കരളും മദ്യപാനവും; ഒരു പഠനം

ദിവസേന 60 മില്ലിയില്‍ താഴെ മാത്രം മദ്യം ഉപയോഗിക്കുകയാണെങ്കില്‍ കരള്‍രോഗത്തിനുള്ള സാധ്യത വിരളമാണ്.പക്ഷെ, ചെറിയ അളവിലുള്ള മദ്യപാനം ലഹരി പ്രദാനം ചെയ്യാത്തതിനാല്‍ കടുത്ത മദ്യപാനികള്‍ക്ക് ഇത് പിന്തുടരാന്‍ ബുദ്ധിമുട്ടായിരിക്കും.

കരളും മദ്യപാനവും; ഒരു പഠനം

കരളും മദ്യപാനവും തമ്മില്‍ എന്താണ് ബന്ധം എന്നത് കാലങ്ങളായി എല്ലാവരും ഉന്നയിക്കുന്ന ചോദ്യമാണ്. കൂടാതെ ദിവസേന അല്‍പ്പം മദ്യം മാത്രം കഴിച്ചാല്‍ കരള്‍ തകരാറിലാകുമോ, ഏറ്റവും അപകടകാരിയായ മദ്യം ഇതാണ് അങ്ങനെ പല സംശയങ്ങളും മദ്യപാനത്തെക്കുറിച്ച് നിലനില്‍ക്കുന്നുണ്ട്. ലോക കരള്‍ ദിനത്തില്‍ ഇത്തരം ചില സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്താം.

മദ്യപാനത്തിലൂടെ ഉണ്ടാകുന്ന അസറ്റാല്‍ഡിഹൈഡ് എന്ന രാസപദാര്‍ത്ഥം കരളിനെ നശിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. സാമാന്യം നന്നായി മദ്യപിക്കുന്ന എല്ലാവരുടേയും കരളില്‍ കൊഴുപ്പ് അടിയുന്നു. തുടര്‍ന്ന് കരളില്‍ നീര്‍ക്കെട്ട് ഉണ്ടാകുന്നു. ഈ അവസ്ഥയ്ക്ക് ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ് എന്ന് പറയുന്നു. ഇത് കാലക്രമേണ ലിവര്‍ സിറോസിസ് എന്ന മാരകമായ അവസ്ഥയിലേക്ക് നയിക്കുന്നു. പ്രായം കൂടുതോറും കരളിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുന്നതിനാല്‍ മദ്യത്തിന്റെ ദൂഷ്യഫലങ്ങള്‍ വാര്‍ധക്യത്തില്‍ ഏറുവാനുള്ള സാധ്യത കൂടുതലാണ്.


ദിവസേന രണ്ട് പെഗ് അടിക്കാം, അത് കരള്‍ രോഗങ്ങള്‍ ഉണ്ടാക്കില്ല എന്നുള്ള ധാരണ തികച്ചും തെറ്റാണ്. രണ്ട് പെഗ് വിദേശമദ്യം (വിസ്കി, ബ്രാന്‍ഡി, റം, വോഡ്ക തുടങ്ങിയവ നമ്മുടെ നാട്ടില്‍ 120 മില്ലി ആണ്. ഒരു പെഗ് അല്ലെങ്കില്‍ ഒരു ലാര്‍ജ് 60 മില്ലി എന്ന രീതിയില്‍ കണക്കാക്കപ്പെടുന്നു) 60മില്ലി വിദേശമദ്യത്തിലുള്ള ആല്‍ക്കഹോളിന്റെ അളവ് ഏകദേശം 20 ഗ്രാമാണ്. അതായത് രണ്ട് പെഗ്ഗില്‍ 40 ഗ്രാം എന്ന കണക്കില്‍. ദിവസേന 40 ഗ്രാം വീതം 5 വര്‍ഷം തുടര്‍ച്ചയായി മദ്യം സേവിച്ചാല്‍ പുരുഷന്‍മാര്‍ക്ക് കരള്‍ രോഗം ബാധിക്കാം. സ്ത്രീകള്‍ക്ക് ഇതിന്റെ നേര്‍പകുതി അളവിലുള്ള മദ്യപാനം കരളിന് തകരാറുണ്ടാക്കാം. അതുകൊണ്ട് ദിവസേന രണ്ട് പെഗ് വീതം മദ്യപിക്കുന്നത് സ്വീകാര്യമല്ല.

