കാലടിയെ അയോദ്ധ്യയാക്കരുത്; നിലപാട് വ്യക്തമാക്കി എഐഎസ്എഫ് നേതാവ്

കാലടി യൂണിവേഴ്സിറ്റിയിലെ പ്രതിമ സ്ഥാപനവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കുകയാണ് എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് വി വിനിൽ.

കാലടിയെ അയോദ്ധ്യയാക്കരുത്; നിലപാട് വ്യക്തമാക്കി എഐഎസ്എഫ് നേതാവ്

വി വിനിൽ

കാലടി സംസ്‌കൃത സർവ്വകലാശാലയിൽ ശങ്കരപ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാർത്തകൾ നിരന്തരം പത്ര-ദൃശ്യ-സാമൂഹ്യ മാധ്യമങ്ങളിലൂടെ കണ്ടുകൊണ്ടിരിക്കുകയാണല്ലോ. പ്രവേശന കവാടത്തിൽ പ്രതിമ സ്ഥാപിക്കേണ്ടതില്ലെന്നും മറിച്ച് സർവ്വകലാശാലയ്ക്കുള്ളിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തി സ്ഥാപിക്കുക എന്ന ആവശ്യമുയർത്തി എഐഎസ്എഫും മറ്റു പുരോഗമന പ്രസ്ഥാനങ്ങളും അവിടെ സമരത്തിലുമാണ്. മഹാഭൂരിപക്ഷം വരുന്ന അധ്യാപക- വിദ്യാർത്ഥി സമൂഹവും ഈ നിലപാടുകൾക്കൊപ്പമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന വിലയിരുത്തലാണ് എഐഎസ്എഫിനുള്ളത്. അതുകൊണ്ടുതന്നെ അതിനെ ശക്തമായി പ്രതിരോധിക്കാനാണ് എഐഎസ്എഫിന്റെ നീക്കം.


സംഘപരിവാറിന്റെ ഇംഗിതത്തിനനുസൃതമായി പ്രതിമ കവാടത്തിൽ തന്നെ സ്ഥാപിക്കുമെന്ന സർവ്വകലാശാല അധികൃതരുടെ ദുർവാശി, ഭാവിയിൽ സർവ്വകലാശാലയുടെസുഗമമായ നടത്തിപ്പിനുതന്നെ തടസ്സമായിത്തീരും. മതത്തിന്റെയും ആരാധനയുടെയും പേരിൽ നാട്ടിൽ നാട്ടിൽ വർഗ്ഗീയ സംഘർഷങ്ങൾ സൃഷ്ടിക്കുന്നവർക്കു അതിനുള്ള വഴി തുറന്നുകൊടുക്കുകയാണ് പാതയോരത്ത് പ്രതിമ സ്ഥാപിക്കുന്നതിലൂടെ സർവ്വകലാശാല അധികാരികൾ ചെയ്യാനൊരുങ്ങുന്നത്.

'ശ്രീ ശങ്കരാചാര്യരുടെ പേരിലുള്ള സർവ്വകലാശാലയിൽ ശങ്കര പ്രതിമയല്ലേ സ്ഥാപിക്കേണ്ടതെന്നു' കഴിഞ്ഞ ദിവസം അവിടം സന്ദർശിച്ച ബി ജെ പി യുടെ പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറയുകയുണ്ടായി. കുമ്മനത്തിന്റെ വാക്കുകൾ കേട്ടാൽ സർവ്വകലാശാലയിൽ ശങ്കര പ്രതിമക്ക് അയിത്തം കൽപ്പിച്ചു നിർത്തിയിരിക്കുകയാണെന്നു തോന്നും. സന്ദർശന വേളയിൽ കുമ്മനംപുഷ്പം വിതറി കൈകൂപ്പി വണങ്ങുന്ന ശങ്കര പ്രതിമയുടെ ചിത്രം അദ്ദേഹത്തിന്റെ തന്നെ ഫേസ്ബുക് പേജിൽ കാണുകയുണ്ടായി. സർവ്വകലാശാലയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ സ്ഥാപിച്ചിട്ടുള്ള ഈ പ്രതിമ ഇന്ന് സർവ്വകലാശാലയിലെ ചിലരുടെ ആരാധന കേന്ദ്രം പോലെയാണ്.

