ഫെയർവെല്‍ പാര്‍ട്ടിക്ക് പങ്കെടുത്തില്ല; യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനവും ഭീഷണിയും

പരാതി പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ ശമീറുദ്ദീനും സുഹൃത്തുക്കള്‍ക്കുമെതിരെ എസ്എഫ്‌ഐ പരാതി നല്‍കുമെന്നുമായിരുന്നു ഭീഷണി.

ഫെയർവെല്‍ പാര്‍ട്ടിക്ക് പങ്കെടുത്തില്ല; യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനവും ഭീഷണിയും

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എംഎ ഫിലോസഫി ഫൈനല്‍ സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയെ ഫെയര്‍വെല്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഡിപാര്‍ട്‌മെന്റ് ഒരുക്കിയ ഫെയര്‍വെല്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാത്തതിന്റെ പേരിലാണ് മര്‍ദ്ദനം.

കോളേജ് പ്രിന്‍സിപ്പളിനും തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനിലും മര്‍ദ്ദനത്തിനിരയായ ശമീറുദ്ദീന്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്ന് യൂണിയന്‍ റൂമില്‍  ശമീറുദ്ദീനെയും സുഹൃത്തുക്കളേയും തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയുണ്ട്. പരാതി പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ ശമീറുദ്ദീനും സുഹൃത്തുക്കള്‍ക്കുമെതിരെ എസ്എഫ്‌ഐ പരാതി നല്‍കുമെന്നുമായിരുന്നു ഭീഷണി. കോളേജിലെ വികലാംഗനായ വിദ്യാര്‍ത്ഥിയെയും പെണ്‍കുട്ടിയേയും മര്‍ദ്ദിച്ചെന്ന് കാണിച്ച് തനിക്കെതിരെ പരാതി നല്‍കുമെന്ന് പറഞ്ഞതായും ശമീര്‍ പറയുന്നു. കോളേജില്‍ നിന്നും പുറത്തിറങ്ങിയാലും വെറുതെവിടില്ലെന്നും അവർ മുന്നറിയിപ്പു നൽകിയതായി ശമീര്‍ നാരദാ ന്യൂസിനോട് പറഞ്ഞു.


യൂണിയന്‍ ഓഫീസില്‍ തടഞ്ഞു വെച്ചതില്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കുമെന്നും ശമീറുദ്ദീന്‍ പറഞ്ഞു. അതേസമയം, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന ശമീറുദ്ദീന്റെ പരാതി ലഭിച്ചതായും അന്വേഷണം ആരംഭിച്ചെന്നും പ്രിന്‍സിപ്പല്‍ വിനയചന്ദ്രന്‍ പറഞ്ഞു. എന്നാല്‍, യൂണിയന്‍ ഓഫീസില്‍ ശമീറുദ്ദീനെ തടഞ്ഞുവെച്ചതിനെ കുറിച്ച് തനിക്കറിയില്ലെന്നാണ് പ്രിന്‍സിപ്പാള്‍ നാരദാന്യൂസിനോട് പറഞ്ഞത്.

ഫെയര്‍വെല്‍ പാര്‍ട്ടിക്ക് വരാത്തതിന്റെ പേരില്‍ ഡെസര്‍ട്ടേഷന്‍ അവസാനഘട്ട ജോലികള്‍ ചെയ്തുകൊണ്ടിരുന്ന തന്നെ എട്ടോളം വരുന്ന എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് ക്ലാസ്‌റൂമിലും വരാന്തയിലും വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും പ്രൊജക്ട് വര്‍ക്ക് തടയുകയും ചെയ്തെന്ന് ശമീറുദ്ദീന്‍ പറയുന്നു.

ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന ശമീറുദ്ദീന്‍ ഉച്ചയ്ക്ക് ശേഷം അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്താണ് പഠനാവശ്യങ്ങള്‍ക്കുള്ള പണം കണ്ടെത്തുന്നത്. അതിനാലാണ് പിജി അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഫെയര്‍വെല്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാതിരുന്നതെന്നും ശമീര്‍ പറഞ്ഞു.

എസ്എഫ്‌ഐ മര്‍ദ്ദനത്തില്‍ പരിക്കേറ്റ ശമീറുദ്ദീന്‍ ആശുപത്രിയില്‍ ചികിത്സ തേടിയതിന് ശേഷം കോളേജ് പ്രിന്‍സിപ്പലിനും ഡിപ്പാര്‍ട്മെന്റ് ഹെഡ്ഡിനും കന്റോണ്‍മെന്റ് സ്‌റ്റേഷനിലും പരാതി നല്‍കിയിരുന്നു.

പരാതിയുമായി മുന്നോട്ട് പോയാല്‍ തുടര്‍ പഠനത്തിന് പ്രശ്‌നങ്ങളുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും ശമീറിന്റെ പരാതിയില്‍ പറയുന്നുണ്ട്. ഫെയര്‍വെല്‍ പരിപാടിക്ക് പങ്കെടുക്കാത്തിന്റെ പ്രകോപനമാണ് ആക്രമണത്തിന് പിന്നിലെന്നും മറ്റൊരു പ്രശ്‌നവും നേരത്തേ താനുമായി മര്‍ദ്ദിച്ചവര്‍ക്ക് ഇല്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

വിഷ്ണു, യദു, നന്ദ കിഷോര്‍, ആഷിഖ് എന്നിവരാണ് തന്നെ മര്‍ദ്ദിച്ചതെന്ന് പ്രിന്‍സിപ്പലിന് നല്‍കിയ പരാതിയില്‍ ശമീറുദ്ദീന്‍ പറയുന്നു.

Read More >>