‍ 41ാം സ്ഥാനമാണ് മാര്‍ഡിനിക്ക് ലഭിച്ചത്.