[caption id="attachment_37332" align="aligncenter" width="650"]കാലടി യൂണിവേഴ്സിറ്റിയിലെ അക്കാദമിക് ബ്ലോക്കിലുള്ള ശങ്കരപീഠത്തിൽ പുഷ്പാർച്ചന നടത്തുന്ന കുമ്മനം
കാലടി യൂണിവേഴ്സിറ്റിയിലെ അക്കാദമിക് ബ്ലോക്കിലുള്ള ശങ്കരപീഠത്തിൽ കുമ്മനം രാജശേഖരൻ പുഷ്പാർച്ചന നടത്തുന്നു [/caption]

മാസങ്ങൾക്കു മുൻപ് ഈ പ്രതിമയിൽ ഏതോ ആശ്രമത്തിൽ നിന്നും പൂജിച്ചു കൊണ്ടുവന്ന ഒരു യോഗദണ്ഡ് സ്ഥാപിക്കുകയുണ്ടായി. അതിനു ശേഷം പ്രതിമക്ക് ദൈവിക പരിവേഷം നൽകി, ക്ഷേത്ര തുല്യമായ ആചാരങ്ങൾ നടപ്പിലാക്കാനുള്ള ശ്രമവും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. പ്രതിമക്ക് മുന്നിലെ സമര പരിപാടികൾ നിരോധിച്ചു. ആർത്തവകാലത്തു പെൺകുട്ടികൾ പ്രതിമക്ക് മുന്നിലൂടെ കടന്നു പോകരുതെന്ന നിബന്ധനകൾ അനൗദ്യോഗികമായി ചില അധ്യാപകർ വഴി അടിച്ചേൽപ്പിക്കുന്നുമുണ്ട്.

മതേതര സ്വഭാവം പ്രകടിപ്പിക്കേണ്ടതിനു പകരം ചില പ്രത്യേക മതചിന്തകളെ പ്രോത്സാഹിപ്പിക്കുന്ന സർവ്വകലാശാല അധികൃതർ ഭരണഘടനാ ലംഘനമാണ് നടത്തുന്നത്. സർവ്വകലാശാലക്കുള്ളിൽപോലും സംഘപരിവാർ നേതാവും ബിജെപി പ്രസിഡന്റുമായ കുമ്മനത്തിനു യഥേഷ്ടം ആരാധന നടത്താൻ കഴിഞ്ഞുവെങ്കിൽ സർവ്വകലാശാലയുടെ കവാടത്തിനു പുറത്ത് പ്രതിമ സ്ഥാപിക്കുന്നതിലൂടെ പുത്തനൊരു ആരാധനാകേന്ദ്രം തുറക്കുവാനാണ് അവസരമൊരുക്കുന്നത്.

ഇപ്പോൾതന്നെ സർവ്വകലാശാല പ്രവേശന കവാടത്തിന് എതിർവശത്തുള്ള സ്ഥലത്താണ് മണ്ഡലകാലത്ത് അയ്യപ്പന്മാർക്കുള്ള വിശ്രമകേന്ദ്രം നിർമ്മിക്കുന്നത്. ഈ സാഹചര്യത്തിൽ അമ്പലത്തിന്റെ മാതൃകയിലുള്ള പ്രവേശനകവാടത്തിൽ ശങ്കരപ്രതിമ കൂടി വന്നാൽ

ആരുടേയും ആരാധന സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിലപാടൊന്നും എഐഎസ്എഫിന് ഇല്ല. എന്നാൽ ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമെന്നു കരുതുന്ന കാലടി ആശ്രമങ്ങളും ക്ഷേത്രങ്ങളും സ്തൂപങ്ങളുമൊക്കെ നിരവധിയുണ്ട്. നിലവിൽ ഈ പ്രദേശം ഒരു തീർത്ഥാടന കേന്ദ്രം തന്നെ ആണ്. മഹാ പണ്ഡിതനായ ശ്രീ ശങ്കരാചാര്യരോടുള്ള ആദരവ് പ്രകടിപ്പിച്ചുകൊണ്ട് തന്നെയാണ് സംസ്‌കൃത സർവ്വകലാശാലയ്ക്ക് അദ്ദേഹത്തിന്റെ പേര് നല്കിയിട്ടുള്ളതും. ആ പണ്ഡിതന്റെ പേരിലുള്ള സർവ്വകലാശാല രാജ്യത്ത് അറിയപ്പെടേണ്ടത് അവിടെ നൽകപ്പെടുന്ന വിദ്യാഭ്യാസത്തിന്റെയും അതിന്റെ നിലവാരത്തിന്റെയും പേരിലാകണം. അല്ലാതെ പ്രതിമയും പൂജയുമുള്ള ആദ്യത്തെ യൂണിവേഴ്‌സിറ്റി എന്ന നിലയിൽ ആവരുത്.

