സങ്കേതങ്ങളുടെ അവയവത്തുടർച്ചകളിൽ അവനവനെ കണ്ടുകിട്ടാനുള്ള ജപങ്ങൾ

കവിത എന്ന മാധ്യമരൂപത്തെ തന്നെ പല കോണുകളിൽ നിന്ന് നോക്കുന്ന, ദാർശനികവും അപദാർശനികവുമായ അറ്റങ്ങളിൽ നിന്ന് കവിതയെ സമീപിക്കുകയും ചെയ്യുന്ന എഴുത്തുവിദ്യ കൊണ്ട് സൈബറിടങ്ങളിൽ ബ്ലോഗുകാലഘട്ടം മുതൽ തന്നെ സാന്നിധ്യമറിയിച്ച കവിയാണ് ടി.പി.വിനോദ്. സുധീഷ് കോട്ടേമ്പ്രം എഴുതുന്നു.

സങ്കേതങ്ങളുടെ അവയവത്തുടർച്ചകളിൽ അവനവനെ കണ്ടുകിട്ടാനുള്ള ജപങ്ങൾ

സുധീഷ് കോട്ടേമ്പ്രം

യാഥാർത്ഥ്യം എന്ന ‘സത്യാവസ്ഥ‘ പ്രതീതി യാഥാർത്ഥ്യം എന്ന ‘മിഥ്യ’യുമായി ഇഴപിരിഞ്ഞ ലോകത്തിരുന്നാണ് നമ്മളിന്ന് കലയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ആലോചിക്കുന്നത്. കരേൻ എ ഫ്രാങ്ക് നിരീക്ഷിക്കുന്നതുപോലെ പ്രതീതിയാഥാർത്ഥ്യത്തിലെക്ക് ഒരാൾ പ്രവേശിക്കുമ്പോൾ രക്തവും മാംസവും മജ്ജയുമുള്ള സ്വന്തം ശരീരം പുറകിൽ ഉപേക്ഷിക്കുന്നുണ്ട്. അഥവാ ചലനങ്ങൾ തീരെ കുറഞ്ഞ ശരീരങ്ങളുടെ ധ്യാനമാണ് സാങ്കേതികതയുടെ ലോകത്തെ മനുഷ്യന്റെ ദൈനംദിന ജീവിതം. എന്നാൽ ശരീരമില്ലായ്മയുടെ ആകാശപ്പറക്കലുകൾ മാത്രമല്ല, പ്രതീതിലോകത്തെ ഒരാളുടെ തന്മ () യെ തീർച്ചപ്പെടുത്തുന്നത്. ഇന്ദ്രിയങ്ങളിൽ നിന്നുള്ള രഹസ്യകോഡുകൾ വലക്കണ്ണികളുമായി ബന്ധിപ്പിക്കുന്ന ഒരുതരം ബന്ധം അത് സ്ഥപിക്കുന്നുണ്ട്. അതുകൊണ്ടാണ് ലൈംഗികത മുതൽ കുറ്റകൃത്യം വരെ നീളുന്ന മനുഷ്യാനുഭവങ്ങളുടെ പടർച്ച സൈബറിടങ്ങളിലും തുടരുന്നത്.


