ഞാന്‍ ബിനേഷ് ബാലന്‍; സവര്‍ണ ബോധം നിറഞ്ഞ പൊതു സമൂഹത്തിലെ ആദിവാസി യുവാവ്

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിഷേധാത്മക നിലപാട് മൂലം വിദേശപഠനത്തിന് അവസരം നിഷേധിക്കപ്പെട്ട ബിനേഷ് ബാലന്‍ എഴുതുന്നു

ഞാന്‍ ബിനേഷ് ബാലന്‍; സവര്‍ണ ബോധം നിറഞ്ഞ പൊതു സമൂഹത്തിലെ ആദിവാസി യുവാവ്

ബിനേഷ് ബാലന്‍

ഞാന്‍ ബിനേഷ് ബാലന്‍. സവര്‍ണ ബോധം നിറഞ്ഞ പൊതു സമൂഹം ആദിവാസി എന്ന ഓമനപ്പേരില്‍ മാത്രം വിളിക്കാന്‍ താത്പര്യപ്പെടുന്ന ഒരു ആദിവാസി യുവാവ്. കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് കോളിച്ചാല്‍ സ്വദേശി. കുട്ടിക്കാലം മുതല്‍ ഉപജീവനമാര്‍ഗമായിരുന്നു ലക്ഷ്യം. അതുകൊണ്ട് ക്വാറിപ്പണി മുതല്‍ വാര്‍ക്കപ്പണി വരെ ചെറിയ പ്രായം മുതല്‍ക്കേ ചെയ്യേണ്ടി വന്നു. രണ്ടായിരത്തി ഏഴില്‍ പത്താം ക്ലാസ് പാസായപ്പോള്‍ കമ്പ്യൂട്ടറിനോട് തോന്നിയ താത്പര്യം പ്ലസ് ടു കൊമേഴ്സ്(കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍) തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചു. സാങ്കേതിക വിദ്യയോടുള്ള താത്പര്യം പിന്നീട് ബിഎസ്സി നെറ്റ്വര്‍ക്കിംഗ് എഞ്ചിനീയറിംഗിലേക്ക് ആകര്‍ഷിച്ചു. അന്ന് ബാംഗ്ലൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു അഡ്മിഷന്‍ ലഭിച്ചത്. കോഴ്സ് ഫീസും ജീവിതചെലവുമായി നാല് ലക്ഷം രൂപ വേണം. അന്നത്തെ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന തോമസ് സഖാവിന്റെ വീട്ടില്‍ കാസര്‍ഗോഡ് ജില്ലാ എംപി പി കരുണാകരന്‍ വന്നപ്പോള്‍ കാര്യം അവതരിപ്പിച്ചു. അച്ഛനും അമ്മയും കടുത്ത ഇടതുപക്ഷ അനുഭാവികളാണ്. എംപി അനുകൂലമായി പ്രതികരിച്ചെങ്കിലും ആ കോഴ്സ് ഇവിടെ ഉണ്ടെന്ന് പറഞ്ഞ് അന്ന് തടസ്സം നിന്നത് ഒരു പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. അതോടെ ആ ആഗ്രഹം പൊലിഞ്ഞു.


പിന്നീട് സെന്റ് പയസ് ടെന്‍ത് കോളേജ് രാജപുരത്ത് ബിഎ ഡെവലപ്മെന്റ് ഇക്കണോമിക്സിന് ചേര്‍ന്നു. ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് തന്നെ കേരള യൂണിവേഴ്സിറ്റി കാമ്പസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ കേരളയില്‍ എംബിഎ പ്രവേശന പരീക്ഷയെഴുതി അഡ്മിഷന്‍ നേടി. മാര്‍ക്ക് നേടുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താത്തതിനാല്‍ ബിഎയ്ക്ക് വെറും 55 ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും റിസര്‍വേഷന്റെ ബലത്തില്‍ അഡ്മിഷന്‍ നേടി. എംബിഎ പഠന കാലയളവില്‍ ചില അധ്യാപകര്‍ക്ക് റിസര്‍വേഷന്‍ സീറ്റില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളോട് മറ്റ് വിദ്യാര്‍ത്ഥികളോടുള്ളതില്‍ നിന്നും വ്യത്യസ്ത മനോഭാവമായിരുന്നു. ഈ കാലയളവില്‍ സാങ്കേതിക വിദ്യയോടുള്ള താത്പര്യം കാരണം യൂട്യൂബ് വഴി എച്ച്ടിഎംഎല്‍, സിഎംഎസ്, ജാവാ സ്‌ക്രിപ്റ്റ്, അഡോബ് ആഫ്റ്റര്‍ ഇഫക്ട്സ്, അഡോബ് പ്രീമിയര്‍ എന്നീ സോഫ്റ്റ് വെയറുകളില്‍ സാങ്കേതിക പരിജ്ഞാനം നേടി. ഗവേഷണത്തോടുള്ള താത്പര്യം എന്നെ മാനവിക വിഷയങ്ങളിലേക്ക് കൂടുതല്‍ ആകര്‍ഷിച്ചു. ഇതിനിടയില്‍ മദ്യപാന ആസക്തി കുറക്കാനുള്ള പരമ്പരാഗത മരുന്നിനെ കുറിച്ച് ഒരു റിസര്‍ച്ച് പേപ്പര്‍ ജേര്‍ണല്‍ ഓഫ് മള്‍ട്ടി ഡിസിപ്ലിനറി സ്റ്റഡീസില്‍ പ്രസിദ്ധീകരിച്ചു. 2014 ല്‍ എച്ച് ആറിലും മാര്‍ക്കറ്റിംഗിലും സ്പെഷ്യലൈസേഷനോടുകൂടി 64 ശതമാനം മാര്‍ക്കില്‍ എംബിഎ പാസായി.

