ആദിവാസി ഗോത്രമഹാസഭ പിളര്‍ന്നെന്ന് ഗീതാനന്ദന്‍, ഇല്ലെന്ന് സികെ ജാനു; ആദിവാസികള്‍ക്കിടയില്‍ ജാനുവിനുള്ള വിശ്വാസ്യത നഷ്ടമായെന്നും ഗീതാനന്ദന്‍

ആദിവാസി ഗോത്രമഹാസഭയുടെ നേതാവായിരുന്നു ജാനു എന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ട് ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ അവര്‍ക്ക് അവകാശമില്ല. അത്തരം സമരത്തിന് ആദിവാസികളുടെ പിന്തുണയുമുണ്ടാകില്ല.

ആദിവാസി ഗോത്രമഹാസഭ പിളര്‍ന്നെന്ന് ഗീതാനന്ദന്‍, ഇല്ലെന്ന് സികെ ജാനു; ആദിവാസികള്‍ക്കിടയില്‍ ജാനുവിനുള്ള വിശ്വാസ്യത നഷ്ടമായെന്നും ഗീതാനന്ദന്‍

തിരുവനന്തപുരം: ആദിവാസി ഗോത്രമഹാസഭയുടെ പേരില്‍ ഗീതാനന്ദനും സികെ ജാനുവും നേര്‍ക്കുനേര്‍. ഓഗസ്റ്റ് അഞ്ചിന് ഗോത്രമഹാസഭയുടെ പേരില്‍ സികെ ജാനുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന കളക്ട്രേറ്റ് മാര്‍ച്ചിനെതിരെ ഗീതാനന്ദന്‍ രംഗത്തെത്തി. ആദിവാസി ഗോത്രമഹാസഭ പിളര്‍ന്നതായും ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദന്‍ പറഞ്ഞു.

ആദിവാസികള്‍ക്കിടയില്‍ നേരത്തേയുണ്ടായിരുന്ന വിശ്വാസ്യത ജാനുവിന് ഇപ്പോള്‍ ഇല്ലെന്നും മുത്തങ്ങാ സമരരംഗത്തുണ്ടായിരുന്നവരും കേസില്‍പെട്ടവരുമൊന്നും അറിയാതെയാണ് പുതിയ സമര തീരുമാനമെന്നും ഗീതാനന്ദന്‍ നാരദാ ന്യൂസിനോട് പറഞ്ഞു.


മുത്തങ്ങാ സമരത്തിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭൂമി ആദിവാസികള്‍ക്ക് ഇനിയും ലഭിയ്ക്കാത്ത സാഹചര്യത്തില്‍ ഓഗസ്റ്റ് അഞ്ചിന് കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തിലൂടെ സികെ ജാനു അറിയിച്ചിരുന്നു.

ആദിവാസി ഗോത്ര മഹാസഭ അധ്യക്ഷ സികെ. ജാനു, സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു കാക്കത്തോട് വയനാട് ജില്ല സെക്രട്ടറി ബാബു കാര്യമ്പാടി, ജില്ല വൈസ് പ്രസിഡന്റ് അജിത, സംസ്ഥാന ട്രഷര്‍ ബാബു കുറ്റിമൂല, ഗോപാലന്‍ കാര്യമ്പാടി, പുഷ്പ രാജന്‍ നീര്‍വാരം, വെള്ള മാനന്തവാടി, ദേവി തിരുനെല്ലി എന്നിവരാണ് പത്ര സമ്മേളനത്തില്‍ പങ്കെടുത്തത്.

എന്നാല്‍ ആദിവാസി ഗോത്രമഹാസഭയില്‍ ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനമല്ല പുതിയ സമരമെന്നും എന്‍ഡിഎയുടെ ഭാഗമാകാന്‍ ജാനു രൂപീകരിച്ച ജനാധിപത്യ രാഷ്ട്രീയ സഭയുടെ പ്രവര്‍ത്തകരായി ഇപ്പോള്‍ നില്‍ക്കുന്നവരാണ് തീരുമാനമെടുത്തതെന്നും ഗീതാനന്ദന്‍ പറയുന്നു.