കുരങ്ങുകളിൽ നിന്ന് തുടങ്ങി മോണിറ്ററിലേക്ക് നോക്കിയിരിക്കുന്ന മനുഷ്യനിലേക്ക് അവസാനിക്കുന്ന പരിണാമത്തിന്റെ ഒരു ഗ്രാഫിക്സുണ്ട്, സമീപകാലത്ത് പ്രചരിച്ചത്. ഇരിപ്പിന്റെ സമാനത കൊണ്ട് കുരങ്ങുജന്മത്തിലേക്കുള്ള തിരിച്ചുപോക്കിനെ ഫലിതരൂപേണ ഉന്നംവെയ്ക്കുന്നതാണെങ്കിലും മോണിറ്ററിൽ നോക്കിയുള്ള ഇരിപ്പിന്റെ ഐക്കണോഗ്രഫി കേവലം ഫലിതബിന്ദു മാത്രമല്ല എന്ന് മനസ്സിലാക്കാൻ കഴിയും. ഒരു ഭൂരിപക്ഷം നവസാങ്കേതികതയുടേയും ഇന്റർനെറ്റിന്റെയും ലോകത്തിനു പുറത്താണ് എന്നൊരു കാനേഷുമാരി കൊണ്ടുവന്നാൽ പോലും സങ്കേതങ്ങളുടെ അനുഭവലോകം സൃഷ്ടിച്ച സാംസ്ക്കാരിക ആഘാതങ്ങൾ (?) പുതിയ മനുഷ്യാവസ്ഥയെ നിർവ്വചിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു എന്നത് നിസ്തർക്കമാണ്. നമ്മുടെ മനക്കണക്കുകളെ കാൽക്കുലേറ്റർ ഏറ്റെടുത്ത പോലെ, നമ്മുടെ തീരുമാനിച്ചുറച്ച ഉണർച്ചകളെ അലാറങ്ങളേറ്റെടുത്ത പോലെ, നമ്മുടെ ഓർമ്മയെ, പ്രേമത്തെ ഒക്കെ കൈഫോണുകൾ ഏറ്റെടുത്തപോലെ, ഒന്നിൽ നിന്ന് മറ്റൊന്നായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യന്റെ അവയവത്തുടർച്ചകളായി [1] സാങ്കേതികത വളർന്നുകഴിഞ്ഞു.

സൈബർ സ്പേസിന്റെ സങ്കരലോകക്രമത്തെ കുറിച്ച് പരാമർശിക്കുന്നിടത്ത് സ്റ്റയിൽ സൂചിപ്പിക്കുന്ന ‘എല്ലാരും അറിയുന്നു’ [2] എന്ന സങ്കല്പം വാർത്തകളുടെയും അറിവിന്റെയും പെരുംകടലായി മാറുന്ന സൈബർസ്പെസിനെക്കുറിച്ചാണ്. അറിയാതെ പോയി എന്ന് ഇനിയൊരാളും പറയാനിടയില്ലാത്ത വിധം അറിവിന്റെ വിതരണ ശൃംഖല വ്യക്തികളിലേക്ക് പ്രവഹിക്കുകയാണ് സൈബറിടങ്ങളിൽ. ഓഫ്‌ലൈൻ ആയിരിക്കുമ്പോഴും സൈബർ ജീവിതം ലൈവായി തുടരുന്ന ഒന്നാകയാൽ സോഷ്യൽ നെറ്റ്‌വർക്കുകളിൽ അത് ദേശകാലങ്ങളെ സമീകരിച്ചു എന്നും പറയാം. അകലങ്ങളെയും അടുപ്പങ്ങളെയും മാറ്റിപ്പണിയുന്ന സൈബർ സ്ഥലരാശി ഒരില്ലാസ്ഥലം തന്നെയാണ്. വാക്കുകളുടെയും ഇമേജുകളുടെയും മേഘഭരണികൾക്കുള്ളിൽ സ്ഥലകാലങ്ങൾ കുഴഞ്ഞുമറിഞ്ഞുകിടക്കുകയാണ്. അവിടെ അധികാരത്തിന്റെ ശക്തികേന്ദ്രങ്ങൾ സാധ്യമല്ല. പകരം, വികേന്ദ്രീകരണത്തിന്റെ, പടർച്ചകളുടെ ദ്രവശില്‍പ്പങ്ങളാണ് സൈബർ പൗരത്വത്തിന്റേത്. ലോകം ഇന്റർനെറ്റിന്റെ അനന്തസാധ്യതകളിലേക്കെടുത്തെറിയപ്പെടും മുൻപാണ് ദെലൂസും ഗുത്താരിയും റിസോം () സങ്കല്‍പ്പനം [3] അവതരിപ്പിച്ചത്. രേഖീയചരിത്രനിർമ്മിതികളെ നിരാകരിക്കുന്ന ദെലൂസിയൻ നൊമാഡോളജിയെ സാക്ഷാത്കരിക്കുന്ന വിഭവഭൂപടമായി ഇന്ന് ഇന്റർനെറ്റും അതിന്റെ ഭാവുകത്വപരിസരവും മാറിക്കഴിഞ്ഞു. മേൽ‌കീഴ് ബന്ധങ്ങളല്ല, പരപ്പിന്റെ സാമൂഹികശാസ്ത്രത്തെ അത് ഉദ്ഘാടനം ചെയ്തു.

