തെരുവു നായയുടെ കടിയേറ്റ് ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്

സംസ്ഥാനത്ത് ഇന്നലെയും രൂക്ഷമായ തെരുവുനായ ശല്യമുണ്ടായി

തെരുവു നായയുടെ കടിയേറ്റ് ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെയും രൂക്ഷമായ തെരുവുനായ ശല്യമുണ്ടായി.  തെരുവുനായ്ക്കളുടെ ആക്രമണത്തിൽ വയോധിക മരിച്ച തിരുവനന്തപുരം പുല്ലുവിളയിൽ ഇന്നലെ 16 വയസ്സുള്ള വിദ്യാർഥി ഉൾപ്പെടെ നാലുപേർക്കു കൂടി കടിയേറ്റു. ഇടുക്കിയില്‍ 14 പേര്‍ക്കും പാലക്കാട്‌ 8 പേര്‍ക്കും കടിയേറ്റു.

അതേ സമയം, ഒരു മാസം മുന്‍പ് തെരുവു നായയുടെ കടിയേറ്റ കൊട്ടാരക്കര വേലംകോണം തയ്യിൽ പുത്തൻവീട്ടിൽ ഉണ്ണിക്കൃഷ്ണന്‍(44) കഴിഞ്ഞ ദിവസം മരിച്ചു.  കടിയേറ്റപ്പോൾ അതിന് വേണ്ട ചികിത്സ നടത്താതിരുന്ന ഉണ്ണികൃഷ്ണന് രണ്ടുദിവസം മുൻപു പേബാധയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.


ഇതിനിടെ, തെരുവുനായശല്യം നേരിടാൻ സർക്കാർ കർശന നടപടികൾ പ്രഖ്യാപിച്ചു. ശല്യം രൂക്ഷമായ മേഖലകളിൽ അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. അക്രമകാരികളായ നായ്ക്കളെ കൊല്ലുകയല്ലാതെ മറ്റു മാർഗമില്ലെന്നും അതിനു നിയമതടസ്സമില്ലെന്നും മന്ത്രി കെ.ടി. ജലീൽ വ്യക്തമാക്കി.

ആക്രമണകാരികളായ തെരുവു നായ്ക്കളെ വെറ്ററിനറി സർജൻമാർ സാക്ഷ്യപ്പെടുത്തുന്നതിനനുസരിച്ചു നശിപ്പിക്കാ‍ൻ തിരുവനന്തപുരം കോർപറേഷൻ തീരുമാനിച്ചു.

Read More >>