മതേതര സമൂഹത്തിന് അപമാനമാവാൻ കാലടി യൂണിവേഴ്സിറ്റി ; ശങ്കരന്റെ പ്രതിമാസ്ഥാപനത്തിന് ദിവസങ്ങൾ മാത്രം

കേരളീയ സമൂഹം ഉണർന്ന് പ്രതികരിക്കേണ്ട വിഷയമാണ് കാലടി യൂണിവേഴ്സിറ്റിയിലെ ശങ്കര പ്രതിമാസ്ഥാപനവുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്. ഞായറാഴ്ചയാണ് പ്രതിമ സ്ഥാപിക്കാൻ സർവ്വകലാശാല അധികൃതർ തയ്യാറെടുക്കുന്നത്. അമ്പലത്തിന്റെ പ്രവേശനകവാടം പോലെ നിർമ്മിച്ചിരിക്കുന്ന യൂണിവേഴ്സിറ്റി പ്രവേശന കവാടത്തിൽ ശങ്കരപ്രതിമ കൂടി വന്നാൽ പതുക്കെ അതൊരു ഉപക്ഷേത്രമായി മാറുമെന്നതാണ് അധ്യാപക, വിദ്യാർത്ഥി സമൂഹത്തിന്റെ ആരോപണം.

മതേതര സമൂഹത്തിന് അപമാനമാവാൻ കാലടി യൂണിവേഴ്സിറ്റി ; ശങ്കരന്റെ പ്രതിമാസ്ഥാപനത്തിന് ദിവസങ്ങൾ മാത്രം

കാലടി യൂണിവേഴ്സിറ്റി കവാടത്തിൽ ശങ്കരാചാര്യന്റെ പ്രതിമ സ്ഥാപിക്കാനുള്ള നടപടിയുമായി അധികാരികൾ മുന്നോട്ട്. അതേസമയം പ്രതിമാസ്ഥാപനത്തെ എന്ത് വിലകൊടുത്തും എതിർക്കുമെന്ന നിലപാടിലാണ് അധ്യാപക, വിദ്യാർത്ഥി സമൂഹം. കാലടി യൂണിവേഴ്സിറ്റി വിസി എം സി ദിലീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആദിശങ്കരന്റെ പേരിലുള്ള സ്ഥാപനത്തിന് മുമ്പിൽ ശങ്കര പ്രതിമയും വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. പ്രതിമ ഞായറാഴ്ച സ്ഥാപിക്കുമെന്നാണ് ലഭിച്ചിക്കുന്ന വിവരം. അതിന് മുന്നോടിയായി  പ്രതിമ സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് എബിബിപി, യുവമോർച്ച പ്രവർത്തകർ പ്രവേശനകവാടത്തിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രതിമ സ്ഥാപിച്ചില്ലെങ്കിൽ പ്രതിഷേധം വ്യാപകമാകുമെന്ന വാദത്തിന്റെ കൂടി ബലത്തിലാണ് വിസിയും കൂട്ടരും എത്രയും വേഗം പ്രതിമ സ്ഥാപിക്കാൻ തയ്യാറെടുക്കുന്നത്.


കാലടി സംസ്‌കൃത സർവ്വകലാശാലയെ ഉപക്ഷേത്രമാക്കി മാറ്റാൻ അധികാരികൾ; പ്രതിഷേധവുമായി വിദ്യാർത്ഥികളും അധ്യാപക സംഘടനയും


കോൺഗ്രസ് നോമിനിയായ വിസിക്ക് നാക് ടീമിൽ അംഗമാകാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പ്രതിമ സ്ഥാപിക്കൽ നടപടിയെന്നാണ് അധ്യാപകരുടെ ആരോപണം. നാക് ടീമിൽ അംഗമാകുന്നതിന്റെ ഭാഗമായി ഗവർണറുടെ പക്കൽനിന്ന് വിസി എം സി ദിലീപ് കുമാർ ശുപാർശ കത്ത് വാങ്ങിച്ചതായുള്ള വിവരങ്ങളും കാലടി യൂണിവേഴ്സിറ്റിയിലെ അധ്യാപക സമൂഹം നാരദാ ന്യൂസുമായി പങ്കുവെച്ചു.

2014ലെ നാക് വിസിറ്റിന് പിന്നാലെയാണ് ഇപ്പോൾ ചർച്ച ചെയ്യുന്ന പ്രതിമാ വിവാദങ്ങൾക്ക് തുടക്കമാകുന്നത്. നാക് വിസിറ്റിൽ, കാലടി യൂണിവേഴ്സിറ്റിക്ക് എ ഗ്രേഡ് ലഭിച്ചിരുന്നു. സംസ്കൃതം പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും പ്രാമുഖ്യം നൽകുന്ന രാജ്യത്തെ പ്രധാനപ്പെട്ട യൂണിവേഴ്സിറ്റികളിലൊന്ന് എന്നതായിരുന്നു നാക് ടീമിന്റെ പ്രധാന താത്പര്യം. കൂടാതെ പരിമിതികൾക്കിടയിൽ നിന്ന് ഉണ്ടാക്കിയ അക്കാദമിക മികവും ശ്രദ്ധേയമായി. അതോടെയാണ് യൂണിവേഴ്സിറ്റിക്ക് ആദ്യമായി എ ഗ്രേഡ് ലഭിച്ചത്. ഈ വകയിൽ ലഭിച്ച 20 കോടിയിൽനിന്നാണ് 70 ലക്ഷം രൂപ ബജറ്റിട്ട് പ്രവേശനകവാടം നിർമ്മിക്കാനും അവിടെ ശങ്കരപ്രതിമ സ്ഥാപിക്കാനും തീരുമാനിച്ചത്.