ആദിവാസി ഗോത്രമഹാസഭയുടെ നേതാവായിരുന്നു ജാനു എന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ട് ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ അവര്‍ക്ക് അവകാശമില്ല. അത്തരം സമരത്തിന് ആദിവാസികളുടെ പിന്തുണയുമുണ്ടാകില്ല. ഗോത്രമഹാസഭയ്ക്കകത്ത് ചര്‍ച്ച ചെയ്യുകയോ മീറ്റിംഗ് പോലും വിളിക്കാതെയോ എടുത്ത തീരുമാനമാണിത്. ഒരുപക്ഷേ, ജനാധിപത്യ രാഷ്ട്രീയ സമിതിയുടെ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടാകുമായിരിക്കും. അതില്‍ കാര്യമില്ല.

ഗോത്രമഹാസഭയിലുള്ള കുറച്ച് പേര്‍ ജനാധിപത്യ രാഷ്ട്രീയ സഭയില്‍ ഉണ്ടെങ്കിലും ഇവരാരും സജീവമായി ഗോത്രമഹാസഭയിലുള്ളവരല്ല. മുത്തങ്ങാ സമരത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും പുതിയ സമരത്തെ കുറിച്ച് അറിഞ്ഞിട്ടില്ല. ആദിവാസി ഗോത്രമഹാസഭയില്‍ ജാനുവിന് സ്ഥാനമില്ലെന്ന് അഭിപ്രായമില്ല. പക്ഷേ, അതിനുള്ള ധാര്‍മിക അവകാശം ജാനുവിന് നഷ്ടമായെന്നും ഗീതാനന്ദന്‍ നാരദാന്യൂസിനോട് പറഞ്ഞു.

ആദിവാസി ഗോത്രമഹാസഭയുടേയും ജനാധിപത്യ രാഷ്ട്രീയ സഭയുടേയും താത്പര്യം രണ്ടാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി എന്‍ഡിഎയില്‍ പോകാനായി മാത്രമുണ്ടാക്കിയ പാര്‍ട്ടിയാണ് ജനാധിപത്യ രാഷ്ട്രീയ സഭ. അത്തരമൊരു സംഘടന ആദിവാസി സമരം ഏറ്റെടുക്കേണ്ടതില്ല.

ആദിവാസികള്‍ക്കിടയില്‍ പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജാനു ഇപ്പോള്‍ സമരവുമായി രംഗത്തെത്തുന്നത്. ആദിവാസി പ്രശ്‌നങ്ങളോടുള്ള താത്പര്യം ജാനു ഉപേക്ഷിച്ചു എന്നതാണ് ഞങ്ങള്‍ ഉന്നയിക്കുന്ന ആരോപണം. അതെല്ലാം ഉപേക്ഷിച്ചാണ് ജാനു ആരോടും പറയാതെ ജനാധിപത്യ രാഷ്ട്രീയ സഭ എന്ന പുതിയൊരു സംഘടനയുണ്ടാക്കി പോയത്.

ഗോത്രമഹാസഭയുടെ സമരങ്ങള്‍ ഏറ്റെടുക്കാന്‍ ജനാധിപത്യ രാഷ്ട്രീയ സഭ വരേണ്ടതില്ല. ഗോത്രമഹാസഭയുടെ സമരമുഖവുമായോ ശീലങ്ങളുമായോ അതിന് ബന്ധമില്ല. രാഷ്ട്രീയമായി പറയുകയാണെങ്കില്‍ ദേശീയ തലത്തില്‍ ബിജെപിയുടെ ദളിത്-ആദിവാസി വിരുദ്ധതയില്‍ ജാനുവിന്റെ പാര്‍ട്ടിയുടെ നിലപാടെന്താണെന്ന് പറയേണ്ടി വരും. അതാണ് അറിയേണ്ടത്. അതെല്ലാം നിശബ്ദമായി മൂടിവെക്കുകയും അതേസമയം താന്‍ ആദിവാസികളുടെ രക്ഷകയാണെന്ന് പറയാന്‍ വേണ്ടിയുമാണ് ഇപ്പോള്‍ സമരവുമായി ജാനു മുന്നോട്ട് വന്നിരിക്കുന്നത്. അതില്‍ അധാര്‍മികതയുണ്ട്.