എന്നാല്‍, ദിവസേന 60 മില്ലിയില്‍ താഴെ മാത്രം മദ്യം ഉപയോഗിക്കുകയാണെങ്കില്‍ കരള്‍രോഗത്തിനുള്ള സാധ്യത വിരളമാണ് എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പക്ഷെ, ചെറിയ അളവിലുള്ള മദ്യപാനം ലഹരി പ്രദാനം ചെയ്യാത്തതിനാല്‍ കടുത്ത മദ്യപാനികള്‍ക്ക് ഇത് പിന്തുടരാന്‍ ബുദ്ധിമുട്ടായിരിക്കും.

ബിയര്‍ മദ്യമല്ല എന്നൊരു ധാരണ നിലനില്കുന്നുണ്ട്. ബിയറും നാടന്‍ കള്ളും വീട്ടിലുണ്ടാക്കിയ വൈനും എല്ലാം മദ്യമാണ്. നമ്മുടെ നാട്ടില്‍ ലഭ്യമായിട്ടുള്ള ബിയറുകളില്‍ മദ്യത്തിന്റെ അളവ് ഏതാണ്ട് 45 മില്ലി വിദേശമദ്യത്തിന് തുല്യമാണ്. ബിയര്‍ തീര്‍ച്ചയായിട്ടും കരളിനെ ബാധിക്കാം. അതുകൊണ്ട് ബിയര്‍ മാത്രമേ ഉപയോഗിക്കാറുള്ളു, മദ്യപിക്കാറില്ല എന്ന കാഴ്ചപ്പാട് വെറും അബദ്ധമാണ്.

മദ്യപാനം മൂലം കരള്‍രോഗം ബാധിച്ചവര്‍ക്ക്‌ പൂര്‍ണമായും മദ്യപാനം ഉപേക്ഷിക്കുക എന്നുള്ളതാണ് രോഗത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ആദ്യ പടി.മദ്യം മൂലം കരളില്‍ അടിയുന്ന കൊഴുപ്പ് പൂര്‍ണമായും അലിഞ്ഞുപോയി കരള്‍ പൂര്‍വസ്ഥിതിയില്‍ എത്തിച്ചേരും. എന്നാല്‍ കരളില്‍ വടുക്കള്‍ വീണ് തുടങ്ങിയാല്‍ അത് പൂര്‍വ അവസ്ഥയില്‍ എത്തിച്ചേരുവാനുള്ള സാധ്യത വളരെ കുറവാണ്. കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുവാന്‍ സഹായിക്കുന്ന മരുന്നുകള്‍ ഒരു പരിധിവരെ പ്രയോജനപ്രദമാണ്. മദ്യപാനത്തില്‍നിന്ന് പൂര്‍ണ വിടുതല്‍ നേടുവാനുള്ള ചികിത്സയും ആവശ്യമാണ്. സിറോസിസ് പോലുള്ള മാരകമായ അവസ്ഥയില്‍ കരള്‍ മാറ്റിവെയ്ക്കുക മാത്രമാണ് ഏക പ്രതിവിധി. കരള്‍രോഗമുണ്ട് എന്ന് മനസ്സിലാക്കിയതിനുശേഷം തുടര്‍ന്ന് മദ്യപിക്കുന്നത് ആത്മഹത്യ ചെയ്യുന്നതിന് തുല്യമാണ്. ഇക്കൂട്ടരുടെ കരളിന്റെ പ്രവര്‍ത്തനം ദ്രുതഗതിയില്‍ മോശമായി  മഞ്ഞപ്പിത്തം, കുടലില്‍ രക്തസ്രാവം, മഹോദരം, അബോധാവസ്ഥ, വൃക്കകളുടെ തകരാര്‍ എന്നിവ സംഭവിച്ച്‌ ഏതാനും ആഴ്ചകള്‍ അല്ലെങ്കില്‍ മാസങ്ങള്‍കൊണ്ട് മരണം സംഭവിക്കും. അതുകൊണ്ട് കരളിന് ഏതെങ്കിലും തരത്തിലുള്ള അസുഖം ഉണ്ടെന്ന് മനസ്സിലായാല്‍ കര്‍ശനമായും മദ്യപാനം ഒഴിവാക്കണം.

Story by