ഐഎസ് ബന്ധം ആരോപിക്കപ്പെട്ട കാസര്‍ഗോട് സ്വദേശിയെ എറണാകുളത്ത് കണ്ടെത്തി

കാസര്‍ഗോട് നിന്നും വിദേശത്തേക്ക് കടന്ന് തീവ്രവാദി സംഘടനയായ ഐഎസിൽ ചേര്‍ന്നതായി കരുതപ്പെടുന്ന മലയാളികളുടെ സംഘത്തില്‍ അബ്ദുള്ളയും ഭാഗമായിരിക്കാം എന്നായിരുന്നു പോലീസിന്റെ നിഗമനം

ഐഎസ് ബന്ധം ആരോപിക്കപ്പെട്ട കാസര്‍ഗോട് സ്വദേശിയെ എറണാകുളത്ത് കണ്ടെത്തി

കാസര്‍ഗോട്: ആദൂരില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ ചീനപ്പാടി സ്വദേശി അബ്ദുള്ളയെ എറണാകുളത്ത് കണ്ടെത്തി. ആറുമാസം മുന്‍പ്‌ തൃക്കരിപ്പൂരില്‍ മതപഠനത്തിനെന്നു പറഞ്ഞു വീട് വിട്ടിറങ്ങിയ അബ്ദുള്ളയെ കണ്ടെത്തിയതായി പോലീസ് കുടുംബാംഗങ്ങളെ വിവരമറിയിച്ചു കഴിഞ്ഞു. 

വീടുവിട്ടിറങ്ങിയ ശേഷം വിവരമൊന്നും ലഭിക്കാത്തതിനാല്‍ അബ്ദുള്ളയുടെ പിതാവ് മുഹമ്മദ്‌ പോലീസിനു പരാതി നല്‍കിയിരുന്നു.  കാസര്‍ഗോട് നിന്നും വിദേശത്തേക്ക് കടന്ന് തീവ്രവാദി സംഘടനയായ ഐഎസിൽ  ചേര്‍ന്നതായി കരുതപ്പെടുന്ന മലയാളികളുടെ സംഘത്തില്‍ അബ്ദുള്ളയും ഭാഗമായിരിക്കാം എന്ന സംശയത്തെത്തുടര്‍ന്നു ജില്ല പോലീസ് മേധാവി കേസന്വേഷണം ഏറ്റെടുത്തു.കാസര്‍ഗോട് നിന്നും കാണാതായ  യുവാക്കള്‍ സ്ഥിരമായി തൃക്കരിപ്പൂരിലെ ഒരു സാംസ്‌ക്കാരിക കേന്ദ്രത്തില്‍ ഒരുമിച്ച് കൂടാറുണ്ടായിരുന്നു എന്നവിവരം പോലീസിനു ലഭിച്ചതിനെത്തുടര്‍ന്ന് മതപഠനത്തിനായി വീട് വിട്ടിറങ്ങിയ അബ്ദുള്ളയുടെ തിരോധാനം ഏറെ ചര്‍ച്ചാവിഷയമായിരുന്നു.

കാണാതായ അബ്ദുള്ള എറണാകുളത്ത് ഉത്സവ പറമ്പുകളില്‍ കച്ചവടം നടത്തിവരികയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.അബ്ദുള്ളയെ നാട്ടിലേക്ക് എത്തിക്കാനായി ആദൂര്‍ പൊലീസ് എറണാകുളത്തേക്ക് പുറപ്പെട്ടു.

Read More >>