സാങ്കേതികത അതിന്റെ എല്ലാത്തരം വൈവിധ്യങ്ങളോടെയും മനുഷ്യരിൽ പ്രവർത്തനസജ്ജമായ ഇക്കാലത്ത്, കവിത എന്ന ഭാഷാരൂപവും അതിന്റെ പുതിയ മേച്ചില്‍പ്പുറങ്ങൾ തേടിക്കൊണ്ടിരുന്നു. മലയാളത്തിൽ സാങ്കേതികതയുടെ നവലോകബോധ്യങ്ങളെ നേർക്കുനേർ അഭിമുഖീകരിച്ച സർഗാത്മകരൂപം എന്ന നിലയിൽ ഏറ്റവും പുതിയ കവിത പഠിക്കപ്പെടേണ്ടതുണ്ട്. ‘എല്ലാവരും കവികളായ’ സൈബറിടം എന്ന് കളിയായും കാര്യമായും പറയപ്പെടുന്ന ഒരിടത്തെ, സർഗാത്മക ജ്ഞാനമണ്ഡലമായി കാണാനുള്ള വിമുഖത ഒരു വശത്തും അച്ചടിയുടെ ആധികാരികത നിർണ്ണയിക്കുന്ന കാവ്യഭാവുകത്വം മറ്റൊരു വശത്തും നിലയുറപ്പിക്കുമ്പോൾ കവിതയെക്കുറിച്ചുള്ള ചർച്ച കൂടുതൽ ഉത്തരവാദിത്തപ്പെട്ടതാകുന്നു .

ഭാവുകത്വത്തിന്റെ കുതറിമാറലുകൾ കവിതയിൽ സാധ്യമായത് സൈബറിടങ്ങളിൽ മാത്രമാണ്. അതുതന്നെയാണ് ആ മാധ്യമം മുന്നോട്ടുവെയ്ക്കുന്ന സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ കാതലും. നല്ലത്/ചീത്ത എന്ന ഗുണമേന്മാനിശ്ചയങ്ങൾക്കപ്പുറത്ത് ഓരോ കവി(ത)യുടെയും സൂക്ഷ്മപാഠങ്ങൾ സാധ്യവുമാണിന്ന്. കവിത എന്ന മാധ്യമരൂപത്തെ തന്നെ പല കോണുകളിൽ നിന്ന് നോക്കുന്ന, ദാർശനികവും അപദാർശനികവുമായ അറ്റങ്ങളിൽ നിന്ന് കവിതയെ സമീപിക്കുകയും ചെയ്യുന്ന എഴുത്തുവിദ്യ കൊണ്ട് സൈബറിടങ്ങളിൽ ബ്ലോഗുകാലഘട്ടം മുതൽ തന്നെ സാന്നിധ്യമറിയിച്ച കവിയാണ് ടി.പി.വിനോദ്. നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ എന്ന ആദ്യസമാഹാരത്തിലും തുടർന്നുള്ള ഒറ്റപ്പെട്ട എഴുത്തുകളിലൂടെയും അച്ചടിക്ക് പരിചിതനെങ്കിലും ഒരു മുഴുവൻസമയ ഓൺലൈൻ കവിയായി ടി.പി.വിനോദിനെ വായിക്കാനാണ് ഇവിടത്തെ താല്‍പ്പര്യം. ആ കവിതകൾ ഉല്‍പ്പാദിപ്പിക്കുന്ന മാധ്യമബോധം തന്നെയാണ് അതിനു കാരണം. ഇ-ഇടം അയാൾക്ക് കേവലം അച്ചടിത്താളിനെ പകരം വെക്കുന്ന മറ്റൊരു പരസ്യത്താൾ മാത്രമല്ല. (എഴുത്തോല പേപ്പറായി, പേപ്പർ ഇപ്പോൾ മോണിറ്ററായി എനിനിങ്ങനെ ഡിവൈസ് മാത്രമായി ഇ ഇടത്തെ കാണുന്ന പ്രവണത പരക്കെ ഉണ്ട്.) കവിതയുടെ സങ്കേതങ്ങൾ മാറുമ്പോൾ ആ സങ്കേതം കൂടി പങ്കെടുക്കുന്ന ഒരു സർഗാത്മക മണ്ഡലമായി വേണം സൈബറിടത്തെ നോക്കിക്കാണേണ്ടത്.