പ്രചോദനം

ഡോ. ബിആര്‍ അംബ്ദേകറിന്റെ ജീവിതാനുഭവമാണ് വിദേശ സര്‍വകലാശാലയില്‍ ആന്ത്രപോളിയില്‍ അഡ്മിഷന്‍ നേടാന്‍ പ്രചോദനമായത്. അതിലുപരി പഠിക്കാനുള്ള 'അത്യാഗ്രഹവും'. 2014 ല്‍ യൂണിവേഴ്സിറ്റി ഓഫ് സസക്സില്‍ എംഎ ആന്ത്രപ്പോളജി ഓഫ് ഡവലപ്മെന്റ് ആന്റ് സോഷ്യല്‍ ട്രാന്‍സ്ഫര്‍മേഷന്‍ എന്ന വിഷയത്തിന് 2015 ലേക്ക് അഡ്മിഷന്‍ ലഭിച്ചു. പഠന ചിലവിനുള്ള ഭീമമായ തുക വഹിക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ 2014 ഡിസംബറില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ആവശ്യമായ തുക അനുവദിക്കണം എന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കി. അന്നത്തെ മന്ത്രിസഭ ഒരു പട്ടികവര്‍ഗ വിദ്യാര്‍ത്ഥിക്ക് 20 ലക്ഷം രൂപ അനുവദിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ എനിക്ക് 36 ലക്ഷം രൂപ അനുവദിച്ചു തരാനായിരുന്നു ഞാന്‍ ആവശ്യപ്പെട്ടത്.

സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടെ പ്രതികരണം

binesh-balan-1പ്രിന്‍സിപ്പില്‍ സെക്രട്ടറിക്ക് സമര്‍പ്പിച്ച അപേക്ഷയുടെ സ്റ്റാറ്റസ് അറിയാന്‍ ആദ്യമായി സെഷന്‍ ഓഫീസിലേക്ക് പോയപ്പോള്‍ അഞ്ച് ലക്ഷം രൂപയില്‍ കൂടുതലൊന്നും അനുവദിക്കാന്‍ കഴിയില്ല എന്നാണ് ഉദ്യോഗസ്ഥ അറിയിച്ചത്. നേരത്തേ ഒരു പട്ടികവര്‍ഗ വിദ്യാര്‍ത്ഥിക്ക് 20 ലക്ഷം രൂപ അനുവദിച്ചിരുന്നു എന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ ആ കുട്ടിക്ക് അനുവദിച്ച തുക ലഭ്യമായിട്ടില്ല എന്നാണ് മറുപടി ലഭിച്ചത്. ഞാന്‍ ആവശ്യപ്പെടുന്ന തുക ലഭിക്കില്ല എന്ന മനോഭാവം ഉണ്ടാക്കാനാണ് ശ്രമിച്ചത്.

