മുണ്ടൂരിലെ പട്ടികവിഭാഗം കുട്ടികളോട് അയിത്തവും തൊട്ടുകൂടായ്മയും കാണിച്ച പാചകക്കാരിയെ രക്ഷിക്കാൻ നീക്കം; ഹീനമായ ജാതിവെറിയ്ക്ക് ഉന്നതരുടെ പിന്തുണ; വഴിപാടു ചാർജ് മെമ്മോയുമായി ജില്ലാ പട്ടി�

ഉയര്‍ന്ന ജാതിക്കാരിയായ താന്‍ ഇത്തരം ജോലി ചെയ്യേണ്ടവളല്ലെന്ന് എപ്പോഴും പിറുപിറുക്കുന്ന ഇവർക്ക് വകുപ്പിൽ നിന്ന് വലിയ സംരക്ഷണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇടതുവലതു ഭേദമെന്യേ ലഭിക്കുന്ന ഈ സംരക്ഷണമാണ് കുട്ടികളോട് ഏറ്റവും ക്രൂരമായി പെരുമാറാൻ അവർക്കു ധൈര്യം നൽകുന്നതും. ഈ ഭരണത്തിലെങ്കിലും ഇതിനൊരു അറുതി വരുമോ എന്നാണ് അറിയേണ്ടത്.

മുണ്ടൂരിലെ പട്ടികവിഭാഗം കുട്ടികളോട് അയിത്തവും തൊട്ടുകൂടായ്മയും കാണിച്ച പാചകക്കാരിയെ രക്ഷിക്കാൻ നീക്കം; ഹീനമായ ജാതിവെറിയ്ക്ക് ഉന്നതരുടെ പിന്തുണ; വഴിപാടു ചാർജ് മെമ്മോയുമായി ജില്ലാ പട്ടി�

പാലക്കാട്: മുണ്ടൂരിലെ പ്രീമെട്രിക് ഹോസ്റ്റലില്‍ കുട്ടികളോട് സ്ഥിരം പാചകക്കാരി അയിത്തവും തൊട്ടുകൂടായ്മയും കാണിച്ചിട്ടില്ലെന്ന്  ജില്ലാ പട്ടികജാതി വികസന ഓഫീസർ. ഹീനമായ ഈ കുറ്റാരോപണങ്ങൾ ഒഴിവാക്കിയാണ് പാചകക്കാരിയ്ക്ക് ചാർജ് മെമ്മോ നൽകിയിരിക്കുന്നത്.

ഹോസ്റ്റലിലെ അയിത്തത്തെയും തൊട്ടുകൂടായ്മയെയും കുറിച്ച് കുട്ടികൾ നിരന്തരമായി പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് നാരദാ ന്യൂസ് റിപ്പോർട്ടു ചെയ്തതിനെ തുടർന്നാണ് കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് ഇവരെ സർവീസിൽ നിന്ന് സസ്പെൻഡു ചെയ്തത്. എന്നാൽ  സസ്പെൻഷന് മുമ്പ് നൽകേണ്ട മെമ്മോ രണ്ട് ദിവസം മുമ്പാണ്  ജില്ലാ പട്ടിക ജാതി വികസന ഓഫീസർ ഇവർക്ക് നൽകിയത്. ഇതിലാണ് ഗുരുതരമായ ആക്ഷേപങ്ങൾ ഒഴിവാക്കിയിരിക്കുന്നത്. കുട്ടികൾക്ക് ഭക്ഷണം മോശമായി പാചകം ചെയ്തു നൽകുന്നു, വാർഡനോട് മോശമായി പെരുമാറുന്നു തുടങ്ങിയ കുറ്റങ്ങളാണ് ചാർജ് മെമ്മോയിൽ ആരോപിച്ചിരിക്കുന്നത്.


പട്ടികജാതി കുട്ടികളോടുള്ള തീർത്തും നികൃഷ്ടവും ക്രൂരവുമായ പെരുമാറ്റത്തിന്റെ പേരിൽ പല തവണ ആരോപണങ്ങളും നടപടിയും ഇവർ നേരിട്ടിട്ടുണ്ട്. കൊഴിഞ്ഞാമ്പാറ ഹോസ്റ്റലില്‍ സോപ്പു പൊടി കലർത്തിയ ഭക്ഷണം നൽകിയാണ് ഇവർ കുട്ടികളോട് അരിശം തീർത്തത്. വയറിളക്കം പിടിപെട്ട കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പത്ത് ദിവസം ഹോസ്റ്റല്‍ അടച്ചിടുകയും ചെയ്തു. തുടർന്ന് വലിയ പ്രതിഷേധമുയർന്നു.  ഇവരെ ജോലിയില്‍ നിന്ന മാറ്റിയാലേ ഹോസ്റ്റലിലേക്ക് കയറുവെന്ന് ശഠിച്ച് കുട്ടികള്‍ സമരമാരംഭിച്ചു.  പോലീസ് പാചകക്കാരിയെ കസ്റ്റഡിയിലെടുത്തു. ഇത്രയും രൂക്ഷമായ പ്രശ്നങ്ങളുണ്ടായിട്ടും പാചകക്കാരിയ്ക്കെതിരെ യാതൊരു നടപടിയും ഉണ്ടായില്ല. സ്ഥലം മാറ്റത്തിലൂടെ അധികൃതർ അവരെ രക്ഷിച്ചു.