ഞാൻ

ഇതിന്റെ
അർത്ഥത്തെയല്ല
എഴുതുന്നത്
(അല്ല)

കവിതയെ പ്രതിനിധാനങ്ങളുടെ ചില്ലുകൂട്ടിനുള്ളിൽ പ്രതിഷ്ഠിച്ച ആധുനികതയുടെ ഉച്ചസ്ഥലരാശിയെ തൊടുന്നു ടി.പി.വിനോദിന്റെ ഈ കവിത. എഴുതിയതിന്റെ അർത്ഥം ‘മറ്റൊന്നാ, ണെന്ന കാവ്യയുക്തിയെ ‘അല്ല, ഇത് ഇതുതന്നെയാണ്, എന്ന ഭൗതികാനുഭവത്തെ പകരംവെയ്ക്കുന്ന എഴുത്തുരീതി ആധുനികതയുടെ അസ്തമഘട്ടത്തുതന്നെ വെളിപ്പെടുന്നുണ്ട്. അയ്യപ്പപ്പണിക്കരിലും പിന്നീട് ഡി.വിനയചന്ദ്രനിലുമൊക്കെ ഈ അർത്ഥനിരാസങ്ങളുടെ രചനാരീതികൾ കാണാം. വിഷയനിരാസങ്ങളുടെ അമൂർത്തകലാകൃത്തുക്കൾ ചിത്രകലയിൽ കെഹ്യ്തതും ‘അർത്ഥത്തെയല്ല വര്യ്ക്കുന്നത്’ എന്ന ബോധ്യം തന്നെയാണ്. അവിടെ രൂപങ്ങളും നിറങ്ങളും ചായത്തേപ്പുകളും തന്നെ സ്വയം സംവദിക്കുന്ന അവയുടെ വിനിമയശേഷി വീണ്ടെടുക്കുകയായിരുന്നു. സാഹിത്യത്തിനകത്തെ കരുതിക്കൂട്ടിവെച്ച ‘സാഹിത്യ’ത്തെ നിർവ്വീര്യമാക്കുന്ന ഒരെഴുത്തുവിദ്യ ആധുനികാനന്തര എഴുത്തിലും പ്രകടമാണ്. (ഭാഷ സ്വയം സംസാരിക്കുന്നു, മനുഷ്യർ പ്രതികരിക്കുന്നു എന്ന് ഹൈഡഗർ).

ഭാഷയുടെ വിനിമയോർജ്ജം അതിന്റെ അർത്ഥത്തിലല്ല കിടക്കുന്നത് എന്ന് ഇന്ന് ഭാഷാശാസ്ത്രജ്ഞർ ഏറെക്കുറെ സമ്മതിക്കുന്നുണ്ട്. ഏതൊരു ഭാഷയെയും നമ്മൾ പരിഗണിക്കുന്നത് അതിന്റെ ലിഖിതവും വാച്യവുമായ സവിശേഷതകൾ മുൻ‌നിർത്തിയാണല്ലോ. എന്നാൽ ഈ ലിഖിതവും വാച്യവുമായ സങ്കേതങ്ങൾക്കപ്പുറത്ത് ആ ഭാഷ തന്നെ ഉല്‍പ്പാദിപ്പിക്കുന്ന ചേഷ്ടകളെയോ മൂളലുകളെയോ മറ്റ് നിശ്ശബ്ദമേഖലകളെയോ ‘ഭാഷ’ എന്ന മാനകമൂല്യത്തിനുള്ളിൽ പൊതുവെ പരിഗണിക്കാറില്ല. കവിത, വാസ്തവത്തിൽ ഭാഷയിലെ ഈ പുറമ്പോക്കുകളെക്കൂടി പരിഗണിക്കുന്നു. അത് പലപ്പോഴും പ്രതിനിധാനങ്ങളുടെ തലത്തിൽ ആയിരിക്കില്ല, സൗന്ദര്യമൂല്യം മാത്രമായി നിലനിൽക്കുകയും ചെയ്യും. വിഷയത്തിന്റെയോ വസ്തുവിന്റെയോ അല്ലാത്ത ഭാഷയുടെ മൂന്നാമിടത്തെ കുറിച്ച് ജൂലിയ ക്രിസ്റ്റേവ പരാമർശിക്കുന്നുണ്ട് [4]. ഈ മൂന്നാമിടമാണ് കവിതയുടെ നിർമ്മിതികേന്ദ്രം.

