തെരുവുനായ ഭീതിയില്‍ തിരുവനന്തപുരം

92 പേരാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ തെരുവുനായ്ക്കളുടെ കടിയേറ്റ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മാത്രം ചികിത്സ തേടിയത്.

തെരുവുനായ ഭീതിയില്‍ തിരുവനന്തപുരം

തിരുവനന്തപുരം: തെരുവുനായ ഭീതിയില്‍ തിരുവനന്തപുരം. കഴിഞ്ഞ ദിവസം കാഞ്ഞിരംകുളത്ത് ശിലുഅമ്മയെ തെരുവുനായ്ക്കള്‍ കടിച്ചുകീറി കൊന്ന സംഭവത്തിന്റെ ഞെട്ടലില്‍ നിന്നും നഗരം ഇതുവരെ മോചിതമായിട്ടില്ല. 92 പേരാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ തെരുവുനായ്ക്കളുടെ കടിയേറ്റ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മാത്രം ചികിത്സ തേടിയത്. ആറ് മാസത്തിനിടയില്‍ തെരുവുനായ്കകളുടെ ആക്രമണത്തിനിരയായി നൂറിലധികം പേര്‍ ചികിത്സ തേടിയിട്ടുണ്ട്.


തിരുവനന്തപുരത്തെ രാജ്യാന്തര ടൂറിസം കേന്ദ്രമായ കോവളം, വിഴിഞ്ഞം തീരദേശ മേഖലകളിലാണ് തെരുവുനായ ശല്യം ഏറ്റവും രൂക്ഷമായിട്ടുള്ളത്. കടല്‍ തീരങ്ങളില്‍ വലിച്ചെറിയുന്ന മാലിന്യങ്ങളും മറ്റുമാണ് തെരുവുനായ്ക്കളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. 25,000 തെരുവുനായ്ക്കള്‍ തിരുവനന്തപുരത്തുണ്ടെന്നാണ് ഏകദേശ കണക്കുകള്‍.

ദിനംപ്രതി തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണത്തില്‍ ക്രമാധീതമായ വര്‍ധനമാണ് ഉണ്ടാകുന്നത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്നവരുടെ കണക്കുകള്‍ മാത്രമാണ് മുകളിലുള്ളത്. സ്വാകര്യ ആശുപത്രികളിലെയും മറ്റിടങ്ങളിലേയും കണക്കുകള്‍ പരിശോധിച്ചാല്‍ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകും.

തെരുവുനായ്ക്കളെ നേരിടാനായി കാര്യക്ഷമമായ പദ്ധതികളില്ലാത്തതാണ് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നായ്ക്കളെ വന്ധ്യംകരിക്കാനുള്ള കോര്‍പ്പറേഷന്റെ നടപടികളും ഫലം കണ്ടില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വന്ധ്യംകരണ മരുന്ന് ലഭ്യമല്ലാത്തതിനാല്‍ ശസ്ത്രക്രിയയും നടക്കുന്നില്ല.

വന്‍ പ്രഖ്യാപനങ്ങളോടെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കായി സൗകര്യമൊരുക്കിയ പേട്ട മൃഗാശുപത്രിയുടെ പ്രവര്‍ത്തനവും താറുമാറായി. ഒരേ സമയം അഞ്ച് നായ്ക്കളെ വന്ധ്യംകരണം നടത്താന്‍ സാധിക്കുമെന്നായിരുന്നു പ്രഖ്യാപനം. പ്രഖ്യാപനമുണ്ടായെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമായി നടന്നില്ല.

ഇതിന് പിന്നാലെ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയെ 445 രൂപ നിരക്കില്‍ വന്ധ്യംകരണ ശസ്ത്രക്രിയ ചുമതല ഏല്‍പ്പിച്ചെങ്കിലും നിരക്കുമായി ബന്ധത്തെ തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആ പദ്ധതിയും നിലച്ചു. ഇതോടെ കോര്‍പ്പറേഷന്‍ നേരിട്ടായിരുന്നു വന്ധ്യംകരണ ശസ്ത്രക്രിയ ചുമതല ഏറ്റെടുത്തത്. എന്നാല്‍ ഈ പദ്ധതിയും വേണ്ടരീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചില്ല.

മനുഷ്യര്‍ക്ക് പുറമേ വളര്‍ത്തു മൃഗങ്ങള്‍ക്കും തെരുവുനായ്ക്കള്‍ ഭീഷണിയായി നില്‍ക്കുകയാണ്. മടവൂര്‍ പാറയില്‍ ജാഫര്‍ മന്‍സിലില്‍ അബ്ദുല്‍ വഹാബിന്റെ അറുന്നൂറോളം കോഴികളെയാണ് തെരുവുനായ്ക്കള്‍ കഴിഞ്ഞ ദിവസം രാത്രി കടിച്ചു കൊന്നത്. പത്തോളം വരുന്ന തെരുവുനായ്ക്കള്‍ ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണ് അബ്ദുല്‍ വഹാബിനുണ്ടാക്കിയിരിക്കുന്നത്.

Read More >>