ഇപ്പോഴുണ്ടായിട്ടുള്ള പ്രതിമാ സ്ഥാപിക്കൽ ദുഷ്ടലാക്കോടു കൂടിയുള്ളതാണെന്നു ആരെങ്കിലും ആരോപിച്ചാൽ അതിനെ തെറ്റ് പറയാൻ കഴിയില്ല. രാജ്യത്തെമ്പാടുമുള്ള സർവ്വകലാശാലകൾ സംഘപരിവാരത്തിന്റെ വഴിയിലൂടെയാകണമെന്നാണ് രാജ്യത്തെ ഇപ്പോഴത്തെ ഭരണകൂടം ശഠിക്കുന്നത്. സമീപകാലത്തുണ്ടായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെല്ലാം തന്നെ അവിടങ്ങളെ കാവിവത്കരിക്കുവാനുള്ള നീക്കത്തിനെതിരെയുള്ളവയാണ്. സമാനമാണ് കാലടിയും.

പുതിയതായി ശങ്കര പ്രതിമ സ്ഥാപിക്കുവാനുള്ള സ്ഥലവുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങൾ അയോദ്ധ്യയെയാണ് ഓർമ്മപ്പെടുത്തുന്നത്. ബാബരി മസ്ജിദ് തകർത്തിട്ടേ രാമക്ഷേത്രം പണിയുള്ളുവെന്ന ഹിന്ദുത്വ വാദികളുടെ ദുർവാശിപോലെയാണ് കാലടി വിഷയത്തിലും തെളിഞ്ഞു കാണുന്നത്. രാമക്ഷേത്ര വിവാദത്തിലൂടെ എങ്ങനെയാണോ ബിജെപി തങ്ങളുടെ അടിത്തറ ശക്തിപ്പെടുത്തിയത് അതുപോലെ ശങ്കരപ്രതിമ വിവാദമുയർത്തി കേരളത്തിൽ ഹൈന്ദവ ഏകീകരണം ഉണ്ടാക്കാമെന്ന മിഥ്യാധാരണയിലാണ് കുമ്മനവും സംഘവും രംഗപ്രവേശം ചെയ്തിട്ടുള്ളത്.

ബാബരി മസ്ജിദ്- രാമക്ഷേത്ര വിഷയങ്ങളിൽ അക്കാലത്തു നിസ്സംഗരായിരുന്നു കോൺഗ്രസ്സെങ്കിൽ ഇപ്പോഴത്തെ കോൺഗ്രസ് നേതാവ് പി ടി തോമസ് എംഎൽഎ തനി സംഘിയായി മാറിയോ എന്ന് സംശയമുണ്ട്. സമീപകാലത്തെ കോൺഗ്രസ് മതേതര നിലപാടിൽ നിന്ന് മതപ്രീണന നിലപാടിലേക്ക് മാറിയപ്പോൾ പി ടി തോമസും അതെ പാതയിലൂടെ സംഘപരിവാർ പ്രീണനം നടത്തുകയാണ്. അല്ലെങ്കിൽ എന്തിനാണ് പ്രതിമാ സ്ഥാപനത്തെ പിൻതുണച്ചുകൊണ്ട് അദ്ദേഹം രംഗത്തെത്തിയത്. മറ്റ് കോൺഗ്രസ് നേതാക്കന്മാർക്കും ഇതേ അഭിപ്രായം തന്നെയാണോ എന്നറിയാൻ താത്പര്യമുണ്ട്. ഇത്തരം പ്രീണനങ്ങൾ തന്നെയാണ് കോൺഗ്രസിന്റെ അടിത്തറ ഇളക്കിയതും വർഗ്ഗീയ ശക്തികളുടെ വളർച്ചക്ക് കാരണമായതും.

മതേതര രാജ്യത്ത് സർക്കാർ ഉടമസ്ഥതയിലുള്ള ഏതൊരു സ്ഥാപനവും മതനിരപേക്ഷത ഉയർത്തിപ്പിടിച്ചു വേണം പ്രവർത്തിക്കാൻ. അതിനു കഴിയുംവിധം കാലടി സംസ്‌കൃത സർവ്വകലാശാല അധികൃതർ സർവ്വകലാശാല കവാടത്തിൽ പ്രതിമ സ്ഥാപിക്കുവാനുള്ള നീക്കത്തിൽ നിന്നും പിന്തിരിയണമെന്നും നിർമ്മിക്കപ്പെട്ട പ്രതിമ സർവ്വകലാശാലയിൽ തന്നെ ഉചിതമായ മറ്റൊരു സ്ഥലം കണ്ടെത്തി സ്ഥാപിക്കണമെന്നും അഭിപ്രായപ്പെടുന്നു.

(എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)