ഇന്നോളമുള്ള
ഇതിവൃത്തങ്ങളിൽ നിന്ന്
ഇടവേളയെടുക്കണം

ഞാനെവിടെ, ഞാനെവിടെ
എന്നെന്നെക്കൊണ്ടെങ്കിലും
പരിഭ്രമിപ്പിക്കണം
(ഭാവിയിലേക്ക് തിരിച്ചുവരാമെന്ന്)

ടാഗൊരിന്റെ പ്രശസ്തമായ ഒരു കഥയിൽ പെട്ടെന്ന് വെളിച്ചം കെട്ടുപോയ ഒരു രാത്രിയിൽ കുഞ്ഞ് ചോദിക്കുന്നുണ്ട്, ‘അമ്മേ, ഞാനെവിടെയാണ്?’ എന്ന്. അമ്മേ, അമ്മ എവിടെയാണ് എന്നല്ല, ഞാനെവിടെയാണ് എന്നാണറിയേണ്ടത്. ഞാനെവിടെയാണെന്ന ആദിമമായ ചോദ്യം ഉന്നയിക്കുന്നതിന്റെ സൗന്ദര്യമാണ് കലയിൽ ഉള്ളത്. ‘എന്നുടെ ഒച്ച വേറിട്ട് കേൾക്കൽ’ ടി.പി.വിനോദിൽ എത്തുമ്പോൾ “ഞാനായിരിക്കുക എന്ന കലാരൂപം അനുവാചകരും അവാർഡുകളുമില്ലാതെ ക്ഷയിച്ചുകൊണ്ടിരിക്കുന്നു’ എന്നാവുന്നു. ‘അവനവെനെക്കുറിച്ചുള്ള ജിജ്ഞാസ’ മറ്റൊരു രൂപത്തിൽ മറ്റൊരു കാലത്തിൽ തുടരുന്നതിന്റെ രചനാസക്ഷ്യമാണ് വിനോദിന്റെ കവിതകളെറെയും. അതാകട്ടെ ആധുനികതയുടെ മാതൃകാസ്വത്വത്തിൽ നിന്ന് വിടുതി നേടിയ ഒരു ‘ഞാനി’നെയാണ് പിൻ‌തുടരുന്നത്. അതുകൊണ്ടാണ് അയാൾക്ക് ‘ഒറ്റയ്ക്കുള്ള എന്റെ ഫോട്ടോ, നിന്റെ അഭാവങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ ആണ്’ എന്ന് പറയാൻ കഴിയുന്നത്.