അതിന് ശേഷം ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനെ സമീപിച്ചു. 'നിനക്ക് തരുന്ന ഈ തുകയുണ്ടെങ്കില്‍ ഇവിടുത്തെ സാധാരണക്കാരായ നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനം നടത്തുവാനുള്ള അവസരമുണ്ടാകും' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഏതെങ്കിലും കാരണവശാല്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നാല്‍ അനുവദിച്ച തുക മുഴുവനും തിരിച്ചടച്ചു കൊള്ളാം എന്ന് പറഞ്ഞപ്പോള്‍, 'സ്വന്തമായി ഇത്രയും തുകയുണ്ടാക്കാന്‍ കഴിയാത്ത നിനക്ക് ഏത് മാര്‍ഗമുപയോഗിച്ചാണ് തുക തിരിച്ചടക്കാന്‍ കഴിയുക' എന്ന മറുചോദ്യമാണ് എന്നോട് ചോദിച്ചത്. തിരിച്ചും മറിച്ചും അവരുടെ ചോദ്യങ്ങളില്‍ മാനസികമായി ഞാന്‍ തകര്‍ന്നുകൊണ്ടേയിരുന്നു. സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ പെട്ടന്ന് പരിഹരിക്കപ്പെടുന്ന പൊതു ഇടം എന്നായിരുന്നു ആദ്യമായി സെക്രട്ടറിയേറ്റിലേക്ക് കടന്നു ചെല്ലുമ്പോഴുള്ള എന്റെ മനോഭാവം. ചില ഉദ്യോഗസ്ഥര്‍ അവരെ കാണുവാന്‍ പോലും അനുവദിച്ചിരുന്നില്ല. മറ്റുചില ഉദ്യോഗസ്ഥര്‍ മുന്നിലുള്ള കസേരയില്‍ ഇരിക്കാന്‍ പറയാനുള്ള സാമാന്യ മര്യാദ പോലും കാണിച്ചില്ല.

ഫയല്‍ സമര്‍പ്പിച്ചിട്ട് ഏകദേശം ആറ് മാസത്തോളമായി. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടെ അവഹേളനവും പരിഹാസവും സഹിച്ച് ഞാന്‍ സെക്രട്ടറിയേറ്റില്‍ കയറിയിറങ്ങിക്കൊണ്ടേയിരുന്നു. മെയ് മാസം സാമ്പത്തിക സഹായത്തിനായി നിങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാം എന്ന ഒരു കത്ത് അയച്ച് ഫയല്‍ ക്ലോസ് ചെയ്യുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തത്. കാരണം ആരാഞ്ഞപ്പോള്‍ മുകളില്‍ നിന്നുള്ള ഉത്തരവാണ് തനിക്ക് അത് കമ്യൂണിക്കേറ്റ് ചെയ്യാനുള്ള ഉത്തരവാദിത്തം മാത്രമേ ഉള്ളൂ എന്ന് മാത്രം പറഞ്ഞ് സെഷന്‍ ഓഫീസര്‍ ഫോണ്‍ കട്ട് ചെയ്തു. ഫയലിന്റെ സ്റ്റാറ്റസ് അറിയാന്‍ വിളിക്കുമ്പോള്‍ മുകളിലോട്ട് പോയിട്ടുണ്ട് അല്ലെങ്കില്‍ അറിയില്ല എന്ന മറുപടി പറഞ്ഞ് ഒന്നോ രണ്ടോ വാക്കുകളില്‍ ഒതുക്കി ഫോണ്‍ കട്ട് ചെയ്യും. അതിനാല്‍ ഫയലിന്റെ സ്റ്റാറ്റസ് അറിയാന്‍ എന്നും കാഞ്ഞങ്ങാട് നിന്നും തിരുവനന്തപുരത്തേക്ക് എനിക്ക് വരേണ്ടി വന്നു.

സെക്രട്ടറിയേറ്റില്‍ നിന്നുണ്ടായ അവഹേളനങ്ങളില്‍ മനംനൊന്ത് ഞാന്‍ എസ്സിഎസ്ടി കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഫയല്‍ ക്ലോസ് ചെയ്തതുമായി ബന്ധപ്പെട്ട് പിന്നീട് വകുപ്പ് മന്ത്രി പികെ ജയലക്ഷ്മിയേയും ഇടതുപക്ഷ എംഎല്‍എ എ സുനില്‍കുമാറിനേയും കണ്ട് പുതിയ അപേക്ഷ നല്‍കിയിരുന്നു. ലോകത്തിലെ തന്നെ മികച്ച യൂണിവേഴ്സിറ്റിയില്‍(യൂണിവേഴ്സിറ്റി ഓഫ് സസക്സ്) അഡ്മിഷന്‍ നേടാനായത് വലിയ നേട്ടമാണെന്ന് പറഞ്ഞ് എംഎല്‍എ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. മന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഫയല്‍ വീണ്ടും ചലിച്ചു തുടങ്ങുന്നത്.