ജാനു പുതിയ പാര്‍ട്ടി രൂപീകരിച്ച് പോയതോടെ ആദിവാസി ഗോത്രസഭ പിളര്‍ന്നതായും ഗീതാനന്ദന്‍ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്‌ക്കൊപ്പം ചേരാന്‍ ജാനു തീരുമാനിച്ചത് വിവാദമായത് മുതല്‍ ആദിവാസി ഗോത്രമഹാസഭയുടെ പ്രവര്‍ത്തനങ്ങളില്‍ ജാനുവില്ല.

തിരഞ്ഞെടുപ്പില്‍ ആദിവാസികള്‍ക്കിടയില്‍ നിന്ന് യാതൊരു പിന്തുണയും ജാനുവിന് ലഭിച്ചിരുന്നില്ല. ഹിന്ദു വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ജാനുവിന്റെ സ്ഥിതി ദയനീയമായിരിക്കുകയാണ്. പിടിച്ചു നില്‍ക്കാന്‍ ആദിവാസി മുന്നേങ്ങള്‍ക്കൊപ്പം നില്‍ക്കാനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ജനാധിപത്യ രാഷ്ട്രീയ സമിതിയില്‍ നിന്ന് വിട്ട് വന്നാല്‍ മാത്രമേ ആദിവാസി മുന്നേറ്റങ്ങള്‍ ഏറ്റെടുക്കാനുള്ള ധാര്‍മികതയുണ്ടാകൂവെന്നും ഗീതാനന്ദന്‍ പറഞ്ഞു.

ദളിതരടക്കമുള്ളവര്‍ക്കെതിരെ രാജ്യത്തിന്റെ പല ഭാഗത്തും ആക്രമണങ്ങള്‍ നടക്കുമ്പോള്‍ അതിലൊന്നും യാതൊരുവിധ പ്രതികരണവും ജാനു നടത്തിയിട്ടില്ല. അതാണ് അവരുടെ തകര്‍ച്ച. രാജ്യത്ത് ഭയാനകമായ രീതിയില്‍ ദളിതര്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നത് എല്ലാവരും തിരിച്ചറിഞ്ഞതാണ്. ബിജെപി പോലും അത് നിഷേധിക്കുന്നില്ല. എന്നിട്ടും ജാനുവിന് മാത്രം എന്തുകൊണ്ട് തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതല്ല, മറിച്ച് ആദിവാസി-ദളിത് രാഷ്ട്രീയം ജാനു ഉപേക്ഷിച്ചു എന്നതാണ് മനസ്സിലാകുന്നത്. രണ്ട് തോണിയില്‍ ഒരേസമയം കാല് വെക്കാന്‍ സാധിക്കില്ല. തിരഞ്ഞെടുപ്പ് സമയത്ത് പോലും ഇങ്ങനെ ഞങ്ങള്‍ പറഞ്ഞിട്ടില്ല. സമരം ഏറ്റെടുക്കുന്നു എന്ന് വരുമ്പോഴാണ് ഇങ്ങനെ പറയേണ്ടി വരുന്നത്. എന്‍ഡിഎയുടെ ഭാഗമായി ജാനുവിന് പോകാം. എന്നാല്‍ ആദിവാസി സമരങ്ങളുടെ വക്താവായി വരുമ്പോള്‍ അതിനെ എതിര്‍ക്കേണ്ടി വരും.

അതേസമയം, ആദിവാസി ഗോത്രമഹാഭ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചാണ് സമരം നടത്താന്‍ തീരുമാനിച്ചതെന്ന് സികെ ജാനു പറയുന്നു. ഗോത്രമഹാസഭയുടെ പേരിലാണ് കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയത്. ഗീതാനന്ദന്‍ പറഞ്ഞതില്‍ നിന്ന് വിഭിന്നമായി ആദിവാസിഗോത്രമഹാസഭ പിളര്‍ന്നിട്ടില്ലെന്നും അത്തരം യാതൊരുവിധ ആശങ്കയുമില്ലെന്നും സികെ ജാനു പറഞ്ഞു.

Read More >>