സർവ്വംസഹിയായ നാമരൂപമായി ഞാനിനെ വളർത്തിയ ആധുനികരുടെ പീഡിതവ്യക്തിത്വമല്ല വിനോദിന്റെ ഞാൻ. ഈ ഞാൻ മാറിയ ലോകത്തിന്റെ ഉപകരണത്തുടർച്ച മാത്രമായ മനുഷ്യന്റേതാണ്. സഹനത്തെ, സ്നേഹത്തെ, സന്ദേഹത്തെ ഒക്കെ പരസ്യവിചാരണ ചെയ്യുന്ന ഭൗതികശാസ്ത്രജ്ഞനുമാണ് ഇക്കവിതകളിലെ ഞാൻ. ലോകത്തിന്റെ നേരായ പോക്കിനെ മർക്കടന്റെ മാർഗതടസ്സം പോലെ ഇയാൾ കവിത കൊണ്ട് തടസ്സം വെക്കുന്നു. വികാരങ്ങളുടെ പൂർവ്വനിശ്ചിതമായ ഒഴുക്കിനെ സംശയദൃഷ്ടിയോടെ നോക്കുന്ന വൈകാരികശാസ്ത്രജ്ഞന്റെതാണ് ഈ മർക്കടദൃഷ്ടി.

‘നട്ടിന്റെ
ബോൾട്ടിന്റെ
ഘടിപ്പിക്കാവുന്നവയുടെ മാത്രം
ആകെത്തുകയായി
സ്പെയർപാർട്സ് കടക്കാരൻ
ഏത് വണ്ടിയെയും കാണുന്നപോലെ
വികാരജീവികൾ
ജീവിതത്തെ
ഒരു വികാരസമാഹാരമായി കാണുന്നില്ലേ ‘
(സംശയം)

എന്ന് ബലമായി സംശയിക്കുന്നുണ്ട് ഈ ശസ്ത്രക്രിയാകാരൻ. ഘടിപ്പിച്ചുവെക്കാവുന്ന ഞാൻ കൂടിയാണ് വിനോദിന്റെ കവിതകളിലെ പരീക്ഷണവസ്തു. വിഘടിച്ച ‘ഞാനി’ലെ ഏകാന്തതയെയും ഭൂതവർത്തമാനങ്ങളെയും ഇയാൾ എളുപ്പം വേർതിരിച്ചെടുക്കുന്നു. ‘ഭാവിയിലേക്ക് തിരിച്ചുവരാമെന്ന്’ അതുകൊണ്ട് ഭൂതത്തിൽ നിന്നൊരാൾക്ക് തോന്നുന്നു.

ഏകാന്തതയുടെ ആഖ്യാനങ്ങൾ എന്ന് വിനോദിന്റെ കവിതകൾക്ക് ഒരൊറ്റ തലവാചകം സങ്കല്‍പ്പിക്കാമെങ്കിലും ഏകാന്തത പോലെ തന്നെ അത് രണ്ടാമതൊരാളുമായിക്കൂടി ഒരു സംവാദത്തിന് മുതിരുന്നുണ്ട്.

എന്നിലൂടെയും
നിന്നിലൂടെയും
ഒരേ വോൾട്ടേജിൽ
ജീവിതം കടന്നുപോകുമ്പോൾ
പ്രണയം എന്ന്

പ്രത്യക്ഷപ്പെടാനുള്ള
പികസലുകളായി
നമ്മുടെ ഏകാന്തതകൾ
ഘടിപ്പിക്കപ്പെട്ടിരിക്കുന്നു
(പിക്സൽ)

-എന്നും ഈ കവി ഏകാന്തതകളെ കൂട്ടിയോജിപ്പിക്കുന്നു. വാക്കിന്റെ വിനിമയബന്ധം ഈ ഏകാന്തതകളെ നിർണയിക്കുന്നുമുണ്ട് ചിലയിടങ്ങളിൽ

നൊടിനേരം വൈകിയതുകൊണ്ട്
തൊട്ടുമുന്നിൽ വെച്ച്
വിട്ടുപോയ ലിഫ്റ്റുപോലെ
സമയത്തിനുച്ചരിക്കാത്ത
ചില വാക്കുകൾ
അവയുടെ വാതിലുകൾ
നമ്മളെ നിന്നിടത്ത് നിർത്തി
അടഞ്ഞുപോയ ശേഷം
നമ്മളെക്കൂട്ടാതെയുള്ള ഉള്ളടക്കത്തോടെ

ഉയരത്തിലേക്കോ ആഴത്തിലേക്കോ...
(വാക്കുപോക്കുകൾ)