ambedkarമാനസികമായ സമ്മര്‍ദ്ദം

ക്ലോസ് ചെയ്ത ഫയല്‍ മന്ത്രി ഇടപെട്ട് റീ ഓപ്പണ്‍ ചെയ്തപ്പോള്‍ മാനസികമായി സംഘര്‍ഷം ഉണ്ടാക്കി എന്നെ അതില്‍ നിന്നും പിന്തിരിപ്പിക്കുക എന്ന തന്ത്രമാണ് ഉദ്യോഗസ്ഥര്‍ നടത്തിയത്. എനിക്ക് ഏതൊക്കെ തരത്തില്‍ മാനസിക സംഘര്‍ഷം ഉണ്ടാക്കാന്‍ സാധിക്കുമോ ആ വഴികളിലൊക്കെ വളരെ തന്ത്രപരമായി അവര്‍ എനിക്ക് നേരെ പ്രയോഗിച്ചു കൊണ്ടേയിരുന്നു. ആത്മഹത്യ ചെയ്യുന്നതിലേക്ക് വരെ എന്നെ കൊണ്ടെത്തിച്ചു.

മന്ത്രിയുടെ ഇടപെടല്‍ മൂലം സെപ്റ്റംബര്‍ മാസം എന്റെ ഫയല്‍ ക്യാബിനറ്റില്‍ പോകുമെന്ന് ഉറപ്പായപ്പോള്‍ അന്നത്തെ സെഷന്‍ ഓഫീസറും മേലുദ്യോഗസ്ഥനും എന്നെ ഫോണില്‍ വിളിച്ച് സെപ്റ്റംബറില്‍ ആരംഭിക്കുന്ന കോഴ്സിന് ചേര്‍ന്ന് പഠിക്കാന്‍ കഴിയുമോ എന്ന് ആരാഞ്ഞിരുന്നു. കഴിയില്ലെന്ന് ഞാന്‍ മറുപടി നല്‍കിയപ്പോള്‍ ഇതേ യൂണിവേഴ്സിറ്റില്‍ അടുത്ത വര്‍ഷത്തേക്ക് അഡ്മിഷന്‍ നേടുക അല്ലെങ്കില്‍ എനിക്ക് സ്വീകാര്യമായ മറ്റേതെങ്കിലും യൂണിവേഴ്സിറ്റിയില്‍ അഡ്മിഷന്‍ നേടുക എന്നതായിരുന്നു നിര്‍ദേശം. ഇത് എന്റെ സ്വന്തം താത്പര്യ പ്രകാരം ചെയ്യുന്നതാണെന്നും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമല്ല ചെയ്യുന്നത് എന്ന് പറയണമെന്നുമാണ് നിര്‍ദേശം തന്നത്. ചന്തയില്‍ നിന്നും മീന്‍ വാങ്ങിക്കൊണ്ടുവരാന്‍ പറയുന്ന ലാഘവത്തോടെ പുതിയ അഡ്മിഷന്റെ രേഖയും ഓഫര്‍ ലെറ്ററും അല്ലെങ്കില്‍ യൂണിവേഴ്സിറ്റിയു
ടെ അനുമതി പത്രവും രണ്ട് ദിവസത്തിനകം ലഭ്യമാക്കണമെന്ന കര്‍ശന നിര്‍ദേശമാണ് തന്നത്. അത് സാധ്യമല്ലെന്നും ഏതാണ്ട് ഒരാഴ്ച്ച സമയം അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ചപ്പോള്‍ അതൊക്കെ നിങ്ങളുടെ തീരുമാനമാണെന്നും തുക അനുവദിക്കാന്‍ തടസ്സം നേരിട്ടാല്‍ ഉദ്യോഗസ്ഥരെ കുറ്റംപറയരുതെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതൊക്കെ എനിക്ക് ഒരുപാട് മാനസികാഘാതമുണ്ടാക്കി.