[caption id="attachment_33443" align="aligncenter" width="648"]ശങ്കരാചാര്യരുടെ പ്രതിമ കൂടി വന്നാലുള്ള ഗെയ്റ്റിന്റെ മാതൃക ശങ്കരാചാര്യരുടെ പ്രതിമ കൂടി വന്നാലുള്ള ഗെയ്റ്റിന്റെ മാതൃക[/caption]

സ്മൃതി ഇറാനിയെക്കൊണ്ട് വന്ന് പ്രതിമ അനാച്ഛാദനം ചെയ്യാനും പ്രവേശന കവാടം ഉദ്ഘാടനം ചെയ്യിക്കാനുമായിരുന്നു വിസിയുടെയും സർവ്വകലാശാല അധികാരികളുടെ ആലോചന. എന്നാൽ ഈ ആലോചനയെക്കുറിച്ചറിഞ്ഞ  വിദ്യാർത്ഥി/അധ്യാപക സമൂഹം അതിനെ എതിർത്തതോടെ പദ്ധതി ഉപേക്ഷിച്ചു. സ്മൃതി ഇറാനിയെ കൊണ്ടുവരുക എന്ന പദ്ധതി ഉപേക്ഷിച്ചെങ്കിലും പ്രതിമ നിർമ്മാണത്തിൽനിന്നും സർവ്വകലാശാല പിന്നോട്ട് പോയില്ല. ഇടയ്ക്കിടയ്ക്ക് പ്രതിമ സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് എബിബിപി, യുവമോർച്ച, ബിജെപി, ആർഎസ്എസ് പ്രവർത്തകർ നടത്തിയ സമരങ്ങളുടെ പേരിൽ പ്രതിമ സ്ഥാപിക്കാതെ പറ്റില്ലെന്ന നിലപാടിലേക്ക് സർവ്വകലാശാലാ അധികൃതർ എത്തി.

അമ്പലത്തിന്റെ പ്രവേശന കവാടത്തിന്റെ മാതൃകയിലാണ് നിലവിൽ പണി കഴിപ്പിച്ചിരിക്കുന്ന സർവ്വകലാശാലാ പ്രവേശനകവാടം. അതിന്റെ മുമ്പിലെ പ്രത്യേക മണ്ഡപത്തിലാണ് ശങ്കരപ്രതിമ സ്ഥാപിക്കാൻ പോകുന്നത്. യൂണിവേഴ്സിറ്റിയുടെ വാതിൽക്കലെ പ്രവേശനകവാടത്തിൽ ശങ്കരപ്രതിമ കൂടി സ്ഥാപിക്കുന്നതോടെ സർവ്വകലാശാല ഒരു ഉപക്ഷേത്രമായി മാറുമെന്നാണ് അധ്യാപക, വിദ്യാർത്ഥി സമൂഹത്തിന്റെ ആരോപണം.

യൂണിവേഴ്സിറ്റിയിലെ അക്കാദമിക് ബ്ലോക്കിൽ ഇപ്പോൾത്തന്നെ ഒരു ശങ്കമപ്രതിമയും മണ്ഡപവും ഉണ്ട്. കൂടാതെയാണ് പ്രവേശനകവാടത്തിൽതന്നെ പ്രതിമ സ്ഥാപിക്കാൻ അധികൃതരുടെ ശ്രമം. യൂണിവേഴ്സിറ്റിയിലെ അധ്യാപകരും വിദ്യാർത്ഥികളും ഒറ്റക്കെട്ടായിട്ടാണ് പ്രതിമാ സ്ഥാപനത്തിനെതിരെ പ്രതിഷേധിക്കുന്നത്. ശങ്കരാചാര്യയുടെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ നടത്തിയ പ്രതിഷേധയോഗത്തിൽ അധ്യാപക, വിദ്യാർത്ഥി സമൂഹത്തിന് ഇതിനോടുള്ള പ്രതിഷേധം പ്രകടമായിരുന്നു.