കണ്മുന്നില്‍ വെച്ച് പിരിഞ്ഞതും കണ്മുന്നില്‍ വെച്ച് അവതരിച്ചതുമായ ഒരു ലോകത്തിന്റെ തുടര്‍ക്കണ്ണിയിലാണ് വിനോദിന്റെ (എന്റെയും) തലമുറ എന്ന് കാണാം. (കത്തെഴുത്തുകള്‍ മൊബൈലിനും ഈ മെയീലിനും വഴിമാറുന്നത് ഒരുദാഹരണം) ദൂരങ്ങളെ അപ്രസക്തങ്ങളാക്കിയ നവസാങ്കേതികതയുടെ ലോകം വിനിമയബന്ധങ്ങളിലാണ് കൂടുതല്‍ സ്വാധീ‍നം ചെലുത്തിയത്. തൊട്ടുമുന്നില്‍ വെച്ച് ‘മിസ്സാ’വുന്ന വാക്കിന്റെ സഞ്ചാരപഥത്തില്‍ കയറിപ്പറ്റാനാവാത്ത ഒരാള്‍ തലമുറനഷ്ടം പോലെ എന്തോ ഒന്ന് അനുഭവിക്കുകയാവണം. അങ്ങനെ നഷ്ടപ്പെടുമ്പോഴാണ് ‘പുതുതലമുറ ശരിയല്ല’ എന്ന ‘മൂല്യവ്യവസ്ഥ’യ്ക്ക് അംഗീകാരം കിട്ടുന്നത്. അങ്ങനെ ശരികേടായി തോന്നുന്ന ലോകത്തോട് മുഖം തിരിഞ്ഞിരുന്നാണ് ഒരാള്‍ സാംസ്ക്കാരികമായി തേഞ്ഞുതീരുന്നതും.

ഭാഷയുടെയും ഭാവനയുടെയും കഠിനസ്ഥിരതകളില്‍ അവിശ്വാസമുള്ള കവി വിനോദിലുണ്ട്. സൈബറിടങ്ങളിലെ എഴുത്തനുഭവം ഈ അസ്ഥിരതയെ / താല്‍ക്കാലികതയെ പരിപോഷിപ്പിക്കുന്ന ഒന്നുമാണ്. എന്നേക്കുമായുള്ള വചനങ്ങളല്ല, അപ്പപ്പോള്‍ എഡിറ്റ് ചെയ്യാന്‍ പാകത്തിലുള്ള സാങ്കേതികത പ്രവര്‍ത്തിക്കുമ്പോള്‍ അതേ അനായാസത ഭാഷയിലും പ്രകടമാവുന്നു. എഴുതപ്പെട്ട വാക്കല്ല, കാണപ്പെട്ട വാക്കായി മോണിറ്ററിലെ എഴുത്ത് മാറുമ്പോള്‍ കവിതയും കാഴ്ചയുടെ കലയായ് തീരാന്‍ ആഗ്രഹിക്കുന്നു. അത്തരം ആഗ്രഹങ്ങളാവണം, വിനോദിന്റെ ദൃശ്യകവിതകളിലൂടെയും [5] കൈമാറിക്കിട്ടുന്നത്. മിനിമലിസം ചിത്രഭാഷയെ ലഘൂകരിച്ച് കാഴ്ചയിലെ അധികഭാരങ്ങള്‍ കയ്യൊഴിഞ്ഞപ്പോള്‍ കര്‍ത്താവും കര്‍മ്മവും ക്രിയയുമില്ലാതായ പോലെ ഭാഷയിലും അത്തരം ന്യൂനീകൃത മാതൃകകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കവിതയിലെ കഥപറച്ചില്‍ /ആഖ്യാനപരതയെ ലഘൂകരിച്ച് വിനോദ് ഇടപഴകിയ ദാര്‍ശനികതയുടെ ഏറ്റവും കുറഞ്ഞവരിക്കവിത ആ അര്‍ത്ഥത്തില്‍ മിനിമലിസ്റ്റിക് ആണെന്നു കരുതാം. ദൃശ്യകവിതകളിലേക്കെത്തുമ്പോള്‍ ‘ആഖ്യാനം’ അപ്രസക്തമാവുകയും അത് ചിഹ്നഭാഷ സ്വീകരിക്കുകയും ചെയ്യുന്നു. ‘ഏകാകികളുടെ ഗിയര്‍ ബോക്സ്‘ , ‘പിന്നീടൊരിക്കല്‍ സ്വയം സ്നേഹിക്കാന്‍ സഹായിക്കുന്ന ഒറിഗാമി’ തുടങ്ങി മറ്റുദൃശ്യകവിതകളും വിനോദ് പിന്തുടര്‍ന്നുപോന്ന ദാര്‍ശനികതയുടെയും അപഗൂഢവല്‍ക്കരണത്തിന്റെയും ലളിതസമവാക്യങ്ങളായി കാണാം.