ക്രിമിനല്‍

സെഷന്‍ ഓഫീസറുടേയും മേലുദ്യോഗസ്ഥന്റേയും നിര്‍ദേശപ്രകാരമാണ് 2016 ജനുവരിയിലേക്ക് പ്രീ സെഷണല്‍ കോഴ്സിന് യൂണിവേഴ്സിറ്റിയുടെ അനുമതിയോടെ അഡ്മിഷന്‍ നേടിയത്. അതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഞാന്‍ സെഷന്‍ ഓഫീസറുടെ മുമ്പാകെ സമര്‍പ്പിച്ചിരുന്നു. മൂന്നാഴ്ച്ചയായിട്ടും ഫയലില്‍ തീരുമാനമുണ്ടായില്ല. തുക അനുവദിക്കാന്‍ കാലതാമസമെടുക്കുമെന്ന് കണ്ടതോടെ ഫയലിന്റെ സ്റ്റാറ്റസ് അറിയാന്‍ സെഷന്‍ ഓഫീസറെ ഫോണില്‍ വിളിച്ചു. ഫയല്‍ മുകളിലോട്ട് പോയിട്ടുണ്ട് എന്നായിരുന്നു മറുപടി. എട്ടുമാസമായിട്ടും തീരുമാനമെടുക്കാന്‍ താത്പര്യം കാണിക്കാത്തതുകൊണ്ട് 'നിങ്ങള്‍ നിങ്ങളുടെ തീരുമാനം പറയൂ, അല്ലെങ്കില്‍ ഞാന്‍ മീഡിയ വഴി അല്ലെങ്കില്‍ എന്റേതായ വഴിക്ക് പൊക്കോളാം' എന്ന് പറഞ്ഞു. എന്നാല്‍ അങ്ങനെ സംസാരിച്ചു പോയതിന്റെ പ്രത്യാഘാതം വളരെ വലുതായിരുന്നു. സെഷന്‍ ഓഫീസര്‍ മേലുദ്യോഗസ്ഥരേയും വകുപ്പ് മന്ത്രിമാരേയും വിളിച്ച് ഞാന്‍ അദ്ദേഹത്തോട് മര്യാദകേടായി സംസാരിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് സെക്രട്ടറിയേറ്റിലേക്ക് കയറുമ്പോള്‍ ഒരു ക്രിമിനലായിട്ടാണ് എന്നെ കണ്ടത്.

ഈ സംഭവത്തിന് ശേഷം എന്റെ ഫയലിന്റെ സ്റ്റാറ്റസ് അറിയാനായി ഞാന്‍ സെഷന്‍ ഓഫീസറെ കാണാന്‍ പോയിരുന്നു. ഫയല്‍ മുകളിലോട്ട് പോയിട്ടുണ്ടെന്നായിരുന്നു ഓഫീസറുടെ മറുപടി. ഏത് ഓഫീസിലേക്കാണ് പോയത് എന്ന് ചോദിച്ചപ്പോള്‍ കമ്പ്യൂട്ടറില്‍ എന്തോ ചെയ്യുന്നത് കണ്ട് എന്റെ ഫയല്‍ നോക്കുകയായിരിക്കും എന്നാണ് ഞാന്‍ കരുതിയത്. അഞ്ച് മിനുട്ട് നിര്‍ത്തിയതിന് ശേഷമായിരുന്നു ഫയല്‍ ഇപ്പോള്‍ ഏത് ടേബിളിലാണെന്ന് അറിയില്ലെന്നും മുകളില്‍ ചെന്ന് അന്വേഷിക്കൂ എന്നും മറുപടി തന്നത്.

സംസ്‌കാരമില്ലാത്തവന്‍

ഈ സംഭവത്തിന് ശേഷം ഞാന്‍ ഉയര്‍ന്ന പദവിയിലുള്ള ഉദ്യോഗസ്ഥനെ കാണാന്‍ പോയിരുന്നു. എന്റെ ഫയലിന്റെ സ്റ്റാറ്റസ് അന്വേഷിച്ചപ്പോള്‍ 'സ്റ്റാസൊക്കെ അവിടെ നില്‍ക്കട്ടെ  നീ സെഷനില്‍ വിളിച്ച് അസഭ്യം പറഞ്ഞു, മര്യാദ കേടായി സംസാരിച്ചു' എന്നൊക്കെയായിരുന്നു എന്നായിരുന്നു ചോദ്യം. ഞാന്‍ അങ്ങനെയൊന്നും പറഞ്ഞില്ല എന്ന് പറഞ്ഞപ്പോള്‍ സെഷന്‍ ഓഫീസറെ ഉദ്യോഗസ്ഥന്റെ ക്യാബിനിലേക്ക് വിളിച്ച് രണ്ട് ഉദ്യോഗസ്ഥരും അരമണിക്കൂറോളം മാനസികമായി എന്നെ തളര്‍ത്തി. ഇത്രയും വിദ്യാഭ്യാസ യോഗ്യത നേടിയിട്ടൊന്നും ഒരു കാര്യമില്ലെന്നും എനിക്ക് സംസ്‌കാരമില്ലെന്നും സമര്‍ത്ഥിക്കുകയാണ് അവര്‍ ചെയ്തത്.

