ദുരന്തം ഒഴിവാക്കിയ 'സ്റ്റേഷന്‍ മാസ്റ്റര്‍ ; ബാബു വര്‍ഗീസ്

ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഉണ്ടാകുമായിരുന്ന വന്‍ ദുരന്തം മൂന്ന് മിനിറ്റിന്റെ വ്യത്യാസത്തിലാണ് ഒഴിവായത്

ദുരന്തം ഒഴിവാക്കിയ

ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഉണ്ടാകുമായിരുന്ന വന്‍ ദുരന്തം ഒഴിവാക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് കറുകുറ്റി സ്റ്റേഷന്‍ മാസ്റ്റര്‍ ബാബു വര്‍ഗീസ്.തിരുവനന്തപുരം-മംഗലാപുരം ട്രെയിന്‍ കറുകുറ്റി റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പാണ് പാളം തെറ്റിയത്. ഈ തീവണ്ടിക്ക് സിഗ്നല്‍ നല്‍കുകയും ചെയ്തു.

ഇതേ സമയത്ത് തന്നെ ചെന്നൈ-തിരുവനന്തപുരം ട്രെയിന്‍ കറുകുറ്റിയോടടുത്തു. എന്നാല്‍ അപകട സൂചന ലഭിച്ചതിനാല്‍ സ്റ്റേഷന്‍മാസ്റ്റര്‍ ചെന്നൈ-തിരുവനന്തപുരം ട്രെയിനിന് സിഗ്നല്‍ നല്‍കിയില്ല. അതിനാല്‍ സ്റ്റേഷന് 200 മീറ്ററോളം മാറി ചെന്നൈ-തിരുവനന്തപുരം ട്രെയിന്‍ നിര്‍ത്തി. ഈ വണ്ടി സിഗ്നല്‍ കിട്ടി കടന്നുവന്നിരുന്നുവെങ്കില്‍ അപകടത്തില്‍ പെട്ട ട്രെയിനുമായി കൂട്ടിയിടിച്ച് വന്‍ദുരന്തമുണ്ടാകുമായിരുന്നു.

അപകടത്തില്‍പെട്ട ട്രെയിന്‍ പടിഞ്ഞാറു ഭാഗത്തുള്ള ട്രാക്കിലായിരുന്നുവെങ്കിലും പാളം തെറ്റിയതിനെ തുടര്‍ന്ന്ബോഗികള്‍ കിഴക്കുഭാഗത്തുള്ള ട്രാക്കിലേക്ക് ചെരിഞ്ഞാണ് നിന്നിരുന്നത്. മൂന്ന് മിനിറ്റിന്റെ വ്യത്യാസത്തിലാണ് അപകടം ഒഴിവായത്.
റെയില്‍വേ ജീവനക്കാരായ ഷാന്റി റോയി, ഇട്ടൂപ്പ് എന്നിവരും സ്റ്റേഷന്‍ മാസ്റ്ററുടെ ഇടപെടലില്‍ പങ്കാളികളായി.

പൂഞ്ഞാര്‍ സ്വദേശിയാണ് സ്റ്റേഷന്‍ മാസ്റ്റര്‍ ബാബു വര്‍ഗീസ്. അപകടം ഒഴിവായത് ദൈവാനുഗ്രഹം കൊണ്ടാണെന്ന്ബാബു വര്‍ഗീസ് പറഞ്ഞു. രണ്ടു ട്രെയിനുകളും ഒരേ സമയത്താണ് കറുകുറ്റിയിലൂടെ കടന്നുപോകുന്നത്. സാധാരണ മംഗലാപുരം ട്രെയിനിന് സിഗ്നല്‍ നല്‍കിയാല്‍ ചെന്നൈക്കും സിഗ്നല്‍ നല്‍കാറുണ്ട്. എന്നാല്‍ ഞായറാഴ്ച മംഗലാപുരം ട്രെയിന്‍ നിര്‍ത്തിയതുകണ്ട് അന്വേഷിക്കാനായി പുറത്തിറങ്ങി. ഇതിനിടെ ലോക്കോപൈലറ്റ് അപകടവിവരം അറിയിച്ചു.
അപകടത്തില്‍പ്പെട്ട മംഗലാപുരം ട്രെയിന്‍ അങ്കമാലിയില്‍ നിന്നു 2.11ന് പുറപ്പെട്ടാല്‍ നാലു മിനിട്ടുകൊണ്ട് കറുകുറ്റിയില്‍ എത്തും. ഇതേ സമയത്തു തന്നെ ചെന്നൈ-തിരുവനന്തപുരം തീവണ്ടി കറുകുറ്റി കടന്നുപോകും. മംഗലാപുരം ട്രെയിന്‍ അപകടത്തില്‍ പെട്ട് നിമിഷങ്ങള്‍ക്കകം ചെന്നൈ ട്രെയിന്‍ കറുകുറ്റിയില്‍ എത്തിയിരുന്നു. ചാലക്കുടിയില്‍ നിന്നു സിഗ്നല്‍ ലഭിച്ച ചെന്നൈ ട്രെയിന്‍ കറുകുറ്റി സ്റ്റേഷന് 500 മീറ്റര്‍ മുമ്പുള്ള ഐബി സിഗ്നലും കഴിഞ്ഞാണ് കറുകുറ്റി സ്റ്റേഷനിനോടടുത്തത്.