നവമാധ്യമ കലയില്‍ ഇപ്പോള്‍ സ്വീകാര്യത കൈവന്ന ടെക്നോടെക്സ്റ്റിന്റെയും സൈബര്‍നെറ്റിക്സിന്റെയും സങ്കല്‍പ്പങ്ങളോട് ഒത്തുപോകുന്ന ഒരു ഭാഷാരൂപമാണ് വിനോദിന്റെ ദൃശ്യകവിതകള്‍ക്കുള്ളത്. ശബ്ദത്തിന്റെയും ഹൈപ്പര്‍ലിങ്കുകളുടെയും സഹായത്തോടെ അവതരിപ്പിക്കാന്‍ കെല്‍പ്പുള്ള ഈ കാവ്യരൂപം അച്ചടിക്കപ്പെടുന്നതും രേഖീയവുമായ നമ്മുടെ വായനാരീതിക്ക് പെട്ടെന്നിണങ്ങുക സാധ്യവുമല്ല. ചിഹ്നഭാഷയെ അതിന്റെ സമഗ്രതയില്‍ കാവ്യപ്പെടുത്തുന്ന സംരഭങ്ങള്‍ക്കോ സമാഹാരത്തിനോ ആവും ഇനിയുള്ള സാധ്യത.

സങ്കേതങ്ങളുടെയും വൈകാരികതയുടെയും വൈദ്യുതബന്ധങ്ങള്‍ക്കിടയില്‍ എഴുതപ്പെടുമ്പോഴും ‘എന്തുപറ്റി’ എന്ന് ഏറ്റവും ഇണക്കത്തോടെ ഏകാകിയായ ഒരു വായനക്കാരിയോട് / കാരനോട് ചോദിച്ചുകൊണ്ടിരിക്കും, ടി.പി.വിനോദിന്റെ കവിത. ‘ഒന്നുമില്ല, ഒരു ജീവിതം പറ്റിയതാണെന്ന്’ അതിന്റെ സൌമ്യതയില്‍ കവിത കുറച്ചുദൂരം കൂടി ഒറ്റയ്ക്ക് സഞ്ചരിക്കും.

കുറിപ്പുകള്‍:

1. McLuhan, Marshall Understanding Media: the extensions of man, Toronto: McGraw Hill, 1964
2. Stein, Gertrude. “Composition as Explanation.” In Gertrude Stein: Writings 1903–1932, ed. Catherine R. Stimpson and Harriet Chessman, 520–529. New York: Library of America, 1998
3. Deleuze, Gilles and Guattari, Félix A Thousand Plateaus, London: Athlone, 1988
4. Kristeva, Julia, Revolution in Poetic Language, trans. Margaret Waller, introd. Leon S. Roudiez, New York, Columbia University Press, 1984
5. http://wordsandforms.blogspot.com/

(പുസ്തകത്തിന്റെ കോപ്പികൾ കോപ്പികൾ ദേശാഭിമാനി ബുക് ഹൗസിന്റെ ശാഖകളിൽ ലഭിക്കും. ഓൺ ലൈൻ ആയി വാങ്ങാൻ
http://goo.gl/omHX1G എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്)

(ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ടി.പി.വിനോദിന്റെ ‘അല്ലാതെന്ത്?’ എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തിയ പഠനം)

Read More >>