എന്റെ കഴിവുകേടും മറ്റുള്ളവരുടെ കഴിവും

വിദേശത്ത് ഉപരിപഠനം നടത്തുന്ന ഒരു പട്ടികവര്‍ഗ വിദ്യാര്‍ത്ഥിക്ക്് 2013 ല്‍ 20 ലക്ഷം രൂപ അനുവദിച്ച കാര്യം നേരത്തേ പറഞ്ഞിരുന്നല്ലോ, അത് ഇന്റര്‍നാഷണല്‍ ബിസിനസ് എന്ന കോഴ്സിനാണ് അനുവദിച്ചത്. ആ വിദ്യാര്‍ത്ഥിയുടെ അപേക്ഷ ലഭിച്ച് ഒരു മാസത്തില്‍ കൂടുതല്‍ വൈകാതെ തുക അനുവദിച്ചിരുന്നു. ഒമ്പത് മാസമായിട്ടും എന്റെ ഫയലില്‍ തീരുമാനമെടുക്കാന്‍ ആ കുട്ടിയുടെ കാര്യത്തില്‍ കാണിച്ച താത്പര്യം കാണിച്ചില്ല. ഈ കാര്യം ഞാന്‍ ഉന്നയിച്ചപ്പോള്‍ അവന്റെ അച്ഛനോ അമ്മയോ ഏതെങ്കിലും ഉദ്യോഗസ്ഥ പദവിയിലുള്ളവരായിരിക്കുമെന്നും അവന് ഉദ്യോഗസ്ഥരേയോ മന്ത്രിമാരേയോ സ്വാധീനിക്കാനുള്ള കഴിവുണ്ടായിരിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഉദ്യോഗസ്ഥരേയോ മന്ത്രിമാരേയോ സ്വാധീനിക്കാന്‍ കഴിഞ്ഞത് അവന്റെ കഴിവാണെന്നും നിനക്ക് സാധിക്കാത്തത് നിന്റെ കഴിവുകേടാണെന്നുമാണ് അദ്ദേഹം എന്നോട് പറഞ്ഞത്.

മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അനുഭവം

ഗവണ്‍മെന്റ് ഓര്‍ഡര്‍ മലയാളത്തിലാണ് എനിക്ക് തന്നത്. അത് ഇംഗ്ലീഷിലേക്ക് മാറ്റിക്കിട്ടാന്‍ നാലോ അഞ്ചോ തവണ സെക്രട്ടറിയേറ്റില്‍ കയറിയിറങ്ങി. വകുപ്പ് ഡയറക്ടറുടെ അടുത്ത് ചെന്നപ്പോഴാണ് അനുവദിച്ച 27 ലക്ഷം രൂപ നല്‍കാന്‍ കഴിയില്ലെന്നും ഗവണ്‍മെന്റ് ഓര്‍ഡറില്‍ 2015 സെപ്റ്റംബറില്‍ ചേരുന്ന കോഴ്സിനാണ് തുക അനുവദിച്ചിരിക്കുന്നതെന്നും പറയുന്നത്. 2015 നവംബര്‍ ഒമ്പതിന് ഇറക്കിയ ഓര്‍ഡറില്‍ കഴിഞ്ഞുപോയ സെപ്റ്റംബര്‍ 2015 ന് ചേര്‍ന്ന് പഠിക്കാന്‍ തുക അനുവദിച്ചിരിക്കുന്നത്. സാമാന്യ യുക്തി മതി ഏതൊരു വ്യക്തിക്കും കഴിഞ്ഞു പോയ സെപ്റ്റംബറില്‍ കോഴ്‌സിന് ചേരാന്‍ സാധിക്കില്ല എന്നതും ബ്രിട്ടീഷ് എംബസി മലയാളത്തിലുള്ള രേഖകള്‍ സ്വീകരിക്കില്ല എന്നും മനസ്സിലാക്കാന്‍. ഉത്തരവ് ഇറങ്ങിയപ്പോള്‍ തന്നെ അതിലെ തെറ്റ് ഞാന്‍ സെഷന്‍ ഓഫീസറെ വിളിച്ച് സൂചിപ്പിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ സെപ്റ്റംബര്‍ 2015 ന് ഉദ്ദേശിച്ച കോഴ്‌സിന് ചേരാന്‍ കഴിയില്ലെന്നും ജനുവരിയില്‍ തുടങ്ങുന്ന പ്രീ സെഷന്‍ കോഴ്‌സ് മുഖേനയാണ് ഞാന്‍ കോഴ്‌സിന് ചേര്‍ന്ന് പഠിക്കുന്നത് എന്ന് രേഖകള്‍ സഹിതം സെക്രട്ടറിയുടെ കയ്യില്‍ കൊടുത്തതാണ്. എന്തിന്, ഉദ്യോഗസ്ഥരുടെ സെഷന്‍ ഓഫീസറുടേയും നിര്‍ദേശപ്രകാരമാണ് ജനുവരിയില്‍ ആരംഭിക്കുന്ന പ്രീ സെഷണല്‍ കോഴ്‌സിന് അഡ്മിഷന്‍ നേടിയത് പോലും. എന്നിട്ട് പോലും സര്‍ക്കാര്‍ ഇത്തരത്തില്‍ സെപ്റ്റംബറില്‍ ആരംഭിക്കുന്ന കോഴ്‌സിന് 27 ലക്ഷം രൂപ അനുവദിക്കുന്നു എന്നാണ് എഴുതിവെച്ചത്.