ആലത്തൂരില്‍ ജോലി ചെയ്യുമ്പോഴായിരുന്നു അടുത്ത വിക്രിയ. അയയില്‍  ഉണങ്ങാനിട്ട തുണി കാറ്റത്തു പറന്ന് ഇവരുടെ വസ്ത്രത്തിൽ മുട്ടി.  ഒരു പത്താംക്ലാസുകാരിയുടെ തുണിയായിരുന്നു ഈ 'അബദ്ധം' കാണിച്ചത്.  പട്ടികജാതി കുട്ടിയുടെ തുണി തന്റെ ദേഹത്തു തട്ടിയതോടെ  അയിത്തമായി എന്ന് ആരോപിച്ച്  ആ കുട്ടിയുടെ തുണിയും പതിമൂന്ന് ടെക്സ്റ്റ് ബുക്കുകളും ഇവർ കത്തിച്ചുകളഞ്ഞു. ഈ സംഭവത്തെ തുടർന്ന് ഇവർക്ക് സസ്‌പെന്‍ഷന്‍ കിട്ടിയിരുന്നു

മുണ്ടൂരിലെത്തിയപ്പോഴും സ്വഭാവത്തിന് യാതൊരു മാറ്റവുമുണ്ടായിരുന്നില്ല എന്നാണ് അന്വേഷണത്തിൽ തെളിയുന്നത്. രാവിലെ ഒമ്പതു മണിയ്ക്ക് ജോലിക്കെത്തിയാലുടനെ  മുറിച്ചുവെച്ച പച്ചക്കറിയും മറ്റുമുണ്ടെങ്കിൽ അവ  എടുത്തു കളയും. താൽക്കാലിക പാചകക്കാരി ഒബിസി വിഭാഗത്തിലുള്ളതാണ്. അവരുടെ കൈകൊണ്ട് തൊട്ടതിൽ തൊട്ടാലും അയിത്തമാകുമത്രേ. പച്ചക്കറി വലിച്ചെറിയും. പാത്രത്തില്‍ ഒഴിച്ചു വെച്ച പാല്‍ ഉപയോഗിക്കില്ല.  ഒ ബി സി വിഭാഗത്തില്‍ പെട്ട പാചകക്കാരി കഴുകി വെച്ച പാത്രങ്ങൾ സ്വീപ്പറെക്കൊണ്ട് വീണ്ടും കഴുകിക്കും. പാകം ചെയ്ത ഭക്ഷണം മറ്റാരെങ്കിലും കഴിക്കുന്നതിനു മുമ്പേ ഇവർക്കു കഴിക്കണം.  മുട്ട, പാല്‍ തുടങ്ങിയവ ആരും തൊടാതെ മാറ്റി വെച്ച് വീട്ടിലേക്ക് കൊണ്ടു പോകും.

ദലിത് കുട്ടികളോട് വളരെ ക്രൂരമായാണ് ഇവർ പെരുമാറിയിരുന്നത്. രാത്രി കുട്ടികളെ പഠിക്കാൻ അനുവദിക്കില്ല. തനിക്ക് ശല്യമാണെന്നും പഠിത്തം നിര്‍ത്താനും ആവശ്യപ്പെടും. നിര്‍ത്തിയില്ലെങ്കില്‍ കുട്ടികൾക്കും വാർഡനും ശകാരം. രാത്രി മൂന്നു മണിക്ക് കുട്ടികളെ കൊണ്ട് ചപ്പാത്തി പരത്തിക്കുകയാണ് മറ്റൊരു ഹോബി.

ഉയര്‍ന്ന ജാതിക്കാരിയായ താന്‍ ഇത്തരം ജോലി ചെയ്യേണ്ടവളല്ലെന്ന്  എപ്പോഴും പിറുപിറുക്കുന്ന ഇവർക്ക് വകുപ്പിൽ നിന്ന് വലിയ സംരക്ഷണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.  ഇടതുവലതു ഭേദമെന്യേ ലഭിക്കുന്ന ഈ സംരക്ഷണമാണ് കുട്ടികളോട് ഏറ്റവും ക്രൂരമായി പെരുമാറാൻ അവർക്കു ധൈര്യം നൽകുന്നതും. ഈ ഭരണത്തിലെങ്കിലും ഇതിനൊരു അറുതി വരുമോ എന്നാണ് അറിയേണ്ടത്.
മുണ്ടൂർ പ്രീമെട്രിക് ഹോസ്റ്റൽ വിഷയത്തിൽ നാദരാ ന്യൂസ് പ്രസിദ്ധീകരിച്ച മുൻ വാർത്തകൾ

Read More >>