മതാലയമല്ല, വിദ്യാലയമാണ് എന്ന വിഷയം മുൻനിർത്തി നടന്ന യോഗത്തിൽ, സംസ്കൃത സാഹിത്യ വിഭാഗം മേധാവി ഡോ. ധർമ്മരാജ് അടാട്ട്, മലയാളവിഭാഗത്തിലെ ഡോ. സുനിൽ പി ഇളയിടം, സാഹിത്യവിഭാഗത്തിലെ ഡോ. എസ് സംഗമേശൻ, ചരിത്രവിഭാഗത്തിലെ കെ എം ഷീബ, ജോഗ്രഫി വിഭാഗത്തിലെ ഡോ. ടി എസ് സാജു, ഹിന്ദി വിഭാഗത്തിലെ ഡോ. വി ജി ഗോപാലകൃഷ്ണൻ, അസ്യൂട്ട് നേതാക്കളായ ഡോ. മുരളീധരൻപിള്ള, ഡോ, ബിധു വിൻസെന്റ് എന്നിവരാണ് വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

ശങ്കരാചാര്യൻ ദൈവമല്ല എന്ന വാദമാണ് പ്രധാനമായും അക്കാദമിക് സമൂഹം മുന്നോട്ട് വെയ്ക്കുന്നത്. ഈ വാദത്തിന്റെ ചുവട് പിടിച്ചാണ് ശങ്കരനെ ദൈവമാക്കാനും പ്രവേശനകവാടത്തിൽ ശങ്കരപ്രതിമ സ്ഥാപിച്ച് യൂണിവേഴ്സിറ്റിയെ ഉപക്ഷേത്രമാക്കാനുമുള്ള ശ്രമത്തെ എതിർക്കുന്നത്.

സർവ്വകലാശാല അധികൃതരുടെ സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കാനുളള ശ്രമങ്ങളുടെ ഉദാഹരണങ്ങൾ കാമ്പസിൽ ചൂണ്ടിക്കാണിക്കാനുണ്ട്. റിസർച്ച് സ്‌കോളേഴ്സ് അസ്സോസ്സിയേഷന്റെ നേതൃത്വത്തിൽ ക്യാമ്പസിലെ ജനാധിപത്യ കൂട്ടായ്മകൾ ഒന്നിച്ച് ഫാസിസത്തിനെതിരായി നടത്തിയ സെമിനാർ നിരോധിച്ചതാണ് ഒന്നാമത്തെ ഉദാഹരണം. ശങ്കരാരാധനയും ശാസ്ത്രജ്ഞാനങ്ങളുമെല്ലാം പുരാണേതിഹാസങ്ങളുടെ തുടർച്ചയാണെന്നുറപ്പിക്കുന്ന സെമിനാറുകളുടെ സമാഹാരമായ ശങ്കരോത്സവം നടത്തിപ്പാണ് രണ്ടാമത്തെ ഉദാഹരണം. ഇതിനെല്ലാമിടയിലാണ് ശങ്കരമപ്രതിമ സ്ഥാപിക്കാനുള്ള സർവ്വകലാശാലയുടെ ശ്രമം. അതുകൊണ്ടാണ് അത് എതിർക്കപ്പെടേണ്ടതാണെന്ന വാദം അധ്യാപക, വിദ്യാർത്ഥി സമൂഹം ഉയർത്തുന്നത്.

അതിനോട് അനുഭാവം പ്രകടിപ്പിക്കേണ്ടത് മതേതര സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അല്ലെങ്കിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ പിടിച്ചടക്കി സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്ന ബിജെപി സർക്കാരിന് അഭിമാനിക്കാനുള്ള വകയായി കാലടി യൂണിവേഴ്സിറ്റിയിലെ പ്രവേശന കവാടവും പ്രതിമയും മാറും.

ഇനി എങ്ങനെയാണ് ഒരു പ്രതിമ കാലാന്തരത്തിൽ ഒരു വിഗ്രഹമായി മാറുന്നതെന്ന ചോദിച്ചാൽ അതിനുള്ള ഉത്തരം ഇവിടെയുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനു പിന്നിലെ ശ്രീ അവിട്ടം തിരുനാള്‍ ആശുപത്രി (എസ്എറ്റി)ക്ക് മുമ്പിലുള്ള
പ്രതിമയുടെ മുമ്പിൽ ആളുകൾ പ്രാർത്ഥന തുടങ്ങിയത് നിസ്സഹായനായി നോക്കി നിൽക്കുകയാണ് ശില്പി
. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുളള ഏഷ്യയിലെതന്നെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നായ ഇവിടെ 1990ലാണ് രാജേന്ദ്രന്‍ അമ്മയും കുഞ്ഞുമെന്ന ശില്‍പ്പം പണികഴിപ്പിച്ചത്. പതുക്കെ അമ്മയുടെയും കുഞ്ഞിന്റേയും മാതൃഭാവം നഷ്ടമാകാനും അവരിൽ പ്രതീക്ഷകൾ മെഴുകുതിരിയുടെയും പ്രാർത്ഥനകളുടെയും രൂപത്തിൽ പ്രത്യക്ഷപ്പെടാനും തുടങ്ങി.

കാലടി യൂണിവേഴ്സിറ്റിയുടെ വാതിൽക്കൽ ശങ്കരപ്രതിമയും കൂടി വന്നാൽ എല്ലാവർക്കും തൊഴുതുകൊണ്ട് പഠിക്കാനും പഠിപ്പിക്കാനും പോകാമെന്നാണ് അധ്യാപക, വിദ്യാർത്ഥി സമൂഹം ആക്ഷേപിക്കുന്നത്.