ഉത്തരവിലെ തെറ്റ് തിരുത്തുവാന്‍ സെഷന്‍ ഓഫീസറെ സമീപിച്ചിരുന്നു. എന്തുകൊണ്ട് ഉത്തരവില്‍ ജനുവരിയില്‍ ചേര്‍ന്ന് പഠിക്കേണ്ട കോഴ്‌സിന് അനുവദിക്കേണ്ട തുക സെപ്റ്റംബറില്‍ ചേര്‍ന്ന് പഠിക്കുന്ന കോഴ്‌സിന് അനുവദിച്ചു എന്ന എന്റെ ചോദ്യത്തിന് ജനുവരിയില്‍ ആരംഭിക്കുന്ന കോഴ്‌സിന് ചേര്‍ന്ന് പഠിക്കുന്നത് സംബന്ധിച്ചുള്ള രേഖകളൊന്നും കൊടുത്തില്ല എന്ന മറുപടിയാണ് ലഭിച്ചത്. ഈ ഉത്തരവ് ഒന്ന് ഇംഗ്ലീഷില്‍ തരുമോ എന്ന ചോദ്യത്തിന് ഭരണഭാഷ മലയാളമാണെന്നും ഇംഗ്ലീഷില്‍ ഉത്തരവ് അനുവദിക്കാന്‍ ക്യാബിനറ്റിലേക്ക് ഒന്നുകൂടെ ഈ ഫയല്‍ പോകണമെന്നുമായിരുന്നു അന്ന് സെഷല്‍ ഓഫീസറുടെ നിലപാട്.

സത്യാവസ്ഥ മന്ത്രിയുടെ ബോധ്യപ്പെടുത്തണമെന്ന് തീരുമാനിച്ചു. എന്നാല്‍ ഞാന്‍ സെഷന്‍ ഓഫീസറെ വിളിച്ച് ഞാന്‍ അസഭ്യം പറഞ്ഞെന്നും മര്യാദകേടായി സംസാരിച്ചെന്നും മന്ത്രിയെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിരുന്നു. മന്ത്രി ദേഷ്യത്തോടെ എന്നോട് ഈ കാര്യം ചോദിച്ചപ്പോള്‍ അറിയാതെ ഞാന്‍ കരഞ്ഞു പോയി. ആ നിമിഷം എന്നെ ആശ്വസിപ്പിക്കാന്‍ മന്ത്രിയുടെ നല്ലവനായ പിഎയാണ് വന്നത്. മന്ത്രിയുടെ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥര്‍(സ്ത്രീകള്‍) ഉണ്ടായിരുന്നു. ഈ സംഭവത്തിന് ശേഷം അവരും എന്നോട് കടുത്ത ഭാഷയില്‍ ആയിരുന്നു സംസാരിച്ചത്. ഓര്‍ഡറിലെ തെറ്റ് തിരുത്താന്‍ മന്ത്രി ഉത്തരവിട്ടെങ്കിലും പിന്നീട് അതും വൈകി. ഒന്നും നടക്കില്ല എന്നായപ്പോള്‍ ഡിസംബര്‍ 15 ന് ഞാന്‍ വിസയ്ക്ക് അപേക്ഷിച്ചു. വിസ റിജക്ഷന്‍ ഉണ്ടാകുമന്നെ് നൂറ് ശതമാനം ഉറപ്പോടെ. അതുമാത്രം സംഭവിച്ചു.

nelson-mandelaആത്മഹത്യാ തീരുമാനവും തിരിച്ചുവരവും

27 ലക്ഷം അനുവദിച്ചത് പത്രത്തില്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ വിസാ റിജക്ഷന്‍ വന്നപ്പോള്‍ യാത്ര വീണ്ടും വൈകുമെന്ന ആശങ്കയായി. അനുവദിച്ച തുക 2016 സെപ്റ്റംബറില്‍ ചേര്‍ന്ന് പഠിക്കുവാന്‍ ഡയറക്ടറുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്‌ഫെര്‍ ചെയ്ത് വെക്കുവാന്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ പുതിയ ഓഫര്‍ ലെറ്ററാണ് ആവശ്യപ്പെട്ടത്. അഡ്മിഷന്‍ ഡെഫര്‍ ചെയ്തിട്ടുണ്ട് എന്നും പുതിയ ഓഫര്‍ ലെറ്റര്‍ ആവശ്യമില്ലെന്നും യൂണിവേഴ്‌സിറ്റിയുടെ കത്ത് നല്‍കിയിട്ട് പോലും ആവശ്യപ്പെട്ട രേഖകള്‍ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടേയിരുന്നു. അതുപോലെ 'എപ്പോഴാണ് ലണ്ടനിലേക്ക് പോകുന്നത് ...?' 'ഒന്നു പോകുവോ...?' 'ഇനിയെങ്കിലും പോകുവോടെ...' ഇങ്ങനെയുള്ള കുത്തുവാക്കുകള്‍ എന്നെ വേദനിപ്പിച്ചുകൊണ്ടേയിരുന്നു. സെക്രട്ടറിയേറ്റിലെ ചില ഉദ്യോഗസ്ഥരുടെ സമീപനം എന്റെ മാനസിക നിലയെ ആക്രമിച്ചു തുടങ്ങി. മരണമല്ലാതെ മറ്റൊരു വഴിയില്ലെന്ന നിലപാടിലേക്ക് എന്നെ എത്തിച്ചത് ഈ അനുഭവങ്ങളാണ്. ഈ സമയത്താണ് ഹൈദരാബാദ് സര്‍വകലാശാലയിലെ ദളിത് ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യാ കുറിപ്പും ലേഖനങ്ങളും വായിക്കുന്നത്. 'ആത്മഹത്യ ചെയ്താലും മരിക്കും, പോരാടിയാലും മരിക്കും. അപ്പോള്‍ പോരാടി മരിക്കാം' മനസ്സ് ഉറച്ചത് പോലെ തോന്നി.

2016 മെയ് 12 ന് നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിനുള്ള ഇന്റര്‍വ്യൂ കത്ത് ലഭിച്ചു. പ്രതീക്ഷകള്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്ന തോന്നല്‍ ഉണ്ടായത് അപ്പോഴാണ്. പിന്നീട് അതിന് ശ്രമിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്ന എന്നെ കാര്യവട്ടം കാമ്പസിലെ കുറച്ച് സുഹൃത്തുക്കള്‍ സഹായിച്ചു. 2016 മെയ് 25 ന് പ്രസിദ്ധീകരിച്ച റിസല്‍ട്ടില്‍ എന്റെ പേരും ഉണ്ടായിരുന്നു. 2016 ജുലൈ 28 ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ പ്രവേശനം നേടി എന്ന അറിയിപ്പ് ലഭിച്ചുകൊണ്ട് ഇ-മെയ്ല്‍ വന്നു. തികച്ചും അപ്രതീക്ഷിതമായിരുന്നു ആ വാര്‍ത്ത.

എനിക്ക് പറയാനുള്ളത്

എല്ലാ മേഖലയിലും ഒരുപാട് തടസ്സങ്ങള്‍ എനിക്ക് നേരിടേണ്ടി വരും. ഒരു തടസ്സം മാത്രമാണ് ഞാന്‍ മറികടന്നത്. ഡിഗ്രിക്ക് വെറും 55 ശതമാനവും പിജിയ്ക്ക് 64 ശതമാനവും ഉള്ള എനിക്ക് ഇവിടംവരെയൊക്കെ എത്താന്‍ സാധിക്കുമെങ്കില്‍ എന്നേക്കാള്‍ കഴിവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലും മുകളില്‍ എത്താന്‍ സാധിക്കുമെന്ന് ഉറപ്പുണ്ട്. അതിന് മഴമേഘങ്ങള്‍ക്ക് മുകളില്‍ മുകളിലൂടെ പറന്ന് മഴയെ അതിജീവിക്കുന്ന കഴുകന്റെ ഇച്ഛാശക്തിയാണ് വേണ്ടത്.

ഒരുപാട് കാര്യങ്ങള്‍ ഈ അനുഭവക്കുറിപ്പില്‍ പറഞ്ഞിട്ടില്ല. മനപ്പൂര്‍വമാണ്. മറ്റൊരവസരത്തില്‍ ആകാം.

വിശ്വസ്തതയോടെ,
ബിനേഷ് ബാലന്‍

Read More >>